ഉന്നതനായ മനുഷ്യനെയാണ് നോമ്പ് ലക്ഷ്യംവെക്കുന്നത്
text_fieldsഏറ്റവും ഉയര്‍ന്ന മനുഷ്യനെ സൃഷ്ടിച്ചെടുക്കുകയാണ് നോമ്പിെൻറ ലക്ഷ്യം. ആരാണ് മനുഷ്യന്? ഇരുകാലില്‍ നിവര് ന്നു നില്ക്കുന്ന മൃഗത്തിനപ്പുറത്താണ് മനുഷ്യന്. ഉദാത്തമായ ഒരാവശ്യത്തിനുവേണ്ടി ശരീരത്തിെൻറ ആവശ്യങ്ങളെ പരിമിതപ്പെടുത്താനും മാറ്റിവെക്കാനും കഴിയുന്നിടത്താണ് മനുഷ്യന് എന്ന സാംസ്കാരിക ജീവി പിറക്കുന്നത്. വിശക്കുന്ന മനുഷ്യന് കൈവശമുള്ള ഭക്ഷണം തന്നെപ്പോലെയോ തന്നെക്കാളോ വിശക്കുന്ന മറ്റൊരാള്‍ക്കു പകുത്തുകൊടുക്കാനോ മാറ്റിവെക്കാനോ സന്നദ്ധനാകും. അങ്ങനെ സന്നദ്ധരാകുന്നവര്‍ മാത്രമാണ് മനുഷ്യന്. ഈ കഴിവിനാണ് പൊതുവില്‍ ആത്മീയത എന്നു പറയുന്നത്. മഹാത്മാ ഗാന്ധി പറഞ്ഞു: ‘‘ഒരാള്‍ അയാളുടെ അന്നത്തെക്കുറിച്ചാലോചിക്കുന്നത് അവനിലെ ഭൗതിക കാര്യമാണ്. എന്നാല്‍, ഒരാള്‍ അയല്‍വാസിയുടെ അന്നത്തെക്കുറിച്ചാലോചിക്കുന്നത് അവനിലെ ആത്മീയകാര്യമാണ്.’’ കാരണം, സ്വന്തം അന്നത്തെക്കുറിച്ച് ഏതു മൃഗവും ആലോചിക്കും. എന്നാല്‍, അന്യെൻറ അന്നത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്ന ഏക ജീവി മുനുഷ്യനാണ്. ഈ ആത്മീയതയാണ് മനുഷ്യനെ മൃഗത്തില്‍നിന്നും വ്യത്യസ്തനാക്കുന്നത്. മനുഷ്യരെ നല്ല മനുഷ്യരാക്കിത്തീര്‍ക്കുന്ന ഈ കഴിവിനെ വളര്‍ത്തി വികസിപ്പിക്കുകയാണ് നോമ്പിെൻറ ലക്ഷ്യം.
കൂടുതല്‍ നല്ല, ഉയര്‍ന്ന മനുഷ്യനാകുന്നതിന് മനുഷ്യനുള്ള തടസ്സമെന്താണ്? ആത്മാവും ശരീരവുമുള്ള മനുഷ്യന് ആത്മാവിനെ മറന്ന് ശരീരത്തിെൻറ അടിമയായി മാറുന്നു എന്നതാണത്. യഥാര്‍ഥത്തില്‍ മനുഷ്യെൻറ ഭൗതികാവശ്യങ്ങള്‍ പരിമതവും ആത്മീയാവശ്യങ്ങള്‍ അപരിമേയവുമാണ്. എന്നാല്‍, ശരീരത്തിെൻറ കണ്ണുകൊണ്ട് മാത്രം കാര്യങ്ങളെ കാണുമ്പോള്‍ ഭൗതികാവശ്യങ്ങള്‍ അനന്തമായി അനുഭവപ്പെടുന്നു. അത് ബുദ്ധിഹീനമായ ആര്‍ത്തിയായി രൂപാന്തരപ്പെടുന്നു. ശരീരത്തിെൻറ ആവശ്യങ്ങളുടെ മേല്‍ ആത്മനിയന്ത്രണം സ്ഥാപിച്ച് ആത്മാവിനെ വളര്‍ത്തുക എന്നതുമാത്രമാണ് ഇതിന് പോംവഴി. ഈ ആത്മ നിയന്ത്രണത്തിെൻറ പരിശീലനക്കളരിയാണ് നോമ്പ്്.
ഏതു ജീവിയുടെയും ഏറ്റവും വലിയ മൂന്ന് അടിസ്ഥാന ആവശ്യങ്ങളെ നോമ്പ് അതിെൻറ നേരങ്ങളില്‍ കഠിനമായി നിയന്ത്രിക്കുന്നു, വിലക്കിനിര്‍ത്തുന്നു. നോമ്പിെൻറ തന്നെ ഇരവുകളില്‍ അത് അനുവദിക്കുകയും ചെയ്യുന്നു. ഇത് ഒരു കേവലാനുഷ്ഠാനമല്ല. പരിശീലനമാണ്.
ഒരാവശ്യം വന്നാല്‍ ശാരീരികാവശ്യങ്ങളെ നിയന്ത്രിച്ചുനിര്‍ത്താനുള്ള പരിശീലനം. ദൈവത്തിെൻറ വിളിക്കുമുന്നില്‍ നോമ്പുകാര്‍ നോമ്പുമാസത്തിെൻറ പകലുകളില്‍ ഭക്ഷണവും വെള്ളവും ലൈംഗികതയും ഉപേക്ഷിക്കുന്നു. നോമ്പുകാലത്തെതന്നെ രാവുകളിലും നോമ്പല്ലാത്ത കാലത്തെ രാപ്പകലുകളിലും ദൈവികവും അതിെൻറ തന്നെ ഭാഗമായ മാനവികവും ഉദാത്തവുമായ ഒരാവശ്യം വന്നാല്‍ ശാരീരികാവശ്യങ്ങള്‍ മാറ്റിവെച്ച് ഉദാത്തമായ ആവശ്യത്തിന് ഉത്തരം നല്‍കാനുള്ള പരിശീലനമാണ് നോമ്പ്. മനുഷ്യത്വത്തെ സാക്ഷാത്കരിക്കാനുള്ള സാമാന്യം കഠിനമായ പരിശീലനമാണ് നോമ്പ്. ഏതു പരിശീലനവും കഠിനമായിരിക്കും. അതിനര്‍ഥം എല്ലായ്പോഴും പരിശീലനകാലത്തെപ്പോലെ പെരുമാറണമെന്നല്ല. ഒരാവശ്യം വന്നാല്‍ കഠിനത്യാഗം സഹിക്കാനുള്ള കഴിവുവളര്ത്തലാണ് ഏതു പരിശീലനവും.
മറ്റു ജീവികളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന് ശരീരത്തിനപ്പുറം വിപുലമായ മനസ്സിെൻറ കൂടി ഉടമയാണ്. ചില ഘട്ടങ്ങളിലെങ്കിലും മനുഷ്യെൻറ ശാരീരികാവശ്യങ്ങളെക്കാള് ശക്തമായിരിക്കും ഗുണകരമോ ദോഷകരമോ ആയ മാനസികവികാരങ്ങള്‍. അതുകൊണ്ടാണ് കഠിനമായ ദുഃഖാനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നമുക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാതെ പോകുന്നത്. മാനസിക വികാരങ്ങളുടെ മേലും ശക്തമായ നിയന്ത്രണം ഉണ്ടാകുമ്പോള്‍ മാത്രമേ നമുക്ക് പൂര്‍ണ മനുഷ്യനിലേക്ക് വളരാന്‍ കഴിയൂ. അതുകൊണ്ടാണ് മുഹമ്മദ് നബി പറഞ്ഞത്: ‘‘മോശമായ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവര്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കണമെന്ന് ദൈവത്തിന് ഒരു നിര്‍ബന്ധവുമില്ല’’എന്ന്.
നോമ്പിലെ ഭക്ഷണത്തിെൻറയും വെള്ളത്തിെൻറയും ലൈംഗികതയുടെയും നിരാകരണം സ്വയം ഒരു കര്മമായിരിക്കെതന്നെ അത് മറ്റൊരു കര്മത്തിെൻറ പശ്ചാത്തല ശക്തി കൂടിയാണ്. ഒരു അധ്യാപകന് ക്ലാസില്‍വന്ന് വിദ്യാര്‍ഥികളോട് നിശ്ശബ്ദരായിരിക്കുക എന്നുപറയുന്നത് അവിടെ നിശ്ശബ്ദത സ്വയം ഒരു അച്ചടക്കമായിരിക്കെതന്നെ നിശ്ശബ്ദതക്കുവേണ്ടി മാത്രമായിരിക്കില്ല. മറ്റെന്തോ കാര്യം പറയാനുള്ള പശ്ചാത്തലം ഒരുക്കാൻ കൂടിയായിരിക്കും. നോമ്പിലെ ശാരീരികാവശ്യങ്ങളുടെ നിരാകരണം വളരെ ശക്തമായ പശ്ചാത്തലമൊരുക്കലാണ്. ജീവികള്‍ക്ക് പൊതുവില്‍ അസാധ്യമായ, ജീവികളുടെ നിലനില്പിന് അനിവാര്യമായ ഭക്ഷണവും വെള്ളവും ലൈംഗികതയും നോമ്പുകാരന് അത്യുന്നതനായ ദൈവത്തിെൻറ അത്യുദാത്തമായ വിളിക്കുത്തരം നല്കി ഉപേക്ഷിച്ചിരിക്കുന്നു. ഈ ശക്തമായ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ദൈവം പറയുന്നത് മോശമായ എല്ലാ വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കണമെന്നാണ്.
ഒരു പടികൂടി കടന്ന് എല്ലാ പ്രകോപനങ്ങളെയും ഞാന്‍ നോമ്പുകാരനാണെന്ന സൗമ്യമായ ഉത്തരം കൊണ്ട് നേരിടണമെന്നാണ്. പ്രവാചകന് പറഞ്ഞു: ‘‘നോമ്പുനേരത്ത് ആരെങ്കിലും വഴക്കിനോ ഏറ്റുമുട്ടലിനോ വന്നാല്‍ അവരോട് പറയുക, ഞാന്‍ നോമ്പുകാരനാെണന്ന്’’. വിശ്വാസി ഒരിക്കലും ഒരു ആക്ഷേപകനും മറുപടി പറയരുതെന്നോ ആക്രമിക്കാന്‍ വരുന്നവരെ പ്രതിരോധിക്കരുതെന്നോ അല്ല ഇതിനര്‍ഥം. ന്യായമായ ഭക്ഷണവും വെള്ളവും ലൈംഗികതയും നോമ്പല്ലാത്ത നേരങ്ങളില്‍ തെറ്റല്ലാത്തതു പോലെ തന്നെയാണിത്. പക്ഷേ, ഒരു വിശ്വാസി ആര് എന്തു പ്രകോപനമുണ്ടാക്കിയാലും അതിെൻറ പിറകെ പോകുന്നവനാകരുത്. പ്രകോപനങ്ങള്‍ക്കു മുന്നില്‍ ആത്മനിയന്ത്രണമുള്ളവനാവണം. ഇല്ലെങ്കില്‍, ആര്‍ക്കും പ്രകോപനത്തിെൻറ കെണിവെച്ച് വിശ്വാസിയെ വീഴ്ത്താന്‍ സാധിക്കും. വിശ്വാസി ഇങ്ങനെ കെണിയിൽ വീഴുന്ന ദുര്‍ബലനാവരുത്. എതിര്‍പ്പുകള്‍ക്കുമുന്നില്‍ വിവേചനബോധമുള്ളവരാവണം. അങ്ങനെ ആവണമെങ്കില്‍ ഒരു പ്രകോപനത്തോടും പ്രതികരിക്കാത്ത ആത്മനിയന്ത്രണം പരിശീലിക്കണം. ഈ ശക്തമായ പരിശീലനമാണ് നോമ്പ്.
ഒരു രാത്രിയില്‍ പ്രവാചകെൻറ സന്നിധിയില്‍ നിസ്വനായ ഒരു യാത്രക്കാരന് വന്നുചേരുന്നു. പ്രവാചകന് സദസ്സിനോട് ചോദിച്ചു, ഈ രാത്രിയില്‍ ഈ യാത്രക്കാരന് ആതിഥ്യം നല്കാന് ആരുണ്ട്? മടിച്ചാണെങ്കിലും ഒരനുചരന് അതേറ്റെടുത്തു. വീട്ടില്‍ ചെന്ന് ഇണയോട് ഭക്ഷണത്തെക്കുറിച്ചന്വേഷിച്ചു. അവര്‍ പറഞ്ഞു, നമുക്കും മക്കള്‍ക്കും കഴിക്കാനുള്ള ഇത്തിരി ഭക്ഷണമേയുള്ളൂ. വീട്ടുകാരന് അവരോട് നിര്‍ദേശിച്ചു; മക്കളെ അനുനയിപ്പിച്ച് ഉറക്കുക. നമുക്കും അതിഥിക്കുമായി ഭക്ഷണം വിളമ്പുക. അതിഥി ഭക്ഷണം കഴിച്ചുതുടങ്ങിയാല്‍ തഞ്ചത്തില്‍ വിളക്കണക്കുക. അവര്‍ അപ്രകാരം പ്രവര്‍ത്തിച്ചു. അതിഥിയെ ഊട്ടിയതിെൻറ നിറഞ്ഞ ആത്മാവുമായി അവര്‍ കിടന്നുറങ്ങി.
പ്രവാചകെൻറ രണ്ടാം ഉത്തരാധികാരി ഉമറിെൻറ കാലത്ത് നടന്ന യര്‍മൂക്ക് യുദ്ധത്തില്‍ ധാരാളം പ്രവാചകാനുചരന്മാര് മാരകമായ മുറിവേറ്റ് മരണാസന്നരായി കിടക്കുകയാണ്.
ഒരാള്‍ െവള്ളവുമായി മൃതപ്രാണരായി മരണവക്ത്രത്തിൽ കിടക്കുന്നവര്‍ക്കിടയിലേക്ക് കടന്നുവന്നു. ആദ്യത്തെ ആളുടെ ചാരത്തെത്തിയപ്പോള്‍ അയാൾ അടുത്ത ആളിലേക്ക് ചൂണ്ടി. അയാള്‍ അടുത്ത ആളിലേക്ക്. അങ്ങനെ, അങ്ങനെ... പലയാള്‍ മറിഞ്ഞ് ഒടുവിലത്തെ ആളില്‍ എത്തുേമ്പാഴേക്ക് അയാള്‍ മരണപ്പെട്ടിട്ടുണ്ടായിരുന്നു. ഉടനെ തൊട്ടുമുമ്പത്തെ ആളില്‍ എത്തുേമ്പാഴേക്ക് അദ്ദേഹവും. തിരിച്ച് ഓരോരുത്തരിലെത്തുമ്പോഴും ഇതുതന്നെ സംഭവിച്ചു. മരണാസന്നനായ മനുഷ്യന് ഈ ലോകത്ത് ഏറ്റവും വിലപ്പെട്ടത് ഒരു മുറുക്ക് വെള്ളമാണ്. അതുപോലും തെൻറ സഹോദരനുവേണ്ടി മാറ്റിവെക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത്. സ്വയം അന്തിപഷ്ണി കിടന്ന് സഹോദരനെ ഊട്ടാന്‍ എങ്ങനെ കഴിയുന്നു? അതിെൻറ ഉത്തരം അവര്‍ നോമ്പിെൻറ കളരിയില്‍നിന്ന് പരിശീലനം നേടിയവരാണ് എന്നതാണ്.
നാം കുടിച്ചുതീര്‍ത്ത ഗാലന് കണക്കിന് വെള്ളവും തിന്നുതീര്‍ത്ത ടണ്‍ കണക്കിന് ഭക്ഷണവും ചരിത്രത്തിലെവിടെയും കാണുകയില്ല. എന്നാല്‍, ഇവര്‍ കഴിക്കാതെ അപരനെ കഴിപ്പിച്ച ഭക്ഷണവും ആരും കുടിക്കാതെ യുദ്ധക്കളത്തില്‍ ബാക്കിയാക്കിയ വെള്ളവും മനുഷ്യന് ഉള്ള കാലത്തോളം അവരെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കും. മനുഷ്യനിലുള്ള നമ്മുടെ വിശ്വാസത്തെ വർധിപ്പിച്ചുകൊണ്ടിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.