പി.വി.സി ഫ്ലക്സ് നിരോധനം പൊതുജന നന്മക്ക്
text_fieldsകേരളം അഭിമുഖീകരിക്കുന്ന പ്രധാന മാലിന്യ പ്രശ്നമാണ് പുനഃചംക്രമണം ചെയ്യാൻ സാധിക്കാത്ത ക്ലോറിനേറ്റഡ് ഫ്ലക്സിെൻറ വർധിച്ച ഉപയോഗം. ഇവ കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഡയോക്സിൻ, ഫ്യൂറാൻ തുടങ്ങിയ അർബുദജന്യ വിഷവാതകങ്ങൾ ഭൂമിയിൽ ജീവെൻറ നിലനിൽപിന് ഭീഷണിയും മാരകരോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ പ്രചാരത്തിലുള്ള പി.വി.സി ഫ്ലക്സുകൾ സൂര്യപ്രകാശത്തിെൻറ സാന്നിധ്യത്തിൽ 400 സെൽഷ്യസിനപ്പുറം താപനിലയിൽ ഡിഹൈേഡ്രാ ക്ലോറിനേഷന് വിധേയമായി വിഷരാസപദാർഥങ്ങൾ പുറന്തള്ളുകയും അവ ശ്വസിക്കുന്നത് പലതരം ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. പി.വി.സി ആവരണം ചെയ്ത നൈലോണിനാൽ നിർമിതമായി മൾട്ടിെലയർ പ്ലാസ്റ്റിക് ഉൽപന്നമാണ് പി.വി.സി ഫ്ലക്സ്. മൾട്ടിലെയർ പ്ലാസ്റ്റിക് ആയതുകൊണ്ട് പി.വി.സി ഫ്ലക്സ് റീസൈക്കിൾ ചെയ്യാൻ സാധിക്കുന്നില്ല. ഈ കാരണങ്ങൾകൊണ്ടുതന്നെ മിക്ക പാശ്ചാത്യ രാജ്യങ്ങളിലും കുട്ടികളുടെ കളിപ്പാട്ടങ്ങളിൽപോലും ഉപയോഗിക്കുന്ന പി.വി.സിയുടെ ഉപയോഗം ഭാഗികമായോ പൂർണമായോ നിരോധിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലും പൊതുവീഥികളുടെ വശങ്ങളിലും പി.വി.സി ഫ്ലക്സിനാൽ നിർമിതമായ ബോർഡുകളും ബാനറുകളും പരസ്യാർഥം പ്രദർശിപ്പിക്കുന്ന പ്രവണത വർധിച്ചുവരുന്നു. ഇങ്ങനെ പ്രദർശിപ്പിക്കുന്ന ഫ്ലക്സ് ബോർഡുകളും ബാനറുകളും വഴിയോരങ്ങളിലും ജലാശയങ്ങളിലും ഉപേക്ഷിക്കപ്പെടുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങൾ കൂടാതെ ഇവ സംസ്ഥാനത്തെ ഖരമാലിന്യനിർമാർജന രംഗത്ത് അപരിഹാര്യമായ പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നു. വാഹനാപകടങ്ങൾ ഉണ്ടാകുന്നതിനും പൊതുസ്ഥലങ്ങൾ വികൃതമാക്കപ്പെടുന്നതിനും മണ്ണും ജലവും മലിനമാക്കപ്പെടുന്നതിനും കാരണമാകുന്നത് കൂടാതെ കത്തിച്ച് നശിപ്പിക്കുന്ന വേളയിൽ അപകടകരമാംവിധം വായുമലിനീകരണം ഉണ്ടാക്കുന്നതിനും കാരണമാകയാൽ സംസ്ഥാനത്ത് ഫ്ലക്സ് ബോർഡുകളുടെ അനിയന്ത്രിതമായ ഉപയോഗം നിയന്ത്രിക്കപ്പെടേണ്ടതാണെന്നും എന്നാൽ വർഷങ്ങളായി ഉപയോഗത്തിലിരിക്കുന്ന ഫ്ലക്സ് ബോർഡുകൾക്ക്, അതിലേർപ്പെട്ടിരിക്കുന്ന സംരംഭകരുടെയും തൊഴിലാളികളുടെയും താൽപര്യംകൂടി കണക്കിലെടുത്ത് ഉടനടി പൂർണ നിരോധനം ഏർപ്പെടുത്താതെ ഘട്ടം ഘട്ടമായി നിയന്ത്രണം ഏർപ്പെടുത്താനും 2014ൽ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഫ്ലക്സ് പ്രിൻറിങ് സ്ഥാപനങ്ങൾ തങ്ങളുടെ പ്രിൻറിങ് രീതി മാറ്റുന്നതിന് തയാറാകാത്തതുമൂലം അത് ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചിട്ടില്ല എന്ന വസ്തുത സർക്കാർ മനസ്സിലാക്കിയിട്ടുണ്ട്. ഫ്ലക്സിന് ബദലായി റീസൈക്കിൾ ചെയ്യാവുന്നതും പി.വി.സി രഹിതവുമായ മറ്റൊരു വസ്തു ഇല്ലാതിരുന്നതും ഇതിനൊരു കാരണമായി. എന്നാൽ, സംസ്ഥാനത്ത് ചില സ്ഥാപനങ്ങൾ ഫ്ലക്സിന് ബദലായി റീസൈക്കിൾ ചെയ്യാവുന്നതും പി.വി.സി രഹിതവുമായ പോളി എത്തിലീൻ ഷീറ്റ് ഉപയോഗിച്ച് പ്രിൻറിങ് നടത്തിവരുന്നുണ്ട്. പോളി എത്തിലീൻ നിർമിതമായ ഫ്ലക്സ് റീസൈക്കിൾ ചെയ്യാവുന്നതും പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തതുമാണെന്ന് ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ കേരള കമ്പനി എന്നിവർ ശിപാർശ ചെയ്തതിെൻറ അടിസ്ഥാനത്തിൽ സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച് ചില വ്യവസ്ഥകൾക്ക് വിധേയമായി സംസ്ഥാനത്ത് ഫ്ലക്സ് ബോർഡുകൾക്കും ബാനറുകൾക്കും പകരം റീസൈക്കിൾ ചെയ്യാവുന്നതും പി.വി.സി രഹിതവുമായ പോളി എത്തിലീൻ നിർമിത വസ്തുക്കളോ അതുപോലുള്ള മറ്റു വസ്തുക്കളോ ഉപയോഗിക്കുന്നതിന് 2015ൽ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, സംസ്ഥാനത്ത് പി.വി.സി ഉപയോഗിച്ചുള്ള ഫ്ലക്സ് നിർമാണവും ഉപയോഗവും അനിയന്ത്രിതമായി തുടരുകയും അത് വൻതോതിൽ മലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഫ്ലക്സ് നിരോധനത്തിെൻറ പ്രായോഗികത സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് 2017 ജൂണിൽ സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. ഫ്ലക്സ് നിരോധനം സംബന്ധിച്ച് നഗരകാര്യ ഡയറക്ടറുടെയും പഞ്ചായത്ത് ഡയറക്ടറുടെയും ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടറുടെയും റിപ്പോർട്ടുകൾ പ്രസ്തുത സമിതി വിശദമായി ചർച്ചചെയ്യുകയും ഫ്ലക്സ് ഉപയോഗത്തിെൻറ ദോഷവശങ്ങളും ഈ മേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളും വിശദമായി വിലയിരുത്തുകയും ചെയ്തു. പ്ലാസ്റ്റിക് മാലിന്യ പരിപാലന ചട്ടം 2016ലെ വ്യവസ്ഥകൾപ്രകാരം മൾട്ടിലെയേർഡ് പ്ലാസ്റ്റിക്കുകൾ രണ്ടു വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി പിൻവലിക്കേണ്ടതാണ് എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അനിയന്ത്രിത വ്യാപനം
പരസ്യപ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്ന ഫ്ലക്സ് പുനഃചംക്രമണം പറ്റാത്ത ഒരിനം പ്ലാസ്റ്റിക്കാണ്. ഉപയോഗശേഷം ഇത് കത്തിച്ചുകളയാനോ ഉപേക്ഷിക്കാനോ മാത്രമേ കഴിയുകയുള്ളൂ. ഫ്ലക്സ് നിർമിക്കാനുപയോഗിക്കുന്ന പോളി വിനൈൽ ക്ലോറൈഡ് വളരെ അപകടകാരിയാണ്. അതിൽ ഓർഗാനിക് വസ്തുവിനോടൊപ്പം ക്ലോറിൻകൂടിയുള്ളതിനാൽ അത് കത്തുമ്പോൾ വിഷവാതകങ്ങളായ ഡയോക്സിനും ഫ്യൂറാനും ഉണ്ടാകുന്നുവെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, പോളി എത്തിലീൻ ഉപയോഗിച്ചുള്ള പരസ്യബോർഡുകൾ ഉപയോഗശേഷം റീസൈക്ലിങ് നടത്താവുന്നതാകയാൽ പാരിസ്ഥിതിക അപായം സൃഷ്ടിക്കുന്നില്ല. ഫ്ലക്സിന് പകരം പോളി എത്തിലീൻ നിർമിത വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഫ്ലക്സ് പ്രിൻറിങ് തൊഴിൽ മേഖലയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. പ്രിൻറിങ് മെറ്റീരിയലായ ഫ്ലക്സിന് പകരം പോളി എത്തിലീൻ പോലെയുള്ള, റീസൈക്ലിങ് ചെയ്യാൻ പര്യാപ്തമായ വസ്തുക്കൾ ഉപയോഗിക്കേണ്ടിവരുന്നു എന്ന വ്യത്യാസം മാത്രമാണുള്ളത്.
100 ശതമാനം റീസൈക്കിൾ ചെയ്യാവുന്ന മെറ്റീരിയലുകൾ പി.വി.സി ഫ്ലക്സിെൻറ അതേ വിലയിൽ ലഭ്യമാക്കാൻ സാധിക്കും. ആയതിനാൽ പി.വി.സി ഫ്ലക്സിന് പൂർണ നിരോധനം ഏർപ്പെടുത്തിയാലും ഫ്ലക്സ് പ്രിൻറിങ് സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും ഒരുവിധ പ്രയാസവും സൃഷ്ടിക്കുകയില്ല.
പരിസ്ഥിതി സൗഹൃദ വസ്തുക്കൾ
15ാം ദേശീയ ഗെയിംസിൽഫ്ലക്സിനെ പൂർണമായി ഒഴിവാക്കാനുള്ള നിർദേശം സർക്കാറിെൻറ ഭാഗത്തുനിന്നുമുണ്ടാകുകയും ഗ്രീൻ േപ്രാട്ടോകോളിെൻറ ഭാഗമായി പൂർണമായും പരിസ്ഥിതി സൗഹാർദ വസ്തുക്കൾ ഉപയോഗിക്കാനുള്ള തീരുമാനം കൈക്കൊണ്ടതിെൻറ ഭാഗമായും പോളി എത്തിലീൻ അടിസ്ഥാനമാക്കിയുള്ള ഫ്ലക്സ് പി.വി.സി ഫ്ലക്സിന് പകരമായി ഉപയോഗിച്ചിരുന്നു. പൊതുജനങ്ങളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാകുന്നത് കണക്കിലെടുത്ത് സർക്കാർ പി.വി.സി ഫ്ലക്സ് നിരോധിക്കുന്ന കാര്യത്തിൽ നിശ്ചയദാർഢ്യത്തോടെയുള്ള സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തുനിന്ന് റീസൈക്കിൾ ചെയ്യാൻ സാധിക്കാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായി നിരോധിക്കുക എന്നതാണ് സർക്കാറിെൻറ പ്രത്യേക നയം. അതിനാൽതന്നെ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചുള്ള പ്രിൻറിങ് മാത്രമേ സർക്കാർ േപ്രാത്സാഹിപ്പിക്കുകയുള്ളൂ. ഫ്ലക്സ് ബോർഡുകൾക്കു പകരം കണ്ണൂർ ജില്ലയിൽ വിജയകരമായി നടപ്പാക്കിയതുപോലുള്ള പ്രകൃതിസൗഹൃദ, റീസൈക്കിൾ ചെയ്യാവുന്ന മെറ്റീരിയൽ ഉപയോഗിച്ച് അതേ മെഷീനിൽതന്നെ പ്രിൻറിങ് നടത്താൻ സാധിക്കും. അതുവഴി ഒരാൾക്കുപോലും തൊഴിൽനഷ്ടമുണ്ടാകുന്ന സാഹചര്യം സംജാതമാകുന്നില്ല. പൊതുനന്മക്കായി പ്രിൻറിങ്ങിന് ഉപയോഗിക്കുന്ന മെറ്റീരിയലിൽ മാത്രം മാറ്റം വരുത്തിയാൽ മതിയാകും.
പി.വി.സി ഫ്ലക്സ് നിരോധിക്കാവുന്നതാണെന്ന്സർക്കാർ നിയോഗിച്ച സമിതി ശിപാർശ ചെയ്തിട്ടുണ്ടെങ്കിലും സർവകക്ഷി സഹകരണത്തോടെ ഫ്ലക്സ് നിരോധന വിഷയത്തിൽ ഒരു സമീപനം കൈക്കൊള്ളുന്നതിനായി സർക്കാർ മേയ് എട്ടിന് സർവകക്ഷി യോഗം വിളിക്കുകയും യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ കക്ഷികളെല്ലാം പി.വി.സി ഫ്ലക്സ് നിരോധിക്കുന്ന വിഷയത്തിൽ സമവായ സമീപനം കൈക്കൊള്ളുകയും എന്നാൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും സംരംഭകരുടെയും ബുദ്ധിമുട്ടുകൾകൂടി പരിഗണിച്ചാവണം ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് ഫ്ലക്സ് നിരോധനത്തിെൻറ കാര്യത്തിൽ സർക്കാർ താമസംവിനാ ഒരു തീരുമാനം കൈക്കൊള്ളുന്നതിനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.