ജീവന് പൊരുതുന്ന പുതുവൈപ്പ്
text_fieldsകേരളത്തിെൻറ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ ശനിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുേമ്പാൾ അതേ നാട്ടിൽ അടിസ്ഥാന വർഗത്തിെൻറ ആത്മരോഷത്തിൽ ഉയിരെടുത്ത ഒരു സമരം 121 ദിവസം പിന്നിടുകയായിരുന്നു. ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി) എറണാകുളം ജില്ലയിൽ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പിൽ സ്ഥാപിക്കുന്ന എൽ.പി.ജി ഇറക്കുമതി സംഭരണകേന്ദ്രത്തിനെതിരെ നാട്ടുകാർ എട്ടു വർഷം മുമ്പ് തുടങ്ങിവെച്ച പ്രതിഷേധം കഴിഞ്ഞ ഫെബ്രുവരി 16നാണ് അനിശ്ചിതകാല ഉപരോധ സമരമായി രൂപം മാറിയത്. ഇൗ മാസം 14ന് സമരം അടിച്ചമർത്താനിറങ്ങിയ പൊലീസ് സമരപ്പന്തൽ പൊളിച്ചെറിഞ്ഞതോടെ പ്രതിഷേധം നഗരത്തിെൻറ തെരുവിലേക്കും ഹൈകോടതി കവാടത്തിന് മുന്നിലേക്കും പടർന്നു. പക്ഷേ, മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും ഭരണകൂടവും ഒരു ജനതയുടെ ധീരമായ ഇൗ ചെറുത്തുനിൽപിനെ ഇപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ്.
പുതുവൈപ്പ് എൽ.പി.ജി
സംഭരണ പദ്ധതി
11 കിലോമീറ്റർ വിസ്തൃതിയിലായി ആറായിരത്തോളം ജനങ്ങൾ അധിവസിക്കുന്ന എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പിലാണ് െഎ.ഒ.സി 15,450 ടൺ സംഭരണശേഷിയുള്ള എൽ.പി.ജി ഇറക്കുമതി സംഭരണകേന്ദ്രം സ്ഥാപിക്കുന്നത്. 2009ൽ ആറു ലക്ഷം ടൺ എൽ.പി.ജിയായിരുന്നു കേരളത്തിെൻറ ആവശ്യം. എന്നാൽ, ഭാരത് പെട്രോളിയം കോർപറേഷെൻറ (ബി.പി.സി.എൽ) കൊച്ചി റിഫൈനറിയിൽ ഉൽപാദിപ്പിച്ചിരുന്നത് 4.5 ലക്ഷം ടണ്ണായിരുന്നു. ബാക്കി പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്തിരുന്നത്. ഇൗ കുറവ് നികത്താനാണ് 2009ൽ പുതുവൈപ്പ് എൽ.പി.ജി സംഭരണ പദ്ധതിക്ക് രൂപം നൽകിയത്. പരിസ്ഥിതിക്കും മനുഷ്യെൻറ ആരോഗ്യത്തിനും മാരക പ്രഹരമേൽപ്പിക്കാൻ ശേഷിയുള്ള എൽ.പി.ജി സംഭരണകേന്ദ്രത്തിെൻറ നിർമാണ ജോലികൾ വീടുകളിൽനിന്ന് 30 മീറ്റർ മാത്രം അകലത്തിലായി ഇപ്പോഴും പുരോഗമിക്കുന്നു.
ആശങ്കകൾ
പദ്ധതിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ആരാധനാലയങ്ങളും അംഗൻവാടികളും സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. എൽ.പി.ജി സംഭരണിയിൽനിന്ന് 160 മീറ്റർ മാത്രം അകലെയുള്ള ലക്ഷക്കണക്കിന് സംഭരണശേഷിയുള്ള ക്രൂഡോയിൽ, എൽ.എൻ.ജി സംഭരണികൾ വരുത്തിവെച്ചേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടില്ല. വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്റർ മാറി മാത്രമേ സംഭരണിയും പൈപ്പ് ലൈനും സ്ഥാപിക്കാവൂ എന്ന് പദ്ധതിക്ക് പാരിസ്ഥിതികാനുമതി നൽകുേമ്പാൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വെച്ച നിർദേശം പാലിക്കപ്പെട്ടില്ലെന്നും നാട്ടുകാർ പറയുന്നു. കേരള കോസ്റ്റൽ സോൺ അതോറിറ്റി പദ്ധതിയുടെ കോസ്റ്റൽ റെഗുലേഷൻ സോൺ (സി.ആർ.ഇസഡ്) അനുമതിക്കായി നൽകിയ ശിപാർശയിലും വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്റർ മാറിയാണ് സംഭരണി സ്ഥാപിക്കേണ്ടതെന്ന് നിഷ്കർഷിച്ചിരുന്നു. കടലാക്രമണം മൂലം പ്രതിവർഷം മൂന്നു മീറ്ററിൽ കൂടുതൽ കര നഷ്ടപ്പെടുന്ന തീരമാണ് പദ്ധതിക്ക് തെരഞ്ഞെടുത്തതെന്നത് ആശങ്കകൾ വർധിപ്പിക്കുന്നു. ജനവാസകേന്ദ്രത്തിൽനിന്ന് 30 മീറ്റർ മാത്രം അകലെ 15,450 ടൺ എൽ.പി.ജി സംഭരിക്കുന്നത് വാതക ചോർച്ച മൂലമുള്ള ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നാണ് മറ്റൊരു വാദം.
ഇത്രയും എൽ.പി.ജി ദിവസവും 500ലധികം ബുള്ളറ്റ് ടാങ്കുകളിൽ നിറക്കുേമ്പാൾ ചോരുന്ന വാതകത്തിലെ മെർക്യാപ്റ്റൻ എന്ന വിഷവസ്തു പ്രദേശവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ജലജീവികളുടെ വംശനാശത്തിന് വരെ കാരണമാകുന്ന മെർക്യാപ്റ്റൻ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എൻഡോസൾഫാൻ ദുരന്തത്തേക്കാൾ വലുതായിരിക്കുമെന്ന് ജനകീയ സമരസമിതി ചെയർമാൻ ജയഘോഷ് പറയുന്നു. കൊച്ചി റിഫൈനറിയുടെ വിപുലീകരണത്തോടെ കേരളത്തിെൻറ എൽ.പി.ജി ഉൽപാദനം 1.17 കോടി ടണ്ണായി ഉയരുകയും അധിക എൽ.പി.ജി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ നടപടി പുരോഗമിക്കുകയും ചെയ്യുേമ്പാൾ പുതുവൈപ്പിലെ പദ്ധതി അനാവശ്യമാണെന്നാണ് നാട്ടുകാരുടെ നിലപാട്. തങ്ങൾക്ക് എല്ലാ ഏജൻസികളുടെയും അനുമതി ഉണ്ടെന്ന് െഎ.ഒ.സി അധികൃതർ പറയുേമ്പാഴും അതിന് ആധാരമായ വ്യവസ്ഥകൾ കമ്പനി പാലിക്കുന്നില്ലെന്നാണ് സമരക്കാരുടെ പരാതി.
സമരമുഖം തുറക്കുന്നു
പുതുവൈപ്പിലെ അറുന്നൂറോളം കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന പദ്ധതിയുടെ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞ നാട്ടുകാർ 2009ൽ തന്നെ ഇതിനെതിരെ സംഘടിക്കാൻ തുടങ്ങി. അങ്ങനെയാണ് പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ വിരുദ്ധ ജനകീയ സമിതി രൂപംകൊണ്ടത്. പദ്ധതി പ്രദേശത്തേക്ക് നിർമാണ സാമഗ്രികൾ എത്തിക്കാൻ വഴിയൊരുക്കലായിരുന്നു ആദ്യ നടപടി. കടലാക്രമണം ചെറുക്കാൻ നാട്ടുകാർ നിർമിച്ച ഭിത്തികൾ തകർത്തെറിഞ്ഞ് ടൺ കണക്കിന് സാമഗ്രികളുമായി ലോറികൾ പുതുവൈപ്പിലെത്തി. ഭിത്തി പൊളിക്കുന്നത് തടഞ്ഞ 23 സമരക്കാർ അറസ്റ്റിലായി. പലഘട്ടങ്ങളിലായി നിർമാണ ജോലികൾ തുടർന്നുകൊണ്ടിരുന്നു. നാട്ടുകാർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ അധികൃതർക്ക് മുമ്പാകെ പദ്ധതിക്കെതിരെ നിരത്തിയ ആശങ്കകളൊന്നും വിലപ്പോയില്ല. നിർമാണപ്രവർത്തനങ്ങളെത്തുടർന്നുള്ള പൊടിപടലങ്ങൾമൂലം നൂറുകണക്കിന് പ്രദേശവാസികൾ ആശുപത്രികളിൽ ചികിത്സ തേടി. ഇതോടെയാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്.
പദ്ധതിപ്രദേശത്തിന് സമീപം കഴിഞ്ഞ ഫെബ്രുവരി 16ന് സമരപ്പന്തൽ ഉയർന്നു. വൈപ്പിൻ കുടിവെള്ള സമരമാതൃകയിൽ 600 കുടുംബങ്ങളെ പത്ത് യൂനിറ്റുകളായി തിരിച്ചു. ഒാരോ ദിവസവും ഒാരോ യൂനിറ്റ് സമരത്തിെൻറ ചുമതലയേറ്റെടുത്തു. മീൻ പിടിച്ചും ഒാേട്ടാ ഒാടിച്ചും മറ്റു വീടുകളിൽ ജോലി ചെയ്തും ഉപജീവനം നടത്തുന്ന സാധാരണക്കാരാണ് പുതുവൈപ്പിലെ ഭൂരിഭാഗവും. വീട് പട്ടിണിയിലാകുമെന്നറിഞ്ഞിട്ടും ജോലി ഉപേക്ഷിച്ചുപോലും അവർ സമരപ്പന്തലുകളിലെത്തി. അവരിൽ കുട്ടികളും വയോധികരും വീട്ടമ്മമാരുമുണ്ടായിരുന്നു. പദ്ധതിയുടെ നിർമാണ ജോലികൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് കഴിഞ്ഞ ബുധനാഴ്ച പൊലീസ് ബലമായി സമരപ്പന്തൽ പൊളിച്ചുമാറ്റിയത്. സംഘർഷത്തിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് പരിക്കേറ്റു. വൈദികരും കന്യാസ്ത്രീകളുമടക്കമുള്ളവർ അറസ്റ്റിലായി. വിഷയം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കമ്പനിക്കനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും സമിതി നേതാക്കൾ പറയുന്നു. എന്തു സംഭവിച്ചാലും പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവെക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് സമരസമിതി.
െഎ.ഒ.സിക്ക് പറയാനുള്ളത്
അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചും ദേശീയ ഹരിത ട്രൈബ്യൂണൽ, ഹൈകോടതി എന്നിവയുടെ അനുമതിയോടെയും ആണ് സംഭരണി സ്ഥാപിക്കുന്നതെന്ന് െഎ.ഒ.സി ചീഫ് ജനറൽ മാനേജർ പി.എസ്. മണി പറയുന്നു. ചിലർ ചേർന്ന് നിർമാണം തടസ്സപ്പെടുത്തുന്നതുമൂലം പ്രതിദിനം ഒരു കോടിയോളം രൂപയാണ് നഷ്ടം. നിർമാണവുമായി മുന്നോട്ടു പോകാൻ ഹരിത ട്രൈബ്യൂണൽ അനുമതി നൽകിയിട്ടുണ്ട്. ഏറ്റവും സുരക്ഷിതമെന്ന് അംഗീകരിച്ച മൗണ്ടഡ് എൽ.പി.ജി വെസലുകളിലാണ് പുതുവൈപ്പിൽ ദ്രവീകൃത ഇന്ധനം സൂക്ഷിക്കുന്നത്. ഇവ ആഴത്തിൽ കുഴിച്ചിട്ട് ചുറ്റും 1.25 മീറ്റർ കനത്തിൽ കോൺക്രീറ്റ് മതിൽ നിർമിച്ച് സുരക്ഷിതമാക്കും.കേരളത്തിലെ തിരക്കേറിയ റോഡുകളിലൂടെയുള്ള എൽ.പി.ജി ടാങ്കറുകളുടെ നീക്കം കുറക്കാൻ പുതുവൈപ്പ് പദ്ധതി സഹായിക്കും. തീരപ്രദേശത്ത് കേവലം 690 മീറ്ററിലാണ് ടെർമിനൽ നിർമിക്കുന്നത്. നാട്ടുകാർക്ക് കടലിൽ പോകാൻ ഒരു തടസ്സവും ഇല്ലെന്നും മണി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.