
ഭൂമിപുത്രിയുടെ ജീവസാക്ഷ്യം
text_fieldsഭാരതീയസംസ്കാരത്തിൽ ഭാവശുദ്ധി, പാതിവ്രത്യം, ഹൃദയാർപ്പണം, സഹനം, സത്യസന്ധത, സ്ഥിരചിത്തത, സ്വഭാവനിഷ്ഠ, വിവേകം, ത്യാഗം, സ്വാഭിമാനം എന്നീ ഗുണങ്ങളുടെ മൂർത്തിമദ്ഭാവമാണ് സീതാദേവി. സന്താനലബ്ധിക്കായി നടത്തിയ യാഗത്തിെൻറ അനന്തരഫലമാണ് രാമലക്ഷ്മണാദികളെങ്കിൽ യാഗത്തിനുശേഷം ഭൂമി ഉഴുതുമറിച്ചപ്പോൾ കിട്ടിയ അമൂല്യനിധിയാണ് സീത. അതുകൊണ്ടു തന്നെ സീതാരാമന്മാരുടെ പിറവിയിൽ സമാനതകളുണ്ട്. രക്ഷിതാക്കൾ ആരെന്നറിയാത്ത അവരെ ഭൂമിപുത്രിയായി ലോകം വാഴ്ത്തി.
ജനകെൻറ വളർത്തുപുത്രിയായതു കൊണ്ട് ജാനകിയായും മിഥിലയിൽ, അഥവാ വിദേഹത്തിൽ വളർന്നതുകൊണ്ട് മൈഥിലിയായും വൈദേഹിയായും അറിയപ്പെട്ടു. അച്ഛെൻറ വാക്കുപാലിക്കുന്നതിന് ഭർത്താവായ ശ്രീരാമനോടൊപ്പം ഒരു പരാതിയും പരിഭവവും പറയാത്ത ധർമപത്നിയായി അവർ വനവാസത്തിനിറങ്ങി. തട്ടിക്കൊണ്ടുപോയ രാവണെൻറ പ്രലോഭനങ്ങൾക്കൊന്നും വഴങ്ങാതെ, പാതിവ്രത്യത്തിന് ഇളക്കംതട്ടാതെ ലങ്കയിൽ കഴിഞ്ഞു. അതുകൊണ്ടാണ് അഞ്ചുതരത്തിലുള്ള പാപങ്ങളും ഇല്ലാതാക്കുന്ന പഞ്ചകന്യകമാരിൽ ഒരാളായി സീതയെ വാഴ്ത്തുന്നത്.
ചാരിത്യ്രസന്ദേഹം വന്നതുകൊണ്ട് തെൻറ മുന്നിൽനിൽക്കുന്ന സീത നേത്രരോഗിക്ക് ദീപംപോലെ തനിക്ക് അഹിതയായി തീർന്നിരിക്കുന്നു എന്നും പത്തു ദിക്കിൽ ഏതിലേക്കുവേണമെങ്കിലും പോകാമെന്നും ലക്ഷ്മണനെയോ ഭരതനെയോ ശത്രുഘ്നനെയോ സുഗ്രീവനെയോ വിഭീഷണനെയോ ഇഷ്ടംപോലെ സ്വീകരിക്കാമെന്നുമൊക്ക ശ്രീരാമൻ നിർദാക്ഷിണ്യം പറഞ്ഞത് ഇത്തരമൊരു വ്യക്തിത്വത്തോട് ആയിരുന്നു! സീതയുടെ പരിശുദ്ധിയെക്കുറിച്ച് അഗ്നി സാക്ഷ്യപ്പെടുത്തുമ്പോൾ മൂന്നു ലോകത്തിലും വിശുദ്ധയായ മൈഥിലിയെ സത്പുരുഷന് കീർത്തിയെ എന്നപോലെ തനിക്ക് ഉപേക്ഷിക്കാനാകില്ലെന്നാണ് രാമൻ പറഞ്ഞത്.
ഇങ്ങനെ പ്രപഞ്ചശക്തികളുടെ സാക്ഷ്യവും ആത്മബോധ്യവുമുള്ള വസ്തുത പിന്നീടുണ്ടായ ജനാപവാദത്തിൽ ദുർബലമാകുകയും ഗർഭിണിയായ സീതയെ ശ്രീരാമൻ സത്യാവസ്ഥ അറിയിക്കാതെ വാല്മീകാശ്രമത്തിന് സമീപത്തുള്ള വനത്തിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. അപവാദത്തെക്കാൾ അതിനെ സാധൂകരിക്കുമാറ് തന്നെ ഉപേക്ഷിച്ച ശ്രീരാമെൻറ ചെയ്തി സീതയിൽ കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. വികലവും ക്രൂരവും നിർദയവുമായ അധികാരപ്രയോഗമാണ് സീതയെന്ന സ്ത്രീയിൽ, ഗർഭിണിയായ ഭാര്യയിൽ, പ്രജയിൽ പുരുഷനും ഭർത്താവും ഭരണാധികാരിയുമായ ശ്രീരാമൻ നടത്തിയത്!
സീത പരിശുദ്ധയാണെന്ന് ശ്രീരാമെൻറ രാജസദസ്സിൽ വാല്മീകി സാക്ഷ്യപ്പെടുത്തുമ്പോൾ ലോകാപവാദം കേട്ടതുകൊണ്ടാണ് പാപമില്ലാത്തവളെന്ന് അറിഞ്ഞിട്ടും സീതയെ ഉപേക്ഷിക്കേണ്ടി വന്നതെന്ന് പറഞ്ഞ് രാമൻ മാപ്പിരക്കുന്നുണ്ട്. എന്നിട്ടും ഒരിക്കലും കെട്ടടങ്ങാത്ത, വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടാൻ ഇടയുള്ള സന്ദേഹങ്ങളുടെയെല്ലാം മുമ്പിൽ പ്രാണാഹുതി നടത്തുന്ന, സർവംസഹയായ ഭൂമി പിളർന്നുപോകുന്ന സീത സ്ത്രീത്വത്തിെൻറ പരമമായ സ്വയംനിർണയാവകാശത്തെ എല്ലാ അർഥത്തിലും സാക്ഷാത്കരിച്ച മഹിതവൈഭവമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.