Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇന്ത്യയുടെ...

ഇന്ത്യയുടെ ബഹുസ്വരതക്കായി ഐക്യപ്പെടാം

text_fields
bookmark_border
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി
cancel
camera_alt

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി

ഇന്ത്യയുടെ മതേതര വൈവിധ്യം തകർക്കാൻ വിഭാഗീയ പദ്ധതികൾ ആവിഷ്കരിക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് വിശ്വസിക്കുന്നവർ ഐക്യപ്പെടേണ്ട സമയമാണിത്. നമ്മുടെ ഏകത്വം വൈവിധ്യങ്ങള്‍ ഉൾക്കൊള്ളുന്നതിലാണെന്നു മനസ്സിലാക്കിയവർ ഇനിയും വിഘടിച്ചുനിന്നാൽ തകരുന്നത് ജനാധിപത്യത്തിലും ബഹുസ്വരതയിലും മതനിരപേക്ഷതയിലും കെട്ടിപ്പൊക്കിയ ഇന്ത്യയെന്ന മഹത്തായ ആശയമായിരിക്കുമെന്ന് തിരിച്ചറിയണം.

അയോധ്യയുടെ പേരിൽ രാജ്യത്ത് ഇനിയും രാഷ്​ട്രീയ മുതലെടുപ്പ് നടക്കരുത്. അയോധ്യയെ രാഷ്​ട്രീയ ആയുധമാക്കി മാറ്റുന്നതിന് തടയിടാൻ മതത്തെയും മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയുമെല്ലാം രാഷ്​ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി അതു തങ്ങളുടെ പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് പറയാൻ ആരെയും അനുവദിക്കരുത്. ഇന്ത്യയിൽ ഏതു രാഷ്​ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്കും ഇഷ്​ടമുള്ള മതം വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് രാഷ്​​ട്രീയ ലക്ഷ്യങ്ങൾക്ക് മതത്തെ അധിനിവേശപ്പെടുത്തുന്നവരെ തുറന്നുകാട്ടണം.

വസ്ത്രധാരണത്തിൽ, ഭക്ഷണശീലങ്ങളിൽ, മതവിശ്വാസങ്ങളിൽ -എല്ലാത്തിലും വൈവിധ്യമുള്ള രാജ്യമാണ് ഇന്ത്യ. ഹിന്ദുമതത്തിലെന്നപോലെ ഇസ്‌ലാം മതത്തിലും ക്രിസ്തുമതത്തിലുമെല്ലാം രാജ്യത്ത് വ്യത്യസ്ത ചിന്താധാരകളുണ്ട്. എല്ലാവരും ഒരുപോലെ ചിന്തിക്കണം, ഒരേ ഭക്ഷണം കഴിക്കണം എന്നു ശഠിക്കുന്നത് ജനാധിപത്യവിരുദ്ധമെന്നപോലെ ഫാഷിസവുമാണ്. ഇന്ത്യയുടെ പാരമ്പര്യവും കരുത്തും ബഹുസ്വരതയിലാണ്.

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത വിഷയത്തിൽ സുപ്രീംകോടതിയുടെ ഒത്തുതീർപ്പുവിധിയെ ആരും എതിർക്കാതിരുന്നതും ഇന്ത്യയിൽ ബഹുസ്വരതക്ക് ഒരു കോട്ടവും സംഭവിക്കരുതെന്ന​ു കരുതിയാണ്. ബാബരി മസ്ജിദ് പൊളിച്ചത് തെറ്റായിരുന്നുവെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നതിന് ചരിത്രപരമായ തെളിവില്ലെന്നും വിധിയിൽ വ്യക്തമാക്കിയ സുപ്രീംകോടതി ഹിന്ദുക്കൾക്ക് രാമക്ഷേത്രം ഉണ്ടാക്കാൻ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം അനുവദിക്കുകയും മുസ്​ലിംകൾക്ക് പള്ളി പണിയാൻ അയോധ്യയിൽതന്നെ അഞ്ചേക്കർ ഭൂമി അനുവദിക്കുകയുമായിരുന്നു.

ആഗസ്​റ്റ്​ അഞ്ചിന് അയോധ്യയിൽ രാമക്ഷേത്രത്തി​െൻറ നിർമാണവുമായി ബന്ധപ്പെട്ട് ഭൂമിപൂജ നടന്നപ്പോൾ എല്ലാ മാനുഷിക മൂല്യങ്ങളുടെയും പ്രതീകമായ ശ്രീരാമന്​ ഹിന്ദുമത വിശ്വാസിയായ രാഹുൽ ഗാന്ധി നൽകിയ വിശേഷണത്തിൽ ഒരു തെറ്റും കാണാനാവില്ല. രാമനെന്നാൽ സ്നേഹമാണെന്നും അത് വെറുപ്പിലും ക്രൂരതയിലും പ്രകടമാവില്ലെന്നും രാമൻ നീതിയാണെന്നും വ്യക്തമാക്കിയതിലൂടെ സ്നേഹത്തി​െൻറയും കാരുണ്യത്തി​െൻറയും വക്താക്കൾക്കും നീതിബോധമുള്ളവർക്കും മാത്രമേ യഥാർഥ രാമഭക്തരെന്ന്​ അവകാശപ്പെടാനാവൂ എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഉത്തരേന്ത്യയുടെ ചുമതല വഹിക്കുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ ജനറൽ സെക്രട്ടറി പ്രിയങ്കയുടെയും പ്രസ്താവനയെ ഈ പശ്ചാത്തലത്തിൽതന്നെ വേണം കാണാൻ. രാമൻ നിലകൊള്ളുന്ന മൂല്യങ്ങൾക്കെതിരായി ഒരു ക്ഷേത്രം അയോധ്യയിൽ ഉയർന്നുവരാൻ പാടില്ലെന്നും അവിടെ ഉയർന്നുവരുന്ന രാമക്ഷേത്രം രാമഭക്തരായ എല്ലാ ഹിന്ദുക്കളെയും ഉൾക്കൊള്ളാൻ സാധിക്കുന്ന ആരാധനാലയമാവണമെന്നും രാഷ്​ട്രീയഭേദ​മന്യേ ഹിന്ദുമത വിശ്വാസികൾ ആഗ്രഹിക്കുന്നതിൽ ഒരു തെറ്റും പറയാനാവില്ല.

എന്നാൽ, അതിനു വിരുദ്ധമായി ഏതെങ്കിലും ഒരു പാർട്ടി രാമക്ഷേത്രത്തെ തങ്ങളുടെ രാഷ്​​ട്രീയ അജണ്ടക്ക് ഉപയോഗിക്കുകയാണെങ്കിൽ അതുപോലുള്ള അധിനിവേശത്തിനെതിരെ ഹിന്ദുമത വിശ്വാസികളിൽനിന്നുതന്നെ എതിർപ്പ് ഉയർന്നുവരണം. അയോധ്യയിൽ അടുത്തുതന്നെ മുസ്​ലിംകൾക്കുവേണ്ടി പള്ളിയുടെ പണി ആരംഭിക്കുമ്പോൾ രാഷ്​ട്രീയഭേദ​മന്യേ ഇസ്‌ലാം മത വിശ്വാസികൾക്ക്​ പ്രാർഥനയോടെ ആശംസകൾ അർപ്പിക്കാൻ മുന്നോട്ടുവരുന്നവരെയും വിമർശിക്കേണ്ടതില്ല.

ലക്ഷ്മണാചാര്യ എഴുതി പണ്ഡിറ്റ് വിഷ്ണു ദിഗംബർ പലുസ്കർ ഈണമിട്ട 'രഘുപതി രാഘവ് രാജാറാം പതീത പാവന് സീതാറാം...' എന്നുതുടങ്ങുന്ന രാമഭക്തിഗാനം മഹാത്മജിക്ക് ഏറെ പ്രിയപ്പെട്ട ഭജൻ ആയിരുന്നു. 1930 മാർച്ച് 12നു തുടങ്ങി ഏപ്രിൽ ആറുവരെ 24 ദിവസംകൊണ്ട് 241 മൈൽ നടന്നുനീങ്ങിയ ദണ്ഡിയാത്രയിൽ ജനങ്ങൾക്ക് ആവേശം പകരാനും അവരുടെ ക്ഷീണമകറ്റാനും ഗാന്ധിജി പാടിയതും ജനം ഏറ്റുപാടിയതും ഈ ഭജനായിരുന്നു.

അന്നും ഇന്നും ഗാന്ധിജിയിൽ മൃദുഹിന്ദുത്വം ആരോപിക്കാൻ ആർക്കുമാവില്ല. യഥാർഥ വരികൾക്ക് ചെറിയ മാറ്റം വരുത്തിയ ഗാന്ധിജി ആ ഭജനിൽ 'ഈശ്വർ അല്ലാഹ് തേരേ നാം, സബ് കോ സമ്മതി ദേ ഭഗവാൻ' എന്നു ത​േൻറതായ വരികൾ കൂട്ടിച്ചേർത്തപ്പോൾ ജനം ആദ്യം ഒന്നമ്പരന്നെങ്കിലും സന്തോഷത്തോടെ അതേറ്റുപാടി. ഒരു യഥാർഥ ഹിന്ദുമത വിശ്വാസിയായിരുന്ന ഗാന്ധിജിയും ഇസ്‌ലാമിക പണ്ഡിതനും വിശ്വാസിയുമായിരുന്ന മൗലാന അബുൽ കലാം ആസാദും ഉറച്ച മത വിശ്വാസിയായിരിക്കുക എന്നത് മറ്റു മത വിശ്വാസികളെ എതിർക്കുകയല്ല എന്ന് അവരുടെ ജീവിതംകൊണ്ട് തെളിയിച്ചവരായിരുന്നു. എന്നാൽ, ഇന്ത്യയിൽ ബാബരി മസ്ജിദ് തകർത്ത ശേഷം കഴിഞ്ഞ കുറച്ചു ദശകങ്ങളായി മതത്തെ രാഷ്​ട്രീയലക്ഷ്യങ്ങൾക്ക് വർഗീയമായി ഉപയോഗിക്കുന്ന പ്രവണത വർധിച്ചുവരുകയാണ്. ഇതിനെതിരെ മാനവ സാഹോദര്യത്തിൽ അധിഷ്ഠിതമായി വിഭിന്ന മതവിശ്വാസികളുടെയും വിശ്വാസികളല്ലാത്തവരുടെയും ഐക്യനിര ഉയർന്നുവരേണ്ടതുണ്ട്.

ലോകം ഒരു ആഗോള പകർച്ചവ്യാധിക്കെതിരെയുള്ള പോരാട്ടത്തിൽ പരസ്പരം ഐക്യപ്പെട്ട് മുന്നോട്ടുനീങ്ങേണ്ട സമയമാണിത്. ജാതി, മതം, സമൂഹം എന്നിവയുടെ തർക്കം മറികടന്ന് ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കണം. രാമ​െൻറ പേരിലോ, ബാബരി പള്ളിയുടെ പേരിലോ ഇനിയും ഒരു തർക്കം നമുക്കുവേണ്ട. അതി​െൻറ പേരിൽ രാഷ്​ട്രീയം കളിക്കുന്നവർക്കെതിരെ ഐക്യം സാധ്യമായില്ലെങ്കിൽ തകരുന്നത് ഇന്ത്യ എന്ന ആശയമായിരിക്കും.

രാമനാമജപവും തക്ബീർ ധ്വനിയും ഗുരുദ്വാരയിലെയും ക്രിസ്ത്യൻ പള്ളിയിലെയും മണിമുഴക്കവും താളലയം സൃഷ്​ടിക്കുന്ന ലോകത്തിലെ ഏക സ്ഥലമാണ് ഇന്ത്യ. മഹാകവി ഇഖ്​ബാൽ പാടിയ പോലെ മസ്‌ഹബ് നഹീ സിഖാതാ, ആപസ് മേ ഭൈർ രഖ്‌നാ/ഹിന്ദീ ഹേ ഹം വതൻ ഹേം, ഹിന്ദൂസിഥാൻ ഹമാരാ (മതം ന​െമ്മ പഠിപ്പിക്കുന്നത് പരസ്പര വൈരം പുലർത്താനല്ല. ഇന്ത്യക്കാർ നമ്മൾ ഒരേ ദേശക്കാരാണ്, ഹിന്ദുസ്ഥാൻ നമ്മുടെ സ്വന്തവും).

(ഓവർസീസ് കോൺഗ്രസി​െൻറ മിഡിൽ ഈസ്​റ്റ്​ കൺവീനറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressPriyanka GandhiRam MandirBJPRahul Gandhi
Next Story