പഞ്ചാബ് കോൺഗ്രസിൽ വീണ്ടും തിരയിളക്കം; ആരാവും മുഖ്യമന്ത്രി സ്ഥാനാർഥി?
text_fieldsമുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിൽ കണ്ണുവെച്ച് ഒരുപാട് നേതാക്കൾ മുന്നിട്ടിറങ്ങിയതോടെ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ഏറെ മുമ്പുതന്നെ കോൺഗ്രസ് പാർട്ടിയിൽ വടംവലിക്ക് തുടക്കമായിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച അമരീന്ദർ സിങ് സെപ്റ്റംബറിൽ രാജിവെച്ച ഘട്ടത്തിൽ തന്നെ ഈ ചോദ്യത്തിന് തുടക്കമായിരുന്നു. ചരൺജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും ചോദ്യത്തിനുള്ള ഉത്തരമായിട്ടിെല്ലന്നുവേണം കരുതാൻ.
സംഘടിത നേതൃത്വം പാർട്ടിയെ തെരഞ്ഞെടുപ്പിൽ നയിക്കുമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഈയിടെ നൽകിയ സൂചന. എന്നാൽ, മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻനിർത്തിയല്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന നിലപാടാണ് പഞ്ചാബ് പി.സി.സി അധ്യക്ഷൻ നവജോത് സിങ് സിദ്ദുവിന്. അദ്ദേഹത്തിെൻറ ട്വിറ്റർ പേജിൽ കാണാവുന്ന ഒരുപിടി അഭിമുഖങ്ങളിൽ നിന്ന് ഒരു കാര്യം വ്യക്തമായി വായിച്ചെടുക്കാം- കൃത്യമായ ഒരു കാര്യപരിപാടിയും അതു നടപ്പാക്കാൻ കഴിവുമുള്ള ഒരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മുന്നോട്ടുവെക്കാൻ ദേശീയ നേതൃത്വത്തിനു േമൽ സമ്മർദം തീർക്കുകയാണദ്ദേഹം. അമരീന്ദർ സിങ്ങിനെ താഴെ ഇറക്കാനും ഇതേ മട്ടിലുള്ള സമ്മർദമാണ് സിദ്ദു പ്രയോഗിച്ചിരുന്നത്. അഭിമുഖങ്ങളിലെല്ലാം പഞ്ചാബിനെ നശിപ്പിച്ചതിെൻറ ഉത്തരവാദികളായി പ്രതിപക്ഷത്തെ മാത്രമല്ല, സ്വന്തം പാർട്ടിയിലെ സഹപ്രവർത്തകർക്ക് മേലിലും കുറ്റം ചാർത്തുന്നുണ്ട് അദ്ദേഹം. ദീർഘകാല പദ്ധതികൾക്ക് പകരം സൗജന്യങ്ങൾ നൽകുന്നതിലാണ് അവർ ശ്രദ്ധിച്ചതെന്നാണ് ആക്ഷേപം. അേതസമയം തന്നെ സംസ്ഥാനത്തെ കൊള്ളയടിച്ച് മൂന്നു ലക്ഷം കോടിയുടെ കടബാധ്യത വരുത്തിവെച്ചവരിൽ നിന്നുള്ള മോചനവും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. നൂറു ശക്തരായ കുടുംബങ്ങളുടെ കൈപ്പിടിയിലൊതുങ്ങിയിരിക്കുന്ന സംസ്ഥാനത്തിന് ഘടനാപരമായ മാറ്റം നൽകുമെന്നാണ് പ്രഖ്യാപനം. 'കുന്നും മലകളും കട്ടുമുടിക്കുകയും മദ്യകുത്തകയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർക്ക് ഖനനവും മദ്യവ്യവസായവും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ആർജവമുണ്ടാകുമോ? ധാർമികമായ നിശ്ചയദാർഢ്യമുള്ളൊരാൾക്കെ അതിന് സാധിക്കൂ- ഒരു അഭിമുഖത്തിൽ സിദ്ദു വ്യക്തമാക്കുന്നു.
ഈ പറച്ചിലുകൾ കൊണ്ട് പാർട്ടി കേന്ദ്ര നേതൃത്വത്തിന് സിദ്ദു നൽകുന്ന സന്ദേശം കൃത്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ഹർജേശ്വർ പാൽ സിങ് ചൂണ്ടിക്കാട്ടുന്നു- തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുക.
എന്നാൽ സോണിയയും രാഹുലും അതിന് സമ്മതം മൂളുമോയെന്ന കാര്യമാണ് സംശയം.അമരീന്ദറിനെ താെഴയിറക്കിയ ഘട്ടത്തിലും സിദ്ദുവിന് മുഖ്യമന്ത്രി പദം നൽകാൻ അവർ തയാറായില്ല. പകരം, ദലിത് സമൂഹത്തിൽ നിന്നുള്ള ചന്നിയെയാണ് അവർ തുണച്ചത്. അദ്ദേഹമാവട്ടെ വൈവിധ്യമാർന്ന പ്രചാരണപരിപാടികളിലൂടെ ജനസഞ്ചയങ്ങളെ ആകർഷിക്കുന്നുമുണ്ട്. ഈയിടെ ഒരു ബസ് ഓടിക്കുന്ന ചിത്രം പ്രചരിച്ചിരുന്നു- താനാണ് ഡ്രൈവർ കസേരയിൽ എന്ന സന്ദേശം നൽകിയതാകുമത്.
മുഖ്യമന്ത്രി ചന്നിയേയും സിദ്ദു കടന്നാക്രമിക്കുന്നുണ്ട്.ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജീതിയക്കെതിരെ ഒരു എഫ്.ഐ.ആർ ഇട്ടതിലപ്പുറത്തേക്ക് പോകാൻ സർക്കാറിന് കഴിയുമോ എന്ന ചോദ്യമാണ് ബട്ടാലയിൽ നടന്ന ഒരു പൊതുയോഗത്തിൽ ഉയർത്തിയത്. എഫ്.ഐ.ആർ കൊണ്ട് കാര്യമില്ലെന്നും അറസ്റ്റ് നടക്കും വരെ അടങ്ങിയിരിക്കില്ലെന്നും പറഞ്ഞ അദ്ദേഹം സർക്കാർ വാഗ്ദാനം ചെയ്ത മണലും കേബിൾ കണക്ഷനുമൊക്കെ എളുപ്പത്തിൽ കിട്ടുന്നുണ്ടോ എന്ന് ജനങ്ങളോട് തിരക്കി, വെറും വർത്തമാനം കൊണ്ടും സൂത്രപ്പണികൾ കൊണ്ടും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവില്ലെന്നും കൂട്ടിച്ചേർത്തു.
കാര്യങ്ങൾ പ്രവചനാതീതം
സ്വന്തം അജണ്ടയുമായി സിദ്ദുവും തെൻറ ജനസൗഹൃദ പരിപാടികളുമായി ചന്നിയും നീങ്ങവേ കോൺഗ്രസിെൻറ അവസ്ഥപ്രവചനാതീതമാണെന്ന് ഹർജേശ്വർ നിരീക്ഷിക്കുന്നു. ഇവർ രണ്ടുപേർക്കും പുറമെ സുഖ്ജിന്ദർ രൺധാവ, സുനിൽ ഝഖർ തുടങ്ങി വേറെയും കുറെ നേതാക്കളും ആഗ്രഹവുമായി സജീവമായുണ്ട്. ഇതുകൊണ്ടാണ് ഒരു വ്യക്തിയുടെ പേരു പറയാതെ സംഘടിത നേതൃത്വത്തിൽ ഭരമേൽപിക്കാൻ എ.ഐ.സി.സി തീരുമാനിച്ചത്. എന്നാൽ, ആ വരയിൽ നീങ്ങാൻ കൂട്ടാക്കുന്നയാളല്ല സിദ്ദു. തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാൽ കാര്യങ്ങൾ ഒരുപാട് വൈകിപ്പോകുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. കൃത്യമായ കാര്യപരിപാടി ആർക്കാണുള്ളതെന്നും അവ നടപ്പാക്കാൻ ആർക്കാണ് പ്രാപ്തിയും വിശ്വസ്തതയുമുള്ളതെന്നും നോക്കിയാണ് ജനങ്ങൾ വിലയിരുത്തുകയെന്നുമുള്ള നിലപാടാണ് സിദ്ദു പരസ്യപ്പെടുത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഉദാഹരണം ചൂണ്ടിക്കാട്ടിയും അദ്ദേഹം സമ്മർദം വളർത്തുന്നു- കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടായിരുന്നു. അങ്ങനെയൊരാളില്ലാതിരുന്നതിനാൽ ആപ് പരാജയപ്പെടുകയും ചെയ്തുവെന്ന് ഉദാഹരണം അവതരിപ്പിക്കുേമ്പാഴും താൻ തന്നെയാണ് യോഗ്യൻ എന്നാണ് പറഞ്ഞുവെക്കുന്നത്.
പാർട്ടി ഇങ്ങനെയൊരു കുഴപ്പം പിടിച്ച സാഹചര്യത്തിലെത്തിപ്പെട്ടതിന് കോൺഗ്രസ് തന്നെയാണ് കാരണക്കാർ എന്ന് വിശ്വസിക്കുന്നവരും ഒരുപാടുണ്ട്. ബഹുസ്വര മതേതര സമൂഹമായ പഞ്ചാബിൽ സമുദായങ്ങൾ ഒരുകാലത്തും വോട്ടുബാങ്ക് ആയിരുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകൻ പ്രമോദ് കുമാർ അഭിപ്രായപ്പെടുന്നത്. അമരീന്ദറിനു പകരം ജക്കറിനെ പരിഗണിക്കാതെ ദലിത് വോട്ടുകൾ ആകർഷിക്കാമെന്ന ധാരണയിലാണ് ചന്നിയെ മുഖ്യമന്ത്രിയാക്കിയത്. ഇനി സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ ദലിതുകൾ കൈയൊഴിയുമോയെന്ന പേടിയുണ്ട് പാർട്ടിക്ക്. സിദ്ദുവിനെ അവഗണിച്ചാൽ നിശ്ചയമായും അദ്ദേഹം തലവേദന സൃഷ്ടിച്ചുകൊണ്ടേയിരിക്കും.
ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ സുനിൽ ഝഖറും തെൻറ അസന്തുഷ്ടി മറച്ചു വെക്കുന്നില്ല. അമരീന്ദറിനെ മാറ്റി പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ നടക്കവേ പഞ്ചാബിെൻറ മുഖ്യമന്ത്രി ഒരു സിഖുകാരൻ തന്നെയാവണമെന്ന് 'ചില നേതാക്കൾ' പരസ്യ പ്രസ്താവന നടത്തി. മറ്റു സമുദായങ്ങളിൽ നിന്നൊരാൾ ഈ പദത്തിന് യോഗ്യനല്ല എന്ന സന്ദേശമായി അതുമാറി. പഞ്ചാബ് ഒരുകാലത്തും അത്തരത്തിൽ ചിന്തിച്ചിരുന്നില്ലെന്നും അത്തരം പ്രവണതകൾ മുളയിലേ നുള്ളണമെന്ന് ഝഖർ പറയുന്നു.
'ഒരു രണ്ടാംകിട പൗരനായി മുമ്പൊരിക്കലും തോന്നിയിട്ടില്ല. അഭിമാനിയായ പഞ്ചാബിയാണ് ഞാൻ, അതിലേറെ അഭിമാനിയായ ഇന്ത്യക്കാരനും. എല്ലാ പഞ്ചാബികളും ഒന്നാംകിട പൗരർ തന്നെയാണ്. തങ്ങളുടെ അരക്ഷിതബോധത്തിൽ നിന്നും, വിലകുറഞ്ഞ കാഴ്ചപ്പാടിൽ നിന്നുമാണ് ചില നേതാക്കൾ അത്തരം മതസ്വത്വം പഞ്ചാബിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. അത് കോൺഗ്രസിെൻറയോ പഞ്ചാബിെൻറയോ മൂല്യങ്ങൾക്കനുസൃതമല്ലെന്നാണ് അദ്ദേഹം തുറന്നടിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം ക്യാപ്റ്റൻ അമരീന്ദർ സിങ് എന്ന ഒറ്റയാളെ കേന്ദ്രീകരിച്ചാണ് നടന്നത്. എന്നാൽ, ഇക്കുറി അങ്ങനെയല്ല. ഒരുപാട് വികസനങ്ങൾ സംസ്ഥാനത്ത് നടപ്പാക്കിയ കോൺഗ്രസിെൻറ പേരിൽ സംയുക്തമായാണ് തെരഞ്ഞെടുപ്പിനെ നേരിടുക എന്ന നിലപാട് സുനിൽ ഝഖർ വ്യക്തമാക്കുന്നു.
മുതലെടുത്ത് പ്രതിപക്ഷം
മുഖ്യമന്ത്രി സ്ഥാനാർഥി എന്ന ചോദ്യത്തിൽ കറങ്ങി സ്തംഭിച്ചു നിൽക്കവേ എതിരാളികൾ സന്ദർഭം മുതലെടുത്ത് കോൺഗ്രസിനെ കൂടുതൽ കുഴക്കാൻ ശ്രമിക്കുന്നുണ്ട്. നിലവിലെ മുഖ്യമന്ത്രി ചന്നിയെ തന്നെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കുമോ എന്ന് വ്യക്തമാക്കണമെന്ന് ശിരോമണി അകാലിദൾ പ്രസിഡൻറ് സുഖ്ബിർ സിങ് ബാദൽ പലകുറി ആവശ്യമുന്നയിച്ചു കഴിഞ്ഞു. വരുന്ന ആഴ്ചകളിൽ ഈ നേതൃചോദ്യം പാർട്ടിയെ മുമ്പത്തേക്കാൾ കുഴക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. മറ്റ് പാർട്ടികൾ മുഖ്യമന്ത്രി സ്ഥാനാർഥിെയ പ്രഖ്യാപിക്കുന്നതോടെ ഈ തലവേദന കൂടുതൽ പ്രയാസം സൃഷ്ടിക്കും. ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് ആപ് അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.