മതജീവിതച്ചുമരിലെ കോവിഡെഴുത്തുകൾ
text_fieldsസാമൂഹിക അകലം ആഗ്രഹിച്ചു വീട്ടിൽനിന്നൽപം അകലെയുള്ള ഒരു ഗുഹയിൽപോയി ഒറ്റക്കിരുന്ന ഒരു മനുഷ്യനോട് ദൈവം സംസാരിച്ചു എന്നും വായിക്കാം പ്രവാചകനുള്ള ദൈവിക വെളിപാടിെൻറ സന്ദർഭത്തെ. കൂടെപ്പുലരുന്ന ലോകത്തിെൻറ വ്യാധികൾ സ്വന്തം ആത്മാവിലേക്കു പകരാതിരിക്കാനുള്ള അദ്ദേഹത്തിെൻറ മുൻകരുതൽ കൂടിയായിരുന്നു ആ തനിച്ചിരിക്കൽ എന്നാണ് ചരിത്രപാഠം. അങ്ങനെ വ്യക്തിയുടെ ഒറ്റക്കിരിക്കൽ ദൈവാനുഭവമായി പരിണമിച്ചതാണു വേദഗ്രന്ഥമായ ഖുർആെൻറ അവതരണമുഹൂർത്തം. സമീപസ്ഥലോക(Immediate World)വുമായി കെട്ടുപിണഞ്ഞ ജീവിതത്തിൽ പ്രപഞ്ചാനുഭവത്തിെൻറ ഒരു ചെറുപതിപ്പി(Microcosm)ൽ അകപ്പെടുന്ന വ്യക്തിതന്നെയാണ് അതിൽനിന്നു വിടുതൽ നേടുന്നേരം പ്രപഞ്ചശക്തിയുമായുള്ള സംസാരശേഷി കൈവരിക്കുന്നതും. അവനവെൻറ ആത്മീയതയും സംവേദനക്ഷമതയും സാക്ഷാൽകൃതമാകുന്ന വിധമാണത്. കോവിഡ് കാലത്തെ മുസ്ലിംകളുടെ മതജീവിതം അവനവനും ദൈവത്തിനും ഇടയിലെ തിരശ്ശീല നീങ്ങുന്ന സാധനയായി തീർന്നതാണു ഇക്കഴിഞ്ഞ നോമ്പുകാലത്തെ വിശേഷങ്ങളിലൊന്ന്. നോമ്പ് കഴിഞ്ഞു, പെരുന്നാളും കഴിഞ്ഞു, പുരനാളുകള്(Stay Home) തുടരുന്നു. കൊറോണ ബാധിച്ചു മാറുന്ന ജീവിതാനുഭവങ്ങളില്‍ മനുഷ്യരുടെ മതാനുഭവവും പെടുന്നു.
വരാനിരിക്കുന്ന ലോകജീവിതത്തിെൻറ മുന്‍കൂറായി ലഭിക്കുന്ന അനുഭവം പോലെയുണ്ട് കോവിഡ് കാലത്തെ മാറ്റങ്ങള്‍. ഭാവിയുടെ സാധ്യതകള്‍, സാധുതകൾ എല്ലാം അൽപാൽപമായി വെളിപ്പെട്ടുവരുന്നു. ലോകാവസ്ഥ, കാലാവസ്ഥ, സാമൂഹിക ജീവിതം, സമ്പദ്വ്യവസ്ഥ, തൊഴില്‍, ഉപജീവനം എന്നിവയെല്ലാം പുതിയ രീതികളിലേക്കും ശീലങ്ങളിലേക്കും നിര്‍ണയിക്കപ്പെടാം, ഇപ്പോള്‍ സാധ്യമായ വീട്ടിലിരുന്നു പണിയെടുക്കല്‍(Work from Home) നാളത്തെ തൊഴില്രീതിയായി നിജപ്പെടുത്തപ്പെട്ടേക്കാം എന്നതുപോലെ. ആളുകളുടെ ആത്മീയ ജീവിതത്തിലെ അനുകൂലമാറ്റങ്ങള്ക്കും ഒരു വൈറസ് ഹേതുവായതിനെ നോമ്പുകാലത്തെ കേരള മുസ്ലിം ജീവിതം പലതരങ്ങളില്‍ ഉദാഹരിക്കുന്നുണ്ട്.
മതാനുഭവം കൂടുതല്‍ സ്വകാര്യവും ഗാര്ഹികവുമായിത്തീര്ന്നതാണതിൽ മുഖ്യം. റമദാൻ അതിെൻറ ഇതഃപര്യന്തമായ അനുഭവമായി. മതകാര്യങ്ങളിൽ സാധാരണ കണ്ടുവരാറുള്ള പിടിവാശികൾ തീരെ ഇല്ലാതെയുമായിരുന്നു അത്. വിശ്വാസം, ആരാധനകള്‍, അനുഷ്ഠാനങ്ങൾ എല്ലാം പൂര്‍ത്തീകരിക്കാനുള്ള അസാധാരണ മാര്‍ഗങ്ങൾ ആളുകൾക്ക് കണ്ടെത്തേണ്ടതുണ്ടായിരുന്നു. അപ്പോഴും ഏറ്റവും മനോഹരമായ പുതുമകള്‍ പാരമ്പര്യത്തിനകത്ത് നിന്നുതന്നെയാണ് വന്നത്. ‘നിങ്ങള്‍ വീടുകളില്‍ നിന്നുതന്നെ നമസ്കരിക്കൂ’ എന്ന വചനം ബാങ്കുവിളിയിലേക്കു തിരികെയെത്തിയതുപോലെ. അദൃശ്യഭീഷണി മൂലം ആളുകള്‍ നേരിട്ട ഐഹികമായ അനിശ്ചിതത്വത്തില്‍ മുസ്ലിംകള് അവരുടെ ആത്മീയ ആശ്വാസങ്ങള്‍ സ്വകാര്യമായി കണ്ടെത്തുക തന്നെ ചെയ്തു. കൂട്ടുപ്രാർഥനകൾ ഒറ്റക്കിരക്കലുകളായി. മതം, അതിെൻറ ആചാരവും അനുഷ്ഠാനവും ആത്മീയതയുമടക്കം ഗാര്‍ഹികമായി.
പള്ളികളില്‍നിന്നു ഇസ്ലാം വീട്ടിലേക്കു വന്നതുപോലെയായിരുന്നു അത്. പ്രവാചകകാലത്തെ അതിെൻറ ആവിര്ഭാവദശയിലേതു പോലെയെന്ന് ഈ മാറ്റത്തെ തിരിച്ചറിയുന്നവരുണ്ട്. വീട്ടില്‍നിന്നായിരുന്നു ഇസ്ലാമിെൻറ ആവിര്‍ഭാവം, വീട്ടുകാരിലേക്കായിരുന്നു അതിെൻറ ആദിമവ്യാപനം. കുടുംബമായിരുന്നു അതിെൻറ ആദ്യ വസതിയും താവളവും. പള്ളിയുണ്ടാവുന്നത് ഏറെക്കഴിഞ്ഞാണ്. കുടുംബത്തിലുള്ള ഊന്നല്‍ പ്രവാചകചര്യയില്‍ ഏറെയാണ്. ആദ്യത്തെ നാലു ഖലീഫമാരെ സ്വന്തം വീട്ടിലെ അംഗങ്ങളാക്കി മാറ്റുന്ന വിധം കുടുംബം എന്ന സ്ഥാപനത്തിലുള്ള പ്രവാചകരുടെ ഊന്നലും ശക്തമായിരുന്നു.
കുടുംബം ഒരു പ്രധാന ജീവിതവേദിയാണു മുസ്ലിമിന്. കോവിഡ് കാലത്തെ മുസ്ലിംകളുടെ വീട്ടടക്കത്തിൽ ഇങ്ങനെ ഒരു തിരിച്ചുവരവിെൻറ സാംഗത്യമുണ്ട്. പള്ളികൾ ദൈവത്തിെൻറ ഭവനങ്ങളായാണു മുസ്ലിംകൾ പഠിപ്പിക്കപ്പെടുന്നതെങ്കിലും; ഏതുണ്ട് അല്ലാഹുവിെൻറ പള്ളിയെന്നു കരുതാൻ പറ്റിയ ഒരാരാധനാലയം നാട്ടിൽ എന്ന സന്ദേഹം എക്കാലത്തുമുണ്ട്. എല്ലാ പള്ളികളും ഏതെങ്കിലും ഒരു മതസംഘടനയുടെ ഉടമസ്ഥതയിലും ഇംഗിതത്തിലുമാണ്. വീടുകളെ നിങ്ങൾ മഖ്ബറകളാക്കരുതെന്നൊരു ഉപദേശവും നബിയുടേതായുണ്ട്. വീടുകളെ ആളുകൾ ആരാധനാലയങ്ങളാക്കി മാറ്റി അതും ശിരസാവഹിച്ചു.
സംഘടന ഇസ്ലാമുകളായി പിരിഞ്ഞു തെരുവിൽ അനാഥവും പള്ളികളില്‍ ആചാരവുമായിക്കഴിഞ്ഞിരുന്ന ഇസ്ലാം വീടുകളിലേക്കു തിരിച്ചെത്തിയ ആത്മീയാനുഭവത്തിന് ഇങ്ങനെ ഒട്ടേറെ ഉള്ളടക്കമുണ്ട്. പള്ളിയിലെത്തിയില്ലെങ്കില് നിങ്ങൾ വിധിക്കപ്പെടാം, അതുകൊണ്ടു നിങ്ങള്‍ക്കവിടെ സമയത്തിനു മുഖം കാണിക്കേണ്ടതുണ്ട്. ഇങ്ങനെ എടുത്തണിയുന്ന വസ്ത്രം പോലെയായിരുന്നു മതം. വീട്ടിനുള്ളിലായതോടെ നിങ്ങളാരുടെയും നിരീക്ഷണത്തിലല്ല, എന്നിട്ടും മതജീവിതം സാധിച്ചവര്‍ ശരിക്കും ആചാരരൂപത്തില് നിന്നതിനെ ആത്മാവിഷ്കാരത്തിെൻറ ധന്യതകളില്‍ പുണര്‍ന്നവരാണ്. ഈ നോമ്പുകാലം അതു രേഖപ്പെടുത്തി. വീട്ടില്‍ ഇല്ലെങ്കില്‍ പുറത്തെവിടെ ഉണ്ടായിട്ടും ഫലമില്ലാത്തതാണല്ലോ ആത്മീയത. മനശ്ശാന്തിയും സമാധാനവും പുറത്തുനിന്നു കിട്ടുമെന്നു ധരിച്ചുവശായ ജീവിതത്തിൽ അത് അകത്തുതന്നെയുണ്ടെന്ന പാഠം പ്രാവർത്തികമായി.
പള്ളിയിൽ പോവാതെ ഒരു റമദാൻ കഴിച്ചുകൂട്ടുക മുസ്ലിംകളുടെ സങ്കൽപത്തിലേ ഇല്ലായിരുന്നു. പള്ളിക്കുള്ളിലെ സമൂഹനമസ്കാരങ്ങൾക്കു പകരം വീട്ടിനുള്ളിലെ കുടുംബനമസ്കാരങ്ങൾ വന്നു. മുക്രിയും ഇമാമും ഒക്കെ വീട്ടുകാരായി. വ്യക്തികൾ സ്വയം ആധ്യാത്മികപ്രാപ്തിയുള്ള ആളുകളായി മാറി. പെരുന്നാൾദിനം, ഇമാമുമാർ നിർവഹിക്കുന്ന ഖുതുബ (ഉപദേശഭാഷണം) നിർവഹിച്ചു അവർ ഖതീബുമാരായി. ഇങ്ങനെ മതപരമായ അനുഭവങ്ങളിൽ പലതിെൻറയും പതിവുതെറ്റി. പെരുന്നാളിെൻറ കമ്പോള അനുഭവവും ശോഷിച്ചു. ആഘോഷം ആരാധനയായി രൂപാന്തരപ്പെട്ടു. ജീവിതത്തിെൻറ കീഴ്മേല്‍ മറിയലുകള്‍ ആത്മീയകാര്യങ്ങളെയും മാറ്റിമറിക്കുന്നു. ആളുകൾ അതുമായി ഇണക്കം ശീലിക്കുന്നു. ഈ അനുഭവങ്ങളുടെ സൂചന മുസ്ലിമിെൻറ വ്യക്തിസത്തയിലേക്കാണ്, ആത്മീയത പുതുതായി നിർവചിക്കപ്പെടുന്നതിെൻറയാണ്. മതം എന്ന ആദര്ശത്തിെൻറ വലുപ്പം, അതിെൻറ സാർവലൗകികത, സമുദായത്തിെൻറ ഭാഗമായി നിൽക്കുന്ന സാമൂഹികത ഒക്കെയായിരുന്നു പ്രധാന ആത്മീയ വികാരവും പ്രചോദനവും ആയിരുന്നതെങ്കിൽ കോവിഡ് കാലത്തതിനു വ്യക്തിയുടെ ആന്തരികസന്തോഷത്തിെൻറ നുറുങ്ങായും ഒരധിക സാക്ഷാത്കാരം സാധ്യമായിരിക്കുന്നു.
ഇസ്ലാമിക സമുദായം, ഉമ്മത്ത്, എന്നാണ് ആ പരികൽപനയുടെ സുപരിചിത പദം. ആഗോള സാഹോദര്യമാണത്. അതിെൻറ ചെറുഘടകങ്ങളാണ് ഒരു മുസ്ലിമിെൻറ ജീവിതമണ്ഡലം. ഉമ്മത്ത് എന്ന ധാരണയുടെ സ്വാധീനം അതിശക്തമാണ്. ഒരുപക്ഷേ, മുസ്ലിംവ്യക്തി എന്ന വിചാരം പാടേ അപ്രത്യക്ഷമായിപ്പോകുന്നത്ര! എങ്കിലും മുസ്ലിംലോകത്തിെൻറ പുനരുജ്ജീവനത്തിനുള്ള ഏറ്റവും ലളിതമായ യൂനിറ്റാണ് മുസ്ലിം വ്യക്തി. ഇതു പുതിയ ആശയമല്ല. പാശ്ചാത്യമായ വ്യക്തിവാദത്തിെൻറ ചുവടുപിടിച്ചുമല്ല ഇത്. ഉമ്മത്ത് എന്ന നിരന്തരം ആവർത്തിക്കപ്പെടുന്ന ആശയത്തിെൻറ ഇടയിൽ തെളിഞ്ഞു കാണാതെപോയ മുസ്ലിംവ്യക്തി കോവിഡ്കാല റമദാനിൽ ഒരൽപം കൂടുതൽ ദൃശ്യത നേടിയതുകൊണ്ട് അയാളിലേക്കു ശ്രദ്ധ പതിയുന്നതാണ്. മുസ്ലിം എന്നത് സംഘടനാംഗത്വംകൊണ്ട് രേഖപ്പെടുന്ന ഒരു ഐഡൻറിറ്റിയായി പരിണമിച്ച സമുദായക്രമത്തിൽ സഹമുസ്ലിംകളുടെ വ്യക്തിഗത വൈവിധ്യം അംഗീകരിക്കാനായാൽ അതൊരു നല്ല തുടക്കം നൽകും. സംഘടനാമുസ്ലിം എന്നതുപോലെ വൈയക്തികമുസ്ലിം എന്നതും ഒരു സാധ്യതയാണ്.
കോവിഡ് കാലത്തെ അതിെൻറ പ്രത്യക്ഷങ്ങൾ നല്ല സൂചനകളുമാണ്. മുസ്ലിംവ്യക്തി(Individual Muslim), പ്രതിജനഭിന്നമായ മാനുഷിക സവിശേഷതകളും സ്വഭാവഗുണങ്ങളും വ്യക്തിത്വവുമുള്ള ഉത്തരവാദിയായ മനുഷ്യൻ. ‘നിങ്ങളോരോരുത്തരും ഇടയനാണ്, സ്വന്തം ആട്ടിൻകൂട്ടത്തിെൻറ ഉത്തരവാദിത്തം ഓരോരുത്തർക്കുമാണെന്നും അതിൽ സംശയിക്കേണ്ട’തില്ലെന്നും പ്രവാചകർ ആവർത്തിച്ചുപറഞ്ഞത് ആ വ്യക്തിയെ സംബോധന ചെയ്താണ്. ഈ വൈയക്തിക മുസ്ലിമിനെ കാണാനും അംഗീകരിക്കാനും കൂട്ടാക്കുകയാണ് മതംകൊണ്ട് പെരുമാറുന്നവരും പ്രവർത്തിക്കുന്നവരും ഉപജീവനം കഴിക്കുന്നവരും ഇനിയെങ്കിലും ചെയ്യേണ്ടത്. ഒരു മുസ്ലിം എന്ന നിലയിൽ, തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും മുസ്ലിംവ്യക്തി നമുക്കിടയിലുണ്ട്. നമ്മളോരോരുത്തരും അയാളാണ്. ഇക്കഴിഞ്ഞ റമദാൻ അയാളുടേതായിരുന്നു. സ്വന്തം വീട്ടുവാതിലിെൻറ പടി മിമ്പറും കോലായ ഈദ്ഗാഹുമാക്കി അവർ പെരുന്നാൾനമസ്കാരം നിർവഹിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.