അപൂർവങ്ങളിൽ അപൂർവമായ പെരുന്നാൾ വിരുന്ന്
text_fieldsവീടിന്റെ ചട്ടക്കൂടിൽനിന്ന് ആദ്യമായി പുറത്തുതാമസിക്കുന്നത് കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിഷൻ ലഭിച്ചപ്പോഴാണ്. പിതാവിനോടൊപ്പം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലിറങ്ങി ആദ്യം കണ്ട യുവാവിനോട് കോളജിലേക്കുള്ള വഴി അന്വേഷിച്ചു. പുഞ്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു. ഞാനും അങ്ങോട്ടുതന്നെയാണ്, ഒരുമിച്ചുപോകാം. പേര് അഹമ്മദ് എന്നാണെന്നും മെഡിസിന് അഡ്മിഷനെടുക്കാൻ വന്നതാണെന്നും പറഞ്ഞു. അതായത് ഞങ്ങൾ രണ്ടുപേരുടെയും ലക്ഷ്യം ഒന്നുതന്നെ. സർട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞശേഷം ഹോസ്റ്റലിൽ ചേരാൻ നടന്നു.
പ്രവേശന കവാടത്തിൽ നിന്നിരുന്ന കുട്ടികൾ, പുറമെനിന്നുള്ളവർക്ക് മുറികളിലേക്ക് പ്രവേശനമില്ലെന്നുപറഞ്ഞ് പിതാവിനെ മടക്കിവിട്ടു. എനിക്കും അഹമ്മദിനും ഒരുമുറി തന്നെയാണ് ലഭിച്ചത്. വലിയ സമാധാനമായി. ആ സമാധാനത്തിൽ നിൽക്കുന്നതിനിടെ ‘പൊന്നീച്ച പറക്കുംപോലെ’ ഞങ്ങൾ രണ്ടു പേർക്കും പൊടുന്നനെ കവിളിൽ ചുട്ടുപൊള്ളുന്ന ഓരോ അടി ലഭിച്ചു. ഞെട്ടി, എനിക്ക് നേരിയ തലകറക്കം അനുഭവപ്പെട്ടു. ‘‘ഇതൊരു സാമ്പിൾ മാത്രം’’-ഒരു സീനിയർ ഗർജിച്ചു. മനുഷ്യത്വത്തിന് അപരിഷ്കൃതമായ ‘റാഗിങ്’ എന്ന ക്രൂരവിനോദത്തിന്റെ ഭാഗമായിരുന്നു അത്. ഞങ്ങൾ ആകെ ഭയപ്പെട്ടു. പകൽ ക്ലാസ് ടൈം കഴിഞ്ഞാൽ വിവരിക്കാൻ കൊള്ളാത്ത ഭാഷയും പ്രവൃത്തിയും... റാഗിങ്ങിന്റെ തിക്താനുഭവങ്ങൾ ഒരു മാസത്തിലേറെ നീണ്ടുനിന്നു. പിടിച്ചുനിൽക്കാൻ കഴിയാത്ത രണ്ട് ദുർബലമനസ്സുകൾ പഠിപ്പ് വേണ്ടെന്നുവെച്ച് തിരിച്ചുപോയി. ഒരാൾ മനസ്സിന്റെ സമനിലതെറ്റി ആത്മഹത്യ ചെയ്തു. റാഗിങ് ദുരന്തത്തിന്റെ വിവരങ്ങൾ തൽക്കാലം നിർത്തുന്നു. ഇത്തരം പരീക്ഷണങ്ങൾക്കും ദുരനുഭവങ്ങൾക്കും ജീവിതത്തിൽ ആദ്യമായി സാക്ഷ്യം വഹിക്കുന്ന ഞാനും അഹമ്മദും പരസ്പരം ആശ്വസിപ്പിച്ചും സ്നേഹിച്ചും ജീവിച്ചു. ആ സ്നേഹം 47 വർഷത്തിനുശേഷവും ദൃഢമായി തുടരുന്നു.
അടുത്ത ഏപ്രിൽ-മേയ് മാസമായപ്പോഴേക്കും റമദാൻ വന്നെത്തി. നോമ്പനുഷ്ഠിക്കുന്ന ചില മുസ്ലിം സഹോദരങ്ങൾ നോമ്പുതുറക്ക് കൂട്ടുകാരെ ക്ഷണിക്കുമായിരുന്നു. ഏറെ സ്നേഹത്തോടെയാണ് സംഘാടകരായ സഹപാഠികൾ ഞങ്ങളെ സൽക്കരിച്ചിരുന്നത്! ആദ്യം തരിപ്പായസം, കാരക്ക, ഈത്തപ്പഴം, ഉണങ്ങിയ അത്തിപ്പഴം; അതിനുശേഷം ബിരിയാണി. മതസൗഹാർദത്തിന്റെ ആദ്യപാഠങ്ങൾ ഞാൻ പഠിക്കുന്നത് ഇഫ്താർ വിരുന്നിൽ നിന്നായിരുന്നു. റാഗിങ്ങിന്റെ കയ്പ് മനസ്സിൽനിന്ന് മായ്ക്കുന്നതിൽ ഈ സ്നേഹകൂട്ടായ്മകൾ വഹിച്ച പങ്ക് ഏറെ വലുതാണ്.
രണ്ട് പെരുന്നാളുകൾക്കും രണ്ടുദിവസം അവധി ലഭിക്കും. മുസ്ലിം സഹോദരങ്ങൾ വീട്ടിൽപ്പോകും. കുറെപ്പേർ റെക്കോഡ് വർക്ക് പൂർത്തിയാക്കാനും മറ്റും ഹോസ്റ്റലിൽ തങ്ങും. ആദ്യവർഷം അഹമ്മദ് പെരുന്നാളിന് എന്നെയും കൂട്ടിയാണ് എടരിക്കോടുള്ള വീട്ടിൽപ്പോയത്. അവന്റെ ഉമ്മയുടെ സ്നേഹവാത്സല്യത്തോടെയുള്ള വിരുന്ന്... കറുവപ്പട്ട, പെരിഞ്ചീരകം, വെള്ളുള്ളി എന്നിവ അരച്ചുചേർത്ത കോഴിക്കറി, പത്തിരി... നാവിൽ വെള്ളമൂറുന്നു. ഇങ്ങനെ അഞ്ചുവർഷത്തിനിടയിൽ 11 പ്രാവശ്യം പെരുന്നാൾ ആഘോഷിക്കാൻ എനിക്ക് മഹാഭാഗ്യം ലഭിച്ചു. ആ ഉമ്മ ഇന്ന് സ്വർഗലോകത്ത് പെരുന്നാളാഘോഷിക്കുന്നുണ്ടാവും.
മെഡിക്കൽ കോളജിൽനിന്ന് ബിരുദമെടുത്ത് നാലാം ദിവസം ദൈവം എന്നെ സ്നേഹപൂർവം വിളിച്ച വഴിയിലേക്ക്, സന്ന്യാസ ജീവിതത്തിലേക്ക് ഞാൻ വഴിമാറി. അഹമ്മദ് ശക്തിയുക്തം എതിർത്തു. പക്ഷേ, ദൈവകരങ്ങളിൽനിന്ന് എന്നെ വേർപ്പെടുത്താനാവാത്തവിധം സന്ന്യാസജീവിതം ഞാൻ തിരഞ്ഞെടുത്തു; തികച്ചും വേറിട്ട വഴി. ആദ്യത്തെ മൂന്നുവർഷങ്ങൾ തീവ്രപരിശീലനം, ധ്യാനങ്ങൾ, ശാരീരിക അധ്വാനം, പ്രാർഥനകൾ. ഞാൻ ആസ്വദിക്കുകയായിരുന്നു ഓരോ നിമിഷവും. ഇതിൽ ഏറ്റവും കർശനമായത് ഒരുമാസം നീണ്ടുനിൽക്കുന്ന നിശ്ശബ്ദധ്യാനമാണ്. സംസാരമില്ല, കത്തുകളില്ല, പത്ര-ടെലിവിഷൻ തുടങ്ങിയ ഒരു സമ്പർക്ക മാധ്യമങ്ങളില്ല, ലഘുഭക്ഷണം, കഠിനമായ അധ്വാനം, സുദീർഘമായ ധ്യാനം, ബൈബിൾ വായന എന്നിവയുമായി ജെസ്യൂട്ട് സഭാസ്ഥാപകനായ ഇഗ്നേഷ്യസ് ലൊയോള സംവിധാനം ചെയ്ത ‘ആധ്യാത്മിക അഭ്യാസം’ (SPIRITUAL EXCERCISES) എന്ന ധ്യാനക്രമം. ആന്തരികത വർധിപ്പിക്കാനുള്ള ദിവ്യ ഔഷധമാണിത്. ഒരു മാസം സത്യസന്ധമായി പിന്തുടരുന്ന സാധകത്തിന് ജീവിതത്തിലെ ആത്മസംഘർഷങ്ങൾ പരിഹരിക്കാനുള്ള കരുത്താർജിക്കാൻ കഴിയും. ഇക്കാലത്ത് സന്ദർശകരെ കർശനമായും വിലക്കിയിട്ടുണ്ടാകും.
ചുരുക്കത്തിൽ നാം വേറൊരു ലോകത്തെത്തിയതുപോലെ അനുഭവപ്പെടും. മാതാപിതാക്കളൊഴിച്ച് മറ്റൊരാളുടെ മരണത്തിനുപോലും പോകാനാവില്ല. ഞാൻ ഈ ധ്യാനാനുഭവങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതമായി ധ്യാനം നയിക്കുന്ന ഗുരു എന്നെ മുറിയിലേക്ക് വിളിപ്പിച്ചു. രണ്ട് സന്ദർശകരുണ്ട്. അര മണിക്കൂർ സമയം സന്ദർശകമുറിയിൽ അവരെ കാണാം. വൈകാരികതലത്തിലേക്ക് പോകരുത്.
സന്ദർശകർ ധ്യാനഗുരുവിനെ കണ്ടിരുന്നു, കാര്യങ്ങൾ മനസ്സിലാക്കി, വിലയിരുത്തിയ ശേഷമാണ് അനുവാദം ലഭിച്ചത്. പെരുന്നാളിന് എന്നെ കാണാതായപ്പോൾ ഡോ. അഹമ്മദിന്, അതുവരെ ഉമ്മയിൽനിന്ന് മറച്ചുവെച്ചിരുന്ന എന്റെ സന്ന്യാസപ്രവേശന വിവരം തുറന്നുപറയേണ്ടിവന്നു. തികച്ചും വൈകാരികമായ നിമിഷങ്ങൾ. മകനെപ്പോലെ എന്നെ സ്നേഹിച്ച ഉമ്മയുടെ സ്നേഹത്തിന് തീ പിടിച്ചു. ഉമ്മമാർക്ക് പരിഹാരം കണ്ടെത്താനാവാത്ത വിഷമങ്ങളുണ്ടോ. അവരും അഹമ്മദിന്റെ ഭാര്യയും ചേർന്ന് ഒരു മാർഗം കണ്ടുപിടിച്ചു. ഭക്ഷണപദാർഥങ്ങളുമായി ആശ്രമത്തിലെത്തി, നേരിട്ടുകാണാൻ സാധിച്ചില്ലെങ്കിൽത്തന്നെ, കൊടുത്തേൽപിച്ചെങ്കിലും വരുക. അവർ ഉടനെ മലപ്പുറത്തുനിന്ന് കോഴിക്കോട്ടെ ആശ്രമത്തിലെത്തി.
കാര്യങ്ങൾ കേട്ടപ്പോൾ മനസ്സലിഞ്ഞ ധ്യാനഗുരു അപൂർവങ്ങളിൽ അപൂർവമായ ആ സന്ദർശനത്തിന് സമയമനുവദിച്ചു. സന്ദർശനമുറിയുടെ ഇഷ്ടിക പാകിയ നിലം ഞങ്ങളുടെ കണ്ണീർ ഒപ്പിയെടുത്തു. നാം ജീവിക്കുന്ന നാടും ഭൂമിയും ഒട്ടും മോശപ്പെട്ടതല്ലെന്ന് പിന്നെയും പിന്നെയും ഓർമപ്പെടുത്തുന്ന ആ അനുഭവം ജീവിതാവസാനം വരെ മനസ്സിൽ മായാതെ കിടക്കും. എല്ലാ അഹമ്മദ്മാർക്കും ഉമ്മമാർക്കും ഈദ് മുബാറക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.