ഏതു മതംമാറ്റത്തെയാണ് സംഘ്പരിവാർ എതിർക്കാത്തത്?
text_fieldsഹാദിയ സംഘ്പരിവാറിന് ഒരു നിയമയുദ്ധവും പ്രചാരണ യുദ്ധവുമായിരുന്നു. ഇത് രണ്ടും പരസ്പരബന്ധിതവുമാണ്. നേരത്തേ പതുക്കെയും കോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തിൽ ശക്തമായും അവർ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം ഞങ്ങൾ മതംമാറ്റത്തിനോ പ്രണയത്തിനോ മിശ്രവിവാഹത്തിനോ എതിരല്ല; ഹാദിയയുടെ മതംമാറ്റത്തെയും വിവാഹത്തെയും എതിർക്കുന്നത് അതിന് ഭീകരബന്ധമുള്ളതുകൊണ്ടാണെന്നാണ്. പുതിയ കാലത്ത് നട്ടാൽ മുളക്കുന്ന നിരവധി കള്ളപ്രചാരണങ്ങളിൽ ഒന്നു മാത്രമാണിത്. രണ്ടു ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഭൂരിപക്ഷസമൂഹത്തിൽ മുസ്ലിംകൾക്കെതിരെ വെറുപ്പും ഭീതിയും വളർത്തുകയാണ് മുഖ്യമായത്. പരസ്യമായി മാത്രമല്ല, ചുണ്ടോടു ചുണ്ട് പ്രചാരണവും ഇതിലെ പ്രധാന ഉപകരണമാണ്. രണ്ടാമത്തേത് മുഖം മിനുക്കലാണ്. മതംമാറ്റത്തിന് എതിരല്ല, ഭീകരബന്ധമുള്ള മതംമാറ്റത്തിനാണ് എതിര് എന്നത് ഇത്തരത്തിലുള്ള പ്രചാരണം മാത്രമാണ്.
രണ്ടാം വാജ്പേയി ഗവൺമെൻറിെൻറ കാലത്താണ് മതംമാറ്റത്തെക്കുറിച്ച് ദേശീയ സംവാദം വേണമെന്നും മതംമാറ്റത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രിതന്നെ ആവശ്യപ്പെട്ടത്. 1999 ജനുവരി 22ന് ഗ്രഹാം സ്റ്റൈൻ എന്ന ബാപ്റ്റിസ്റ്റ് മിഷനറിയെയും രണ്ട് കുഞ്ഞുമക്കളെയും ഒഡിഷയിൽ ജീവനോടെ ചുട്ടെരിച്ചു. പരിവാർ സംഘടനയായ ബജ്റങ്ദളിെൻറ നേതാവ് ധാരാസിങ് നയിച്ച സംഘമായിരുന്നു കൃത്യം നടത്തിയത്. 2008ൽ ഒഡിഷയിലെ കണ്ഡമാലിൽ ക്രിസ്തുമതം സ്വീകരിച്ച ആദിവാസികൾക്കെതിരെ സംഘ്പരിവാർ നടത്തിയ ആക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടു. 2000ത്തിലധികം പള്ളികൾ തകർത്തു. ആറായിരം വീടുകൾ കൊള്ളയടിച്ചു. 56,000 പേർ ഭവനരഹിതരായി. ഏത് ഭീകരാക്രമണത്തിെൻറ പേരിലാണ് ദേശീയ അപമാനമെന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് വിശേഷിപ്പിച്ച മതംമാറ്റത്തെ ചൊല്ലിയുള്ള ഈ പൈശാചിക ആക്രമണം നടന്നത്?
കൊടിഞ്ഞിയിലെ ഫൈസലായി മാറിയ അനിൽകുമാറെന്ന ചെറുപ്പക്കാരന് ജീവൻതന്നെ ബലി നൽകേണ്ടിവന്ന ഭീകരബന്ധം ഏതായിരുന്നു? എറണാകുളം ജില്ലയിലെ പറവൂരിൽ വീടുകൾ കയറി മതപ്രബോധനം നടത്തിയ ഗ്ലോബൽ വിസ്ഡം മുജാഹിദ് പ്രവർത്തകരെ പുറത്തുനിന്ന് വന്ന ആർ.എസ്.എസുകാർ ആൾക്കൂട്ടാക്രമണത്തിന് വിധേയരാക്കിയത് ഒരു ഭീകരാക്രമണത്തിെൻറയും പേരിലായിരുന്നില്ലല്ലോ. ഐ.എസിനെതിരായ ലഘുലേഖയായിരുന്നു അവർ വിതരണം ചെയ്തതിൽ ഒന്ന്. സാകിർ നായിക്കിനും എം.എം. അക്ബറിനുമെതിരായ നീക്കങ്ങളുടെയും യഥാർഥ കാരണം ഭീകരതയും സായുധപ്രവർത്തനവുമൊന്നുമായിരുന്നില്ല; മതപ്രബോധനമായിരുന്നു. എല്ലാ മതപ്രബോധനങ്ങളെയും മതംമാറ്റങ്ങളെയും തീവ്രവാദം, ഐ.എസ്, സിറിയയിലേക്ക് പോകൽ എന്നിവയുമായി ബന്ധിപ്പിച്ച് സാമ്രാജ്യത്വം സൃഷ്ടിച്ചു വിജയിച്ച ഇസ്ലാമോഫോബിയയുടെയും ഭീകരതക്കെതിരായ യുദ്ധത്തിെൻറയും (War on Terror) അന്തരീക്ഷ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി തടയാൻ ശ്രമിക്കുകയാണ് യഥാർഥത്തിൽ സംഘ്പരിവാർ ചെയ്യുന്നത്.
കഴിഞ്ഞ യു.ഡി.എഫ്, എൽ.ഡി.എഫ് ഗവൺമെൻറിെൻറ കാലത്തും ഇസ്ലാം ആേശ്ലഷിച്ചവരെ കേരള പൊലീസ് നിരന്തരമായി ശല്യം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. വീട്ടിൽ പരസ്പര സ്നേഹത്തോടെ മാതാപിതാക്കൾക്കൊപ്പം ജീവിക്കുന്ന ഇത്തരം ആളുകളെ പൊലീസ് വീടുകളിൽ ചെന്ന് രക്ഷിതാക്കളെ ഭയപ്പെടുത്തി ഇവർക്ക് ഭീകര ബന്ധമുണ്ടെന്ന് ഭീതിപരത്തി സിറിയയിലേക്ക് പോകുമെന്ന് ആശങ്ക സൃഷ്ടിച്ച് പരാതികൾ എഴുതി വാങ്ങി. പലപ്പോഴും പൊലീസ് തന്നെ പരാതി എഴുതിയുണ്ടാക്കി മാതാപിതാക്കളെകൊണ്ട് ഒപ്പ് വാങ്ങിച്ച് പരാതികളുണ്ടാക്കി വേട്ടയാടുന്ന നിരവധി അനുഭവങ്ങൾ കേരളത്തിലുണ്ട്. സംഘ്പരിവാറിനും അതിെൻറ ഉപകരണമായ അധോരാഷ്ട്രത്തിനും പ്രശ്നം മതപരിവർത്തനത്തിലെ ആരോപിക്കപ്പെടുന്ന ഭീകരബന്ധങ്ങളല്ല; മതപരിവർത്തനം തന്നെയാണ്. ഇത് സത്യസന്ധമായി തുറന്നുപറഞ്ഞ് സംവാദത്തിന് സന്നദ്ധമാവാനാണ് സംഘ്പരിവാർ തയാറാകേണ്ടത്. പക്ഷേ, ഇതുവരെ നടന്ന സംവാദത്തിൽ ഫാഷിസ്റ്റുകൾക്കെതിരെ ജനാധിപത്യ വാദികൾ നേടിയ ഒരു വിജയമുണ്ട്. സംവാദത്തിൽ തോൽക്കാതിരിക്കാനും മുഖം മിനുക്കാനുമാണെങ്കിലും ഞങ്ങൾ മതംമാറ്റത്തിനെതിരല്ലെന്ന് സംഘ്പരിവാറിനു പറയേണ്ടിവന്നു എന്നതാണത്.
വംശീയ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന സംഘ്പരിവാറിന് എന്തിനോട് സഹിഷ്ണുത പുലർത്താൻ സാധിച്ചാലും മതത്തെക്കുറിച്ച സംവാദങ്ങളോടും മനഃപരിവർത്തനങ്ങളോടും സഹിഷ്ണുത പുലർത്താൻ കഴിയില്ല.ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും കോടതി അംഗീകരിച്ചു. ഹാദിയയുടെ മതംമാറ്റത്തെ തടയാൻ തീവ്രവാദബന്ധം ആരോപിക്കുകയാണ് സംഘ്പരിവാർ ചെയ്തത്. നമ്മുടെ സാമൂഹിക കാലാവസ്ഥയിലും നീതിന്യായ വ്യവസ്ഥയിലും ഒരു വ്യക്തിക്കോ സംഘടനക്കോ സംഭവത്തിനോ നേരെ തീവ്രവാദം ആരോപിക്കപ്പെട്ടാൽ നിയമപരമായി അത് സങ്കീർണവും സാധാരണമല്ലാത്തതുമായ പ്രക്രിയകളിലേക്ക് നീങ്ങും. പിന്നെ പരമോന്നത നീതിപീഠത്തിനു പോലും എളുപ്പത്തിലും സാധാരണ രീതിയിലും തീർപ്പുകൾ കൽപിക്കാൻ കഴിയില്ല. കാരണം, തീവ്രവാദത്തിെൻറ മറുപക്ഷം രാഷ്ട്ര സുരക്ഷയാണ്. രാഷ്ട്രസുരക്ഷയുടെ കസ്റ്റോഡിയൻ ഗവൺമെൻറാണ്. രാഷ്ട്ര സുരക്ഷ ഉന്നയിക്കപ്പെടുന്ന കേസുകളിൽ പൊതുവിൽ പൗരാവകാശത്തിെൻറ സംരക്ഷകരായ കോടതികൾ വളരെ സാവധാനം മാത്രം ഇടപെടുന്നതിെൻറ കാരണമതാണ്.
തീവ്രവാദാരോപണമെന്നത് രാഷ്ട്രീയ നിരപേക്ഷമായ ഒന്നല്ല. ഒരു കേസിൽ തീവ്രവാദം ആരോപിക്കണമോ വേണ്ടയോ എന്നതിന് നിയമപരമായി നിയതമായ മാനദണ്ഡമൊന്നുമില്ല. അത് ഒരു രാഷ്ട്രീയ തീരുമാനമാണ്. ഡൽഹി ജാമിഅ മില്ലിയ്യ അധ്യാപികയും പൗരാവകാശ പ്രവർത്തകയുമായ മനീഷാ സേഥിയുടെ വാക്കുകളിൽ ഭരണകൂടത്തിെൻറ പ്രത്യയശാസ്ത്രപരമായ ചായലുകളാണ് തീവ്രവാദെത്തയും തീവ്രവാദികളെയും നിർണയിക്കുന്നത്. അവർ ചൂണ്ടിക്കാട്ടിയതുപോെല ഗുജറാത്തിൽ 2012ൽ വംശഹത്യ നടത്തിയ ആരെയും ‘പോട്ട’ പ്രകാരം വിചാരണ ചെയ്തിട്ടില്ല. കേസ് കേട്ട ജഡ്ജിയെ വധിച്ചു എന്ന ആരോപണം വരെ ജഡ്ജിയുടെ കുടുംബം ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഗോധ്ര തീവണ്ടി തീവെപ്പു കേസിൽ പ്രതികൾക്ക് ‘പോട്ട’ പ്രകാരം കടുത്ത ശിക്ഷ ലഭിച്ചു. ഗോധ്ര തീവെപ്പ്, കലാപം നടത്താൻ കലാപകാരികൾതന്നെ നടത്തിയതാണെന്ന വാദമുഖം ധാരാളം പൗരാവകാശ പ്രവർത്തകരും സ്വതന്ത്ര അന്വേഷകരും മതേതര മാധ്യമങ്ങളും ഉന്നയിച്ചുകൊണ്ടിരിക്കെതന്നെയാണ് ഇത് സംഭവിച്ചത് എന്നതും ഓർക്കേണ്ടതാണ്. ഭീകരവാദാരോപണം ഉണ്ട് എന്നതുകൊണ്ട് ഞങ്ങൾ പറഞ്ഞതാണ് ശരി എന്ന ഹാദിയ കേസിലെ സംഘ്പരിവാർ പ്രചാരണം ഒരു രാഷ്ട്രീയത്തെ ദേശസുരക്ഷയുടെ പേരിൽ സർവസമ്മതമാക്കാനുള്ള ശ്രമമാണ്. ഭീകരവാദാരോപണം ഉന്നയിക്കുന്ന സർക്കാറുകൾക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. ഈ രാഷ്ട്രീയം മറച്ചുവെച്ച് തീവ്രവാദാരോപണത്തെ പ്രകൃതിസത്യം പോലെ അവതരിപ്പിക്കാനുള്ള ശ്രമം ഒരു പ്രത്യേക രാഷ്ട്രീയത്തിെൻറ ഒളിച്ചുകടത്തലാണ്. നോട്ടു നിരോധനമടക്കം ഒളിച്ചുകടത്തിയത് ഈ പേരിലായിരുന്നു. തീവ്രവാദം ആരോപിക്കപ്പെട്ടു എന്നതുകൊണ്ടുമാത്രം വിഷയം വേറെയാണ് എന്നു പറയുന്നത് അപഹാസ്യമാണ്.
തീവ്രവാദാരോപണത്തിെൻറ രാഷ്ട്രീയം തിരിച്ചറിയുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടതിെൻറ ഫലമാണ് ഇത്തരം കാര്യങ്ങളിൽ വ്യക്തതയുള്ള നിലപാടുകൾ സ്വീകരിക്കാൻ അവർക്കു കഴിയാതെ പോകുന്നതും ഫലത്തിൽ സംഘ്പരിവാറിെൻറ പക്ഷത്തുതന്നെ അവർക്കു നിൽക്കേണ്ടിവരുന്നതും. ഈ നിലപാടില്ലായ്്മയുടെയും അപകടരാഷ്ട്രീയത്തിെൻറയും വിളയാട്ടമായിരുന്നു ഹാദിയ കേസിൽ സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് സുപ്രീംകോടതിയിൽ കണ്ടത്. സംസ്ഥാന സർക്കാറിെൻറ ഭാഗമായ വനിത കമീഷെൻറ അഭിഭാഷകൻ ഹാദിയക്കനുകൂലമായി സംസാരിക്കുകയും കേരള സർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഹാദിയക്കെതിരെ എൻ.ഐ.എയുടെ പക്ഷത്തുനിന്ന് ഇടപെടുകയും ചെയ്തത് ഇതിെൻറ ഫലമാണ്.
ആരോപിക്കപ്പെടുന്ന ഒരു കേസിലും തീവ്രവാദ ഘടകങ്ങളില്ല എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ബോധംകൊണ്ട് ഈ രാഷ്ട്രീയത്തെ പ്രതിരോധിക്കാനാകില്ല. വിഷയത്തിൽ സാമൂഹിക ഇടപെടലുകളും കോടതി നടപടികളും തുടരട്ടെ എന്നുമാത്രമേ പറയാൻ കഴിയൂ. സാമൂഹിക സംവാദങ്ങളും ഇടപെടലുകളും കോടതിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ കൂടിയാണ്. കോടതി അധീശബോധങ്ങളിൽനിന്ന് പരിശുദ്ധമായ ഒരു ഏജൻസിയല്ല. സോഷ്യലിസം പ്രമാണമായി എഴുതിവെച്ച ഇന്ത്യൻ ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി നീതി നിർവഹിക്കുന്ന കോടതികൾ 1990ലെ ആഗോളീകരണ നടപടികൾക്കു ശേഷം എത്ര വേഗത്തിലാണ് കോർപറേറ്റുകൾക്ക് അനുകൂലമായി വിധികൾ പറയാൻ തുടങ്ങിയത്. അധീശഭാവനകളുടെ തടവിൽനിന്ന് കോടതിയും മോചിതമല്ല എന്ന് ചുരുക്കം. ലോകം ഭരിക്കുന്ന ഇസ്ലാമോഫോബിയ എത്രയെങ്കിലും പരിധിവരെ ന്യായാസനങ്ങൾക്കും ബാധകമാണ്. ഈ നിഷ്കൃഷ്്ടമായ യാഥാർഥ്യബോധത്തോടെയാണോ പല ഗ്രൂപ്പുകളും സമൂഹത്തിലും സംഭവങ്ങളിലും ഇടപെടുന്നത് എന്ന ചോദ്യം പ്രസക്തമാണ്. എല്ലാ പരിമിതികൾക്കിടയിലും കോടതിയിൽ പൊരുതുകയും കോടതിയെ കാത്തിരിക്കുകയും കോടതിയെ അംഗീകരിക്കുകയും ചെയ്യുക എന്നതുതന്നെയാണ് പോംവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.