കനലൊച്ച
text_fieldsനവംബർ ഏഴ്. പത്തിരുനൂറ് വർഷത്തിലേറെ പഴക്കമുള്ള അമേരിക്കൻ ജനപ്രതിനിധി സഭയിൽ അപൂർവങ്ങളിൽ അപൂർവമായ വലിയൊരു ചടങ്ങ് നടക്കുകയാണ്. ചടങ്ങിന്റെ പേര് ‘സെൻഷ്വർ’! നിഘണ്ടു പരതിയാൽ ‘ശാസന’ എന്നർഥം കിട്ടും. സംഗതി നാം സാധാരണ കേട്ടുപരിചയിച്ച ശാസനയല്ല.
ചിലപ്പോൾ, നമ്മുടെ നാട്ടിലെ പാർട്ടി സഖാക്കൾക്ക് അറിയാമായിരിക്കും. അവരുടെ അച്ചടക്ക നടപടികളിൽപെട്ടതാണ് ശാസനയും പരസ്യശാസനയും. ഇവിടെയിത് അതിനുമപ്പുറമാണ്. സഭയിലെ ഒരംഗം വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ രാജ്യത്തിന്റെ അഭിമാനത്തിന് കളങ്കം വരുത്തുന്ന എന്തെങ്കിലും ചെയ്തുപോയാൽ അക്കാര്യം അവരെ ബോധ്യപ്പെടുത്താനും വേണമെങ്കിൽ ടി വിഷയത്തിൽ സഭയിൽ ചർച്ചയും വോട്ടെടുപ്പുമെല്ലാം നടത്താനുമൊക്കെയാണ് ‘ശാസനാ പ്രമേയം’ എന്ന ചടങ്ങ്.
സഭയിൽനിന്ന് ഒരാളെ പുറത്താക്കാനുള്ള നടപടിക്രമങ്ങളുടെ സെമി ഫൈനൽ എന്നും വിശേഷിപ്പിക്കാം. മുമ്പ് മോണിക്ക ലെവിൻസ്കി സംഭവത്തിൽ ബിൽ ക്ലിന്റണും ആഫ്രിക്കക്കാരെ വംശീയമായി അധിക്ഷേപിച്ചതിന് ഡോണൾഡ് ട്രംപിനുമെല്ലാമെതിരെ ഇത് നടന്നിട്ടുണ്ട്, വോട്ടെടുപ്പിൽ പ്രമേയം തള്ളിപ്പോവുകയും ചെയ്തു.
ഇക്കുറി കളി വേറെയാണ്. പ്രതിക്കൂട്ടിലുള്ളത് റാഷിദ തലൈബ് എന്ന ഡെമോക്രാറ്റ് അംഗം. 46 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രമേയം പാസായി. ഗസ്സയിലെ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ നരനായാട്ടിനെതിരെ രണ്ടുവരി കുറിച്ചുവെന്നതാണ് റാഷിദ ചെയ്ത ‘അപരാധം’.
റാഷിദ ഹർബി തലൈബ് എന്നാണ് പൂർണനാമധേയം. അമേരിക്കൻ കോൺഗ്രസിലെ മൂന്ന് മുസ്ലിം അംഗങ്ങളിലൊരാൾ. പോരാത്തതിന് ഫലസ്തീൻ വംശജയും. ഇത്രയും മതി ഒരു റിപ്പബ്ലിക്കൻ അംഗത്തിന് റാഷിദക്കെതിരെ ശാസനാപ്രമേയത്തിന് അനുമതി തേടാൻ. ആരെങ്കിലുമൊന്ന് അനുമതി ചോദിച്ചാൽ കൊടുക്കാമായിരുന്നു എന്നമട്ടിൽ നിൽക്കുകയായിരുന്നു സ്പീക്കർ മൈക് ജോൺസൺ.
ഭരണം ഡെമോക്രാറ്റുകൾക്കാണെങ്കിലും അധോസഭയിൽ റിപ്പബ്ലിക്കൻസിനാണ് ആധിപത്യം; ഒമ്പത് പേരുടെ ഭൂരിപക്ഷം. സ്വാഭാവികമായും വോട്ടെടുപ്പ് നടക്കുമ്പോൾ ഏതാണ്ടിത്രയും വോട്ടിനേ പ്രമേയം പാസാകാവൂ. ഒന്നോ രണ്ടോ വോട്ടുകൾ മാറിമറിഞ്ഞാലും തെറ്റു പറയാനാകില്ല.
എന്നാൽ, ഇവിടെ കാര്യങ്ങൾ തിരിച്ചാണ്; 35 ഡെമോക്രാറ്റുകളെങ്കിലും മാറ്റിക്കുത്തിയിട്ടുണ്ട്. പുതിയ അമേരിക്കയിൽ ഇക്കാര്യത്തിൽ അത്ഭുതപ്പെടാനില്ല. ഗസ്സയിൽ ഇസ്രായേലിന്റെ നരമേധങ്ങൾക്ക് വെള്ളവും വെളിച്ചവും നൽകുന്ന അമേരിക്കൻ പാർലമെന്റിൽ ഫലസ്തീൻ എന്നുച്ചരിക്കുന്നതുപോലും പാപമാണ്. സഭയിൽ ആന്റിസെമിറ്റിക് പ്രയോഗങ്ങൾക്ക് വലിയ വിലക്കുണ്ട്; അത് ചരിത്രപരവുമാണ്.
ഇസ്രായേലിനെതിരായ രാഷ്ട്രീയ വിമർശനംപോലും ആ വകുപ്പിലാണിപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. റാഷിദ കുറച്ചുകാലമായി സെമിറ്റിക് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണത്രെ. പോരാത്തതിന് ഹമാസിനെപ്പോലെയുള്ള ‘ഭീകര സംഘടന’കളെ പിന്തുണക്കുകയും ചെയ്യുന്നു. നവംബർ ഒന്നിന് ആദ്യമൊരു ശാസനപ്രമേയം ഇതേ വിഷയത്തിൽ റാഷിദക്കെതിരെ കൊണ്ടുവന്നെങ്കിലും തള്ളിപ്പോയി.
ഒരാഴ്ച കഴിഞ്ഞപ്പോൾ വൻ ഭൂരിപക്ഷത്തിൽ പാസാവുകയും ചെയ്തു. സഭക്കകത്തു മാത്രമല്ല, പുറത്തുമുണ്ട് സമാനമായ ശാസനകളും ഭീഷണികളും ബഹിഷ്കരണങ്ങളുമെല്ലാം. അരിസോണ യൂനിവേഴ്സിറ്റിയിൽ റാഷിദ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി സംഘാടകർ റദ്ദാക്കിയത് ഹമാസ് അനുകൂലിയെ കാമ്പസിൽ കയറ്റാനാവില്ലെന്നു പറഞ്ഞാണ്.
സോഷ്യൽ മീഡിയ ട്രംപിസ്റ്റുകളുടെ വിദ്വേഷ പോസ്റ്റുകളാൽ നിറഞ്ഞിരിക്കുന്നു. ആളെ സഭയിൽനിന്ന് പുറത്താക്കണമെന്ന കാമ്പയിനും ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഈ കോലാഹലങ്ങളിൽ പരിഭ്രമിച്ച് പിന്മാറുന്നയാളല്ല റാഷിദ തലൈബ്. ‘‘ഞാൻ ഒരിക്കലും നിശ്ശബ്ദയാവില്ല; എന്റെ വാക്കുകളെ നിങ്ങൾക്ക് ഇല്ലാതാക്കാനും കഴിയില്ല’’ -ശാസനപ്രമേയത്തോടും ബഹിഷ്കരണാഹ്വാനങ്ങളോടുമുള്ള പ്രതികരണം ഇങ്ങനെയായിരുന്നു.
‘‘ഇസ്രായേൽ സർക്കാറിനെതിരായ വിമർശനങ്ങളെ ‘സെമിറ്റിക് വിരുദ്ധ’മെന്ന് ചാപ്പയടിക്കുന്നത് അപകടകരമാണ്. മനുഷ്യാവകാശങ്ങൾക്കായുള്ള ശബ്ദങ്ങളെ അമർച്ചചെയ്യാനുള്ള പരിപാടിയാണിത്’’. പറഞ്ഞതിൽ ഉറച്ചുനിൽക്കാൻ തന്നെയാണ് തീരുമാനം. അതുകൊണ്ടാണ്, ഒക്ടോബർ 17ന് ഗസ്സയിലെ അൽ അഹ്ലി ആശുപത്രിയിലെ ബോംബിങ് അബദ്ധത്തിൽ സംഭവിച്ചതായിരുന്നില്ല, ബോധപൂർവമുള്ള പ്രഹരമായിരുന്നുവെന്ന് ആവർത്തിച്ചത്.
വാസ്തവത്തിൽ, വിമർശകർ ആരോപിക്കുംപോലെ റാഷിദ, ഹമാസ് ഭക്തയൊന്നുമല്ല. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഓപറേഷൻ അനാവശ്യവും ക്രൂരവുമായിരുന്നുവെന്ന് പ്രസ്താവിച്ചയാളാണ്.എന്നിരുന്നാലും ആത്യന്തികമായി ഫലസ്തീനൊപ്പം തന്നെയാണ്. അതിപ്പോൾ മാത്രമല്ല, 2004ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചകാലം തൊട്ടേ അത് ഉറക്കെ പറഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ അക്കാലം മുതലേ കല്ലേറും കിട്ടിയിട്ടുണ്ട്.
സാക്ഷാൽ ട്രംപുമായിട്ടുപോലും പലകുറി കൊമ്പുകോർത്തിട്ടുണ്ട്. റാഷിദ, ഇൽഹാൻ ഉമർ എന്നീ അംഗങ്ങൾക്കുനേരെ എത്രയോ തവണ ട്രംപ് പടവാളോങ്ങിയിട്ടുണ്ട്. ഇൽഹാൻ സോമാലി വംശജയാണ്. ‘വിദേശി’, ‘മുസ്ലിം തീവ്രവാദി’ എന്നൊക്കെയാണ് അവരെ തെരഞ്ഞെടുപ്പ് കാമ്പയിനിടെ ട്രംപ് വിശേഷിപ്പിച്ചത്. കഴിയുമെങ്കിൽ അവരെ നാട്ടിലേക്ക് (സോമാലിയ)തിരിച്ചയക്കൂ എന്നും ട്രംപ് വോട്ടർമാരോട് അഭ്യർഥിച്ചു.
എന്നിട്ടും മിനപോളിസിലെ വോട്ടർമാർ അവരെ സഭയിലെത്തിച്ചു. ‘ദുഷ്ട’യെന്നും ‘ഭ്രാന്തി’യെന്നുമുള്ള വിളികൂടി കേട്ടു റാഷിദ. ട്രംപ് പരിധിവിട്ടതോടെ റാഷിദയും വിട്ടുകൊടുത്തില്ല. തെരഞ്ഞെടുപ്പ് ഗോദയിൽ ഉരുളക്കുപ്പേരി എന്നനിലയിൽ മറുപടി വന്നതോടെ ട്രംപും ഒന്നടങ്ങി. റാഷിദയും ഇൽഹാൻ ഉമറും അലക്സാൻഡ്രിയ കോർടെസും അയന പ്രിൻസിലിയും അടങ്ങുന്ന ഡെമോക്രാറ്റിക് സംഘത്തിന് ട്രംപും കൂട്ടരും വിശേഷിപ്പിക്കുന്നത് സ്ക്വാഡ് എന്നാണ്.
കുടിയേറ്റം, ഇസ്രായേൽ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ വിഷയങ്ങളിലെല്ലാം ജനപക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ഈ വിശേഷണം. ഒളിഞ്ഞിരുന്ന് ബൈഡനും അനുയായികളും ഇതുതന്നെ വിളിക്കാറുണ്ടെന്നതും നേര്. ആ അന്തർധാരയാണ് വോട്ടെടുപ്പിൽ കണ്ടത്. എന്നുവെച്ച് പേടിച്ച് പിന്മാറാൻ തയാറല്ല. ശബ്ദിച്ചുകൊണ്ടിരിക്കാൻതന്നെയാണ് തീരുമാനം.
1976 ജൂൺ 24ന് മിഷിഗനിലെ ഡെട്രോയിറ്റിൽ ജനനം. ഫലസ്തീനിൽനിന്ന് കുടിയേറിയ ഹർബി ആൽ ആബിദിന്റെയും ഫാത്തിമയുടെയും 14 മക്കളിൽ മൂത്തയാൾ. ആബിദ് കിഴക്കൻ ജറൂസലമുകാരനാണ്. അദ്ദേഹം നികരാഗ്വ വഴിയാണ് അമേരിക്കയിലെത്തിയത്.
ഫാത്തിമ റാമല്ലയിൽനിന്നും. ഇരുവരും ഡെട്രോയിറ്റിലെ ഫോർഡ് മോട്ടോർ കമ്പനിയിലെ തൊഴിലാളികളായിരുന്നു. 1998ൽ, വെയ്ൻ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം. അതുകഴിഞ്ഞ് നിയമബിരുദവും കരസ്ഥമാക്കി. മിഷിഗൻ സ്റ്റേറ്റ് ലെജിസ്ലേച്ചർ അംഗമായിരുന്ന സ്റ്റീവ് ടോബോക്മാന്റെ സഹായിയായി 2004ലാണ് രാഷ്ട്രീയ പ്രവേശനം.
2008ൽ, അദ്ദേഹത്തിന്റെ പിൻഗാമിയായി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ആ പദവിയിലെത്തുന്ന രാജ്യത്തെ രണ്ടാമത്തെ മുസ്ലിം വനിത എന്ന ഖ്യാതിയിലേക്കുയർന്നു. മൂന്ന് ടേം സഭയിൽ ഇരുന്നശേഷമാണ് കോൺഗ്രസിലെത്തുന്നത്. അപ്പോഴുമത് ചരിത്രമായി; കോൺഗ്രസിലെ ആദ്യ ഫലസ്തീൻ വംശജ. 2018ലാണ് ആദ്യമായി കോൺഗ്രസിലെത്തിയത്. 2020ലും 22ലും വിജയം ആവർത്തിച്ചു.
കോൺഗ്രസിൽ ജനപക്ഷ നിലപാടുകളാൽ ശ്രദ്ധേയ. ഫലസ്തീൻ പ്രശ്നത്തിന് ‘വൺ സ്റ്റേറ്റ് സൊലൂഷൻ’ എന്ന നിർദേശത്തോടൊപ്പമാണ്. അതോടൊപ്പം, ഇസ്രായേലിനെതിരായ ബി.ഡി.എസ് (ബോയ്കോട്ട്, ഡി ഇൻവെസ്റ്റ്മെന്റ് ആൻഡ് സാങ്ഷൻ) നടപടി വേണമെന്നും അഭിപ്രായമുണ്ട്.
സിറിയയിൽനിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കണമെന്നും പലകുറി കോൺഗ്രസിൽ ആവശ്യപ്പെട്ടിരുന്നു. 1998ൽ, ഫലസ്തീൻ വംശജനായ ഫായിസ് തലൈബുമായി വിവാഹം. ആ ബന്ധത്തിൽ രണ്ട് ആൺമക്കൾ: ആദമും യൂസുഫും. 2015ൽ, ഫായിസുമായി വേർപിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.