അപ്രതീക്ഷിത നീക്കത്തിന്റെ ഞെട്ടലിൽ വയനാട്
text_fieldsനാലു ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്തയച്ച എം.പിയെ അയോഗ്യനാക്കിയ നടപടി ഉൾക്കൊള്ളാനാകാതെ വയനാട് പാർലമെന്റ് മണ്ഡലത്തിലെ വോട്ടർമാർ. അപകീർത്തി കേസിൽ കോടതി ശിക്ഷിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് ലോക്സഭ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയ വാർത്ത പുറത്തുവന്നതോടെ വയനാട്ടിലെങ്ങും പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തി.
രാഹുൽ ഗാന്ധിക്കെതിരായ നടപടിയുടെ ഞെട്ടലിൽ നിൽക്കുമ്പോഴും ഇനിയൊരു ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്നാണ് മണ്ഡലത്തിലുള്ളവർ ഉറ്റുനോക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കെയാണ് ഇത്തരമൊരു സാഹചര്യം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തികച്ചും നാടകീയമായി സ്ഥാനാർഥിയായെത്തിയ രാഹുലിനെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച വിജയം നൽകിയാണ് വയനാട് സ്വീകരിച്ചത്. ദേശീയ നേതാവിന്റെ മണ്ഡലമെന്ന നിലയിൽ വയനാടിന്റെ തിളക്കവും ഇരട്ടിയായി.
എം.പിയായശേഷം രാഹുൽ അമേഠിയിലേക്ക് തിരിഞ്ഞുനോക്കാറില്ല എന്നാണ് എതിരാളികൾ പ്രചരിപ്പിക്കാറെങ്കിൽ വയനാടിന്റെ അനുഭവം തികച്ചും വ്യത്യസ്തമാണ്. നിരവധി തവണ മണ്ഡലത്തിന്റെ മുക്കുമൂലകളിലെത്തിയ രാഹുൽ ഗാന്ധി വിവിധ വികസന പദ്ധതികൾക്കായി ഏറെ തുകയും അനുവദിച്ചിരുന്നു.
തനിക്കെതിരായ നീക്കം അണിയറയിൽ നടക്കുന്നതിനിടയിലും ഇക്കഴിഞ്ഞ ചൊവ്വാഴ്ച അദ്ദേഹം വയനാട്ടിലെത്തി വിവിധ പരിപാടികളിൽ പങ്കെടുത്തു. കേരള സമാജം നിർമിച്ച 14 വീടുകളുടെ താക്കോൽദാന ചടങ്ങിലും ജില്ലയിലെ യു.ഡി.എഫ് ജനപ്രതിനിധികളുമായുള്ള സംവാദത്തിലും ഉൾപ്പെടെ പങ്കെടുത്ത് പ്രവർത്തകർക്ക് ആത്മവിശ്വാസമേകിയാണ് അദ്ദേഹം മടങ്ങിയത്.
ഇനിയൊരു ഉപതെരഞ്ഞെടുപ്പുണ്ടായാലും അയോഗ്യതക്കെതിരെ മേൽക്കോടതിയിൽനിന്ന് അനുകൂല വിധി നേടി, രാഹുൽ ഗാന്ധിതന്നെ മത്സരിക്കുമെന്നും അക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ടെന്നുമാണ് വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.