മറവിരോഗം െകാണ്ട് നമ്മൾ മറന്ന ചോദ്യങ്ങൾ
text_fieldsനിരന്തരം ഞെട്ടിക്കൊണ്ടിരിക്കുകയാണ് നമ്മൾ. ഞെട്ടി ഞെട്ടി നമുക്കിന്ന് ഞെട്ടലുകൾ ശീലമായിരിക്കുന്നു. ഒരു കാര്യം ശീലമായാൽ പിന്നെ അതേപ്പറ്റി ആരെന്ത് പരാതി പറയാനാണ്. അങ്ങനെ നമ്മുടെ പരാതികളും ക്ഷോഭങ്ങളും മൗനത്തിലേക്കസ്തമിക്കുന്നു. അനുസരണയുള്ളവരായി ക്യൂവിൽ പോയി വരിനിൽക്കുന്നു. എവിടെ നജീബ് എന്ന ചോദ്യം തന്നെ മറക്കുന്നു. മോനേ, നജീബേ, നീയെന്ത്യേ എന്ന് നജീബിെൻറ ഉമ്മ മാത്രം ഉറക്കത്തിൽ പിറുപിറുക്കുന്നു. അഖ്ലാഖും ജുനൈദും പെഹ്ലുഖാനും പൻസാരെയും കൽബുർഗിയും ഗൗരി ലങ്കഷും... ഞെട്ടിഞെട്ടി നമ്മൾ കോലം കെട്ടിരിക്കുന്നു.
ബീഫിെൻറ മണംപിടിച്ച് ഫാഷിസമാകട്ടെ നാട്ടിൽ മണ്ടിപ്പാഞ്ഞുകൊണ്ടിരിക്കുന്നു. പാട്ടും പ്രണയവും സിനിമയും ഒന്നും ഇഷ്ടമില്ലാത്ത ഫാഷിസം വിലക്കുകളുടെ കൊലക്കയറുമായി രഥയാത്ര തുടരുന്നു.
എന്നിട്ടും ഫാഷിസത്തിന് ഫാൻസുകാർ കൂടി വരുന്നതു കാണുമ്പോൾ യുനെസ്കോയുടെ റൈനോസെറസ് എന്ന നാടകമാണ് ഓർമയിലെത്തുന്നത്. ബേറിങ്ഷേയും കാമുകി ഡേസിയും റസ്റ്റാറൻറിലിരിക്കുമ്പോൾ പുറത്ത് ഒരു കാണ്ടാമൃഗത്തെ കാണുകയാണ്. പിന്നീട് നിരത്തിൽ ഒട്ടേറെ കാണ്ടാമൃഗങ്ങൾ. മനുഷ്യർക്കെല്ലാം കാണ്ടാമൃഗമായി രൂപമാറ്റം വരുകയാണ്. പതിയെപ്പതിയെ എല്ലാവരും കാണ്ടാമൃഗമാവുകയും ഒടുക്കം ഡേസിക്കുവരെ കാണ്ടാമൃഗമായാൽ കൊള്ളാമെന്ന് തോന്നുകയും ചെയ്യുന്നു. കാണ്ടാമൃഗമാവൽ ഒരു തരംഗമാവുന്ന കാലത്തെ പറയുകയാണ് നാസിസത്തിനെതിരെ എഴുതപ്പെട്ട ഡ്രാമയിൽ യുനെസ്കോ.
ആളെ കൊല്ലുന്നവനെ ആരാധിക്കുന്ന മാനസികാവസ്ഥ നിർമിച്ചെടുക്കുന്നതിൽ ഫാഷിസം വളരെ വേഗം വിജയിച്ചിരിക്കുന്നു. കൊന്ന ആളുകളുടെ എണ്ണത്തിനനുസരിച്ച് സ്ഥാനാർഥിയെ വോട്ടുചെയ്ത് അധികാരത്തിലേറ്റുന്ന ജനങ്ങൾ ശരിക്കും പേടിപ്പെടുത്തുന്നുണ്ട്.
ഷുസെ സരമാഗുവിെൻറ ‘ബ്ലൈൻഡ്നസ്’ എന്ന നോവലിലെ ഇതിവൃത്തം, പടരുന്ന അന്ധതയാണ്. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടർന്നുകൊണ്ടിരിക്കുന്ന അന്ധത. പറയാൻ മാത്രം നന്മയോ മൂല്യങ്ങളോ ഇല്ലാത്ത നേരുകെട്ടവർ അധികാരത്തിലെത്തുന്നത് കാണുമ്പോൾ അറിയാതെ സംശയം വരും, അന്ധത ഇത്രവേഗം പടർന്ന് കണ്ണുപൊട്ടരായോ സർവരും? ഞങ്ങൾക്കൊരു രാജാവിനെ വേണം എന്ന് ദൈവത്തോട് പ്രാർഥിക്കാൻ ശമുവേലിനോട് ആവശ്യപ്പെട്ട ജനത്തിെൻറ കഥ ബൈബിളിലുണ്ട്. അന്നേരം ദൈവം പറഞ്ഞു: ‘രാജാവ് നിെൻറ ആൺമക്കളെ തെൻറ തേരാളികളും കുതിരപ്പടയാളികളുമാക്കും. ചിലർക്ക് രാജാവിെൻറ രഥങ്ങൾക്ക് മുന്നിലായി ഓടേണ്ടിവരും. നിങ്ങളുടെ ആട്ടിൻപറ്റത്തിെൻറ പത്തിലൊന്ന് രാജാവ് കൈക്കലാക്കും. നിങ്ങളോ, രാജാവിെൻറ ദാസന്മാരാകും. നിങ്ങൾ െതരഞ്ഞെടുത്ത രാജാവ് കാരണം നിങ്ങൾ നിലവിളിക്കുന്ന ഒരു ദിവസം വരും’. എന്നാൽ ജനം പറഞ്ഞു.‘ഞങ്ങൾക്കൊരു രാജാവിനെ വേണം ’.
രാജാവ് മുണ്ടുടുത്തിട്ടില്ലെന്ന് ഒരു കുഞ്ഞും പറയുന്നില്ലെന്നുമാത്രമല്ല രാജാവിെൻറ നെഞ്ചളവിനെ സ്തുതിക്കുക കൂടി ചെയ്യുന്നു എന്നതാണ് പുതിയ കാലത്തിെൻറ പ്രത്യേകത. ഭരണം ഒരു ജന്തുവും മനുഷ്യൻ അതിന് ഇരകളുമായിത്തീരുന്ന കാലത്തെപ്പറ്റി മുമ്പൊരിക്കൽ എം.എൻ. വിജയൻ എഴുതി. മാറിക്കൊണ്ടിരിക്കുന്ന ജനുസ്സിൽപെട്ട, ലക്ഷ്യങ്ങൾ മാറാത്ത, ഉപകരണങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ജീവിയാണ് ഫാഷിസം എന്ന് അദ്ദേഹം തുടർന്നെഴുതി. ‘‘മൗനമാണ് ഫാഷിസത്തിന് വളരാൻ ഏറ്റവും വളക്കൂറുള്ള മണ്ണ്. അതുകൊണ്ട് എവിടെയൊക്കെ മൗനമുണ്ടോ ആ മൗനത്തെ ഭേദിക്കുകയും എവിടെയൊക്കെ അയൽക്കാരുണ്ടോ അവരുമായി ബന്ധം സ്ഥാപിക്കുകയും എവിടെയൊക്കെ സദ്യകളും അടിയന്തരങ്ങളും വിവാഹങ്ങളുമുണ്ടോ അവിടെയെല്ലാം ഇടകലരുകയും വേണം. സ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും കൂട്ടായ്മയിലൂടെ മാത്രമേ ഫാഷിസത്തിനെതിരെ പോരാടാനാവൂ’’ (എം.എൻ വിജയൻ സമ്പൂർണ കൃതികൾ, വാല്യം മൂന്ന്) .
സരമാഗുവിെൻറ നോവലിൽ കുറച്ചു കാലങ്ങൾക്കുശേഷം എല്ലാവരുെടയും അന്ധത മാഞ്ഞ് കാഴ്ചയും വെളിച്ചവും വീണ്ടുകിട്ടുന്നതുപോലെ നമ്മുടെ ഒച്ചയും തിരിച്ചു കിട്ടുമായിരിക്കും. അന്നേരം വരിനിന്നും ആധാർ ലിങ്ക്ചെയ്തും തളർന്നുപോയ നമ്മൾ ഈ വേവും പങ്കപ്പാടുകളുമെല്ലാം മാറി, മറവിരോഗങ്ങളിൽ നിന്നെല്ലാം മുക്തരായി നജീബിനെ വീണ്ടും തിരക്കുമായിരിക്കും. കാണാതായ, കൊല്ലപ്പെട്ട, തടവിലുള്ള അപരാധികളല്ലാത്ത പാവം മനുഷ്യർ നമ്മെ പിന്നെയും അസ്വസ്ഥരാക്കുമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.