ഉഷ്ണകാഠിന്യം കൂട്ടി മഴക്കുറവ്
text_fieldsകേരളത്തിൽ പൊതുവേ ചൂട് വർധിച്ചുനിൽക്കുന്ന കാലാവസ്ഥയാണ്. 40 ഡിഗ്രിവരെ പാലക്കാട് ജില്ലയിൽ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ ചൂട് ഉയർന്നതായി റിപ്പോർട്ടില്ല. തെക്കൻ കേരളത്തെ അപേക്ഷിച്ച് വടക്കൻ കേരളത്തിൽ ചൂട് വർധിക്കുകയാണ്. തെക്കൻ, തിരുവിതാംകൂർ മേഖലയിൽ ഇടക്കിടെ വേനൽമഴ കിട്ടിയതിനാൽ ചൂട് അത്ര കൂടിയിട്ടില്ല. വടക്കൻ കേരളത്തിൽ മഴയുടെ അളവ് കുറഞ്ഞതിനാൽ ചൂട് ക്രമാതീതമായി വർധിക്കുകയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. വിഷുവിന് മുമ്പേ ഈ മഴ ലഭിച്ചാൽ ഇപ്പോഴത്തെ വേനൽച്ചൂടിൽ കുറവുവരും.
വടക്കൻ കേരളത്തിൽ കാലവർഷം തകർത്തുപെയ്യുകയും തുലാവർഷം ശുഷ്കമാവുകയും ചെയ്യുന്ന സാഹചര്യമാണ്. ഡിസംബർ കഴിഞ്ഞാൽ കാലവർഷം ആരംഭിക്കുന്ന ജൂൺ ആദ്യംവരെ വടക്കൻ കേരളം വരൾച്ചയുടെ പിടിയിലമരും. പാറശാലയിൽ 1100 മി.മീറ്റർ രേഖപ്പെടുത്തുന്ന കാലവർഷം കാസർകോട് 3600 മുതൽ 3800വരെ പെയ്യുന്നുണ്ട്. ഇത്ര ശക്തമായ കാലവർഷമുള്ള വടക്കൻ കേരളത്തിൽ തുലാവർഷം ശുഷ്കമാകും. മധ്യ, തെക്കൻ കേരളത്തിൽ തുലാവർഷം ശക്തമാകുമ്പോൾ വടക്കൻ േകരളത്തെ അത് തുണക്കുന്നില്ല. ഇതാണ് തെക്കൻ കേരളത്തെ അപേക്ഷിച്ച് വടക്കൻ കേരളത്തിൽ ചൂട് കുതിച്ചുയരാനുള്ള കാരണം. രണ്ട് മഴക്കാലങ്ങൾ മധ്യ, െതക്കൻ ജില്ലകളെ സമൃദ്ധമാക്കുമ്പോൾ ഒരുമഴക്കാലം മാത്രമാണ് വടക്കൻ കേരളത്തെ തുണക്കുന്നത്.
തെക്കുനിന്ന് പെയ്തുവരുന്ന കാലവർഷമഴ വടക്കോട്ട് പോകുന്തോറും കാഠിന്യം കൂടിവരും. പടിഞ്ഞാറുനിന്ന് കിഴക്കോട്ടു പോകുമ്പോഴും ഈ വ്യത്യാസം കാണാം. നേര്യമംഗലം, പീരുമേട്, മണ്ണാർക്കാട്, പെരിന്തൽമണ്ണ, വൈത്തിരി, കുറ്റ്യാടി എന്നിവയെല്ലാം കേരളത്തിനകത്തെ അതിവൃഷ്ടി പ്രദേശമാണ്. പൊതുവെ മഴ കൂടുതൽ കിട്ടുന്ന കാസർകോട് ജില്ലയിൽ ഒരുപരിധി കഴിഞ്ഞാൽ മഴ കുറയുകയാണ്. ഇതിെൻറ വ്യക്തമായ കാരണം സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ട്.
വേനൽമഴയെ പൊതുവേ നൂറുശതമാനം ആശ്രയിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സംസ്ഥാനത്തിെൻറ എല്ലാ ഭാഗത്തും ഒരുപോലെയല്ല മഴ പെയ്തൊഴിയുന്നത്.
വർഷാവർഷം മഴയിൽ വരുന്ന ചാഞ്ചാട്ടം കൂടുതൽ പ്രകടമാകുന്നത് വേനൽമഴയിലാണ്. മഴ പരക്കെ പെയ്യാനുള്ള സാധ്യതയും ചുരുക്കമാണ്. ഇപ്പൊഴത്തെ സാഹചര്യത്തിൽ മഴ പെയ്യാതിരിക്കാനുള്ള കാരണങ്ങളൊന്നും കാണുന്നില്ല. വേനൽമഴ കിട്ടിയാൽ ചൂട് അഞ്ച് ഡിഗ്രിവരെ താഴും. ജില്ലയിൽ ഒറ്റപ്പെട്ട മഴപെയ്താലും ചൂടിൽ താഴ്ചയുണ്ടാകും. മൊത്തം വേനൽമഴയുടെ 65 ശതമാനം ലഭിക്കുന്ന മേയ് മാസത്തെക്കാൾ അൽപം കുറവായി ഏപ്രിലിലും മഴ ലഭിക്കേണ്ടതാണ്.
മാർച്ച് രണ്ടാംവാരം മുതൽ വടക്കൻ കേരളത്തിൽ മഴപെയ്യാത്തതാണ് ചൂട് കാര്യമായി വർധിക്കാൻ ഇടയാക്കിയത്. കാർഷിക കലണ്ടർ പ്രകാരം വിഷുവിന് മുമ്പായി മഴ ലഭിക്കേണ്ടതാണ്. വിഷു കഴിഞ്ഞും മഴ പെയ്താൽ വേനലിെൻറ കാഠിന്യം കുറയും. ഒറ്റപ്പെട്ട മഴക്കുള്ള സാധ്യത ഇപ്പോഴും കാലാവസ്ഥ നിരീക്ഷകർ തള്ളിക്കളയുന്നില്ല. ബ്ലോക് അടിസ്ഥാനത്തിൽ അഞ്ച് ദിവസത്തെ കാലാവസ്ഥ പ്രവചനം കാലാവസ്ഥ നിരീക്ഷണ വിഭാഗം നൽകുന്നുണ്ടെങ്കിലും ഇത് കൃത്യത പാലിക്കുന്നില്ല. രാത്രി മേഘാവൃ-തമായ അന്തരീക്ഷമുണ്ടായാൽ ഉഷ്ണം കൂടും. അതേസമയം, പകൽ നല്ല മേഘങ്ങൾ വന്നാൽ ചൂട് താരതമ്യേന കുറയും. പകൽ മഴമേഘങ്ങൾ കുറയുന്നതായാണ് കാണുന്നത്.
(കാലാവസ്ഥ ഗവേഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.