ചെങ്കോട്ടയിൽ കണക്ക് തീർത്ത രാഹുൽ
text_fields‘‘2004ൽ ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നപ്പോൾ നമ്മുടെ സർക്കാർ പൊതുതെരഞ്ഞെടുപ്പ് ജയിച്ച സമയമായിരുന്നു. ഈ പത്രക്കാരെല്ലാം 24 മണിക്കൂറും എന്നെ പ്രശംസിച്ചുകൊണ്ടിരുന്നു. പിന്നീട് ഞാൻ ഭട്ടാപ്രസൂലിൽ പോയി അവിടത്തെ കർഷകരുടെ ഭൂ പ്രശ്നം ഏറ്റെടുത്തതോടെ മാധ്യമങ്ങൾ പിറകെ കൂടി. ഭൂമിയുടെ അവകാശികൾക്ക് അത് വകവെച്ചുകൊടുക്കുന്ന നിയമങ്ങൾ കൂടി നമ്മുടെ സർക്കാർ കൊണ്ടുവന്നതോടെ 24 മണിക്കൂറും എന്റെ പിറകിലായി.
ഇപ്പോഴത്തെ പ്രധാനമന്ത്രിയും ബി.ജെ.പിയും എന്റെ പ്രതിഛായ തകർക്കാൻ ആയിരക്കണക്കിന് കോടികൾ ചെലവഴിച്ചു. ഒന്നുമുരിയാടാതെ ഞാൻ മൗനം പാലിച്ചു. ഇവർ ഈ പറഞ്ഞുനടക്കുന്നത് തെറ്റാണെന്ന് പറയാൻ പോലും ഞാൻ പോയില്ല. ഇവർക്ക് എത്ര ധൈര്യമുണ്ടെന്ന് നോക്കട്ടെയെന്ന് ഞാനും കരുതി. എല്ലാ മാധ്യമങ്ങളും എനിക്കെതിരെ തിരിഞ്ഞു. വാട്സ്ആപിലും ഫേസ്ബുക്കിലും കാണുന്നിടങ്ങളിലെല്ലാം 24 മണിക്കൂറും രാഹുൽ ഗാന്ധിക്കെതിരെ.
രാജ്യം മുഴുക്കെ അവർ ഈ പ്രചാരണം നടത്തി. ഒരു മാസം കൊണ്ട് ഞാൻ സത്യമെന്തെന്ന് കാണിച്ചു. അതോടെ എല്ലാം അവസാനിച്ചു. സത്യം മൂടിവെക്കാനാവില്ല. എങ്ങനെയെങ്കിലും സത്യം പുറത്തുവരും’’രണ്ട് നാളത്തേക്ക് കൃത്രിമമായ ഒരു കൊറോണ ഭീതി തട്ടിപ്പടച്ചുണ്ടാക്കി ഭാരത് ജോഡോ യാത്ര രാജ്യതലസ്ഥാനത്തേക്ക് കടക്കുന്നത് തടയാൻ നടത്തിയ തന്ത്രങ്ങളെയെല്ലാം തട്ടിമാറ്റി, തന്നെ വിശ്വസിച്ച് പിറകിലണിനിരന്ന പതിനായിരങ്ങളെയും കൊണ്ട് ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടക്ക് മുന്നിൽ എത്തിയവരോട് രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകളാണിത്.
ഇന്ത്യാ ഗേറ്റിൽ നിന്ന് ചെങ്കോട്ട വരെ ഭാരത് ജോഡോ യാത്രയെ അനുഗമിച്ചപ്പോൾ ഒഴുകിപ്പരന്ന് നടക്കുന്ന ആബാലവൃദ്ധം മനുഷ്യരെ കണ്ടവരൊക്കെയും ആവർത്തിച്ച ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അത്. 2800 കിലോമീറ്റർ കാൽനടയായി താണ്ടി വന്ന ഒരു മനുഷ്യൻ ഇത്രയേറെ ജനസഞ്ചയത്തെ തനിക്ക് പിന്നിൽ രാജ്യതലസ്ഥാനത്ത് അണിനിരത്തിയിട്ടും അതിനർഹിക്കുന്ന പരിഗണന മാധ്യമങ്ങളെന്തുകൊണ്ടു കൊടുത്തില്ലെന്ന ചോദ്യത്തിനുള്ള ഉത്തരം. രാഹുൽ പറഞ്ഞത് നൂറു ശതമാനം സത്യമാണെന്നും യു.പി.എ സർക്കാറിന് സ്തുതി പാടി നടന്നിരുന്ന മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമെല്ലാം രാഹുലിനെതിരെ തിരിഞ്ഞതെങ്ങനെയാണെന്നും അക്കാലത്ത് ഡൽഹിയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരെങ്കിലും ഓർക്കുന്നുണ്ടാകും.
പോക്കറ്റടിക്കായി ശ്രദ്ധതിരിക്കുന്ന മാധ്യമങ്ങൾ
മുഖ്യധാരാ മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിച്ചില്ലെങ്കിലും ചെങ്കോട്ടക്ക് മുന്നിൽ രാഹുൽ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിലൂടെ ഹിന്ദി ഹൃദയഭൂമിയിലും വൈറലായിരിക്കുകയാണ്. ‘‘നമ്മുടെ ഈ വർത്തമാനങ്ങളൊന്നും ഈ ടി.വിക്കാർ ഒരിക്കലും കാണിക്കില്ല. അതിൽ എനിക്കൊരു പ്രശ്നവുമില്ല’’ എന്നാൽ ഇവർ മറ്റൊന്ന് കൂടി ചെയ്യുന്നുണ്ട് എന്നും മുന്നിൽ ഈ നിൽക്കുന്ന മാധ്യമപ്രവർത്തകരോടൊന്നും ദേഷ്യപ്പെടരുതെന്നും തെറ്റ് അവരുടേതല്ലെന്നും പറഞ്ഞ് മുന്നിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരെ സാക്ഷിനിർത്തി രാഹുൽ കണക്ക് തീർത്തു പറഞ്ഞു.
‘‘മാധ്യമങ്ങൾ എന്തുകൊണ്ടാണ് സ്നേഹവർത്തമാനങ്ങൾ ഒന്നും കാണിക്കാത്തത്? അതിനൊരു കാരണമുണ്ടെന്ന് പറഞ്ഞ് രാഹുൽ വീണ്ടും ജനക്കൂട്ടത്തോടായി തുടർന്നു. ‘‘നിങ്ങളിൽ ആരെങ്കിലും ഒരിക്കലെങ്കിലും പോക്കറ്റടിക്കിരയായിട്ടുണ്ടോ? പോക്കറ്റടിക്കാർ പോക്കറ്റടിക്കും മുമ്പ് നമ്മുടെ ശ്രദ്ധ മറ്റൊരിടത്തേക്ക് തിരിച്ചുവിടും. മാധ്യമങ്ങൾ ഹിന്ദു -മുസ്‍ലിം എന്ന് നിരന്തരം ആവർത്തിച്ച് വിദ്വേഷ പ്രചാരണം നടത്തുന്നതും പോക്കറ്റടിക്കായുള്ള ശ്രദ്ധ തെറ്റിക്കലാണ്.
24 മണിക്കൂർ വിദ്വേഷമിങ്ങനെ കാണിച്ച് നിങ്ങളെ പോക്കറ്റടിച്ചുപോകുന്നു. ഉദാഹരണം നന്നായി ബോധിച്ച ജനക്കൂട്ടം ‘ബഹുത് ബഡിയാ’ എന്നുറക്കെ വിളിച്ചു പറഞ്ഞപ്പോൾ പറഞ്ഞത് സത്യമായത് കൊണ്ടാണ് നന്നായി തോന്നിയതെന്ന് രാഹുൽ. 24 മണിക്കൂറും ഹിന്ദു-മുസ്‍ലിം, ഹിന്ദു-മുസ്‍ലിം, ഹിന്ദു-മുസ്‍ലിം പറഞ്ഞ് കർഷകനെയും തൊഴിലാളിയെയും പോക്കറ്റടിക്കുകയാണ്.
നമ്മുടെ വിമാനത്താവളങ്ങളും തുറമുഖങ്ങളും റോഡുകളും എല്ലാം അടിച്ചുമാറ്റി ഇവരുടെ യജമാനന്റെ പോക്കറ്റിലിട്ടുകൊടുക്കുകയാണ്. ഇവരെ കൊണ്ടുനടക്കുന്നതാരാണെന്ന് രാഹുൽ ചോദിച്ചപ്പോൾ അദാനി-അംബാനി എന്ന് ജനം. രാജ്യത്തുള്ളത് നരേന്ദ്ര മോദിയുടെ സർക്കാർ അല്ലെന്നും അദാനി-അംബാനി സർക്കാറാണെന്നും ഓർമിപ്പിക്കുന്ന രാഹുൽ ഇവരുടെ ലക്ഷ്യം നമ്മുടെ വഴിതിരിച്ചുവിടലാണെന്നും ഓർമിപ്പിച്ചു.
വെറുപ്പിന്റെ ബസാറിലെ സ്നേഹക്കച്ചവടക്കാരൻ
കന്യാകുമാരി മുതൽ ചെങ്കോട്ട വരെ 2800 കിലോമീറ്റർ ദൂരം താണ്ടിയ തനിക്ക് ഹിംസയും വിദ്വേഷവും കാണാനായില്ലെന്നും അതേസമയം ടി.വി തുറന്നാൽ ഹിംസയും വെറുപ്പും മാത്രമെ കാണാനുള്ളൂ എന്നും പോക്കറ്റടിക്കാരുടെ ശ്രദ്ധ തെറ്റിക്കൽ മാത്രമാണതെന്നും വിദ്വേഷത്തോടൊപ്പം അവർ മനസ്സിൽ നിറക്കുന്നത് ഭയമാണെന്നുമുള്ള രാഹുലിന്റെ വാക്കുകളെ ജനം ശരിവെച്ചുകൊണ്ടിരുന്നു.
താങ്കൾക്ക് തണുക്കുന്നില്ലേ എന്ന് ചോദിച്ച മാധ്യമപ്രവർത്തകരെയും രാഹുൽ ശരിക്കിട്ടു കുടഞ്ഞു. രാജ്യത്തെ കർഷകരോടും തൊഴിലാളികളോടും ദരിദ്രകുടുംബങ്ങളിലെ കുഞ്ഞുങ്ങളോടും ഈ ചോദ്യമെന്താണ് മാധ്യമപ്രവർത്തകർ ചോദിക്കാത്തതെന്ന് രാഹുൽ തിരിച്ചുചോദിച്ചു. താൻ കേവലം 2800 കിലോമീറ്റർ മാത്രമാണ് നടന്നതെങ്കിൽ രാജ്യത്തെ ഒരു കർഷകൻ തന്റെ ജീവിതത്തിൽ 15,000ഉം 20,000ഉം കിലോമീറ്റർ നടന്നിട്ടുണ്ടാകുമെന്ന് രാഹുൽ ഓർമിപ്പിക്കുന്നു.
രാജസ്ഥാനിൽ താൻ പറഞ്ഞതോർമയുണ്ടോ എന്ന് തന്നോടൊപ്പം നടന്ന് ചെങ്കോട്ടക്ക് മുന്നിലെത്തിയ ജനക്കൂട്ടത്തോട് രാഹുൽ വിളിച്ചുചോദിച്ചു. വിദ്വേഷത്തിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് ഭാരത് ജോഡോ യാത്ര എന്നാണല്ലോ താൻ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ സ്നേഹത്തിന്റെ ഒന്നല്ല ലക്ഷക്കണക്കിന് കടകളാണ് നിങ്ങൾ തുറന്നിരിക്കുന്നതെന്ന് രാഹുൽ പറഞ്ഞപ്പോൾ അതിനെ ശരിവെച്ചുള്ള ജനസഞ്ചയത്തിന്റെ ഹർഷാരവം ചെങ്കോട്ടയിൽ തട്ടി പ്രതിധ്വനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.