എന്നും നിലനിൽക്കേണ്ട നോമ്പുതുറയോർമ
text_fieldsമൗലാനാ അബുൽകലാം ആസാദ് കേന്ദ്രത്തിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലം, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് പീഡനങ്ങളേറെ ഏറ്റുവാങ്ങി വളർന്ന ആളായിരുന്നെങ്കിലും സ്വതന്ത്ര ഇന്ത്യയുടെ സർവതോമുഖമായ പുരോഗതിക്ക് നേതൃത്വം നൽകുന്ന ഒരു വകുപ്പിന് ഒരു മൗലാന മതിയോ എന്നു രാമരാജ്യ പരിഷത്തിന്റെയും ഹിന്ദുമഹാസഭയുടെയും ചില നേതാക്കൾ ചോദിച്ചു തുടങ്ങിയിരുന്നു. വയോധികനായ ആ മുൻ കോൺഗ്രസ് പ്രസിഡന്റ് അതിനു മറുപടി നൽകിയത് ഒരു നോമ്പുതുറയിലൂടെയായിരുന്നു.
പരിശുദ്ധ റമദാൻ കാലത്ത് വിവിധ മതങ്ങളിൽപ്പെട്ട പ്രമുഖ നേതാക്കളെയെല്ലാം വിളിച്ചുവരുത്തി മൗലാനാ ആസാദ് ഡൽഹിയിൽ ഒരു ഇഫ്താർ പാർട്ടി നടത്തി. മതത്തിന്റെ, മനുഷ്യന്റെ സാഹോദര്യം പങ്കുവെക്കുന്ന ആ വേദിയിൽ മനസ്സുതുറന്ന് സംസാരിക്കാനും പരസ്പരം മനസ്സിലാക്കാനുമുള്ള അവസരമായി മാറി. മൗലാന ആസാദ് അസാധാരണ ധിഷണശേഷിയുള്ള വിദ്യാഭ്യാസ മന്ത്രി തന്നെയാണെന്ന് അദ്ദേഹത്തെ എതിർക്കുന്നവർക്കും ബോധ്യപ്പെട്ടുകാണണം. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല അദ്ദേഹത്തെ ഏൽപിച്ചതിനെച്ചൊല്ലി പിന്നീട് എതിരഭിപ്രായങ്ങളുണ്ടായിട്ടില്ല.
(രാജ്യത്തെ ആദ്യത്തെ ഐ.ഐ.ടിക്ക് തുടക്കമിട്ട, സംഗീത നാടക അക്കാദമിയും ലളിതകല അക്കാദമിയും സാഹിത്യ അക്കാദമിയും യു.ജി.സിയും തുടങ്ങാൻ വേണ്ടതെല്ലാം ചെയ്ത ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിദ്യാഭ്യാസ മന്ത്രി തന്നെയായിരുന്നു ആസാദ്. നിർഭാഗ്യവശാൽ ഇന്ന് അദ്ദേഹത്തിന്റെ ഓർമകൾ മായ്ച്ചുകളയപ്പെടുന്നു, പാഠപുസ്തകങ്ങളിൽനിന്നുപോലും നീക്കം ചെയ്യപ്പെടുന്നു).
മൗലാന ആസാദ് സംഘടിപ്പിച്ച സമൂഹനോമ്പുതുറയിൽ പ്രകടമായ സൗഹൃദത്തിന്റെ നന്മകൾ ഏറ്റുവാങ്ങിക്കൊണ്ട്, പിൽക്കാലത്ത് പ്രധാനമന്ത്രിമാരായ ഇന്ദിരഗാന്ധിയും രാജീവ് ഗാന്ധിയും പി.വി. നരസിംഹറാവുവും ഡോ. മൻമോഹൻ സിങ്ങും പ്രണബ് മുഖർജി വരെ വിവിധ രാഷ്ട്രപതിമാരും കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ പാർട്ടികളുമെല്ലാം ഗംഭീരമായ ഇഫ്താർ സംഗമങ്ങൾ വർഷാവർഷങ്ങളിൽ സംഘടിപ്പിച്ചു. ഈ ഇഫ്താറുകളിൽ തികച്ചും വേറിട്ട ഒന്നിനെക്കുറിച്ചാണ് ഇവിടെ കുറിക്കുന്നത്.
ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ യശസ്സ് ഏറെ ഉയർത്തിയ ഡോ. എ.പി.ജെ. അബ്ദുൽകലാം, 2002ൽ നമ്മുടെ പതിനൊന്നാമത് രാഷ്ട്രപതിയായി അവരോധിക്കപ്പെട്ടകാലം. അധികം വൈകാതെ തന്നെ പരിശുദ്ധ റമദാൻ പിറന്നു. മുൻകാലങ്ങളിൽ രാഷ്ട്രപതിമാർ സമൂഹ നോമ്പ് തുറ നടത്താറുള്ള കാര്യം സ്റ്റാഫംഗങ്ങളിൽ ചിലർ ഡോ. കലാമിനെ ഓർമിപ്പിച്ചു. വിവിധ മതക്കാരായ ഒട്ടേറെപ്പേരെ വിളിച്ചുവരുത്തിയാണ് ഇത് നടത്താറുള്ളതെന്നും അവർ ഉണർത്തി.
ഒറീസ കാഡറിൽ നിന്നു ഡോ. കലാം നേരിട്ടു വിളിച്ചുവരുത്തി പ്രസ് സെക്രട്ടറിയായി നിയമിച്ച മലയാളിയായ പി.എം. നായരെ വിളിച്ച്, രാഷ്ട്രപതി അന്വേഷിച്ചു: “ഇതിന് എത്ര ചെലവു വരും, മിസ്റ്റർ നായർ?
“ഒരു എട്ടു പത്തു ലക്ഷം രൂപ മതി, സാർ” മറുപടി.
രാഷ്ട്രപതി മൂക്കത്ത് വിരൽ െവച്ചുപോയി. ദരിദ്രനായി വളർന്ന, വർത്തമാനപത്രങ്ങൾ വിറ്റുനടന്ന് ഉപജീവനം കഴിച്ചുവന്ന ഇന്ത്യയുടെ പ്രഥമ പൗരനായി ഉയർന്ന ഡോ. കലാം പറഞ്ഞു: “വീട്ടിലും നാട്ടിലുമായി ആവശ്യത്തിനു ഒരുപാട് ഭക്ഷ്യവിഭവങ്ങൾ കഴിക്കാറുള്ള കുറെ വി.വി.ഐ.പി.കൾക്ക് മാത്രമായി നാം ഇങ്ങനെ ലക്ഷങ്ങൾ പൊടിക്കണമോ?”
നാം എല്ലാവരും ഒരേ മാതാവിന്റെയും ഒരേ പിതാവിന്റേയും മക്കളാണെന്ന സന്ദേശം ഉദ്ഘോഷിക്കുന്ന വിശുദ്ധ ഖുർആൻ ഇറങ്ങിയ മാസമാണിത്. ഞാനെന്റെ പേഴ്സനൽ അക്കൗണ്ടിൽനിന്നു ഒരു ചെക്ക് നൽകുന്നു. ബാക്കി പിന്നാലെ തരാം. ഇത് വെച്ചു നമുക്ക്, ഇഫ്താർ നടത്താം. ഈ ഇഫ്താറിൽ പങ്കെടുക്കാൻ ക്ഷണിക്കേണ്ടത് ഡൽഹിയിലും പരിസരങ്ങളിലുമുള്ള അനാഥാലയങ്ങളിലെ പാവപ്പെട്ടവരെയായിരിക്കണം. ദിവസത്തിൽ ഒരു നേരത്തെ പ്രാതൽ പോലും വയറുനിറയെ കഴിക്കാൻ കിട്ടാത്തവർ.
അദ്ദേഹം തുടർന്നു: “ആരെയൊക്കെ ക്ഷണിക്കണമെന്നു ഞാൻ പറയുന്നില്ല. നിങ്ങൾ തന്നെ ഈ പരിസരങ്ങളിലെ അനാഥാലയങ്ങൾ അന്വേഷിച്ചു കണ്ടെത്തുക’’. ഈ സ്വകാര്യ വിവരം മറ്റാരോടും പറയരുതെന്നും സെക്രട്ടറി മാധവൻ നായരോട് അദ്ദേഹം നിഷ്കർഷിച്ചിരുന്നു.
വർഷങ്ങൾക്കുശേഷം പി.എം. നായർ, ആ വിവരം ലോകത്തോട് പറഞ്ഞിരിക്കുന്നു. ‘ക്ഷമിക്കണം സാർ. ഇപ്പോൾ ഇതുപറയാൻ ഞാൻ നിർബന്ധിതനായിരിക്കുന്നു’, എന്ന മുഖവുരയോടെ അദ്ദേഹം ഈയിടെ എഴുതിയ ‘പ്രസിഡന്റിനോടൊപ്പം എന്റെ വർഷങ്ങൾ’ എന്ന ഗ്രന്ഥത്തിൽ ഈ അധ്യായം തെളിഞ്ഞുനിൽക്കുന്നു. കലാം രാഷ്ട്രപതി പദത്തിലിരുന്ന അവസാന വർഷം ദരിയാഗഞ്ചിലെ ചിൽഡ്രൻസ് ഹോമിൽനിന്ന് 250 കുഞ്ഞുങ്ങളെയാണ് അതിഥികളായി ക്ഷണിച്ചത്. അവർക്കൊപ്പമിരുന്ന് രാഷ്ട്രപതിയും നോമ്പുതുറന്നു.
തമിഴ്നാട്ടിൽ രാമേശ്വരത്ത് ധനുഷ്കോടിയിൽ ഒരു മതപുരോഹിതന്റെ പുത്രനായി പിറന്ന അബ്ദുൽ പക്കീർ ജൈനുൽ ആബിദീൻ അബ്ദുൽകലാം വിടപറഞ്ഞിട്ട് ഈ വരുന്ന ജൂലൈ 27ന് എട്ടു വർഷമാവും. എട്ടല്ല എണ്ണൂറു വർഷം കഴിഞ്ഞാലും മറന്നുപോകാൻ പാടില്ലാത്ത ഒരു മാതൃകയാണ് അദ്ദേഹം വിട്ടേച്ചു പോയിരിക്കുന്നത്. ഈ വർഷത്തെ നോമ്പുകാലം വിടപറയുകയായി. അടുത്ത വർഷം റമദാനിൽ ആരൊക്കെ അവശേഷിക്കുമെന്ന് ആർക്കുമില്ല നിശ്ചയം. അവശേഷിക്കുന്നവർ ഈ മഹാമാതൃക മനസ്സിൽ വെക്കണമെന്ന് ഓർമപ്പെടുത്തി ഈ കുറിപ്പ് ചുരുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.