സംരക്ഷണ യജ്ഞം പൊതുവിദ്യാലയങ്ങളെ രക്ഷിക്കുമോ?
text_fieldsനവകേരള മിഷെൻറ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സമഗ്ര നവീകരണ വിദ്യാഭ്യാസ പദ്ധതിയാണ് ‘പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം’ എന്ന പേരിൽ അറിയപ്പെടുന്നത്. സമഗ്ര കേരള വികസനം ലക്ഷ്യംവെച്ച് ആസൂത്രണ^സാമ്പത്തികകാര്യ വകുപ്പ് പ്രഖ്യാപിച്ച പഞ്ചവത്സര കർമപദ്ധതികളുടെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കപ്പെടുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ ആധുനിക സാങ്കേതികവിദ്യയെ കുട്ടിയുടെ പഠനപരിസരവുമായി ഉദ്ഗ്രഥിക്കൽ, അധ്യാപകരെ സജ്ജരാക്കൽ, കുട്ടികൾ സ്വാംശീകരിച്ച പഠനലക്ഷ്യങ്ങളെ വിലയിരുത്തൽ, സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തൽ, െതരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ സവിശേഷ ഇടപെടൽ എന്നിവയടക്കമുള്ള സമഗ്രപാക്കേജാണ് യജ്ഞം വിഭാവനം ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി 19 ലക്ഷ്യങ്ങൾ വിദ്യാഭ്യാസ സംരക്ഷണ മാർഗരേഖ വിശദീകരിക്കുന്നുണ്ട്.
കേരളത്തിലെ മധ്യ-ഉപരിവർഗം പൊതു വിദ്യാലയങ്ങളോട് പുറംതിരിഞ്ഞു നിൽക്കാനുള്ള അടിസ്ഥാന കാരണങ്ങളെ സത്യസന്ധമായി വിശകലനം ചെയ്യുകയും അഭിമുഖീകരിക്കുകയും ചെയ്യുന്നില്ല എന്നതാണ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഏറ്റവും വലിയ ബലഹീനത. പൊതുവിതരണം, പൊതുജനാരോഗ്യം, ഗതാഗതം തുടങ്ങിയ എല്ലാ പൊതു സംവിധാനങ്ങൾക്കും സംഭവിച്ച അപചയംതന്നെയാണ് പൊതുവിദ്യാഭ്യാസത്തിനും സംഭവിച്ചിട്ടുള്ളത്. പുതിയ കാലത്തെ മത്സരാധിഷ്ഠിത ലോകത്ത് പിടിച്ചുനിൽക്കാൻ പൊതുവിദ്യാഭ്യാസം പര്യാപ്തമല്ല എന്ന ധാരണയാണ് വലിയൊരു വിഭാഗം മലയാളികളെയും ഇതിൽനിന്ന് അകറ്റിയത്. മാറി മാറി വന്ന കരിക്കുലം പരിഷ്കരണം, വികലമായ ബോധനരീതി, പരീക്ഷകളിലെ പാളിച്ചകൾ, കലാപ രാഷ്ട്രീയത്തിെൻറ അതിപ്രസരം, അധ്യാപകരുടെ അക്കാദമികേതര ജോലി ഭാരം, സംഘടനകളുടെ അമിത ഇടപെടൽ, ദരിദ്രമായ പശ്ചാത്തല സൗകര്യങ്ങൾ, ഇംഗ്ലീഷ് പ്രാവീണ്യക്കുറവ്, ദേശീയ മത്സരപരീക്ഷകളിലെ പിന്നോട്ടുപോക്ക്, ഫലപ്രദമല്ലാത്ത ഇൻസർവിസ് േപ്രാഗ്രാമുകൾ തുടങ്ങിയ ഒട്ടനവധി ഘടകങ്ങൾ പൊതുവിദ്യാലയങ്ങളിൽനിന്ന് സമൂഹം പുറംതിരിഞ്ഞ് നിൽക്കാൻ കാരണമാകുന്നുണ്ട്.
ജ്ഞാനനിർമിതിവാദം, വിമർശാത്മക ബോധനം എന്നീ വിദ്യാഭ്യാസ ദർശനാടിത്തറകളിൽ 1996ൽ ആരംഭിച്ച ഡി.പി.ഇ.പി പാഠ്യപദ്ധതിയും അതിനുശേഷം മുഴുവൻ സ്കൂൾ വിഷയങ്ങളെയും അഷ്ഠ പ്രശ്നങ്ങളിലൊതുക്കി നിർധാരണം ചെയ്യാൻ വാശിപിടിച്ചതുമാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ദുരന്തത്തിന് ആക്കംകൂട്ടിയത്. പശ്ചാത്തല സൗകര്യങ്ങളൊട്ടുമില്ലാത്ത ക്ലാസ് മുറികളിൽ ജ്ഞാനനിർമിതി വാദം അടിച്ചേൽപിച്ചപ്പോഴുണ്ടായ പൊരുത്തക്കേടുകളും മുൻവിധി നിറഞ്ഞ കേരളത്തിെൻറ പൊതുബോധത്തെ പാകപ്പെടുത്താതെ പാഠ്യപദ്ധതി പരിഷ്കരിച്ചതുമാണ് പൊതുവിദ്യാലയങ്ങളിലെ വ്യാപകമായ കൊഴിഞ്ഞുപോക്കിനു കാരണം. വായിക്കാനും ഹോം വർക്ക് ചെയ്യാനുമില്ലാത്ത കുട്ടിയെ കേരളം നിരാകരിച്ചത് സ്വാഭാവികം മാത്രം. മെഡിസിൻ, ഐ.ടി, എൻജിനീയറിങ്, മാനേജ്മെൻറ് മേഖലകളിലേക്കെത്താൻ പാട്ടും കളിയും അപര്യാപ്തമാണെന്ന് കണ്ട സമൂഹം സ്വകാര്യ മേഖലയിലേക്കൊഴുകി.
ഡി.പി.ഇ.പിയും കേരളവും
കേരളത്തിെല വിദ്യാഭ്യാസ പരിഷ്കരണങ്ങൾ പാഠ്യപദ്ധതി പരിഷ്കരണത്തിൽ പരിമിതപ്പെട്ടുപോയി എന്നത് വലിയ ഒരു പോരായ്മയാണ്. പൊതുവിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ പാഠ്യപദ്ധതിപോലെ പ്രാധാന്യമേറിയതാണ് സ്കൂൾ അഡ്മിനിസ്േട്രഷനും അക്കാദമിക മോണിറ്ററിങ്ങും. സ്കൂൾ ഭരണത്തെക്കുറിച്ച് മാർഗരേഖ പുതിയ കാഴ്ചപ്പാടൊന്നും അവതരിപ്പിക്കുന്നില്ല. അക്കാദമിക മോണിറ്ററിങ്ങിനെക്കുറിച്ചുള്ള കാഴ്ചപ്പാട് വികലവുമാണ്. ഉച്ചക്കഞ്ഞി, യൂനിഫോം, സ്കൂൾ സൊസൈറ്റികൾ, വിവിധതരം കണക്കുകൾ, വിവരശേഖരണം, റിപ്പോർട്ടിങ്, സ്കോളർഷിപ്പുകൾ, ഒട്ടനവധി മേളകൾ തുടങ്ങിയ അധ്യാപകേതര ജോലികളുടെ ബാഹുല്യം കാരണം അധ്യാപകർക്ക് അക്കാദമിക് കാര്യങ്ങളിലും മേലധികാരികൾക്ക് മോണിറ്ററിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ഓഫിസ് കാര്യങ്ങളും എസ്റ്റാബ്ലിഷ്മെൻറ് പ്രശ്നങ്ങളുമാണ് വിദ്യാലയ മേധാവി മുതൽ ജില്ല വിദ്യാഭ്യാസ ഡയറക്ടർ വരെയുള്ളവരുടെ സമയം അപഹരിക്കുന്നത്. കുട്ടികളുടെ അക്കാദമിക പിന്നാക്കാവസ്ഥക്ക് മറുപടി പറയുന്നതിനു പകരം ഭരണപരമായ വീഴ്ചകൾക്കു മാത്രം മറുപടി പറയേണ്ടി വരുന്ന നിലവിലെ അവസ്ഥ മാറിയേ പറ്റൂ. ഇതിനു പകരം മാർഗരേഖ മുന്നിൽ െവക്കുന്ന സോഷ്യൽ മോണിറ്ററിങ് കഴിഞ്ഞകാലങ്ങളിൽ ഒരു പരാജയമായിരുന്നു.
ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കേണ്ട ചുമതല സർക്കാർ വിദ്യാലയങ്ങളിൽ സർക്കാറിനും സ്വകാര്യ വിദ്യാലയങ്ങളിൽ മാനേജർക്കുമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ നയം ഈ ചുമതലാ വിഭജനത്തെ അട്ടിമറിക്കുകയും സർക്കാർ -എയ്ഡഡ് വിദ്യാലയങ്ങളിൽ ഒരേപോലെ സർക്കാർ- സമൂഹ പങ്കാളിത്തത്തോടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ നിർദേശിക്കുകയും ചെയ്യുന്നുണ്ട്. ഇത് പുതിയ നൈതിക സാമൂഹിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
വിദ്യാഭ്യാസ മേഖലയിൽ പണം മുടക്കുന്നതിൽനിന്നുള്ള സർക്കാറിെൻറ പിന്നോട്ടുപോക്കാണ് മാർഗരേഖയിൽ ഉടനീളം കാണുന്നത്. അക്കാദമികവും ഭൗതികവുമായ മുഴുവൻ വികസന പദ്ധതികൾക്കും വേണ്ട ഫണ്ടിെൻറ പകുതിയായിരിക്കും സർക്കാർ സഹായം. കിഫ്ബിയെ മുന്നിൽക്കണ്ട് ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട 1000 കോടി ഇതിനു വേണ്ടിയുള്ളതാണ്. ലാഭകരമല്ലാത്ത മേഖലകളിൽ ഫണ്ട് നിക്ഷേപിക്കാൻ കിഫ്ബി തയാറായില്ലെങ്കിൽ അത് നയത്തെ പ്രതികൂലമായി ബാധിക്കും.
വിദ്യാഭ്യാസത്തിെൻറ കാമ്പും കാതലുമായി പൊതുസമൂഹം കണക്കാക്കുന്ന പഠനവും പരീക്ഷയും മാർഗരേഖ അത്ര ഗൗരവത്തോടെ ചർച്ച ചെയ്യുന്നില്ല. അധ്യാപകെൻറ ഉത്തരവാദിത്തമായി 25 കാര്യങ്ങൾ മാർഗരേഖയിൽ എണ്ണി പറയുന്നുണ്ട്. വിദ്യാലയത്തിെൻറ അക്കാദമികാന്തരീക്ഷം, സർഗാത്മക പ്രകടനം, വായനപ്രവർത്തനം, മാധ്യമ പ്രവർത്തനം, പരിസ്ഥിതി സൗഹൃദ വിദ്യാലയം തുടങ്ങിയ ഉത്തരവാദിത്തങ്ങളിൽ 15ാമത്തേത് മാത്രമാണ് പാഠ്യപദ്ധതിയുടെ സമയബന്ധിത പൂർത്തീകരണമെന്നത്. പരീക്ഷയെപ്പറ്റി യജ്ഞം അക്ഷരാർഥത്തിൽ മൗനം പാലിക്കുകയാണ്.
ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ഹനിക്കുന്ന ചില കാര്യങ്ങൾ മാർഗരേഖ ഒളിച്ചു കടത്തുന്നുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിലെ
എല്ലാവരുടെയും മക്കളെ പൊതുവിദ്യാലയങ്ങളിലെത്തിക്കാനുള്ള തീവ്രപരിശീലനവും അധ്യാപകെൻറ ചുമതലയായി മാർഗരേഖ നിർണയിക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ അലനല്ലൂർ ഹൈസ്കൂളിൽ നാലു വർഷം മാത്രം പ്രവർത്തന പരിചയമുള്ള ഇംഗ്ലീഷ് റിസോഴ്സ് ടീച്ചറെ, മകൻ സി.ബി.എസ്.ഇ സ്കൂളിൽ പഠിക്കുന്നുവെന്ന കാരണത്താൽ ഒരു പറ്റം അധ്യാപകർ െട്രയ്നിങ് ക്യാമ്പിൽനിന്ന് ഇറക്കിവിട്ടതോടെയാണ് കേരളത്തിൽ ഇത് വിപുലമായി ചർച്ചചെയ്യപ്പെടാൻ തുടങ്ങിയത്. അധ്യാപകെൻറ മക്കൾ പൊതുവിദ്യാലയത്തിലേ പഠിക്കാവൂ എന്ന ശാഠ്യം ഈ മേഖലയുടെ തകർച്ചക്കു പിന്നിലുള്ള അടിസ്ഥാന കാരണങ്ങളെ സമർഥമായി ഒളിപ്പിച്ചുവെക്കാനും എല്ലാത്തിനും ഉത്തരവാദിയായി അധ്യാപകനെ പ്രതിചേർക്കാനും വേണ്ടിയുള്ളതാണ്. കാസർകോടുനിന്ന് പുറപ്പെടുന്ന ട്രെയിൻ കൃത്യസമയത്ത് തിരുവനന്തപുരത്ത് എത്താനുള്ള ഉത്തരവാദിത്തം പൂർണമായും ഒരു ലോകോപൈലറ്റിെൻറ നിസ്സഹായതക്കു മുകളിൽ കെട്ടിവെക്കുന്ന കാപട്യം ഈ ലളിതയുക്തിക്കു പിന്നിലുണ്ട്.
സ്വകാര്യ വിദ്യാലയങ്ങളോടുള്ള അസൂയയും വിദ്വേഷവുമാണോ വിദ്യാഭ്യാസ സംരക്ഷണ നയത്തിെൻറ ആത്മാവെന്ന് സംശയിച്ചുപോവും മാർഗരേഖ വായിച്ചാൽ. നേരത്തേ എയ്ഡഡ് വിദ്യാലയങ്ങളോടുമുണ്ടായിരുന്നു ഈ ചിറ്റമ്മനയം. ഉടമസ്ഥത നോക്കിയല്ല ധർമം നോക്കിയാണ് നിലപാടെടുക്കേണ്ടതെന്ന് മാർഗരേഖ പറയുമ്പോൾ കേരളത്തിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളും പ്രതിസ്ഥാനത്താക്കപ്പെടുന്നു. സംസ്ഥാനത്തെ വിദ്യാർഥികളിൽ 10 ശതമാനത്തോളം പഠിക്കുന്ന അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഭൂരിഭാഗവും അങ്ങനെ നിലനിൽക്കുന്നത് അവയെ എയ്ഡഡ് ആയി സ്വീകരിക്കാൻ സർക്കാറിെൻറ ൈകയിൽ ഫണ്ടില്ലാത്തതുകൊണ്ടു മാത്രമാണ്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പ്രയാസപ്പെടുന്ന ധാരാളം എയ്ഡഡ് സ്ഥാപനങ്ങളുണ്ട്. സർക്കാർ - എയ്ഡഡ് വിദ്യാലയങ്ങളെപ്പോലെ എല്ലാ വിഭാഗം കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്നവയാണ് ഭൂരിഭാഗം അൺഎയ്ഡഡ് വിദ്യാലയങ്ങളും. സർക്കാറിെൻറ ൈകയിൽ പണമില്ലാത്തതുകൊണ്ടു മാത്രം ഒരേ മാനേജ്മെൻറ് നടത്തുന്ന എയ്ഡഡ് ‘വിശുദ്ധപശു’വാകുകയും അൺ എയ്ഡഡ് ‘കാട്ടുപന്നി’യാവുകയും അവിടത്തെ കുട്ടികൾ പ്ലസ്വണിനുപോലും പൊതുവിദ്യാലയങ്ങളിൽ വരാൻ പാടിെല്ലന്ന് ശഠിക്കുകയും ചെയ്യുന്നു. എന്താണ് ഇതിന് പിന്നിലെ യുക്തി?
ഭാഷാപഠനം
മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകൾ കുട്ടികൾ അനായാസം കൈകാര്യം ചെയ്യണമെന്ന് പറയുന്ന മാർഗരേഖ ഇതര ഭാഷകളെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നത് ശ്രദ്ധേയമാണ്. മലയാളഭാഷ പഠന നിയമം നിയമസഭ അംഗീകരിച്ചതോടെ 10ാം തരം വരെ മലയാളം നിർബന്ധമായി മാറിയിരിക്കുന്നു. സർക്കാർ എയ്ഡഡ് വിദ്യാർഥികളെല്ലാവരും ഇപ്പോൾതന്നെ കേരള പാഠാവലി നിർബന്ധമായും പഠിക്കുന്നുണ്ട്. മലയാളം ഐച്ഛികമായെടുത്ത കുട്ടികൾ ഇതിനു പുറമെ അടിസ്ഥാന പാഠാവലിയും പഠിക്കുന്നുണ്ട്. പുതിയ നിയമത്തോടെ മുഴുവൻ കുട്ടികളും ഇവ രണ്ടും പഠിക്കേണ്ടിവരും. ഇതിെൻറ സമയ വിഭജനം ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. ത്രിഭാഷാ പദ്ധതി നിലനിൽക്കുന്നതിനാൽ ഇത് ഭാവിയിൽ അറബിക്, ഉർദു, സംസ്കൃതം എന്നീ ഭാഷകളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.
ആധുനിക സാമൂഹികപ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നതിൽ ഇടതുപക്ഷ പാരാമീറ്ററുകൾ അനുഭവിക്കുന്ന ബലഹീനതയാണ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ ദുർബലപ്പെടുത്തുന്നത്. മത സാമൂഹിക പിൻബലമുള്ള ഏത് സംവിധാനവും പ്രതിലോമകരമാണ് എന്ന മുൻവിധിയാണ് ഈ ബലഹീനതയുടെ അടിത്തറകളിലൊന്ന്. ഹിംസാത്മക വിദ്യാർഥി രാഷ്ട്രീയത്തിെൻറ ഇടിമൂലകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സി.ബി.എസ്.ഇ^െഎ.സി.എസ്.ഇ വിദ്യാലയങ്ങളിൽനിന്നോ അറബിക് കോളജുകളിൽനിന്നോ സെമിനാരികളിൽനിന്നോ അല്ല; മറിച്ച് സാമൂഹിക നിർമിതി - വിമർശനാത്മക ബോധനവാദങ്ങളുടെ മതേതര കാമ്പസുകളിൽ വളർന്നുവന്ന പുതുതലമുറകളിലൂടെയാണ് ഇന്ത്യയിലും യൂറോപ്പിലും അമേരിക്കയിലും വംശീയതയും രാഷ്ട്രീയ സങ്കുചിതത്വവും ശക്തിപ്പെടുന്നതെന്ന യാഥാർഥ്യത്തെ അഭിമുഖീകരിക്കുന്നതിൽനിന്ന് അവരെ അശക്തരാക്കുന്നതും മുൻവിധികളാണ്. പൊതുവിദ്യാഭ്യാസം തകരുന്നതിെൻറ കാരണങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കുന്നതിനു പകരം പരിഷത്തിെൻറ പരിപ്പുകറി വേവിച്ചെടുക്കാനുള്ള മൺകലമായി വിദ്യാഭ്യാസ വകുപ്പ് വീണ്ടും മാറിയാൽ അതിെൻറ ദുരന്തം സമൂഹം ഒന്നിച്ചനുഭവിക്കേണ്ടി വരും.
(എ.എസ്.ഇ.ടി സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.