രാഹുലും ഹിജാബും ലിബറൽ കേരളവും
text_fieldsലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സമ്പന്നന്‍റെയും ദരിദ്രന്‍റെയും രണ്ട് ഇന്ത്യകളെ കുറിച്ച് നടത്തിയ പ്രസംഗം വൈറലായതിന്‍റെ രണ്ടാം നാളിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹിജാബ് (ശിരോവസ്ത്രം) ധരിക്കാനുള്ള മുസ്ലിം പെൺകുട്ടികളുടെ പോരാട്ടത്തെ പിന്തുണച്ച് രംഗത്തുവന്നത്. വിദ്യാർഥികളുടെ ഹിജാബിന്റെ പേരിൽ അവരുടെ വിദ്യാഭ്യാസം തടയുന്നതിലൂടെ നാം ഇന്ത്യയുടെ പെൺമക്കളുടെ ഭാവിയാണ് കവർന്നെടുക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വിദ്യതരുന്ന സരസ്വതീദേവി അതിൽ വിവേചനം കാണിക്കില്ലെന്നുകൂടി പറഞ്ഞായിരുന്നു കർണാടകയിലെ വിവാദത്തിലേക്കുള്ള ബസന്തി പഞ്ചമിയുടെയും സരസ്വതി പൂജയുടെയും വേളയിൽ രാഹുലിന്‍റെ കടന്നുവരവ്. ഒരു മൗലികാവകാശ പ്രശ്നം എന്ന തലത്തിൽനിന്ന് ഹിജാബിനെ മതമൗലികവാദ പ്രശ്നമാക്കി അവതരിപ്പിക്കാൻ കേരളത്തിൽ പോലും ശ്രമം നടക്കവേയാണ് ഈ ഇടപെടൽ എന്നത് ശ്രദ്ധേയമാണ്. ആ തരത്തിൽ അതിന് സ്വീകാര്യത ലഭിക്കുകയും ചെയ്തു.
ചേർത്തുനിർത്തുന്ന ബഹുസ്വര മാതൃക
തീവ്ര ഹിന്ദുത്വ രാഷ്ട്രീയം ശക്തിയാർജിച്ചതോടെ ഹിന്ദുമത ചിഹ്നങ്ങളും ചടങ്ങുകളും രൂഢമൂലമായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സമൂഹത്തിൽ രാഹുൽ സരസ്വതി ദേവിയെ കൂട്ടുപിടിച്ചത് സമൂഹമാധ്യമങ്ങളിൽ പലരും ചോദ്യംചെയ്തത് കണ്ടു. സ്വന്തം മതത്തിന്‍റെ വിശേഷദിവസങ്ങളിൽ സഹോദര മതസ്ഥരെ ചേർത്തുപിടിക്കുന്ന ഇന്ത്യ എന്ന ആശയത്തെ ഉയർത്തിപ്പിടിക്കുകയാണ് രാഹുൽ ചെയ്തത്.
അദൃശ്യരാക്കിയും അരികുവത്കരിച്ചും മാറ്റിനിർത്തപ്പെടുന്ന ഒരു ന്യൂനപക്ഷ സമുദായത്തെ ചേർത്തുനിർത്തണമെന്ന് വർഗീയവിഷം ഉള്ളിൽകയറാത്ത ഭൂരിപക്ഷ സമുദായത്തെ ഉണർത്താൻ രാഹുലിന്‍റെ ട്വീറ്റിന് കഴിഞ്ഞുവെന്നതാണ് നേര്. ഹിജാബ് വിലക്കിനെതിരെ ആദ്യം രംഗത്തുവന്ന കോൺഗ്രസ് നേതാവല്ല രാഹുൽ ഗാന്ധി. എന്നാൽ, രാഹുൽ ഗാന്ധി തന്നെ അർഥശങ്കക്കിടയില്ലാത്ത വിധം നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിക്കും അതിന്‍റെ നേതാക്കൾക്കും ഹിജാബിന്‍റെ കാര്യത്തിൽ ഇനി മറിച്ചൊരു നിലപാട് എടുക്കുക സാധ്യമല്ലാതെ വരും.
ഹിജാബ് വിലക്കാൻ കൃത്രിമമായ ബൈനറി
ഉഡുപ്പി സർക്കാർ പി.യു കോളജിൽ തുടങ്ങിയ ഹിജാബ് വിലക്ക് കർണാടകയിലെ നിരവധി കോളജുകളിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്. ഉഡുപ്പി കോളജിൽ ആറു പെൺകുട്ടികൾ തുടരുന്ന സമരവും ഹിജാബ് വിലക്കിയ മറ്റു കോളജുകളിലേക്കും പടരുകയാണ്. പൗരത്വസമരകാലത്ത് രാജ്യമെങ്ങും പ്രകടമായ സ്ത്രീമുന്നേറ്റം ഓർമപ്പെടുത്തുന്നതാണ് ഹിജാബിന്‍റെ പേരിൽ പുറത്താക്കപ്പെട്ട മുസ്ലിം പെൺകുട്ടികൾ സംഘ് പരിവാറിന്‍റെ സർക്കാർ ഭരിക്കുന്ന കർണാടകയിൽ തങ്ങളുടെ മൗലികാവകാശത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും വേണ്ടി നടത്തുന്ന ചെറുത്തുനിൽപ്.
പകരം മുസ്ലിം പെൺകുട്ടികളുടെ ശിരോവസ്ത്രത്തിനോട് പ്രതിഷേധമെന്നപേരിൽ കാവി ഷാളണിഞ്ഞെത്തി മുസ്ലിംകളുടെ ഹിജാബും ഹിന്ദുക്കളുടെ കാവിഷാളും എന്ന ബൈനറി കൃത്രിമമായി സൃഷ്ടിക്കാനുള്ള പ്രോപഗണ്ട യുദ്ധത്തിലാണ് സംഘ്പരിവാർ. ഹിജാബ് സ്ഥാപനത്തിന്‍റെ അച്ചടക്കത്തിനും ക്രമസമാധാനത്തിനും ഭംഗം വരുത്തുമെന്ന വ്യാജ ആഖ്യാനം സൃഷ്ടിക്കുന്നതിനുപുറമെ ഇന്ന് ഹിജാബിനായി രംഗത്തുവന്നവർ നാളെ ശരീഅത്ത് നിയമം നടപ്പാക്കണമെന്നാവശ്യപ്പെടുമെന്നും പ്രചാരണമഴിച്ചുവിടുന്നു അവർ.
രാഹുലും തരൂരും കാണാത്ത വിലക്ക്
രാഹുൽ ഗാന്ധി നിലപാട് പ്രഖ്യാപിക്കുന്നതിനുമുമ്പേ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള കോൺഗ്രസ് നേതാക്കളെല്ലാം ഹിജാബ് ധരിക്കാനുള്ള കർണാടകയിലെ പെൺകുട്ടികളുടെ അവകാശത്തിനായി രംഗത്തുവന്നിരുന്നു. കേരളത്തിൽനിന്നുതന്നെയുള്ള കോൺഗ്രസ് എം.പി ഡോ. ശശി തരൂർ കർണാടകയിലെ ഹിജാബ് വിലക്കിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ആഗ്രഹിക്കുന്ന വസ്ത്രം ധരിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുള്ളതായിരുന്നു ഇന്ത്യയുടെ കരുത്ത് എന്നും തരൂർ ഓർമിപ്പിച്ചു. ഹിജാബിന് നിരോധനമാണെങ്കിൽ സിഖുകാരുടെ തലപ്പാവിന്‍റെയും ഹിന്ദുക്കളുടെ നെറ്റിയിലെ തിലകത്തിന്‍റെയും ക്രൈസ്തവർ അണിയുന്ന കുരിശിന്‍റെയും കാര്യമെന്താണെന്നും തരൂർ ചോദിച്ചു. ഹിജാബ് വിലക്കിയ കോളജിന്‍റെ ചായ്വ് ചപലമാണെന്നും പെൺകുട്ടികളെ പ്രവേശിപ്പിച്ച് പഠിക്കാൻ അനുവദിക്കണമെന്നും തരൂർ ആവശ്യപ്പെട്ടിരുന്നു. സ്ഥാപനങ്ങളുടെ യൂനിഫോമിൽ വിശ്വാസത്തിന് സ്ഥാനമില്ല എന്നവർ ആരും തന്നെ പറഞ്ഞില്ല.
കേരളത്തിലെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റി(എസ്.പി.സി)ൽ ഹിജാബ് ധരിച്ച മുസ്ലിം പെൺകുട്ടികളെ വിലക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയ അതേ സമയത്താണ് കർണാടകയിലെ ഹിജാബ് വിവാദവും.
ഭരണഘടന അനുവദിച്ച മൗലികാവകാശത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയും ഒരുപോലെ ഹനിക്കുന്ന നടപടിക്ക് ബി.ജെ.പി നയിക്കുന്ന കർണാടക സർക്കാറും സി.പി.എം നയിക്കുന്ന കേരള സർക്കാറും നിരത്തിയ ന്യായങ്ങൾ തമ്മിലും വലിയ അന്തരമില്ല. എന്നാൽ, കേരളത്തിൽ എസ്.പി.സി ഹിജാബ് വിലക്കിയപ്പോൾ അതിൽ ഇടപെട്ട് ആ വിഷയം ഏറ്റെടുക്കാനുള്ള മനസ്സ് കേരളത്തിലെ അറിയപ്പെടുന്ന കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായില്ല.
ഹിജാബിനോട് കേരളം ചെയ്തത്
തന്‍റെ മതവിശ്വാസത്തിൽനിന്ന് പുറത്തുപോകാതെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റാകാനുള്ള ആഗ്രഹത്താൽ അപേക്ഷയുമായി മുന്നിൽവന്നുനിന്ന ഒരു മുസ്ലിം പെൺകുട്ടിയുടെ ആവലാതി തീർപ്പാക്കാതെ വിവേചനത്തിന്‍റെ നിരവധി ആക്ഷേപങ്ങൾ പേറുന്ന ആഭ്യന്തരവകുപ്പിന് മുന്നിലേക്ക് അയച്ച ഹൈകോടതി പോലും നീതിയല്ല കാണിച്ചത്.
ഒരു മതത്തിന്‍റെ അവിഭാജ്യ ഘടകമായ ഹിജാബിനെ മൗലികാവകാശമായി കണ്ട് പടിഞ്ഞാറൻ രാജ്യങ്ങളും കോടതികളുമെല്ലാം ഇൻക്ലൂസിവ് സൊസൈറ്റിക്കായി നിലകൊള്ളവെ, ഹിജാബ് ധരിച്ചവർക്കുള്ള എസ്.പി.സി വിലക്കിൽ കേരളീയ സമൂഹം ഒന്നടങ്കം മൗനം പാലിച്ചു. 'ലവ് ജിഹാദ്' എന്ന വിദ്വേഷ പ്രചാരണം ഉത്തരേന്ത്യക്ക് സംഭാവന ചെയ്തപോലെ കേരളം എസ്.പി.സിയിൽ ഹിജാബ് വിലക്കിയ ഉത്തരവിലൂടെ മറ്റൊരു മുസ്ലിം വിരുദ്ധ നടപടിക്കുകൂടി രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മുന്നേ നടന്ന് തെറ്റായ മാതൃക സൃഷ്ടിച്ചുവെന്ന് പറയുന്നതിൽ വിഷമം തോന്നിയാലും അതാണ് വസ്തുത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.