‘ലവ് ജിഹാദി’നെ തിരിച്ചുവിളിക്കുന്നു
text_fieldsഒരു ഇടവേളക്കുശേഷം ‘ലവ് ജിഹാദ്’ ഭീതി സംസ്ഥാനത്ത് ശക്തമായി തിരിച്ചെത്തിയിരിക്കുന്നു. വിരമിച്ച ഡി.ജി.പി സെൻകുമാറിെൻറ പ്രസ്താവനയോടെയാണ് കുപ്പിയിൽനിന്ന് പുകപടലങ്ങൾ വന്നുതുടങ്ങിയത്. കഴിഞ്ഞദിവസം ഡി.ജി.പി ലോക്നാഥ് െബഹ്റ ‘ലവ് ജിഹാദ്’ സ്ഥിരീകരിച്ചെന്ന ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച വാർത്തയോടെ ഭൂതം വീണ്ടും അവതരിച്ചുകഴിഞ്ഞു. കേരളത്തിൽ ഈഴവ പെൺകുട്ടികളെ, അതും സി.പി.എം കുടുംബങ്ങളിലെ പെൺകുട്ടികളെ ലക്ഷ്യമിട്ട് ‘ദഅ്വ സ്ക്വാഡുകൾ’ എന്നപേരിൽ മതപരിവർത്തന പദ്ധതികൾ നടക്കുന്നുവെന്നും അതിനായി പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളെ നാട്ടിലാകെ വിന്യസിച്ചിരിക്കുന്നുവെന്നുമാണ് പ്രസ്തുത റിപ്പോർട്ട്.
അങ്ങനെയൊന്ന് താൻ ആരോടും പറഞ്ഞിേട്ടയില്ലെന്ന് ഡി.ജി.പി ഇപ്പോള് പറയുന്നു. എന്നുമാത്രമല്ല, അത്തരം ആരോപണങ്ങളെ സ്ഥിരീകരിക്കാൻ ഒരു തെളിവും പൊലീസിെൻറ പക്കലില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അപ്പോൾ ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ അജയ്കാന്തിന് എവിടെനിന്നായിരിക്കണം ഈ പൊലീസ് വാർത്ത ലഭിച്ചത്. ഡി.ജി.പി പറയാത്ത കാര്യങ്ങൾ അദ്ദേഹം പറഞ്ഞതായി റിപ്പോർട്ട് ചെയ്യാൻ അദ്ദേഹത്തിന് ധൈര്യം നൽകിയത് ആരായിരിക്കണം? വിരമിച്ചതിന് ശേഷം ടി.പി. സെൻകുമാർ ‘ലവ് ജിഹാദു’മായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ശരിെവക്കുന്നതാണ് പൊലീസിെൻറ പുതിയ റിപ്പോർെട്ടന്ന് ലേഖകന് പറയുന്നു.
വാർത്തയുടെ ലക്ഷ്യങ്ങൾ
വാർത്ത കുറച്ചുകൂടി വിശദമായി പരിശോധിച്ചാൽ, കൃത്യമായ ലക്ഷ്യങ്ങളോടു കൂടിയാണ് റിപ്പോർെട്ടന്ന് വ്യക്തമാകും. തീവ്ര മതചിന്താഗതിക്കാരാണെങ്കിലും അതു മറച്ചുവെക്കാൻ പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ‘ദഅ്വ സ്ക്വാഡില്’ പ്രവർത്തിക്കുന്നതെന്നു പറയുന്നു. മാത്രമല്ല, വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും മതചിന്ത കടന്നുവരാത്ത വിധത്തിൽ സെക്കുലര് സ്വഭാവമുണ്ടാകാന് ഇവർ ശ്രദ്ധിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. യുവ പ്രഫഷനലുകളും വിദ്യാർഥികളുമാണ് സംഘത്തിൽ മുഖ്യമായും ഉള്ളതത്രെ. സംഘർഷങ്ങൾക്കും മറ്റും സഹായങ്ങൾ നൽകാൻ സംഘടിതമായ യൂനിറ്റുകളുണ്ട്. കണ്ടെത്തുന്ന ഒാരോരുത്തരെയും ഇസ്ലാമിലേക്കെത്തിക്കാൻ വേണ്ട സഹായങ്ങളെല്ലാം ഇത്തരം യൂനിറ്റുകളാണ് നൽകുന്നത്. തൊഴിലിടങ്ങളിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും സാമൂഹിക മാധ്യമങ്ങളിൽനിന്നും എല്ലാമാണ് ഇവർ പരിവർത്തനം ചെയ്യാൻ ഉദ്ദേശിക്കുന്നവരെ കണ്ടെത്തുന്നത്. ഇങ്ങനെ കണ്ടെത്തുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും പതുക്കെപ്പതുക്കെ മറ്റു സുഹൃത്തുക്കളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും ഇവരെ അകറ്റുകയും പിന്നീട് മതത്തിൽ ചേർക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ നീളുന്നു റിപ്പോർട്ടിലെ കണ്ടുപിടിത്തങ്ങൾ.
മൂന്ന് കാര്യങ്ങളാണ് ഈ വ്യാജ റിപ്പോർട്ടിലൂടെ ലേഖകനും സംഘവും ലക്ഷ്യമിടുന്നത്.
1. ഇസ്ലാമിക ആശയങ്ങളുടെ പ്രബോധനത്തിന് സാധാരണയായി അറബിയിൽ ഉപയോഗിക്കുന്ന സാങ്കേതിക പദമാണ് ‘ദഅ്വ’. മുസ്ലിം സംഘടനകൾ നടത്തുന്ന ആശയപ്രചാരണങ്ങളെ അവർ ‘ദഅ്വ സ്ക്വാഡുകൾ’ എന്ന് വിളിക്കാറുണ്ട്.
‘ജിഹാദ്’ എന്ന പദത്തെ പ്രേതവത്കരിച്ച അതേ തന്ത്രത്തിലൂടെ ‘ദഅ്വ’ യെയും പൈശാചികവത്കരിക്കാനാണ് റിപ്പോർട്ട് ശ്രമിക്കുന്നത്. അതിലൂടെ മുസ്ലിം സമുദായത്തിെൻറയും സംഘടനകളുടെയും ആശയ, പ്രബോധന പ്രവർത്തനങ്ങളെ സംശയത്തിെൻറ നിഴലിലാക്കാനാണ് ശ്രമമെന്ന് വ്യക്തം.
2. മുഴുവൻ മുസ്ലിംകളെയും സംശയത്തോടെയും ഭയത്തോടെയും സമീപിക്കാൻ ഇതര മതസ്ഥരോടുള്ള പരോക്ഷ ആഹ്വാനമാണ് ഈ റിപ്പോർട്ട്. മുസ്ലിംകൾ നല്ല നിലയിൽ പെരുമാറുന്നതും സൗഹൃദം സൃഷ്ടിക്കുന്നതുമെല്ലാം മറ്റു ഉദ്ദേശ്യത്തോടെ ആണെന്നതാണ് റിപ്പോർട്ടിലെ പ്രധാന കെണ്ടത്തൽ. ലവ് ജിഹാദുമായി ബന്ധപ്പെട്ട് ധാരാളം വ്യാജവാർത്തകൾ വന്നിട്ടുണ്ട്. പക്ഷേ, മുസ്ലിംകളുടെ സാധാരണ ജീവിത വിനിമയങ്ങളെ ലവ് ജിഹാദിെൻറ പരിധിയിൽ ഭംഗിയായി കൊണ്ടുവന്ന ആദ്യത്തെ വാർത്ത റിപ്പോർട്ടാണിത്. ഇതിലൂടെ ഒാരോ മുസ്ലിമിനെയും ഭയപ്പെടണമെന്ന് പറയാതെ പറയുകയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
3. ഇസ്ലാമിലേക്കുള്ള മുഴുവൻ മതപരിവർത്തനങ്ങളും ഇത്തരം ഗൂഢാലോചനയുടെ ഭാഗമായ ആസൂത്രിത ശ്രമങ്ങളിലൂടെയാണെന്നാണ് റിപ്പോർട്ടിെൻറ മറ്റൊരു ആരോപണം. മതംമാറിയവരുടെ പെരുപ്പിച്ച കണക്കുകൾകൂടി ചേർത്ത് പൊലീസ് വിവരം എന്നപേരിലാണ് വാർത്ത വന്നത്. ലവ് ജിഹാദ് നടക്കുന്നിെല്ലന്ന് ഈ അടുത്താണ് ഇൻറലിജൻസ് മേധാവി വ്യക്തമാക്കിയത്. എന്നിട്ടും ഇത്തരം വ്യാജവാർത്തകൾ ആവർത്തിക്കുന്നത് സമൂഹത്തിൽ ഇസ്ലാമിനെക്കുറിച്ചുള്ള ഭയം ഉൽപാദിപ്പിച്ച് അതിലൂടെ ഹിന്ദു ഏകീകരണം എന്ന സംഘ്പരിവാർ അജണ്ട വിജയിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയായിരിക്കണം.
ലവ് ജിഹാദ് തിരിച്ചുവരുന്നു
ഹാദിയ കേസിലൂടെയാണ് ലവ് ജിഹാദ് പ്രചാരണം കേരളത്തിൽ വീണ്ടും ശക്തിപ്രാപിച്ചത്. താൻ സ്വന്തം ഇഷ്ട പ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്ന് ഹാദിയ ആവർത്തിച്ചു വ്യക്തമാക്കിയിട്ടും അവരെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ രക്ഷിതാക്കൾക്ക് അവസരമൊരുക്കുന്ന വിധിയാണ് കേരള ഹൈകോടതി പുറപ്പെടുവിച്ചത്. സുപ്രീംകോടതി, കേസിൽ എൻ.ഐ.എ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇപ്പോൾ ഇസ്ലാം സ്വീകരിക്കുന്ന പെൺകുട്ടികളുടെ രക്ഷിതാക്കൾ അതെല്ലാം ലവ് ജിഹാദാണെന്നും അവരെ ഐ.എസിലേക്ക് ചേർക്കുന്നുവെന്നുമാണ് പരാതി നൽകുന്നത്. അതോടെ, പരാതിയുടെ മട്ടുമാറുന്നു. പെൺകുട്ടികൾ തങ്ങൾ വായിച്ചും പഠിച്ചും ആശയപരമായി ഇസ്ലാമിൽ ആകൃഷ്ടരായതാണെന്ന് കോടതിയിലും മാധ്യമങ്ങളോടും ആവർത്തിച്ചിട്ടും അവരുടെ വാക്ക് സ്വീകരിക്കാൻ ആരും തയാറാകുന്നില്ല. പെൺകുട്ടികൾ എളുപ്പത്തിൽ സ്വാധീനിക്കെപ്പടുന്നവരാണെന്നും അവർക്ക് തീരുമാനമെടുക്കാൻ ശേഷിയില്ലെന്നുമുള്ള വിധിതീർപ്പുകളിലൂടെ അവരുടെ ഏജൻസിയെത്തന്നെ നിഷേധിക്കുന്ന തരത്തിലാണ് കോടതികൾപോലും പെരുമാറുന്നത്.
ഈ സാഹചര്യങ്ങളുടെ മറപിടിച്ചാണ് 2009ലേതിന് സമാനമായി ലവ് ജിഹാദ് മാധ്യമവാർത്തകളിലൂടെ കേരളത്തിൽ തിരിച്ചെത്തുന്നത്. സംഘ്പരിവാറിെൻറ കുടിലപദ്ധതികൾ നടപ്പാക്കാൻ എൻ.ഐ.എ അടക്കമുള്ള അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി മുസ്ലിം സമുദായത്തെ വേട്ടയാടാനും വിശ്വാസസ്വാതന്ത്ര്യത്തെ ഹനിക്കാനുമുള്ള ശ്രമങ്ങളെ ജനാധിപത്യ വിശ്വാസികൾ ചെറുത്ത് തോൽപിക്കേണ്ടതുണ്ട്.
(കോഴിക്കോട് ഗവ. ലോകോളജ് അവസാന വർഷവിദ്യാർഥിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.