ഖുൽഅ്: സമുദായ നേതൃത്വം കണ്ണുതുറക്കണം
text_fieldsഖുൽഉമായി ബന്ധപ്പെട്ട് ഈയിടെ കേരള ഹൈകോടതി പുറപ്പെടുവിച്ച വിധി സമുദായത്തിനകത്ത് വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. സമൂഹത്തിൽ നീതിക്കുവേണ്ടി നിലകൊള്ളാൻ ശക്തമായി ഉദ്ബോധിപ്പിക്കപ്പെട്ട മുസ്ലിം സമുദായം പാതിയോ അതിലേറെയോ വരുന്ന സ്ത്രീസമൂഹത്തിന് നീതി നേടിക്കൊടുക്കാൻ പ്രതിജ്ഞാബദ്ധമാവണം. കുടുംബം ശാന്തിയും സമാധാനവും നിറഞ്ഞതായാൽ മാത്രമേ സമൂഹം ഭദ്രമാവൂ. അതിനാൽ, ഇസ്ലാമിക കുടുംബ നിയമങ്ങൾ പ്രയോഗവത്കരിക്കാൻ സമുദായാംഗങ്ങൾ സത്വര ശ്രദ്ധപുലർത്തണം. മുസ്ലിം ദമ്പതികൾക്കിടയിലും കുടുംബത്തിലും ഒരു പൊട്ടലും ചീറ്റലും അകൽച്ചയും ഉണ്ടാവില്ല എന്നല്ല. അപ്രതീക്ഷിതമായി അസ്വാരസ്യങ്ങളും സ്വരച്ചേർച്ചയില്ലായ്മയും സംഭവിച്ചെന്നു വരാം. അതുകൊണ്ടാണ് വിവാഹനിയമങ്ങൾ വിശദീകരിച്ച ഖുർആൻ ത്വലാഖ് (വിവാഹമോചനം) നിയമങ്ങൾ അതേ പേരിലുള്ള അധ്യായത്തിലൂടെ വിശദമാക്കുന്നത്.
ദാമ്പത്യബന്ധം വേർപെടുത്തേണ്ട അനിവാര്യ സാഹചര്യങ്ങളിൽ ഭർത്താവിനുള്ളതുപോലെ ഭാര്യക്കും അതിനുള്ള അനുവാദവും സ്വാതന്ത്ര്യവും ഇസ്ലാം നൽകുന്നുണ്ട്. ദൈവം രണ്ടുകൂട്ടർക്കുമിടയിൽ നീതിയും രണ്ടുപേരുടെയും ക്ഷേമവും നന്മയും ഒരുപോലെ ദീക്ഷിക്കുന്നു.
ദാമ്പത്യജീവിതത്തെ പരസ്പരം ഇഴചേർന്നുനിൽക്കുന്ന വസ്ത്രത്തോടാണ് അല്ലാഹു ഉപമിച്ചിട്ടുള്ളത്. ഇഴ കണ്ണിയറ്റ് വിടവും വിള്ളലും സംഭവിക്കുമ്പോൾ ആ വസ്ത്രം ഊരി മോചനം നേടാമെന്ന അർഥം ധ്വനിപ്പിക്കുന്ന 'ഖുൽഅ്' എന്ന പദമാണ് ഇസ്ലാമിക ശരീഅത്ത് അതിന് പ്രയോഗിക്കുന്ന സാങ്കേതിക ശബ്ദം. ഭർത്താവ് വഹിച്ച ജീവിതച്ചെലവുകളും മറ്റും പൂർണമായി തിരിച്ചുനൽകൽ സാധ്യമല്ല. സ്ത്രീക്ക് ഇസ്ലാമിൽ ഒരു സാമ്പത്തിക ബാധ്യതയും ഇല്ല. എല്ലാ ബാധ്യതയും പുരുഷനെയാണ് ഏൽപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വിവാഹസമയത്തുള്ള മഹ്ർ ഉൾപ്പെടെയുള്ള വിവാഹച്ചെലവും അവെൻറ ഉത്തരവാദിത്തമാണ്. എന്നാലും ഭർത്താവിൽനിന്ന് സ്വീകരിച്ച മഹ്റ് തിരിച്ചുനൽകിയിട്ടാണെങ്കിലും ബന്ധത്തിൽനിന്ന് ഒഴിയാനുള്ള അവസരം സൃഷ്ടിച്ച് അവൾക്കും അവളുടേതായ വ്യക്തിതാൽപര്യവും ക്ഷേമവും ഇസ്ലാം ഉറപ്പുവരുത്തുന്നുണ്ട്.
മുഹമ്മദ് നബിയും സച്ചരിതരായ ഖലീഫമാരും ആ നിയമം പ്രയോഗിച്ചിട്ടുമുണ്ട്. സാബിത് ബിൻ ഖൈസിെൻറ ഭാര്യ അദ്ദേഹത്തിൽനിന്ന് ബന്ധം വേർപെടുത്തണമെന്ന ആഗ്രഹവുമായി നബിയെ സമീപിച്ചതും അവർക്ക് സാബിത് നൽകിയ തോട്ടം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടതും സാബിത്തിനോട് ആ തോട്ടം തിരിച്ചുവാങ്ങി വിവാഹബന്ധം വേർപെടുത്താൻ ആജ്ഞാപിച്ചതും ചരിത്രമാണ്. ഖലീഫമാരായിരുന്ന ഉമറിെൻറയും ഉസ്മാെൻറയും ഭരണകാലത്തും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇസ്ലാം സ്ത്രീകൾക്ക് നൽകിയ അവകാശങ്ങൾ വെറും ഏടുകളിൽ പരിമിതമായിരുന്നില്ല. അവ സ്ത്രീകൾ ശരിയാംവണ്ണം അനുഭവിച്ചിട്ടുണ്ട്. എന്നാൽ, ഖേദകരമെന്നു പറയട്ടെ, ചരിത്രത്തിെൻറ ദശാസന്ധികളിലെവിടെയോ അവൾക്ക് മിക്ക സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ടുവെന്നതും വസ്തുതയത്രെ.
പുരുഷന്മാർ യഥേഷ്ടം ത്വലാഖ് എന്ന വിവാഹമോചനമാർഗം ഉപയോഗിക്കുമ്പോൾ അനിവാര്യ ഘട്ടത്തിൽ സ്ത്രീകൾക്ക് വിവാഹബന്ധം വേർപെടുത്താമെന്ന വസ്തുതപോലും സമുദായത്തിൽ പലർക്കും അറിയില്ല. പല സ്ത്രീകളും ജീവിതത്തിൽ പലതും സഹിക്കുന്നവരാണ്. കുട്ടികളുടെ ഭാവിയോർത്തും മറ്റും ഒരുവിധം ദാമ്പത്യബന്ധം വിള്ളലില്ലാതെ മുന്നോട്ടുകൊണ്ടുപോവാൻ സ്ത്രീകൾ സാഹസപ്പെടുന്നു പലപ്പോഴും.
സ്ത്രീക്ക് നൂറ്റാണ്ടുകൾക്കുമുമ്പ് അനുവദിച്ചുകൊടുത്ത ഖുൽഅ് പ്രയോഗിക്കാൻ കടമ്പകളേറെയായിരുന്നു. കോടതി വരാന്തകളിൽ കാലങ്ങളോളം കാത്തുകെട്ടിക്കിടന്നിട്ടാണ് ചിലർക്കെങ്കിലും ഇങ്ങനെ ഒരു നിയമം ഉപയോഗിക്കാനായത്. എന്നാൽ, ഈ കാലതാമസം ഒഴിവാക്കാൻ ഇപ്പോൾ കോടതിയെ സമീപിക്കാതെ സ്ത്രീക്ക് വിവാഹബന്ധം വേർപെടുത്താനുള്ള സൗകര്യം പുതിയ കോടതിവിധി സ്ത്രീകൾക്ക് കൊടുക്കുന്നു. എന്നാൽ, ഇസ്ലാമിൽ ഒരു സ്ത്രീക്ക് സ്വയം വിവാഹിതയാവാൻ അനുവാദമില്ല.
രക്ഷിതാവ് വരന്, വധുവിെൻറ സമ്മതത്തോടെ അവളുടെ സംരക്ഷണം ഏൽപിച്ചുകൊടുക്കുന്ന കരാറാണ് ഇസ്ലാമിൽ വിവാഹം. അതുപോലെ വിവാഹമോചനവും ഒരു സ്ത്രീക്ക് സ്വന്തം കഴിയില്ല, അത് ഇസ്ലാമിക ശരീഅത്ത് അനുവദിക്കുന്നില്ല. അതാണ് ഈ കോടതിവിധിയുടെ അപകടമായി മുസ്ലിം പണ്ഡിതന്മാർ ചൂണ്ടിക്കാട്ടുന്നത്. വിവാഹമോചനനിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളേറെയാണെന്നും അത് കുടുംബ തകർച്ചക്ക് വഴിയൊരുക്കുമെന്ന വാദവുമുണ്ട്. ദുരുപയോഗം ചെയ്യുമെന്നതുകൊണ്ട് ഒരു നിയമത്തെത്തന്നെ എതിർക്കുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ്.അപ്പോൾ യഥാർഥ പ്രതിവിധിയെന്ത്, ഇതിെൻറ ശരീഅത്ത് വിരുദ്ധ വശങ്ങൾക്കു പരിഹാരം കണ്ട് എങ്ങനെ ശരീഅത്ത് നിയമങ്ങൾക്കനുകൂലമാക്കാം എന്നതാണ് സമുദായ നേതൃത്വം ചിന്തിക്കേണ്ടത്.
ഏറക്കുറെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന മഹല്ല് സംവിധാനങ്ങൾ കേരളത്തിലുടനീളമുണ്ട്. മഹല്ല് നേതൃത്വങ്ങൾക്കും മതപണ്ഡിതന്മാർക്കും മുസ്ലിം ജനസാമാന്യത്തിെൻറ മനസ്സിൽ ചെറുതല്ലാത്ത സ്വാധീനവും സ്ഥാനവുമുണ്ടുതാനും. മഹല്ലുകളിൽ വിവാഹകർമങ്ങൾ മംഗളമായി നടക്കുന്നുമുണ്ട്. വിവാഹംപോലെത്തന്നെ ത്വലാഖും ഖുൽഉം ഇസ്ലാമിക ശരീഅത്തിെൻറ അന്തഃസത്തക്ക് അനുഗുണമാംവിധം ഖുർആെൻറയും സുന്നത്തിെൻറയും വെളിച്ചത്തിൽ നടപ്പാക്കാൻ മഹല്ല് നേതൃത്വങ്ങൾ തയാറായാൽ കോടതികളെ സമീപ്പിക്കുന്നതിെൻറ കാലതാമസം ഒഴിവാക്കാനും നിയമ ദുരുപയോഗം തടയാനും വലിയ ഒരളവോളം സഹായകമാവും. ഇസ്ലാമിക ശരീഅത്തിെൻറ അന്തഃസത്തക്ക് യോജിച്ചതും അതുതന്നെയായിരിക്കും. അതിനൊപ്പം ആരോഗ്യകരമായ കുടുംബ ജീവിതം, പാരൻറിങ്, മാനസിക ആരോഗ്യം എന്നിവയെക്കുറിച്ച് മഹല്ല് അംഗങ്ങളെ സാക്ഷരരാക്കുക എന്ന ദൗത്യവും അവർ ഏറ്റെടുക്കണം. പരസ്പര ബഹുമാനത്തെക്കുറിച്ച് ചെറുപ്രായം മുതൽ തന്നെ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം. സമുദായ നേതൃത്വം കണ്ണുതുറന്നെങ്കിൽ എന്നാഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.