തമിഴകത്ത് സംഘ്പരിവാറിെൻറ തുറുപ്പുശീട്ടായി 'സ്റ്റൈൽ മന്നൻ'
text_fieldsഒടുവിൽ സംഘ്പരിവാർ കേന്ദ്രങ്ങളുടെ കടുത്ത സമ്മർദത്തിെൻറ ഫലമായി സൂപ്പർസ്റ്റാറായ രജനികാന്ത് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നു. തമിഴക രാഷ്ട്രീയത്തിൽ അത്ഭുതങ്ങൾ നടക്കുെമന്ന് പ്രവചിച്ചാണ് താരത്തിെൻറ രംഗപ്രവേശം. നിലവിലെ സാഹചര്യത്തിൽ സ്വന്തംനിലക്ക് ഒരു സീറ്റ് പോലും നേടാനുള്ള കരുത്ത് ബി.ജെ.പിക്ക് ഇല്ല. പാർട്ടിയെ നയിക്കാൻ കെൽപുറ്റ നേതാവും സംസ്ഥാനത്തില്ല. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കിയെങ്കിലും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ജയലളിതയുടെയും കരുണാനിധിയുടെയും അഭാവത്തിൽ ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ രജനികാന്തിനെ തുറുപ്പുശീട്ടായി ഇറക്കി തമിഴകം പിടിക്കാനാണ് സംഘ്പരിവാർ നീക്കം. 'പഞ്ച്' ഡയലോഗുകളിലൂടെ തമിഴകരാഷ്ട്രീയത്തിൽ സാന്നിധ്യമറിയിച്ചിരുന്ന രജനി ഇപ്പോൾ നേരിട്ട് കളത്തിലിറങ്ങാനിരിക്കുകയാണ്.
1970കളുടെ തുടക്കത്തിൽ ഡി.എം.കെയെ പിളർത്തി അണ്ണാ ഡി.എം.കെ രൂപവത്കരിച്ച് രംഗത്തിറങ്ങിയ 'മക്കൾ തിലകം' എം.ജി.രാമചന്ദ്രൻ 1977ലെ നിയമസഭതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയതും 1980 കളുടെ തുടക്കത്തിൽ 'തെലുഗുദേശം' രൂപവത്കരിച്ച് എൻ.ടി. രാമറാവു ഒരു വർഷത്തിനകം കോൺഗ്രസിനെ തോൽപിച്ച് സർക്കാർ രൂപവത്കരിച്ചതുമാണ് രജനികാന്തിന് പ്രചോദനമാവുന്നത്. പ്രായം എഴുപതിലേക്ക് കടെന്നങ്കിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴക മണ്ണിൽനിന്ന് ദ്രാവിഡശക്തികളെ തുരത്താൻ തലൈവർക്ക് മാത്രമേ കഴിയൂ എന്നാണ് ആരാധകരുടെ വിശ്വാസം. എന്നാൽ, തെരഞ്ഞെടുപ്പിന് അഞ്ചുമാസം മാത്രം ബാക്കിനിൽെക്ക രാഷ്ട്രീയപാർട്ടിയായി രജിസ്റ്റർ ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നത് കടുത്ത വെല്ലുവിളിയാണ്. ആരാധകരുടെ കൂട്ടായ്മയെ ' രജനി മക്കൾ മൺറ'മാക്കി മാറ്റി 80 ശതമാനം ബൂത്ത് കമ്മിറ്റികൾ രൂപവത്കരിച്ചെങ്കിലും ജില്ല-സംസ്ഥാന കമ്മിറ്റികളായിട്ടില്ല. രണ്ട് കോഒാഡിനേറ്റർമാരെ മാത്രമാണിപ്പോൾ നേതൃതലത്തിൽ നിയോഗിച്ചത്.
രാഷ്ട്രീയപ്രവർത്തന പരിചയമില്ലാത്ത ആരാധകരെ പാർട്ടി കേഡർമാരാക്കി മാറ്റേണ്ടതുണ്ട്. 234 നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കാൻ ജനസ്വാധീനമുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ പോലും ഇപ്പോഴത്തെ നിലയിൽ പ്രയാസമാണ്. ആരോഗ്യപ്രശ്നങ്ങൾ കാരണം രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനത്തിൽനിന്ന് രജനി പിൻവാങ്ങുമെന്നാണ് ദ്രാവിഡ കക്ഷികളും മറ്റു രാഷ്ട്രീയകേന്ദ്രങ്ങളും കരുതിയിരുന്നത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കു വിധേയനായ രജനികാന്തിനോട് വിശ്രമത്തിൽ കഴിയാനാണ് ഡോക്ടർമാർ ആവശ്യപ്പെട്ടത്. എന്നാൽ, ഏവരിലും ആശ്ചര്യമുണർത്തിയാണ് സ്റ്റൈൽ മന്നെൻറ പാർട്ടി പ്രഖ്യാപനം ഉണ്ടായത്. ഇതിനുപിന്നിൽ ഉന്നത ആർ.എസ്.എസ്-സംഘ്പരിവാർ കേന്ദ്രങ്ങളുടെ സമ്മർദമുണ്ടെന്നാണ് പറയപ്പെടുന്നത്.
തമിഴ്നാട്ടിൽ രാഷ്ട്രീയത്തിലും ഭരണത്തിലും കാതലായ മാറ്റം വരുത്തുകയാണ് തെൻറ ലക്ഷ്യമെന്ന് രജനികാന്ത് പറയുന്നു. 'ആത്മീയ രാഷ്ട്രീയം' എന്ന സങ്കീർണ ഫോർമുലയുമായാണ് രജനിയുടെ വരവ്. ജാതി-മത സൗഹാർദമാണ് ഉദ്ദേശിക്കുന്നതെന്ന് രജനി മൺറം ഭാരവാഹികൾ പറയുന്നുണ്ടെങ്കിലും ആത്മീയതയിൽനിന്ന് മതത്തെ വേർപ്പെടുത്താനാവില്ലെന്നാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്.
രജനികാന്തിെൻറ രംഗപ്രവേശനം തമിഴക മുന്നണി രാഷ്ട്രീയത്തിൽ ധ്രുവീകരണത്തിനും കാരണമാവും. ഭരണമാറ്റമെന്ന മുദ്രാവാക്യം അണ്ണാ ഡി.എം.കെയെയാണ് ഏറെ അലോസരപ്പെടുത്തുന്നത്. തങ്ങളെ കൈവിട്ട് രജനികാന്തിനെ കൂട്ടുപിടിച്ച് ബി.ജെ.പി മൂന്നാം മുന്നണിയായി മത്സരിച്ചേക്കുമോയെന്നാണ് അണ്ണാ ഡി.എം.കെയുടെ ആശങ്ക. രജനി കാന്തിെൻറ പാർട്ടി തനിച്ചു മത്സരിച്ചാലും അണ്ണാ ഡി.എം.കെയുടെ വോട്ടുബാങ്കിൽ ചോർച്ചയുണ്ടാവുമെന്നാണ് പൊതുവായ വിലയിരുത്തൽ.
ചെന്നൈയിൽ ഇൗയിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പെങ്കടുത്ത പരിപാടിയിൽ അണ്ണാ ഡി.എം.കെ നേതാക്കളായ ഒ. പന്നീർസെൽവവും എടപ്പാടി പളനിസാമിയും ബി.ജെ.പിയുമായി സഖ്യം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മറുപടി പ്രസംഗം നടത്തിയ അമിത് ഷാ സഖ്യത്തെക്കുറിച്ച് പരാമർശം നടത്താതിരുന്നത് ശ്രദ്ധിക്കപ്പെട്ടു. അണ്ണാ ഡി.എം.കെ സർക്കാറിന് കേന്ദ്ര സർക്കാറിെൻറ മുഴുവൻ പിന്തുണയും ഉണ്ടാവുമെന്ന് മാത്രമാണ് അമിത്ഷാ പ്രസ്താവിച്ചത്. ഇതിന് രണ്ടാഴ്ച മുമ്പ് ആർ.എസ്.എസ് സൈദ്ധാന്തികനും 'തുഗ്ലക്' തമിഴ് വാരികയുടെ പത്രാധിപരുമായ എസ്. ഗുരുമൂർത്തി രജനികാന്തിനെ സന്ദർശിച്ച് സുദീർഘമായ ചർച്ച നടത്തിയിരുന്നു. പിന്നീട് അമിത് ഷായെയും ഗുരുമൂർത്തി കണ്ടു. എം.ജി.ആറിനും ജയലളിതക്കും ശേഷം തമിഴകത്തിൽ 'കരിഷ്മ'യുള്ള നേതാവാണ് രജനികാന്തെന്നും ഡി.എം.കെയാണ് മുഖ്യശത്രുവെന്നും ഇതിനായി ബി.ജെ.പി-അണ്ണാ ഡി.എം.കെ കക്ഷികളോടൊപ്പം രജനികാന്തിെൻറ പാർട്ടി അണിനിരക്കണമെന്നുമാണ് ഗുരുമൂർത്തിയുടെ അഭിപ്രായം. ഡിജിറ്റൽ കാമ്പയിനിലൂടെ രജനികാന്തിന് ഇപ്പോഴത്തെ പ്രശ്നങ്ങൾ മറികടക്കാനാവുമെന്നും ഗുരുമൂർത്തി വിശ്വസിക്കുന്നു.
ബി.ജെ.പി-സംഘ്പരിവാർ കേന്ദ്രങ്ങളിൽ ബുദ്ധിജീവിയായി അറിയപ്പെട്ടിരുന്ന ആർ. അർജുനമൂർത്തിയെയും 'ഗാന്ധീയ മക്കൾ ഇയക്കം' സംഘടനയുടെ പ്രസിഡൻറും പ്രഭാഷകനുമായ തമിഴരുവി മണിയനെയും രജനികാന്ത് നേതൃപദവിയിൽ നിയമിച്ചതും ശ്രദ്ധേയമാണ്. ബി.ജെ.പി തമിഴ്നാട് ഘടകം 'അറിവുസാർ പിരിവ്' (ബൗദ്ധിക വിഭാഗം) പ്രസിഡൻറായിരുന്നു അർജുന മൂർത്തി. തമിഴ്നാട് ബി.ജെ.പി നേതൃത്വത്തിന് രാജിക്കത്ത് നൽകിയ ശേഷമാണ് രജനിയോടൊപ്പം ചേർന്നത്. ദ്രാവിഡകക്ഷികളെ നിരന്തരം വിമർശിക്കുന്ന ഇരുവരെയും സംഘടനയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചതോടെ രജനികാന്തിെൻറ 'ആത്മീയ രാഷ്ട്രീയനയം' വ്യക്തമാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
ഭാവിയിൽ അണ്ണാ ഡി.എം.കെയെ കൈവിട്ട് ബി.ജെ.പി രജനിയുടെ പാർട്ടിയുമായി സഖ്യത്തിലേർപ്പെടുമോയെന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. രജനികാന്തിെൻറ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത ബി.ജെ.പി നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യസാധ്യത തള്ളിക്കളയാനാവില്ലെന്ന് പറയുന്നു. ദലിത്- ന്യൂനപക്ഷ വോട്ടുകളാണ് ഡി.എം.കെ സഖ്യത്തിെൻറ പിൻബലം. ഇൗ നിലയിൽ ഭൂരിപക്ഷ ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ദലിത് സമൂഹത്തിൽ രജനിക്ക് പിന്തുണയുള്ളതും അനുകൂലഘടകമാണെന്ന് ഇവർ കരുതുന്നു.
ബി.ജെ.പി, അണ്ണാ ഡി.എം.കെ കക്ഷികളും രജനികാന്തിെൻറ പാർട്ടിയും ഒന്നിച്ചുനീങ്ങിയാൽ ഡി.എം.കെയുടെ നില പരുങ്ങലിലാവും. എന്നാൽ 'രജനി ഫാക്ടർ' തങ്ങളുടെ വിജയസാധ്യതക്ക് തടസ്സമാവില്ലെന്നാണ് ഡി.എം.കെ മുന്നണി നേതാക്കൾ അഭിപ്രായപ്പെട്ടത്. രജനികാന്തും കമൽഹാസനും ഒന്നിച്ചുനീങ്ങി ദ്രാവിഡ കക്ഷികൾക്ക് ബദലാവുകയെന്ന ആശയവും ഉയർന്നിട്ടുണ്ട്. എന്നാൽ, ആശയാദർശങ്ങളിലെ വൈരുധ്യം ഇതിന് തടസ്സമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.