അനുഗ്രഹങ്ങളുടെ വസന്തത്തിന് സ്വാഗതം
text_fieldsവിശ്വാസികളോടു പൊതുവിലും മസ്ജിദ് ഭാരവാഹി കളോട് പ്രത്യേകിച്ചും ഒരു കാര്യം അഭ്യർഥിക്കുന്നു: നോമ്പും തറാവീഹ് നമസ്കാരവും ഖുർആൻ പാരായണവും ദിക്റുകളുമൊക്കെ വ്യക്തിപരമായ സ്വകാര്യങ്ങളാണ്. അതു ബഹളമയമാകാതിരി ക്കാനും മറ്റുള്ളവർക്ക് പ്രയാസകരമാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. മസ്ജിദുകളിലും മറ്റും നോമ്പ്തു റക്കാനും അത്താഴത്തിനും ഭക്ഷണം നൽകുന്നത് വളരെ നല്ല കാര്യം. പക്ഷേ, അതു മൂലമുണ്ടാകുന്ന മാലിന്യങ്ങൾ സംസ്കരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. മുഴുവൻ സഹോദരീ സഹോദരന്മാരെയും ജാതിമത വ്യത്യാസമില്ലാതെ ആഹാരത്തിലേക്ക് ക്ഷണിക്കണം
അളവറ്റ ദയാലുവും മഹാകാരുണികനുമായ പടച്ചവന്റെ അനുഗ്രഹത്താൽ വീണ്ടുമൊരു റമദാൻ മാസം ആഗതമായിരിക്കുന്നു. സുകൃതങ്ങൾ അധികരിപ്പിക്കുന്നതിനൊപ്പംപോയ കാലത്തെ വീഴ്ചകൾക്ക് പരിഹാരവും വരും കാലത്തേക്കുള്ള പാഥേയമൊരുക്കവും നടത്താനുള്ള അമൂല്യസമയമാണിത്. ഈ മാസത്തിലെ പ്രധാന കർമം നോമ്പുതന്നെ. ഇത് എല്ലാ പ്രവാചകന്മാരിലൂടെയും ഉദ്ബോധനം ചെയ്യപ്പെട്ടതാണ്. ഖുർആൻ പറയുന്നു: ‘‘സത്യവിശ്വാസികളേ, നിങ്ങളുടെ മേൽ നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് മുമ്പുള്ളവരുടെ മേൽ അത് നിർബന്ധമാക്കപ്പെട്ടതുപോലെ. നിങ്ങളിൽ ഭയഭക്തി ഉണ്ടായിത്തീരാൻ വേണ്ടി’’ (അൽ ബഖറ 180).
അന്ത്യപ്രവാചകൻ മുഹമ്മദ് നബി പറഞ്ഞു: ‘‘ജനങ്ങളേ, വലിയ മഹത്ത്വങ്ങളും ഐശ്വര്യങ്ങളും നിറഞ്ഞ ഒരു മാസം നിങ്ങളുടെ മേൽ തണൽ വിരിച്ചിരിക്കുന്നു. അതിലെ ഒരു രാത്രിയായ ലൈലത്തുൽ ഖദ്ർ ആയിരം മാസത്തേക്കാൾ മഹത്ത്വമേറിയതാണ്. അതിലെ നോമ്പ് നിങ്ങളുടെ പടച്ചവൻ നിർബന്ധമാക്കി. രാത്രി നമസ്കാരം വലിയ പുണ്യ കർമമാണ്. ഇത് ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വർഗമാണ്. ഇത് സാധുക്കളെ സഹായിക്കേണ്ട മാസമാണ്’’. മറ്റൊരിക്കൽ നബി അരുളി: ‘‘റമദാൻ മാസം സമാഗതമായാൽ സ്വർഗകവാടങ്ങൾ തുറക്കപ്പെടുന്നതും നരക കവാടങ്ങൾ അടയ്ക്കപ്പെടുന്നതും പിശാചുക്കൾ ചങ്ങലയിൽ തളക്കപ്പെടുന്നതുമാണ്’’. റമദാൻ മാസത്തിലെ ആദ്യ രാത്രിയിൽ പടച്ചവന്റെ ഭാഗത്തുനിന്ന് ഇപ്രകാരം വിളിച്ച് പറയപ്പെടും: ‘‘നന്മ തേടുന്നവനേ, മുന്നോട്ട് നീങ്ങുക. തിന്മ ആഗ്രഹിക്കുന്നവനേ, നീ മതിയാക്കുക’’.
സദാസമയവും നന്മകളിൽ മുന്നേറുകയും ഉദാര മനഃസ്ഥിതി പുലർത്തുകയും ചെയ്ത മാതൃക വ്യക്തിത്വമായിരുന്നു മുഹമ്മദ് നബി. റമദാൻ മാസത്തിൽ ഈ വിശിഷ്ട ഗുണം വളരെയധികം വർധിച്ചിരുന്നു. ഒരിക്കൽ നബി പ്രസ്താവിച്ചു: ‘‘ആരെങ്കിലും വിശ്വാസവും പ്രതിഫലേച്ഛയും മുറുകെപ്പിടിച്ചു റമദാൻ നോമ്പ് അനുഷ്ഠിച്ചാൽ മുൻകാല പാപങ്ങളെല്ലാം പൊറുക്കപ്പെടും. അതേ നിലയിൽ ഇരവുകളിൽ നമസ്കരിച്ചാൽ മുൻകാല പാപങ്ങൾ പൊറുക്കപ്പെടും. ഇപ്രകാരം ലൈലത്തുൽ ഖദ്ർ രാവിൽ നമസ്കരിക്കുന്നയാളുടെയും പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്’’. റസൂലുല്ലാഹി അരുളി: ‘‘പകലുകളിൽ നോമ്പ് അനുഷ്ഠിക്കുകയും രാത്രിയിൽ ഖുർആൻ പാരായണം നടത്തുകയും ചെയ്യുന്നവർക്ക് വേണ്ടി നോമ്പും ഖുർആനും ശിപാർശ ചെയ്യുന്നതാണ്. നോമ്പ് പറയും: രക്ഷിതാവേ, ഞാൻ ഇവനെ പകലിൽ ആഹാര പാനിയങ്ങളിൽനിന്നും ശാരീരിക ഇച്ഛകൾ പൂർത്തീകരിക്കുന്നതിൽനിന്നും തടഞ്ഞിരുന്നു. ഇന്ന് എന്റെ ശിപാർശ നീ സ്വീകരിക്കണേ. ഇയാളോട് കരുണകാട്ടുകയും പാപങ്ങൾ പൊറുക്കുകയും ചെയ്യണേ. ഖുർആൻ പറയും: ഞാൻ ഇയാളെ രാത്രിയിലെ ഉറക്കത്തിൽനിന്ന് തടഞ്ഞിരുന്നു. ഇയാൾക്കുവേണ്ടിയുള്ള എന്റെ ശിപാർശയും നീ സ്വീകരിക്കണേ. അങ്ങനെ അവരുടെ ശിപാർശ സ്വീകരിക്കപ്പെടുന്നതാണ്’’.
നോമ്പിന്റെ ഉപര്യുക്ത മഹൽ ഗുണങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഖുർആൻ തന്നെ നാലു നിർദേശങ്ങൾ നൽകുന്നു. 1. ഖുർആൻ പാരായണവും പഠനവും പരിശീലനവും പ്രബോധനങ്ങളും അധികരിപ്പിക്കുക. 2. ദൈവ സ്മരണയും പ്രാർഥനയും വർധിപ്പിക്കുക. 3. നോമ്പിന്റെ മര്യാദകൾ പാലിക്കുക. നോമ്പുസമയത്ത് ആഹാര പാനീയങ്ങൾ ഉപേക്ഷിക്കുകയും ശരീരേച്ഛകളെ നിയന്ത്രിക്കുകയും ചെയ്യുന്നതിനൊപ്പം നാവ്, കണ്ണ്, കാത് തുടങ്ങിയ അവയവങ്ങളെ പാപങ്ങളിൽനിന്ന് സംരക്ഷിക്കുക. 4. നമസ്കാര സ്ഥലങ്ങളിൽ അധികമായി കഴിച്ച് കൂട്ടുക. റസൂലുല്ലാഹി അരുളി: ‘‘നോമ്പ് ഇഹലോകത്ത് പിശാചിന്റെയും മനസ്സിന്റെയും പ്രേരണകളിൽനിന്നും പരലോകത്ത് നരകാഗ്നിയിൽ നിന്നും സംരക്ഷിക്കുന്ന പരിചയാണ്. നോമ്പുകാരൻ അനാവശ്യവും മ്ലേച്ഛവുമായ വർത്തമാനങ്ങളും ഒച്ചപ്പാടുകളും ഒഴിവാക്കിക്കൊള്ളട്ടെ. ആരെങ്കിലും അവനെ ചീത്തവിളിക്കുകയോ ഏറ്റുമുട്ടാൻ മുതിരുകയോ ചെയ്താൽ ഞാൻ നോമ്പിലാണെന്നുപറഞ്ഞ് ഒഴിഞ്ഞുമാറട്ടെ’’.
നോമ്പുകാലത്ത് ഈ കാര്യങ്ങൾ മാനിച്ചാൽ മനസ്സിൽ പടച്ചവനോടുള്ള സ്നേഹാനുരാഗം ശക്തിപ്പെടും. തിന്മകളെ വെടിഞ്ഞ് നന്മകളിലൂടെ സഞ്ചരിക്കാൻ സൗഭാഗ്യമുണ്ടാകും. നോമ്പുസമയത്തെ വിശപ്പിൽനിന്ന് സ്വന്തം പരിസരത്തും ലോകം മുഴുവനും വിശന്ന് കഴിയുന്ന സാധുക്കളുടെ അവസ്ഥ മനസ്സിലാക്കുന്നു. വിശപ്പിനേക്കാളും കഠിനമായ ശാരീരിക വേദനകളും മാനസിക പ്രയാസങ്ങളും അനുഭവിക്കുന്ന സഹോദരങ്ങളുടെ ദുഃഖ-ദുരിതങ്ങളും തിരിച്ചറിയുന്നു. തുടർന്ന് മുഴുവൻ മനുഷ്യരോടും മനസാ, വാചാ, കർമണാ കരുണ പുലർത്തുകയും അവർക്ക് സേവനങ്ങൾ ചെയ്യാൻ സന്നദ്ധനാവുകയും ചെയ്യുന്നു.
അവസാനമായി വിശ്വാസികളോടു പൊതുവിലും മസ്ജിദ് ഭാരവാഹികളോട് പ്രത്യേകിച്ചും ഒരു കാര്യം അഭ്യർഥിക്കുന്നു: നോമ്പും തറാവീഹ് നമസ്കാരവും ഖുർആൻ പാരായണവും ദിക്റുകളുമൊക്കെ വ്യക്തിപരമായ സ്വകാര്യങ്ങളാണ്. അതു ബഹളമയമാകാതിരിക്കാനും മറ്റുള്ളവർക്ക് ഉപദ്രവകരമാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. മസ്ജിദുകളിലും മറ്റും നോമ്പ് തുറക്കാനും അത്താഴത്തിനും ഭക്ഷണം നൽകുന്നത് വളരെ നല്ല കാര്യം. പക്ഷേ, അതു മൂലമുണ്ടാകുന്ന മാലിന്യങ്ങൾ സംസ്കരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
മുഴുവൻ സഹോദരീ സഹോദരന്മാരെയും ജാതിമത വ്യത്യാസമില്ലാതെ ആഹാരത്തിലേക്ക് ക്ഷണിക്കണം. ആരാധനാലയങ്ങളിൽ ആവശ്യത്തേക്കാൾ കൂടുതൽ വിളക്കുകൾ ഉപയോഗിക്കുന്നത് ചിലർക്ക് അലങ്കാരമാണെങ്കിൽ പല വിളക്കുകളും ആരോഗ്യത്തിനുതന്നെ ഹാനികരമാണ്. വെള്ളത്തിനും വൈദ്യുതിക്കും കനത്ത ക്ഷാമം നേരിട്ടുകൊണ്ടിരിക്കെ അവ ദുർവ്യയം ചെയ്യുന്നത് ഒട്ടും അഭിലഷണീയമല്ല. ഭൂമിയിൽ ആഘാതങ്ങളും മാലിന്യങ്ങളും പരമാവധി കുറക്കാൻ ശ്രമിക്കുക എന്നത് ഓരോ മനുഷ്യന്റെയും ബാധ്യതയാണ്. റമദാനിൽ അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. രാപകലുകളിലെ വിവിധ സമയങ്ങളിലും പുലർകാലങ്ങളിലും പാതിരാവു വരെയും മൈക്കിന്റെ ദുരുപയോഗം വർധിച്ചുകൊണ്ടിരിക്കുന്നു. ഇത് ചുറ്റുപാടിലുള്ള രോഗികൾക്ക് വളരെയധികം പ്രയാസമുണ്ടാക്കുന്നതു കൂടാതെ, ഒറ്റക്ക് വീടുകളിലും മറ്റും ആരാധനകളിൽ കഴിയുന്നവർക്കും വലിയ തടസ്സമാണ്. ആകയാൽ ഇതിലും വലിയ നിയന്ത്രണം വരുത്തുക. പടച്ചവൻ അനുഗ്രഹിക്കട്ടെ.
(ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അംഗമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.