വനിത ലീഗിന് ലഭിച്ച അംഗീകാരം
text_fieldsമുസ്ലിംലീഗ് കാൽ നൂറ്റാണ്ടിനു ശേഷം വീണ്ടും വനിതയെ മത്സരിപ്പിക്കുകയാണ്?
പാർട്ടിയുമായി അഗാധബന്ധമാണുള്ളത്. കർമം ചെയ്യുന്നത് വിലയിരുത്തപ്പെടും. എന്തെങ്കിലും തിരിച്ചുകിട്ടണമെന്ന ആഗ്രഹത്തോടെയല്ല പ്രവർത്തിച്ചിട്ടുള്ളത്. പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ആരും തന്നോട് സ്ഥാനാർഥിയാകുമെന്ന് പറഞ്ഞിരുന്നില്ല. തങ്ങൾ പ്രഖ്യാപിച്ച ഉടൻ ദൈവത്തെ സ്തുതിച്ചു. വനിത ലീഗിനെ മാതൃസംഘടന അംഗീകരിച്ചിരിക്കുന്നു. കഴിവുകൾ ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ തീരുമാനമെന്നും മനസ്സിലാക്കുന്നു.
ഗ്രൗണ്ട്തലത്തിൽ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലെന്ന ആക്ഷേപമുണ്ടല്ലോ
അങ്ങനെ ആർക്കും പറയാനാകില്ല. വനിത ലീഗ് മാതൃസംഘടനയിൽനിന്ന് വേറിട്ടുനിന്ന കാലം മുതൽ അതിെൻറ പ്രവർത്തകയാണ് ഞാൻ. അക്കാലത്ത് സിറ്റി വനിതലീഗ് സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ടാണ് തുടക്കം. ജില്ല, സംസ്ഥാനതലങ്ങളിൽ വനിത ലീഗിനെ ഉയർത്തിക്കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. '96ൽ സംസ്ഥാന വനിതലീഗിെൻറ സ്ഥാപക ജന. സെക്രട്ടറിയായി. 2015ൽ ദേശീയ ജന.സെക്രട്ടറിയായപ്പോഴും സംസ്ഥാന ഭാരവാഹിത്വം മൂന്നുവർഷം തുടർന്നു. '95ൽ കോഴിക്കോട് കോർപറേഷനിലെ പള്ളിക്കണ്ടി വാർഡിലും 2000ൽ ഇടിയങ്ങര വാർഡിലും മത്സരിച്ച് കൗൺസിലറായിട്ടുണ്ട്. അപ്പോഴൊക്കെ താഴെതട്ടിലുള്ള പ്രവർത്തകരുടെ വികാരമറിഞ്ഞാണ് പ്രവർത്തിച്ചത്. എന്നെ സംബന്ധിച്ച് അങ്ങനെയൊരു അതൃപ്തി ആർക്കും ഉണ്ടാകില്ല.
വനിത സ്ഥാനാർഥിയെന്ന നിലയിൽ സമുദായത്തിനകത്തുനിന്ന് എതിർപ്പുണ്ടാകുമെന്ന് ആശങ്കയുണ്ടോ
എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് മുസ്ലിം ലീഗ് വനിത സ്ഥാനാർഥിയെ നിർത്തിയതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ ദൈവഭയമുള്ള വ്യക്തിയാണ്. എെൻറ ജീവിതം തുറന്ന പുസ്തകമാണ്. തെറ്റു ചെയ്താൽ ദൈവത്തോട് മറുപടി പറയേണ്ടിവരുമെന്ന ബോധ്യവുമുണ്ട്. എെൻറ പ്രവർത്തനങ്ങൾ വിലയിരുത്തുേമ്പാൾ അത്തരം ആശങ്കകൾ അസ്ഥാനത്താണ്. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടാകുമെന്ന വിശ്വാസം മാത്രമേയുള്ളൂ.
കൂടുതൽ സ്ത്രീകൾക്ക് പാർലമെൻററി രംഗത്ത് അവസരം നൽകണമെന്ന് അഭിപ്രായമുണ്ടോ
സംഘടന രംഗത്ത് വനിതകൾക്ക് പാർട്ടി അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. രാഷ്്ട്രീയകാര്യ സമിതിയിൽ താനടക്കം അഞ്ചു വനിതകൾ അംഗങ്ങളാണ്. പാർലമെൻററി രംഗത്തും ഈ പരിഗണന ആവശ്യമാണ്. ഇക്കാര്യം പാർട്ടിയുടെ ഔദ്യോഗികവേദിയിൽ ഞാൻ എക്കാലത്തും ഉയർത്തിക്കാട്ടാറുണ്ട്.
നിയമസഭ സാമാജികയായാൽ?
അഭിഭാഷകയെന്ന നിലയിൽ ഒരേസമയം തൊഴിൽ, രാഷ്ട്രീയം, കുടുംബം എന്നിവ സമന്വയിപ്പിച്ചാണ് എെൻറ ജീവിതം. ഏതു മേഖലയിലുള്ളവരുടെയും പ്രശ്നങ്ങൾ സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ട്. അഭിഭാഷകയുടെ റോളിൽ നിരവധി കുടുംബപ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിൽ പ്രത്യേക പരിഗണന ഉണ്ടാകണമെന്ന് താൽപര്യമുണ്ട്. അതിനാവശ്യമായ ബില്ലുകളും നിയമനിർമാണങ്ങളുമുണ്ടാകുേമ്പാൾ തേൻറതായ സംഭാവന അർപ്പിക്കാൻ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സ്ത്രീ ശാക്തീകരണം സാധ്യമാകൂ എന്നതിനാൽ ആ മേഖലക്കും പ്രാമുഖ്യം നൽകും.
സോഷ്യൽ മീഡിയ കാലത്ത് പുതിയ തലമുറയെ എങ്ങനെ അഭിമുഖീകരിക്കും. പ്രചാരണത്തിൽ നവീന ആശയങ്ങളുണ്ടാകുമോ
- സോഷ്യൽമീഡിയ ഇടപെടലുകളിൽ ഞാൻ അൽപം പിന്നിലാണ്. ഗ്രൗണ്ടിൽ ഇറങ്ങി ജനങ്ങളുമായി സംവദിക്കുകയാണ് രീതി. വോട്ട് ചോദിക്കുന്നതും അങ്ങനെയായിരിക്കും. എങ്കിലും പുതിയ തലമുറയെ സോഷ്യൽ മീഡിയയിലൂടെയും അഭിമുഖീകരിക്കും.
എതിർസ്ഥാനാർഥിയെ എങ്ങനെ കാണുന്നു
എതിരാളി എങ്ങനെയുള്ള ആളാണെന്ന് ഞാൻ നോക്കുന്നില്ല. ആശയങ്ങൾ തമ്മിലാണ് മത്സരം.
താങ്കൾ വിജയിക്കുകയും യു.ഡി.എഫ് അധികാരത്തിലേറുകയും ചെയ്താൽ ലീഗിൽനിന്ന് ഒരു വനിത മന്ത്രിയെ പ്രതീക്ഷിക്കാമോ
ഞാൻ ഒന്നും തേടിപ്പോയിട്ടില്ല. അത്തരം ആഗ്രഹങ്ങൾ വെച്ചുപുലർത്താറുമില്ല. ആത്മാർഥതയോടെ കർമം ചെയ്താൽ അംഗീകാരം തേടിവരുമെന്ന് വിശ്വസിക്കുന്നു. അത്രയേ സ്വപ്നമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.