ആഗസ്റ്റ് പതിനഞ്ചിനെ പൊളിക്കുന്ന അഞ്ച്
text_fieldsആഗസ്റ്റ് 15, ഓരോ ഇന്ത്യക്കാരനും സ്മരണകൾ ഇരമ്പുകയും പ്രതീക്ഷകൾ പ്രകാശംപരത്തുകയും നിറപ്പകിട്ടുള്ള സ്വപ്നങ്ങൾ നൃത്തംവെക്കുകയും ചെയ്യുന്ന ചരിത്രത്തിലെ സമാനതകളില്ലാത്ത മഹാസുദിനമാണ്. അതൊരിക്കലും ഇന്ത്യക്കാരന്, അലസമായി മറികടന്നുപോകാൻ കഴിയുന്ന കലണ്ടറിലെ വെറുമൊരു അക്കമല്ല. എന്നാൽ ഇന്ന്, ആ 1947ലെ ആഗസ്റ്റ് പതിനഞ്ചിനെ അപ്രസക്തമാക്കുംവിധം, 2020ലെ ആഗസ്റ്റ് അഞ്ച് മാറുന്നതാണ് നാം കാണുന്നത്. സംഘ്പരിവാർ ശക്തികൾ ബാബരി മസ്ജിദ് പൊളിച്ച ഡിസംബർ ആറ് ഓരോ ഇന്ത്യക്കാരനും ഇന്ത്യാചരിത്രത്തിൽ ദേശീയ അപമാനം എന്ന നിലയിലാണ് നിസ്സംശയം അന്ന് അടയാളപ്പെടുത്തപ്പെട്ടത്. പൊളിപ്പൻപണിക്ക് നേതൃത്വം കൊടുത്ത അദ്വാനിപോലും, ഇരുൈകകളും കൂപ്പി രാഷ്ട്രത്തോട് ആദ്യം മാപ്പുചോദിച്ചു. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു പള്ളി തൽസ്ഥാനത്ത് പുനർനിർമിക്കുമെന്ന് രാഷ്ട്രത്തിന് ഉറപ്പുനൽകി.
എന്നാൽ, ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്രനിർമാണത്തിന് ആരംഭം കുറിച്ചപ്പോൾ, ആ ആഘോഷത്തിൽ ഒലിച്ചുപോയത്, അദ്വാനിയുടെ ആ മാപ്പും നരസിംഹറാവുവിെൻറ ഉറപ്പും പള്ളി പൊളിച്ചതിനെക്കുറിച്ചുള്ള പരമോന്നത കോടതിയുടെ ദേശീയ അപമാനം എന്ന പരാമർശവും ഒരു നിലവിളിയോടെ ഒന്നിച്ചായിരുന്നു. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചിട്ടും നടക്കാതെപോയ ഇന്ത്യൻ സമൂഹത്തെ നെടുകെ പിളർത്താനുള്ള ശ്രമമാണ് പള്ളി പൊളിക്കലിലൂടെ സംഘ്പരിവാർ ശക്തികൾ ആർഭാടപൂർവം തൊണ്ണൂറ്റിരണ്ടിൽ നടപ്പാക്കിയത്. മതനിരപേക്ഷതയുടെ സ്മാരകമായി നിലകൊണ്ട ബാബരി പള്ളിക്ക് ബ്രിട്ടീഷ്കാലത്ത് കാവലായത് അയോധ്യയുടെ അഭിമാനമായിരുന്ന ബാബ രാമചന്ദ്രദാസിെൻറയും അമീർ അലിയുടെയും രക്തസാക്ഷിത്വമാണ്. അവർ സ്വന്തം ജീവരക്തംകൊണ്ട് ഉറപ്പിച്ച അേയാധ്യയിലെ ജനങ്ങളുടെ ഉരുക്കുപോലുള്ള ആ ഐക്യം പൊളിക്കുന്നതിൽ ബ്രിട്ടീഷുകാർ തോറ്റിടത്ത് സംഘ്പരിവാർ ശക്തികൾ വിജയിച്ചിരിക്കുന്നു. 1949 ഡിസംബർ 22ന് ബാബരി മസ്ജിദിനകത്ത് അതിക്രമിച്ചുകടന്ന് രാമവിഗ്രഹം പ്രതിഷ്ഠിച്ചതും, ഇന്ത്യൻ ജീവിതത്തെ ഏറെ അരക്ഷിതമാക്കിയ അദ്വാനിയുടെ 1990ലെ രക്തയാത്രയായി വിമർശിക്കപ്പെട്ട രഥയാത്രയും, '92 ഡിസംബറിലെ പള്ളിപൊളിക്കലും മാറ്റിവെച്ച്, ആത്മബോധമുള്ള ഒരു മനുഷ്യനും ആഗസ്റ്റ് അഞ്ച് ആഘോഷിക്കാനാവില്ല.
ആഗസ്റ്റ് അഞ്ചിനെ സംഘ്പരിവാർ അടയാളപ്പെടുത്തിയിരിക്കുന്നത്, രാമക്ഷേത്രത്തിന് ശിലാന്യാസം നിർവഹിച്ച ദിവസമായിട്ടല്ല, മറിച്ച് രാമരാജ്യത്തിന് ശിലാന്യാസം നിർവഹിക്കപ്പെട്ട, ആ അർഥത്തിൽ ഇന്ത്യ ശരിക്കും സ്വതന്ത്രമായ ഒരു ദേശീയ സുദിനമായിട്ടാണ്! നിരാശയിലാഴ്ന്ന കോവിഡ്കാലത്തെ ലോകത്തിലുള്ള മുഴുവൻ മനുഷ്യർക്കും പ്രത്യാശപകർന്ന ഒന്നായാണവർ, പ്രധാനമന്ത്രി നേതൃത്വംകൊടുത്ത ഭൂമിപൂജയെ ഹർഷോന്മാദത്തോടെ കൊണ്ടാടുന്നത്. മുമ്പ് തർക്കമന്ദിരം എന്നെങ്കിലും വിളിച്ചിരുന്ന ബാബരി മസ്ജിദ് ഇന്നവർക്ക് അയോധ്യയിലെ വെറുമൊരു നിർമിതി മാത്രമാണ്. നുണകൾ കെട്ടിപ്പൊക്കി മാത്രമല്ല, ഖരാകൃതി പൂണ്ട ബാബരി മസ്ജിദ് എന്ന മഹാസത്യം പൊളിച്ചും ചരിത്രം തിരുത്താൻ കഴിയുമെന്നാണവർ തെളിയിച്ചുകൊണ്ടിരിക്കുന്നത്. സ്വതന്ത്രഭാരതം ഇതുവരെയും ഒരപമാനഭാരതമായിരുന്നു എന്നു തോന്നുംവിധം, ആഗസ്റ്റ് ആറിന് സംഘ്പരിവാർ മുഖപത്രം എഴുതിയത്, സ്വതന്ത്രഭാരതം ഇതാ സ്വാഭിമാനഭാരതമായി തീർന്നിരിക്കുന്നു എന്നാണ്!
തൊണ്ണൂറ്റിരണ്ടിലെ പള്ളിപൊളിച്ച ക്രിമിനലുകൾ, സ്വാതന്ത്ര്യസമരസേനാനികൾക്കു തുല്യരായിത്തീരുന്ന ഈയൊരു വിചിത്രരൂപപരിണാമത്തെ വിശദീകരിക്കാൻ നിലവിലുള്ള ലിബറൽരാഷ്ട്രീയ വിശകലനരീതികൾക്കു വല്ലാതെ വിയർക്കേണ്ടി വരും. സംഘ്പരിവാർ ആശയങ്ങളുടെ വിജയകാലം എന്ന് ആർ.എസ്.എസിെൻറ പരമോന്നത നേതാവ് ഡോ. മോഹൻ ഭാഗവത് നമ്മുടെ സമകാലാവസ്ഥയെക്കുറിച്ച് മുമ്പ് പറഞ്ഞതിെൻറ പ്രയോഗങ്ങളാണ് ഇപ്പോൾ ഒന്നിനു പിറകെ മറ്റൊന്നായി പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. ഇടതുപക്ഷമൊഴിച്ചുള്ള ലിബറൽ സെക്കുലർ കക്ഷികളെല്ലാം വല്ലാതെ ഇളകുന്നതും സംഘ്പരിവാറിനെ നിർലജ്ജം അനുകരിക്കാൻ ശ്രമിക്കുന്നതും ഇതിനു മുമ്പൊന്നും ഇത്രമേൽ നഗ്നമായി കാണാൻ കഴിഞ്ഞിട്ടില്ല. മതനിരപേക്ഷതക്ക് കണ്ണിലെ കൃഷ്ണമണിപോലെ കാവൽ നിൽക്കേണ്ടൊരു സമയത്ത്, രാമസ്തുതിയിൽ പരസ്പരം മത്സരിക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ല.
സത്യത്തിൽ ശ്രീരാമനോ ശ്രീരാമഭക്തിയോ ആയിരുന്നു യഥാർഥ പ്രശ്നമെങ്കിൽ അത്തരം ഇടപെടലുകൾ പ്രസക്തമാകുമായിരുന്നു. എന്നാൽ, ഇന്ത്യയിൽ സംഭവിച്ചിരിക്കുന്നത് ശ്രീരാമനെ സംഘ്പരിവാർ ഒരു രാഷ്ട്രീയായുധമായി മാറ്റിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാർഥ്യമാണ്. ഗോദ്സെയുടെ രാമനെതിരെ ഗാന്ധിജിയുടെ രാമൻ പ്രസക്തമാവുമ്പോഴും, ആഗസ്റ്റ് അഞ്ചിനുശേഷം അതിന് എത്രമാത്രം പ്രതിരോധവീര്യം ഉൽപാദിപ്പിക്കാൻ കഴിയുമെന്നത് ഒരു അടിയന്തര പുനർവിശകലനം ആവശ്യപ്പെടുന്നുണ്ട്. ഗാന്ധിജിയുടെ രാമനൊപ്പം രാമകാര്യത്തിൽ ഇപ്പോൾ കൂടുതൽ പ്രസക്തം ജ്യോതിബാ ഫൂലെയും അംബേദ്കറും ഇ.വി.ആറും ശ്രീനാരായണഗുരുവും നിർവഹിച്ച രാമവിമർശനങ്ങളാണ്.
മതേതരത്വം വലിയൊരു നുണയാണെന്നും ഹിന്ദുത്വ ഭീകരതക്കെതിരെ സംസാരിക്കുന്നവർ ദേശവിരുദ്ധരാണെന്നും പ്രഖ്യാപിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും 2019 മേയിലെ തെരഞ്ഞെടുപ്പുവിജയ പ്രസംഗത്തിൽ, ഇനി ഒരു പാർട്ടിക്കാരനും മതേതരത്വം എന്ന വാക്ക് ഉപയോഗിക്കാൻ ധൈര്യപ്പെടില്ലെന്ന് ധീരമായി പ്രഖ്യാപിച്ച മോദിയും നാഥുറാം വിനായക് ഗോദ്സെ എന്ന കൊലയാളിയെ പ്രത്യക്ഷമായും പരോക്ഷമായും പ്രശംസിച്ചുകൊണ്ടിരിക്കുന്ന, പേര് പരാമർശിക്കാൻപോലും അർഹതയില്ലാത്തവരും സ്വയം മത്സരിച്ച് സൃഷ്ടിക്കുന്നത് അന്ധതയുടെ ലോകമാണ്.
അയോധ്യയിലെ നിർമിതി തകർത്തപ്പോൾ പള്ളി പൊളിച്ചെന്ന തെറ്റായ വാർത്ത പ്രചരിപ്പിച്ചവർ അതിെൻറ വില നൽകിക്കൊണ്ടിരിക്കുന്നു. അത് ആവർത്തിക്കുകതന്നെ ചെയ്യും എന്നാണ് 'സ്വാഭിമാനം തുടികൊട്ടിയ ധന്യമുഹൂർത്തം' എന്ന മുഖപ്രസംഗത്തിൽ ജന്മഭൂമി പറയുന്നത്!
ശ്രീരാമദേവൻ ശ്രീരാമഭക്തരുടെ ആരാധനാമൂർത്തിയായ പ്രിയ സാന്നിധ്യമാണ്. അപ്പോൾപോലും അത്, രാമഭക്തരല്ലാത്തവരുടെ ആരാധനാമൂർത്തിയല്ല. അത്രപോലുമൊരു ദേശീയ പ്രതീകമല്ല. രാമഭക്തിയും രാമേതരഭക്തിയും രാമവിമർശനവും എല്ലാം ഉൾച്ചേർന്നതാണ് ഇന്ത്യയുടെ ആശയലോകം. അതിനെയാകെ അടിച്ചുപരത്തി ഒരൊറ്റ രാമബിംബത്തിലൊതുക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. അങ്ങനെതന്നെ അങ്ങനെതന്നെ എന്ന നിലപാടാണ്, സംഘ്പരിവാർ വിമർശകരായ ലിബറൽ സെക്കുലറിസ്റ്റുകളിൽ ചിലരും നിർവഹിക്കുന്നത്. എന്നാൽ, കേരളത്തിെൻറ കീഴാള-ജനകീയ പശ്ചാത്തലത്തിൽ മാത്രം ആലോചിച്ചാൽ ചുരുങ്ങിയത്, വ്യത്യസ്തതരത്തിലുള്ള പ്രധാനപ്പെട്ട, ശ്രദ്ധേയമായ ആറു രാമായണസംബന്ധമായ വിമർശനങ്ങളെങ്കിലും കേവല രാമസ്തുതിക്കെതിരെ ഉയർന്നുവന്നിരുന്നുവെന്നത് വിസ്മരിക്കരുത്.
വാല്മീകി രാമായണം വിവർത്തനം ചെയ്തതാണ് ശൂദ്രനായ വള്ളത്തോളിന് ബാധിര്യം പിടിപെടാൻ കാരണമെന്ന്, കൊച്ചുണ്ണിതമ്പുരാൻ പറഞ്ഞപ്പോൾ; എന്നാൽ, ഞാൻ സാക്ഷാൽ ഋഗ്വേദം തന്നെ വിവർത്തനം ചെയ്യാൻ പോവുകയാണ്, എെൻറ കണ്ണും പൊയ്ക്കോട്ടെ എന്ന് വള്ളത്തോൾ പ്രതികരിച്ചതാണ് ഒന്നാമത്തെ സന്ദർഭം. രണ്ടാമത്തേത്, കേരളീയ നവോത്ഥാനത്തിെൻറ സൂര്യസാന്നിധ്യമായ ശ്രീനാരായണഗുരുവിേൻറതാണ്. നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്. ആ ശ്രീരാമനും മറ്റുമായിരുന്നു ഇപ്പോൾ ഈ രാജ്യം ഭരിച്ചിരുന്നതെങ്കിൽ, ആ ശംബൂകെൻറ ഗതിയല്ലേ നമുക്കുണ്ടാവുമായിരുന്നത് എന്ന ഗുരുവിെൻറ പരിഹാസമാണ്. മൂന്നാമത്തേത്, ഗുരുവിെൻറ ചുവട് പിന്തുടർന്ന് ഇതേ ആശയം കാവ്യാത്മകമായി കുമാരനാശാൻ 'ചിന്താവിഷ്ടയായ സീത'യിൽ അവതരിപ്പിച്ചതാണ്. ...'നിരുപിക്കിൽ മയക്കി ഭൂപനെ/തരുണീപാദജഗർഹിണീ സ്മൃതി' എന്നൊരൊറ്റ ഈരടി മാത്രം മതി തെളിവിന്.
നാലാമത്തേത്, എസ്.എൻ.ഡി.പിയുടെ കോട്ടയം സമ്മേളനം ഉദ്ഘാടനം ചെയ്ത് മദൻമോഹൻ മാളവ്യ ഈഴവർ രാമനാമം ജപിക്കണമെന്ന് പറഞ്ഞപ്പോൾ, ശംബൂകനെ കൊന്ന രാമനോ എന്ന ചോദ്യമുയർത്തി പ്രബുദ്ധ സദസ്സ് മാളവ്യാജിയെ നിശ്ശബ്ദമാക്കിയതാണ്. പിന്നത്തേത്, ഹിന്ദുമതനവീകരണ പ്രസ്ഥാനമായ ആര്യസമാജിൽനിന്ന് ആവേശംകൊണ്ട്, രാമായണം ചുട്ടുകരിക്കണമെന്ന കേശവദേവിെൻറ പ്രകോപനപ്രസ്താവനയാണ്. ഒടുവിലത്തേത്, 1961ൽ കേരള നിയമസഭയിൽ പി.ടി. ചാക്കോ അവതരിപ്പിച്ച നാടകാവതരണ ബില്ലിെൻറ ചർച്ചയിൽ ശ്രീരാമനെക്കുറിച്ച് നടന്ന ഭിന്ന കാഴ്ചപ്പാടുകൾ ഏറ്റുമുട്ടിയ ചർച്ചയാണ്. ഇതൊന്നും പരിഗണിക്കാതെ ഭാരത സംസ്കാരമെന്നത് വെറും രാമപ്രകീർത്തനം മാത്രമാണെന്നു പറയുന്നത് 2020 ആഗസ്റ്റ് അഞ്ചിനു മുമ്പായിരുന്നെങ്കിൽ, ഒരേതരം ജാതിമേൽക്കോയ്മ ആശയത്തിെൻറ നിഷ്കളങ്ക ആവർത്തനം എന്നു കരുതി ആശ്വസിക്കാമായിരുന്നു! എന്നാലിനിയും അങ്ങനെ മാത്രം ആവർത്തിച്ചുകൊണ്ടിരിക്കുന്നത് ഒരുവിധേനയും നമ്മെ ഒരൽപംപോലും മുന്നോട്ടേക്ക് നയിക്കുകയില്ല. രാമായണമടക്കമുള്ള സാഹിത്യത്തെ ദ്വിജസാഹിത്യമായി അടയാളപ്പെടുത്തിയ അംബേദ്കറും അതിനെത്രയോ മുമ്പേതന്നെ രാമരാജ്യത്തിനു പകരമായി ധർമരാഷ്ട്രം മുന്നോട്ടുവെച്ച മഹാത്മ ബുദ്ധനും തുടർന്ന് ബാലിരാജ്യം മുന്നോട്ടുവെച്ച ജ്യോതിബാ ഫൂെലയും രാവണരാഷ്ട്രം വികസിപ്പിക്കാൻ ശ്രമിച്ച ഇ.വി.ആറും പ്രിയരാഷ്ട്ര സങ്കൽപം ആവിഷ്കരിച്ച ഗുരുവും അതിെൻറയൊക്കെ ആധുനിക തുടർച്ചയായ സെക്കുലർരാഷ്ട്ര സങ്കൽപവുമാണ്, ഇന്നനിവാര്യമായും കൂടുതൽ സംവാദങ്ങൾ ആവശ്യപ്പെടുന്നത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.