നിർമല ഹൃദയം, ആർദ്ര സുന്ദര ശബ്ദം
text_fieldsപങ്കജ് ഉധാസിന്റെ ഏറ്റവും വലിയ പ്രത്യേകത ഗസൽ സംഗീതത്തെ ജനപ്രിയമാക്കി എന്നതാണ്. അത് ഒരു ചെറിയ കാര്യമല്ല. ഏതു സാധാരണക്കാരനും ആസ്വദിക്കാവുന്ന രീതിയിൽ സംഗീതത്തെ ലളിതവത്കരിച്ച് ഏറ്റവും സാധാരണക്കാരെ ഗസൽ സംഗീതത്തിന്റെ ധാരയിലെത്തിച്ചു എന്ന മഹത്തായ കാര്യമാണ് പങ്കജ് ഉധാസ് ചെയ്തത്. ഗുലാം അലിയും മെഹ്ദി ഹസൻ സാഹിബുമൊക്കെ ഒരു ക്ലാസ് ഓഡിയൻസിനു വേണ്ടി പാടുന്നവരായിരുന്നു. കാരണം, അവരുടെ ക്ലാസിക്കൽ നോളജ് അങ്ങനെയായിരുന്നു. എന്നാൽ, പങ്കജിന്റെ പ്രത്യേകത അദ്ദേഹം കടുത്ത ഗസലുകളെക്കാൾ ഗീതുകൾക്കാണ് പ്രാധാന്യം നൽകിയത്. അവയുടെ വരികൾ വളരെ ലളിതമാണ്. ശുദ്ധ സംഗീതമാണെങ്കിലും ഏതൊരു സാധാരണക്കാരനും ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ആലപിക്കുക എന്നതാണ് പ്രധാനം. അതൊരു മഹത്തായ കാര്യമാണ്. അത്തരത്തിൽ സംഗീതത്തിൽ വേറിട്ട വ്യക്തിത്വമായിരുന്നു പങ്കജ് ഉധാസ്. ഇത്രയും പ്രശസ്തനായ മറ്റൊരു ഗസൽ ഗായകൻ ഉണ്ടോ എന്ന് സംശയമാണ്. അദ്ദേഹം തന്റെ ക്ലാസിക്കൽ സംഗീതത്തിലുള്ള ജ്ഞാനം അങ്ങോട്ട് മാറ്റിവെച്ചു. എന്നിട്ട് തരളമായ ശബ്ദത്തിൽ ആർദ്രമായി ഗസൽ പാടി. മറ്റൊരു അനുഗ്രഹം അദ്ദേഹത്തിന്റെ ശബ്ദമാണ്. ആരുടെയും മനസ്സിലേക്ക് വേഗം പ്രവേശിക്കുന്ന ആർദ്ര സുന്ദരമായ തരളമായ ശബ്ദം. അതായിരുന്നു ആരെയും ആകർഷിച്ചത്. അദ്ദേഹത്തിന്റെ ‘ചിട്ടി ആയി ഹെ’ എന്ന ഗാനം അറിയാത്ത ഇന്ത്യക്കാർ ഉണ്ടാകില്ല. അത്ര ജനകീയമായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ പല ഗസലുകളും എന്റെ പ്രോഗ്രാമുകളിൽ പാടിയിട്ടുണ്ട്.
‘ദിൽ ധടകാനേ കാ’ എന്ന ബാഗേശ്രി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു മനോഹരമായ ഗസൽ ഉണ്ടായിരുന്നു. പിന്നെ ചിട്ടി ആയി ഹെ, ആ ഹിസ്താ തുടങ്ങിയ ഗസലുകൾ ഞാൻ പാടിയിട്ടുണ്ട്. അതൊക്കെ കേൾക്കുമ്പോൾ ജനങ്ങൾ കൈയടിച്ചത് അദ്ദേഹത്തിനു വേണ്ടിയായിരുന്നു. സംഗീതം ഉള്ളിലുണ്ടായിരുന്ന ആളാണ് പങ്കജ് ഉധാസ്. പഠിച്ചെടുക്കുന്ന സംഗീതത്തെക്കാൾ മഹത്തരമാണ് ജന്മസിദ്ധമായ അനുഗ്രഹം. അത് വേണ്ടുവോളമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. ഞാൻ അദ്ദേഹത്തിന്റെ പല ഗസൽ പരിപാടികളും നേരിട്ട് കേട്ടിട്ടുണ്ട്. ഒരിക്കൽ സൂര്യ ഫെസ്റ്റിവലിൽ ഞങ്ങളുടെ രണ്ട് പേരുടെയും പ്രോഗ്രാമുകൾ അടുത്തടുത്തുതന്നെ വന്നു. അന്ന് അദ്ദേഹത്തോട് കുറേനേരം സംസാരിക്കാനും കഴിഞ്ഞു. കേട്ടിട്ടുള്ളതുപോലെ നിർമല ഹൃദയനായ മനുഷ്യൻ. എന്റെ ഗുരുജി പണ്ഡിറ്റ് ജസ്രാജിന്റെ ആരാധകൻകൂടിയായിരുന്നു അദ്ദേഹം. ഗുരുജിയുടെ പല പരിപാടികളിലും അനുസ്മരണത്തിനുമൊക്കെ അദ്ദേഹം വന്നിട്ടുണ്ട്. ഗുരുജിയുടെ മേവതി ഖരാനയുടെ പല പരിപാടികളിലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടുണ്ട്. ഗസലിന്റെ വേറിട്ട ഒരധ്യായംതന്നെയാണ് ആ വലിയ ഗായകൻ വിടവാങ്ങുന്നതിലൂടെ അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.