തുടർഭരണം മോഹിച്ച കോൺഗ്രസിന് കൂട്ടത്തോൽവി
text_fieldsകോൺഗ്രസിനെ ചതിച്ച് കോൺഗ്രസ്; പതിവു തെറ്റിക്കാതെ രാജസ്ഥാൻ
ന്യൂഡൽഹി: തുടർഭരണം അവകാശപ്പെട്ടതിനൊടുവിൽ കൂട്ടത്തോൽവി. അധികാരത്തിലിരുന്ന രാജസ്ഥാനിലും ഛത്തിസ്ഗഢിലും കോൺഗ്രസിന്റെ വീഴ്ച അത്തരത്തിലായി. പ്രധാന കാരണം, പാളയത്തിലെ പട. ഇതിനിടയിൽ, കോൺഗ്രസും ബി.ജെ.പിയും അഞ്ചു വർഷം വീതം മാറിമാറി ഭരിക്കുന്ന പതിവ് രാജസ്ഥാൻ തെറ്റിച്ചില്ല.
രാജസ്ഥാനിലും ഛത്തിസ്ഗഢിലും കാര്യമായ ഭരണവിരുദ്ധ വികാരം ഇല്ലാതിരുന്നതാണ് തുടർഭരണ പ്രതീക്ഷക്കും അതിനൊത്ത അവകാശവാദങ്ങൾക്കും കാരണം. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പൊതുവേ സ്വീകാര്യനായിരുന്നു. ഇതിനൊപ്പം സൗജന്യങ്ങൾ വാരിക്കോരി പ്രഖ്യാപിച്ചത്, പ്രധാനമായും സ്ത്രീ വോട്ട് വാരിക്കൂട്ടുമെന്ന് മുഖ്യമന്ത്രി വിശ്വസിച്ചു.
തന്റെ ഇമേജിലാണ് ജയിക്കാൻ പോകുന്നതെന്നുവരുത്തി അടുത്ത മുഖ്യമന്ത്രിയാരെന്ന സംശയം തെരഞ്ഞെടുപ്പിനുമുമ്പേ ഇല്ലാതാക്കാനും ഗെഹ്ലോട്ട് ശ്രമിച്ചു. സംസ്ഥാനത്തെ 200 മണ്ഡലങ്ങളിലും താനാണ് മത്സരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞത്.
കസേര വിട്ടൊഴിയാൻ ആഗ്രഹമുണ്ടെങ്കിലും, കസേര തന്നെ വിട്ടൊഴിയുന്നില്ലാത്തവിധം ജനസമ്മതനാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനായിരുന്നു വ്യഗ്രത. കോൺഗ്രസ് അധ്യക്ഷപദം വെച്ചു നീട്ടിയപ്പോൾ, അതിനേക്കാൾ വലുതാണ് മുഖ്യമന്ത്രിക്കസേരയെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതിനെല്ലാമിടയിലും ഗെഹ്ലോട്ടിന്റെ കസേര പോയി.
അധികാരത്തിലിരുന്ന അഞ്ചുവർഷം അശോക് ഗെഹ്ലോട്ടും പാർട്ടിയിലെ പ്രതിയോഗിയായ സചിൻ പൈലറ്റും പോരടിച്ചു നീങ്ങിയതിന്റെ അനന്തരഫലമാണ് തുടർഭരണ നഷ്ടമെന്ന് ബി.ജെ.പി പോലും പറഞ്ഞുപോകും. ഹൈകമാൻഡ് ഏച്ചുകെട്ടാൻ നോക്കിയ ബന്ധം ചേരാതെ മുഴച്ചുതന്നെ നിന്നു.
അത്രക്ക് കടുത്ത പോരും വിരോധവുമായി തെരഞ്ഞെടുപ്പു പ്രചാരണ വേദികളിൽ പോലും മാനസികമായി അകന്ന് പ്രവർത്തിക്കുകയായിരുന്നു ഇരുവരും. സചിനെ ഒതുക്കുന്നുവെന്ന പ്രതീതി അദ്ദേഹം കൂടി പ്രതിനിധാനംചെയ്യുന്ന ഗുജ്ജർ വിഭാഗത്തിനിടയിൽ പരന്നു.
രണ്ടാമത്തെ ഘടകം, സചിനെതിരായ പോരാട്ടത്തിൽ തന്നോട് കൂറുകാണിച്ച എല്ലാ സിറ്റിങ് എം.എൽ.എമാർക്കും അവർ നേരിടുന്ന പ്രാദേശിക ജനരോഷം അവഗണിച്ച് ഗെഹ്ലോട്ട് സീറ്റ് കൊടുത്തതാണ്. ഹൈകമാൻഡിന്റെ സർവേ കണക്കുകൾ വകവെച്ചില്ല. ഗെഹ്ലോട്ടിന്റെ ഈ കൂറ് പക്ഷേ, വോട്ടർമാർക്ക് എം.എൽ.എമാരോട് ഉണ്ടായില്ല.
ഇത്രയേറെ സൗജന്യങ്ങൾ വാരിക്കോരി പ്രഖ്യാപിച്ചിട്ടും ജനം അത് വിലക്കെടുത്തില്ല. നേരത്തെ പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ പൂർണതോതിൽ നടപ്പാക്കാൻ കഴിയാത്തത് പുതിയ വാഗ്ദാനങ്ങളെക്കുറിച്ച സംശയം ജനിപ്പിച്ചുവെന്നതും അതിനു കാരണമാണ്.
തമ്മിൽ തല്ല് അല്ലായിരുന്നെങ്കിൽ കോൺഗ്രസിന് തുടർഭരണത്തിന് എല്ലാ വിധത്തിലും അവസരം ഒത്തുവന്ന നിയമസഭ തെരഞ്ഞെടുപ്പായിരുന്നു രാജസ്ഥാനിലേത്. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ഏറ്റവും കൂടുതൽ നടന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. ജാതിസെൻസസ് നടത്തുമെന്ന പ്രഖ്യാപനം സ്വാധീനം ചെലുത്തേണ്ടിയിരുന്ന സംസ്ഥാനവുമായിരുന്നു. ബി.ജെ.പിക്കുള്ളിലാകട്ടെ, വസുന്ധര രാജെയും കേന്ദ്രനേതൃത്വവുമായുള്ള ശീതസമരം ശക്തമായിരുന്നു.
കോൺഗ്രസിന് പരമാവധി സീറ്റ് നേടുകയെന്ന ഒറ്റ ലക്ഷ്യത്തിനുമുന്നിൽ പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യയെയും ഗെഹ്ലോട്ട് രാജസ്ഥാനിൽ മറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരും ചെറുകക്ഷികളും കൂടി 13 സീറ്റ് പിടിച്ച, ഭൂരിപക്ഷം നേർത്തുപോയ സാഹചര്യം മറന്നുകൊണ്ടായിരുന്നു ഇത്.
പരമാവധി സീറ്റുപിടിച്ചാൽ ചെറുകക്ഷികളെയും സ്വതന്ത്രരെയും കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ തന്നെ ഒപ്പം കൂട്ടാമെന്നായിരുന്നു ഗെഹ്ലോട്ടിന്റെ മനക്കോട്ട. അവർ സീറ്റ് ഇത്തവണയും കൈയടക്കി. അതുപക്ഷേ, ഗെഹ്ലോട്ടിന് ഉപകാരപ്പെടുത്താനാകാതെ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കിയെന്നു മാത്രം.
നേതൃമുഖം മാറും: രാജസ്ഥാൻ ഹിന്ദുത്വ വഴിയിലേക്ക്; വസുന്ധരക്ക് സാധ്യതയില്ല, പകരം ബാലക്നാഥും ചർച്ചകളിൽ
ജയ്പൂർ: ബി.ജെ.പി ഭരണം തിരിച്ചുപിടിച്ച രാജസ്ഥാനിൽ വസുന്ധര രാജെയല്ലെങ്കിൽ പുതിയ മുഖ്യമന്ത്രിയാര്? മോദി-അമിത് ഷാമാർക്ക് വസുന്ധരയോട് ഇല്ലാത്ത പ്രിയം കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്വാൾ, ഗജേന്ദ്രസിങ് ശെഖാവത് എന്നിവരോടുണ്ട്. ജാതി സെൻസസ് പ്രതിപക്ഷം അജണ്ടയായി ഏറ്റെടുത്തിരിക്കെ, പിന്നാക്ക വോട്ടിൽ കേന്ദ്രീകരിക്കണമെന്ന് ബി.ജെ.പി ചിന്തിച്ചാൽ നിയമമന്ത്രി അർജുൻ റാം മേഘ്വാളിന് നറുക്കുവീഴാം.
യു.പിയിൽ മുൻനിര നേതാക്കളെ പിന്തള്ളി നേരത്തേ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതുപോലെ രാജസ്ഥാനിലും സംഭവിക്കുമോ? തിജാര സീറ്റിൽ ‘രാജസ്ഥാൻ യോഗി’യെന്ന വിശേഷണത്തോടെ മഹന്ത് ബാലക്നാഥ് സ്ഥാനാർഥിയായതു മുതൽ അത്തരമൊരു ചർച്ച രാജസ്ഥാനിലുണ്ട്. ജാതി അടിസ്ഥാനത്തിൽ മേഘ്വാളിന് കിട്ടുന്ന പ്രത്യേക പരിഗണന ഒ.ബി.സി വിഭാഗ(യാദവ)ക്കാരനായ ബാലക്നാഥിനും തേടാം.
വർഗീയധ്രുവീകരണത്തിന്റെ വഴിയിലേക്ക് രാജസ്ഥാനെയും കൂട്ടിക്കൊണ്ടുപോകാനുള്ള ബി.ജെ.പിയുടെ കാര്യപരിപാടിക്ക് ഇത്തവണ ഊന്നൽ നൽകിയേക്കുമെന്ന് സൂചനകളുണ്ട്. ഭരണത്തുടർച്ചയും ലോക്സഭ സീറ്റുകളുടെ എണ്ണവുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. യോഗിയെന്നപോലെ ബാലക്നാഥ് വന്നാൽ രാജസ്ഥാന്റെ രാഷ്ട്രീയചിത്രംതന്നെ മാറാം.
രാജസ്ഥാൻ
ബി.ജെ.പി 41.69%
കോൺഗ്രസ് 39.53%
മറ്റുള്ളവർ 18.78%
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.