Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightസ്വാഭാവിക ആവാസ...

സ്വാഭാവിക ആവാസ വ്യവസ്ഥയുടെ വീണ്ടെടുക്കൽ; കോവിഡ് പശ്ചാത്തലത്തിൽ

text_fields
bookmark_border
world environment day 2021
cancel

ലോക പരിസ്ഥിതി പ്രവര്‍ത്തകരുടെയും പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെയും തീരാനഷ്ടമായി പ്രശസ്‌ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ മരണമടഞ്ഞ്‌ പതിനാറാം ദിവസമാണ്‌ 2021ലെ പരിസ്ഥിതി ദിനം നാം ആചരിക്കുന്നത്‌. പ്രകൃതിയുടെ കാവലാളായി ഇന്ത്യന്‍ സമൂഹത്തില്‍ `പരിസ്ഥിതി ശാശ്വത സമ്പത്ത്‌` എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ആ മഹാ മനീഷിയുടെ സ്‌മരണ ലോക മനസ്സുകളില്‍ തീഷ്‌ണമായ ഓര്‍മകളായും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ പ്രസരണ സ്രോതസ്സായും നിലനില്‍ക്കുമെന്നതില്‍ സംശയമില്ല.

വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ആവാസ വ്യവസ്ഥയുടെ പച്ചക്കുടയായി ജീവിച്ച സുന്ദര്‍ലാല്‍ ബഹുഗുണയുടെ ത്യാഗ സ്‌മരണകള്‍ സജീവമായി നില്‍ക്കുന്ന ഈ പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണ അവബോധന ശ്രമങ്ങള്‍ക്കും ഒരു പുതിയ വായന രൂപപ്പെടേണ്ടത്‌ അനിവാര്യമാണ്‌. ഐക്യരാഷ്ട്ര സംഘടന ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങളുടെ പ്രമേയമായി അവതരിപ്പിക്കുന്നത്‌ "ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം" എന്നതാണ്‌. 2021 ജുണ്‍ അഞ്ച്‌ മുതല്‍ 2030 ജൂണ്‍ അഞ്ച്‌ വരെയുള്ള ദശകത്തെ ഈ പ്രമേയത്തിലൂന്നിയ പ്രവര്‍ത്തനങ്ങളുടെ ദശകമായി പ്രഖ്യാപിച്ചിരിക്കുകയാണ്‌.

ആധുനിക മനുഷ്യ ചരിത്രത്തിലെ കേട്ട്‌ കേള്‍വിയില്ലാത്ത വിധം കോവിഡ്‌ 19 മഹാമാരി വലിയൊരു ചോദ്യ ചിഹ്നമായി മനുഷ്യ ജീവിതത്തിന്‌ തന്നെ ഭീഷണിയുയര്‍ത്തി നിലകൊള്ളുന്ന സമയമാണിത്‌. സ്വാഭാവിക ആവാസ വ്യവസ്ഥയോട്‌ ഇഴകി ചേര്‍ന്ന്‌ ജീവിച്ച മനുഷ്യന്‌, ഇടക്കുവെച്ച്‌ ഭൂമിയിലെ 8.7 മില്യണ്‍ ജീവജാലങ്ങളിള്‍ നിന്നും വേര്‍പിരിഞ്ഞ്‌ 'തന്‍റേതു മാത്രമായ ഭൂമി' കെട്ടിപടുക്കുവാനുള്ള ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയായി വേണമെങ്കില്‍ ഈ മഹാമാരിയെ വ്യാഖ്യാനിക്കാവുന്നതാണ്‌. പ്രകൃതിയുമായി ഇഴകി ചേര്‍ന്ന്‌ ജീവിച്ച മനുഷ്യന്‍, ഇതര ജീവജാലങ്ങളെയും പ്രകൃതിയെ തന്നെയും തന്‍റെ വരുതിയിലാക്കുകയും പ്രകൃതി വിരുദ്ധ സമീപനങ്ങളില്‍ നിരന്തരം ഏര്‍പെടുകയും ചെയുതു.

ഭൂമിയിലെ വായു, ജലം, മണ്ണ്‌ ഇവയെല്ലാം അവന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ മലീമസമാക്കപ്പെടുകയും നാം അധിവസിക്കുന്ന ഭൂമി ഉപഭോഗ സംസ്‌കാരത്തിന്‍റെ പിരിണിത ഫലമായി ഒരു മാലിന്യ കൂമ്പാരമായി മാറുകയും ചെയ്യുന്ന ദയനീയ അവസ്ഥ നമുക്ക്‌ ബോധ്യപ്പെടുകയാണ്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ലോകത്തിന്‌ നഷ്ടമായത്‌ മൊത്തം തണ്ണീര്‍ തടത്തിന്‍റെ 87 ശതമാനമാണെന്നത്‌ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമായി നിലകൊള്ളുന്നു. പ്രകൃതി വിഭവങ്ങളുടെ അമിതവും വിവേചനം കൂടാതെയുമുള്ള ചൂഷണം, വർധിച്ചു വരുന്ന വന നശീകരണം, ഇതര ജീവജാലങ്ങളുടെ ആവാസയിടങ്ങളിലേക്കുള്ള കടന്ന്‌ കയറ്റവും അവയുടെ നശീകരണവും, വായു ജലം കര ഇവയുടെ ഭീകരമായ മലിനീകരണം ഇവയെല്ലാം തന്നെ പ്രകൃതിയുടെ സ്വാഭാവിക സവിശേഷത താറുമാറാക്കപ്പെടുകയും പ്രകൃതിക്ക്‌ തന്നെ അതിന്‍റെ സ്വാഭാവിക 'റെസിലിയന്‍സ്‌' എന്ന ശേഷി നഷ്ടപ്പെടുകയും ചെയ്‌തു. മനുഷ്യന്‍ ഉണ്ടാക്കുന്ന ചെറിയ മുറിവുകള്‍ പോലും വലിയ വൃണങ്ങളായി രൂപാന്തരപ്പെട്ടു. ഇത്തരം മുറിവുകള്‍ ഉണക്കുവാനുള്ള ലേപനങ്ങളുടെ പ്രായോഗമാണ്‌ ആവാസ വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ എന്ന പ്രമേയത്തിന്‍റെ വിവക്ഷ.

അനന്തരഫലമായി പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും പരിണിത ഫലമായി കാലാവസ്ഥാ പ്രക്ഷോഭങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍ എന്നിവ സര്‍വ സാധാനണയായി മാറുകയും ചെയ്‌തു. പ്രകൃതി ദുരന്തങ്ങളുടെ കണക്ക്‌ പരിശോധിക്കുമ്പോള്‍ 1999 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ക്ലൈമറ്റ്‌ റിസ്‌ക്‌ ഇന്‍ഡക്‌സിന്‍റെ സൂചികയില്‍ വരുന്ന ആദ്യ പത്ത്‌ രാഷ്ട്രങ്ങളില്‍ ഏഴെണ്ണവും ഏഷ്യന്‍ രാഷ്ട്രങ്ങളാണ്‌. (ജര്‍മന്‍ വാച്ച്‌).

ജൈവ വൈവിധ്യങ്ങളുടെ നശീകരണം, കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കിട നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി മലിനീകരണം എന്നിങ്ങനെ മര്‍മ്മ പ്രധാനമായ മുന്ന്‌ അടിസ്ഥാന കാരണങ്ങളാണ്‌ നാം ഇന്ന്‌ കാണുന്ന എല്ലാ പ്രശ്‌നങ്ങളുടെയും ആധാര ശിലകള്‍. ലിവിങ്‌ പ്ലാനറ്റ്‌ റിപ്പോര്‍ട്ട്‌ 2020 പ്രകാരം ജൈവ വൈവിധ്യ നഷ്ടത്തിന്‌ നിദാനമായി വര്‍ത്തിക്കുന്ന ഘടകങ്ങള്‍ പ്രധാനമായും കരയുടെയും കടലിന്‍റെയും സ്വാഭാവിക ഉപയോഗങ്ങളില്‍ നിന്നുള്ള വ്യതിചലനം, മലിനീകരണം, അമിതമായ ചൂഷണം, കാലാവസ്ഥാ വ്യതിയാനം, ആക്രമണാത്മക ഇനം സ്‌പിഷീസുകളുടെ (ഇന്‍വാസീസി സ്‌പിഷീസ്‌) കടന്ന്‌ വരല്‍ എന്നിവയാണ്‌.

ലോക പരിസ്ഥിതി ശാസ്‌ത്രജ്ഞരുടെ മുന്നറിയിപ്പ്‌ പ്രകാരം വരുന്ന ദശകം ഭുമിയുടെ വീണ്ടെടുപ്പിനായുള്ള അവസാനത്തെ അവസരമായി വേണം കണക്കാക്കാം. നിരവധി മാര്‍ഗങ്ങളും നിര്‍ദേശങ്ങളും സമര്‍പിക്കുന്നുണ്ടെങ്കിലും 'നില നില്‍പിനായുള്ള വിദ്യാഭ്യാസത്തിന്‌ പാഠ്യ പദ്ധതിയുടെ ഹരിത വല്‍കരണം' (ഗ്രീനിങ്‌ ദ കരിക്കുലം) എന്ന പ്രമേയത്തിന്‌ പ്രസക്തിയേറുന്നു. വര്‍ത്തമാന തലമുറ വരുത്തിവച്ച വിനാശ വിധ്വംസക സംസ്‌കാരത്തിന്‌ പ്രായിശ്ചിത്തമായി വിദ്യാഭ്യാസ പ്രക്രിയയെ ഏറ്റവും കരുത്തുറ്റ ഉപകരണമായി മാറ്റേണ്ടതുണ്ട്‌.

ഇന്ത്യയില്‍ പരിസ്ഥിതി പഠനം പ്രീ പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള എല്ലാ മേഖലകളിലും നിര്‍ബന്ധമാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പോലും അവയെല്ലാം സാമ്പ്രദായിക സംവിധാനങ്ങളായി നിലകൊള്ളുന്നു എന്നർഥം. മഹാമാരിയുടെ വര്‍ത്തമാനത്തില്‍ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ രീതികളും മാര്‍ഗങ്ങളും തേടുന്ന പശ്ചാത്തലത്തില്‍ പാഠ്യ പദ്ധതിയുടെ ഹരിത വല്‍കരണം എന്ന ആശയത്തിന്‌ പ്രസക്തിയേറുന്നു. ലേക ചരിത്ര ഭൂമികയില്‍ ഒരു പ്രദേശത്തിന്‍റെ ഹരിതവല്‍കരണവും സുസ്ഥിര വികസന ശ്രമങ്ങളും മുന്നോട്ട്‌ കൊണ്ടുപോകുന്നതില്‍ പിഞ്ചു മനസ്സുകള്‍ തുടങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ അടക്കമുള്ളവര്‍ വഹിച്ചു വരുന്ന പങ്ക്‌ വെറുതെയല്ലെന്ന്‌ കാണാവുന്നതാണ്‌. ഹ്യൂമണ്‍ ഹാപിനസ്‌ ഇന്‍ഡക്‌സ്‌ എന്ന്‌ സൂചിക വികസനത്തിന്‍റെ കുതിപ്പ്‌ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന സൂചികയായി ഉയര്‍ത്തി കൊണ്ടുവരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇതിന്‍റെ പ്രസക്തി എടുത്ത്‌ പറയേണ്ടതാണ്‌. വ്യക്തിയുടെ പരിസ്ഥിതി ഉത്തരവാദിത്തങ്ങള്‍, സാമ്പത്തിക ആരോഗ്യം, സാംസ്‌കാരിക സമന്വയം, സാമൂഹിക അവസര സമത്വം തുടങ്ങി വിവിധങ്ങളായ ധര്‍മങ്ങളുടെ പുര്‍ത്തീകരണം സാധ്യമാകുമ്പോള്‍ മാത്രമേ സുസ്ഥിര വികസനം എന്ന്‌ സങ്കല്‍പം സാക്ഷാല്‍കരിക്കപ്പെടുകയുള്ളൂ.

നാം അധിവസിക്കുന്ന ഭൂമിയും അവയിലെ വിഭവങ്ങളും ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാം എന്ന അവകാശം നമുക്കുള്ളത്‌ പോലെ, അവയെല്ലാം വരും തലമുറക്ക്‌ കൂടി നീക്കിവെക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്വം ഓരോ വ്യക്തിയും കുടുംബവും രാഷ്ട്രവും മനുഷ്യരാശി മൊത്തമായും ഉള്‍കൊണ്ട്‌ പ്രവര്‍ത്തിക്കുമ്പോഴാണ്‌ സുസ്ഥിര വികസനം പ്രയോഗ തലത്തില്‍ നിറവേറ്റപ്പെടുന്നത്‌. ആവാസ വ്യവസ്ഥയിലെ ചെറുതും വലുതുമായ ഓരോ കണ്ണിയും സുനിശ്ചിതവും സുപ്രധാനവുമായ കര്‍തൃത്വ നിര്‍വഹണത്തിന്‌ കാരണമാകുന്നുവെന്നും പ്രസ്‌തുത ജീവിയുടെ അല്ലെങ്കില്‍ കണ്ണിയുടെ സ്ഥാന മാറ്റമോ അല്ലെങ്കില്‍ വേര്‍പിരിയലോ പ്രവചനാതീതമായ അനന്തര ഫലങ്ങള്‍ക്ക്‌ കാരണമാകുന്നുവെന്ന സത്യം ലോക ചരിത്ര താളുകളില്‍ വിസ്‌മരിക്കാനാകാത്ത വിധം രേഖപ്പെടുത്തിയിട്ടുള്ളതാണ്‌. ഭൂമിയില്‍ നിന്നും അന്യമാകുന്ന ഓരോ ജീവിയും ഹോമോസാപിയന്‍സ്‌ എന്ന മനുഷ്യ ജീവിയുടെ വരും വിനാശ കാലത്തേക്കുള്ള മുന്നറിയിപ്പായി മനസ്സിലാക്കുവാനുള്ള ഉള്‍കാഴ്‌ച നല്‍കാന്‍ പാഠ്യപദ്ധതികള്‍ക്കാവണം. അല്ലാത്ത പക്ഷം ഇക്കോ പെഡഗോഗി, സുസ്ഥിര വികസന വിദ്യാഭ്യാസം, പരിസ്ഥിതി വിദ്യാഭ്യാസം എന്നിവയെല്ലാം കേവലം സൗന്ദര്യാത്മക സമീപനങ്ങളായി മാത്രം അവശേഷിക്കും.

പഠനം വിദ്യാലയങ്ങളില്‍ നിന്നും വീടുകളിലേക്ക്‌ മാറുന്ന വര്‍ത്തമാനത്തിന്‍റെ രീതി ശാസ്‌ത്രത്തില്‍ പരിസ്ഥിതി ദിനാചരണം പോലും ഒരു തരം യാന്തികമായ ഡിജിറ്റല്‍ ഡിസ്‌പൊസിഷന്‍ ആയി മാറിക്കൂടാ. പരിസ്ഥിതിയും പരിസ്ഥിതിയെ കുറിച്ചുള്ള അറിവുകളും അവബോധവും ഓരോ വ്യക്തിയിലും ശരിയായ മനോഭാവം വളര്‍ത്തിയെടുക്കുന്നതിലും അതുവഴി തന്‍റെ പരിമിതമായ ഇടങ്ങളില്‍ നിന്നും തുടങ്ങി പ്രപഞ്ചമെന്ന വലിയ തലത്തിലേക്ക്‌ ഉയര്‍ത്തുന്ന പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുത്താന്‍ തരത്തിലുള്ള കെല്‍പുറ്റവയായിരിക്കണം. പഠന പ്രക്രിയയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ (ലേണിങ്‌ ഇക്കോ സിസ്‌റ്റം) നഷ്ടമാകുന്ന വര്‍ത്തമാനത്തിന്‍റെ പഠന രീതിയില്‍ ഏറ്റവും പരമ പ്രധാനമായ കര്‍ത്തവ്യമായി വേണം പാഠ്യപദ്ധതിയുടെ ഹരിതവല്‍കരണവും അതുവഴി ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനവും സാധ്യമാകേണ്ടത്‌.

"എല്ലാവരുടെയും ആവശ്യം നിറവേറ്റുവാനുള്ളതെല്ലാം ഇവിടെയുണ്ട്‌. എന്നാല്‍ ആര്‍ത്തി അടക്കുവാനുള്ളതില്ല" എന്ന ഗാന്ധി പാഠം വീണ്ടും വീണ്ടും നമ്മിലും നമ്മളുടെ മക്കളുടെ മനസ്സിലും ആഴത്തില്‍ പതിയേണ്ടതുണ്ട്‌. എങ്കില്‍ മാത്രമേ "ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം" എന്ന സ്വപ്‌നം സാക്ഷാല്‍കരിക്കപ്പെടുകയുള്ളൂ. മുന്‍കൂട്ടി കാണാനും കാലേക്കൂട്ടി തടയിടാനുമുള്ള കഴിവ്‌ മനുഷ്യന്‌ നഷ്ടപ്പെട്ടിരിക്കുന്നു; ലോകത്തെ സ്വയം നശിപ്പിച്ച്‌ അവന്‍ സ്വയം നശിക്കുമെന്ന ആല്‍ബര്‍ട്ട്‌ ഷ്വയ്‌റ്റ്‌സറിന്‍റെ മുന്നറിയിപ്പ്‌ നമുക്ക്‌ അവഗണിച്ച്‌ കൂടാ.

ലക്ഷോപലക്ഷം ജീവജാലങ്ങളും അവയോട്‌ ബന്ധപ്പെട്ട്‌ കിടക്കുന്ന ഒട്ടനവധിയായ ഘടകങ്ങളും ഇവയെല്ലാം ഉള്‍കൊള്ളുന്ന ഒരാവാസ വ്യവസ്ഥ മനസ്സില്‍ രൂപം കൊള്ളുകയും അവയുടെ സംരക്ഷണത്തിന്‌ വ്യക്തിയെ പര്യപ്‌തമാക്കുന്ന ഒരു പാഠ്യപദ്ധതിക്ക്‌ മാത്രമേ സുസ്ഥിരമായ ഒരു സാമൂഹിക പ്രയാണം സാധ്യമാകുകയുള്ളൂ. കഴിഞ്ഞ കാല അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍കൊണ്ട്‌ വര്‍ത്തമാനത്തില്‍ ക്രിയാത്മകമായി ഇടപെടല്‍ നടത്തി ഭാവിയിലേക്കുള്ള യാത്ര ഉറച്ച കാല്‍വെപ്പുകളോടെ നമുക്ക്‌ മുന്നേറാം. അതിലേക്കുള്ള ഒരു പ്രതിജ്ഞ പുതുക്കലാവട്ടെ ഈ പരിസ്ഥിതി ദിന ചിന്തകള്‍!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world environment day​Covid 19Ecosystem Restoration
News Summary - Recovery of natural habitat: covid background
Next Story