ബശ്ശാർ അൽഅസദിന്റെ ഉയിർത്തെഴുന്നേൽപ്
text_fieldsഅഗ്നിസ്ഫുലിംഗങ്ങൾ ആളിപ്പടർന്ന് വലിയ നാശനഷ്ടങ്ങൾ ഉണ്ടാവാറുണ്ടല്ലോ. പലേപ്പാഴും ചെറിയൊരു ‘കശപിശ’ വമ്പിച്ച കലാപങ്ങൾക്കും വൻ ദുരന്തങ്ങൾക്കും ഇടയാക്കാറുണ്ട്. ഇങ്ങനെയൊരു കൊച്ചു സംഭവമാണ് സിറിയയിൽ കഴിഞ്ഞ ഏഴു വർഷമായി നീണ്ടുനിന്ന -ഇപ്പോഴും തുടരുന്ന- ആഭ്യന്തര യുദ്ധത്തിന് കാരണമായത്. തുനീഷ്യയിലും ഇൗജിപ്തിലും സ്വേച്ഛാഭരണങ്ങൾ നിലംപതിച്ചപ്പോൾ സ്വാതന്ത്ര്യത്തിെൻറ സമരകാഹളം മിഡിലീസ്റ്റിൽ എല്ലായിടത്തും മുഴങ്ങുകയായി. ഇൗ ‘അറബ് വസന്തം’ സിറിയയിലും അലകളുയർത്തി. അങ്ങനെയാണ് 2011 മാർച്ച് 15ന് ഒരുകൂട്ടം സ്കൂൾ വിദ്യാർഥികൾ തങ്ങളുടെ സ്കൂളിെൻറ മതിലിൽ വിപ്ലവത്തിന് അനുകൂലമായി എഴുതിയത്്. ഇതായിരുന്നു സിറിയൻ ആഭ്യന്തര
യുദ്ധത്തിെൻറ തുടക്കം.
തുനീഷ്യയിൽ പ്രസിഡൻറ് സൈനുൽ ആബിദീനും ഇൗജിപ്തിൽ ഹുസ്നി മുബാറകും പിഴുതെറിയപ്പെട്ടതുപോലെ ബശ്ശാർ അൽഅസദിനെയും പുറന്തള്ളണമെന്നതായിരുന്നു വിദ്യാർഥികളും സമൂഹവും ലക്ഷ്യംവെച്ചത്. വിദ്യാർഥികളിൽ ഒരുവനായ 13കാരൻ ഹംസ അൽഖത്തീബ് കൊലചെയ്യപ്പെട്ടതോടെ െതരുവുകൾ പ്രക്ഷുബ്ധമായി. നൂറുകണക്കിന് പ്രതിഷേധക്കാർ വെടിയേറ്റ് മരിച്ചു. ആയിരങ്ങൾ ജയിലറകളിലായി. 2011 ജൂലൈ മാസത്തിൽ, പട്ടാളത്തിലൊരു വിഭാഗം കൂറുമാറി ‘ഫ്രീ സിറിയൻ ആർമി’ (എഫ്.എസ്.എ) രൂപവത്കരിച്ചതോടെ, ബശ്ശാറിന് ഭരണം നഷ്ടപ്പെടുമെന്ന് പ്രവചനങ്ങൾ വന്നു. സിറിയ ആഭ്യന്തരയുദ്ധത്തിലേക്ക് കൂപ്പുകുത്തി. എന്നാൽ, ഏഴു വർഷത്തെ രക്തച്ചൊരിച്ചിലിനു ശേഷം, കൂടുതൽ ശേഷിയോടെ തിരിച്ചുവരുന്ന ബശ്ശാർ അൽഅസദിനെ വരവേൽക്കാൻ സിറിയൻ ജനത നിർബന്ധിതരായിരുന്നു!
‘വെളുക്കാൻ തേച്ചത് പാണ്ടായ’ അവസ്ഥയിലാണ് സിറിയക്കാർ. യുദ്ധത്തിൽ 4,60,000 പേർ മരിച്ചെന്നാണ് യു.എന്നിെൻറ കണക്ക്. ഒരു ലക്ഷത്തിലേറെ പേർ മുറിവേറ്റു കിടക്കുന്നു. ജനസംഖ്യയുടെ പകുതിഭാഗം വീടൊഴിഞ്ഞുപോയിരിക്കുന്നു. ബശ്ശാറിെൻറ പക്ഷക്കാരായ ‘അലവി’കൾ മാത്രമായിരുന്നു ഭരണത്തെ പിന്തുണച്ചത്. എന്നാൽ ഇന്നിപ്പോൾ, അസ്താന ഉടമ്പടിയെത്തുടർന്ന് ‘ഇസ്ലാമിക് സ്റ്റേറ്റി’െനയും (െഎ.എസ്) ‘ജബ്ഹത് ഫത്ഹുശ്ശാമി’നെയും (നേരത്തേ ജബ്ഹത്തുന്നുസ്റ എന്നറിയപ്പെട്ടു) പിന്തുണക്കുന്നവരൊഴിച്ചുള്ള വിമത ഗ്രൂപ്പുകളും ബശ്ശാറിനെ അനുസരിക്കാമെന്ന് സമ്മതിച്ചിരിക്കുന്നു. ആ ഒരു ഉടമ്പടിയുടെ പകർപ്പാണ് യു.എൻ രക്ഷാസമിതിയുടെ മേശപ്പുറത്തു വെച്ചിരിക്കുന്നത്. 2007 -10 കാലത്തെ വരൾച്ചയെ തുടർന്നുണ്ടായ പട്ടിണിയും പ്രാരബ്ധങ്ങളുമാണ് ജനങ്ങളെ ക്ഷുഭിതരാക്കിയത്. എന്നാൽ, ഇന്നാകെട്ട നാടുതന്നെ തകർന്നുകിടക്കുകയാണ്. യുദ്ധത്തിെൻറ കെടുതികളാൽ മൃതപ്രായരായ മനുഷ്യക്കോലങ്ങൾ പശിയടക്കാനായി അന്താരാഷ്ട്ര ഏജൻസികൾക്കു മുന്നിൽ വരിനിൽക്കുന്ന കാഴ്ച വേദനജനകമാണ്!
ഇറാനും റഷ്യയും
ഇറാെൻറയും റഷ്യയുടെയും സാന്നിധ്യമാണ് യുദ്ധം ബശ്ശാർ അൽഅസദിന് അനുകൂലമാക്കിയത്. സിറിയൻ ആർമിയുെട ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അബ്ബാസിെൻറ അഭിപ്രായത്തിൽ ഇറാനെയും റഷ്യയെയും കൂടാതെ ഇറാഖിെൻറയും തുർക്കിയുടെയും സഹകരണവും യുദ്ധത്തിെൻറ ഗതിനിർണയത്തിൽ സഹായകമായിട്ടുണ്ട്. യുദ്ധം ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ ഡമസ്കസിെൻറ കേന്ദ്രഭാഗത്ത് വമ്പിച്ചൊരു ബോംബ് സ്ഫോടനമുണ്ടായി. ഇതിൽ നാല് മുതിർന്ന പട്ടാളമേധാവികൾ മരിച്ചു; കൂട്ടത്തിൽ രണ്ടു മന്ത്രിമാരും. പ്രതിരോധമന്ത്രി ദാവൂദ് റജീഹയും അദ്ദേഹത്തിെൻറ ഡെപ്യൂട്ടിയും അസദിെൻറ അളിയനുമായ ആസിഫ് ശൈഖത്തുമായിരുന്നു ഇവർ. ഭരണകൂടം അസ്വസ്ഥമായി. എന്നാൽ, ശത്രുസൈന്യത്തിനത് ആഘോഷമായി. ഇൗ സമയത്താണ് ഇറാനും ഹിസ്ബുല്ലയും യുദ്ധരംഗത്ത് പ്രവേശിക്കുന്നത്. സൈനിക തന്ത്രപരമായി ഏറ്റവും സന്ദർഭോചിതമായ ഇടപെടലായിരുന്നു ഇത്. ഇസ്രായേലിെൻറ ആക്രമണം കാരണം, സിറിയൻ സേനക്ക് രാജ്യത്തിെൻറ തെക്കുപടിഞ്ഞാർ അതിർത്തിയിൽ കാവലിരിക്കേണ്ടിയിരുന്നു. പട്ടാളത്തിൽനിന്ന് ഒഴിഞ്ഞുപോകുന്നവർ വിപ്ലവകാരികൾക്ക് പ്രേചാദനമായി. അപ്പോൾ, ഡമസ്കസിെൻറ സുരക്ഷ ഉറപ്പുവരുത്താൻ ഇറാെൻറ മിലീഷ്യയും ഹിസ്ബുല്ലയും കാവൽനിന്നു. ഫ്രീ സിറിയൻ ആർമിയെ (എഫ്.എസ്.എ) അവർ ഡമസ്കസിെൻറ അതിർത്തികളിൽ തടഞ്ഞുനിർത്തി.
ഉപദേശകരും പരിശീലകരുമെന്ന നിലക്കാണ് ഇറാനിയൻ സൈന്യം സിറിയയിൽ ഇടെപട്ടുതുടങ്ങിയത്. ഫ്രീ സിറിയൻ ആർമിക്ക് പകരമായി ‘നാഷനൽ ഡിഫൻസ് ഫോഴ്സ്’ (എൻ.ഡി.എഫ്) എന്ന പേരിൽ ഇറാൻ യുവാക്കളെ പരിശീലിപ്പിച്ചു. ബിർമിങ്ഹാം യൂനിവേഴ്സിറ്റിയിലെ രാഷ്ട്രീയ നിരീക്ഷകനായ പ്രഫസർ സ്േകാട്ട് ലൂക്കാസിെൻറ നിഗമനത്തിൽ ഇങ്ങനെ പരിശീലിപ്പിക്കപ്പെട്ട 90,000 പടയാളികളാണ് പ്രക്ഷോഭകാരികളെ നിരാശരാക്കിയത്. ശിയാക്കളുടെ പുണ്യകേന്ദ്രമായ ഡമസ്കസിലെ സയ്യിദ സൈനബ സമാധി ഇവരുടെ സംരക്ഷണത്തിലായിരുന്നു. ഇങ്ങനെ ശിയാ വിഭാഗത്തെ അവർ സംതൃപ്തരാക്കി. ഇറാെൻറ സ്വാധീനവലയം സിറിയയിൽ വികസിച്ചുവന്നു. സിറിയയിലെ യുദ്ധം ഇറാെൻറ കൂടി യുദ്ധമായി മാറുകയായിരുന്നുെവന്നാണ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ ഹമദാനി രേഖപ്പെടുത്തുന്നത്. ഇതിൽ ഇറാന് സൈനികവും രാഷ്ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങളുണ്ടായിരുന്നുവെന്ന് നിരീക്ഷിക്കപ്പെടുന്നു. അതിർത്തിയിൽ വ്യോമാക്രമണം നടത്തിയും കുർദുകളെ ഇളക്കിവിട്ടും സിറിയയെ പിളർക്കാനുള്ള അമേരിക്കൻ -ഇസ്രായേൽ തന്ത്രങ്ങൾ അവർ തിരിച്ചറിഞ്ഞു. ഡമസ്കസിലെ ഫോസ്ഫേറ്റ് ഖനികളിൽ കണ്ണുവെച്ചവരും നിരാശരായി.
യുദ്ധം റഷ്യക്ക് അന്തർദേശീയ തലത്തിൽ യശസ്സ് വർധിപ്പിച്ചിരിക്കുന്നു. ലതാക്കിലെ വ്യോമസേന കേന്ദ്രവും ടാർട്സിലെ നാവികതാവളവും റഷ്യയുടെ പുറേത്തക്കുള്ള മാർഗങ്ങളാണ്. ഇതിന് ബശ്ശാറിനെ ഉപയോഗപ്പെടുത്താൻ ഇറാനെ ഒപ്പം നിർത്തുന്നത് ആവശ്യമാണ്. കൂടാതെ, ചെച്നിയയിൽ സുന്നികൾ സൃഷ്ടിച്ച കലാപം റഷ്യക്ക് മറക്കാറായിട്ടില്ല. മാത്രവുമല്ല, മിഡിലീസ്റ്റിലെ സുന്നി ഭരണകൂടങ്ങളെല്ലാം അമേരിക്കൻ ചേരിയിലാണെന്നും റഷ്യ വിലയിരുത്തുന്നു. അഥവാ, ബശ്ശാർ പരാജയപ്പെടുകയും ജനാധിപത്യ ഭരണകൂടം നിലവിൽവരുകയുമാണെങ്കിൽ അത് 74 ശതമാനം വരുന്ന സുന്നികളുടേതാകാനേ സാധ്യതയുള്ളൂ. അതോടെ, റഷ്യ സിറിയയെ ഉപേക്ഷിക്കേണ്ടിവരുമെന്ന ന്യായമായ ഭീതിയും പുടിനെ പിടികൂടിയിരിക്കണം.
2015 സെപ്റ്റംബർ 30നാണ് റഷ്യ ‘ഭീകരവിരുദ്ധ ആക്രമണം’ തുടങ്ങിയത്. റഷ്യയും ഇറാനും ഗവൺമെൻറ് സേനയെ പിന്തുണച്ചതോടെ ഫ്രീ സിറിയൻ ആർമി, ജബ്ഹതുന്നസ്ർ, ഇസ്ലാമിക് സ്റ്റേറ്റ്, സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് തുടങ്ങിയവർ കൈയടക്കിവെച്ച ഭൂമിയിൽനിന്ന് ക്രമേണ തുരത്തപ്പെട്ടു. അങ്ങനെയാണ് അലപ്പോ, ഹമ, പാൽമിറ, ദയ്ർ അസ്സൂർ തുടങ്ങിയ ഇടങ്ങളിൽനിന്നെല്ലാം ശത്രുസേന ഒഴിഞ്ഞുപോയത്. ഇന്നിപ്പോൾ 92 ശതമാനത്തിലേറെ ഭൂപ്രദേശം ഗവൺമെൻറ് സേനയുടെ നിയന്ത്രണത്തിലായിട്ടുണ്ട്. ഫ്രഞ്ച് നിരീക്ഷകനായ േസവ്യർ മൊറോവിെൻറ നിരീക്ഷണത്തിൽ അമേരിക്ക ഇടെപട്ടില്ലായിരുന്നെങ്കിൽ, യുദ്ധം ഒന്നുകൂടി വേഗത്തിൽ തീരേണ്ടതായിരുന്നു!
ഇസ്രായേലും അമേരിക്കയും
അമേരിക്കൻ കുടുംബങ്ങൾ യുദ്ധത്തിെൻറ കെടുതികളിൽ മനംമടുത്തവരാണ്. ഒബാമ ഇത് മനസ്സിലാക്കിയിരുന്നു. എന്നാൽ, റഷ്യയുടെ സജീവ സാന്നിധ്യം യുദ്ധത്തിെൻറ ഗതി നിയന്ത്രിക്കാൻ തുടങ്ങിയതാണ് അമേരിക്കയെ തട്ടിയുണർത്തിയത്. ഇസ്രാേയലിെൻറ പ്രലോഭനങ്ങളും സിറിയയിൽനിന്ന് അഭയാർഥികളായി ആയിരങ്ങൾ തങ്ങളുടെ സഖ്യരാഷ്ട്രങ്ങളായ യൂറോപ്പിലേക്ക് കുടിയേറിയതും യുദ്ധത്തിലേക്ക് പ്രവേശിക്കാൻ അമേരിക്കക്ക് പ്രേരകമായി. ഇത് സിറിയയുടെ ആവശ്യപ്രകാരമായിരുന്നില്ലെന്ന് വിദേശകാര്യമന്ത്രി വലീദ് അൽമുഅല്ലിം ആവർത്തിച്ച്് പ്രസ്താവിച്ചിട്ടുണ്ട്. അസ്താനയിലെ അനുരഞ്ജഞ ചർച്ചകളിൽ അമേരിക്ക തങ്ങളുടെ സാന്നിധ്യം കസാഖ്സ്താനിലെ അമേരിക്കൻ അംബാസഡറിലൊതുക്കിയത് ഇൗ ജാള്യതകൊണ്ടായിരിക്കണം! പക്ഷേ, യുദ്ധമുഖത്ത് നാശംവിതക്കുന്നതിൽ അമേരിക്ക വേണ്ട പങ്കുവഹിച്ചു.
ഇസ്രായേലിെൻറ പരിപാടികളാണ് അവർ നടപ്പിൽവരുത്തിയത്. 1948ൽ ഇസ്രായേലിെൻറ പിറവി മുതലേ സിറിയയുമായി അവർ യുദ്ധത്തിലാണല്ലോ. 1967ൽ പിടിച്ചെടുത്ത ജൂലാൻ കുന്നുകൾ ഇസ്രായേൽ കൈവശം വെക്കുന്നു. െഎക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളെല്ലാം അവർ അവഗണിക്കുന്നു. ഇറാനും ഹിസ്ബുല്ലയുമാണ് അവരുടെ പ്രഖ്യാപിത ശത്രുക്കൾ. അവർ സിറിയ വഴി അരികിലെത്തുന്നതിനെയാണ് നെതന്യാഹു ഭയപ്പെടുന്നത്. തുടക്കത്തിലേ ഇസ്രായേൽ സിറിയയുടെ അതിർത്തിയിൽ ആക്രമണം തുടങ്ങിയിരുന്നു. സിറിയ ബോധപൂർവം പ്രതികരിച്ചിരുന്നില്ല. എന്നാൽ, അമേരിക്ക രംഗത്തുവന്നതോടെ അവർ കുർദുകളെ ഇളക്കിവിടാനുള്ള തന്ത്രങ്ങളിലായിരുന്നു. അതിലൂടെ ഒരു സ്വതന്ത്ര കുർദിസ്താൻ സ്ഥാപിക്കാനും മിഡിലീസ്റ്റിനെ ഒന്നുകൂടി വിഭജിക്കാനും അവർ സ്വപ്നം കണ്ടു. സെപ്റ്റംബർ 25ന് നടന്ന കുർദുകളുടെ ഹിതപരിശോധനയുടെ പിന്നാമ്പുറ രഹസ്യങ്ങൾ ഇത് വിളിച്ചറിയിക്കുന്നുണ്ട്!
യുദ്ധാരംഭത്തിൽ തുർക്കിയുടെ നയം ബശ്ശാർ അൽഅസദിന് അനുകൂലമായിരുന്നില്ല. 2015ൽ റഷ്യയുടെ സൈനിക വിമാനം തുർക്കി വെടിവെച്ചുവീഴ്ത്തിയത് നടുക്കമുളവാക്കിയ സംഭവമായിരുന്നല്ലോ. എന്നാൽ, 2016ൽ ഉർദുഗാെൻറ ജനാധിപത്യ ഭരണകൂടത്തിനെതിരെ നടന്ന വിഫലമായ വിപ്ലവശ്രമം തുർക്കിയുടെ വിദേശനയത്തിൽ മാറ്റങ്ങൾക്ക് നാന്ദികുറിച്ചു. താമസംവിനാ ഉർദുഗാൻ പുടിനെ സന്ദർശിക്കുകയും ഭിന്നതകൾ പറഞ്ഞൊതുക്കുകയുമുണ്ടായി. ഇപ്പോൾ തുർക്കി റഷ്യയുടെ കൂടെയാണ്. അസ്താന കോൺഫറൻസിന് ചുക്കാൻപിടിച്ചത് ഉർദുഗാനാണെന്ന് അറിയുന്നു. യുദ്ധത്തിലേർപ്പെട്ട വിപ്ലവ ഗ്രൂപ്പുകളിൽ ഏറെ സ്വാധീനമുള്ളത് അേദ്ദഹത്തിനാണ്. കോൺഫറൻസിൽ പ്രതിപക്ഷങ്ങൾ സജീവമായി പെങ്കടുത്തത് ഉർദുഗാെൻറ ശ്രമഫലമായിട്ടാണ്.
റഷ്യയും തുർക്കിയും ഇറാനും ഇപ്പോൾ ഒരു അച്ചുതണ്ടിെൻറ ഭാഗമായിരിക്കുന്നു. അസ്താന ഉടമ്പടികൾ അംഗീകരിക്കപ്പെടുന്നതോടെ ബശ്ശാർ അൽഅസദ് അധികാരത്തിൽ തുടരുന്നതാണ്. എന്നാൽ, ബശ്ശാറിെൻറ ഭരണസ്ഥിരതക്ക് വിപ്ലവ ഗ്രൂപ്പുകൾ പിന്തുണക്കേണ്ടതുണ്ടല്ലോ. ഇതിനുവേണ്ടിയാണ് റഷ്യ തുർക്കിയെ തീരുമാനങ്ങളിൽ പങ്കാളിയാക്കിയിരിക്കുന്നതെന്ന് അറിയുന്നു. പ്രതിപക്ഷത്തുള്ള സുന്നി വിഭാഗങ്ങളെ ഇത് തൃപ്തിപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ഏതായാലും യുദ്ധം താമസിയാതെ അവസാനിക്കുമെന്നും സിറിയ പൂർവസ്ഥിതിയിലേക്ക് തിരിച്ചുവരുമെന്നും പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.