ഇനിയില്ലേ ഹിറ്റ് ലർ?
text_fields1920െൻറ തുടക്കത്തിൽ ഹിറ്റ്ലറും കൂട്ടരും പരസ്യമായി നാസി നയങ്ങൾ പറഞ്ഞുതുടങ്ങവെ ജർമൻ ജനത അവരെ തീരെ കാര്യമായി എടുത്തിരുന്നില്ല. അവിടെയുള്ള ജൂതർപോലും നാസികൾ വളരുമെന്നോ, അവർ തങ്ങളെ അടിമപ്പെടുത്തുമോ എന്നു കരുതിയില്ല. ഇത്തരം തല്ലിപ്പൊളികളെ ജർമനിക്കാർ കാര്യമായി എടുക്കില്ല, ഈ നാട്ടുകാർ ബുദ്ധിയുള്ളവരാണ് എന്നാണ് പറഞ്ഞിരുന്നത്. അവിടെയുള്ള നാട്ടുകാർ നാസിപ്പടയുടെ വളർച്ച കാണാൻ വൈകിയതിനേക്കാൾ ആശ്ചര്യം, പുറത്തുനിന്ന് അവരെ നോക്കിക്കണ്ടിരുന്ന നിഷ്പക്ഷ വിദേശ രാജ്യങ്ങൾ ഇതു തിരിച്ചറിയാൻ വൈകി എന്നതാണ്.
നാസി മുന്നേറ്റം ഏതാണ്ട് പൂർത്തിയായ 1933ൽ, ഹിറ്റ്ലർ ജർമനിയുടെ ചാൻസലറായി അധികാരത്തിൽ വരുന്നതിനോട് വിയോജിക്കേണ്ട കാര്യമില്ല എന്നു ചിന്തിച്ചിരുന്ന യഹൂദരും അന്നുണ്ടായിരുന്നു. നാസികൾ നടത്തുന്ന വംശീയപര അധിക്ഷേപങ്ങൾ അധികാരത്തിൽ എത്തുന്നതിനുവേണ്ടിയുള്ള അടവു മാത്രമാണെന്നും അവർ ആ പറഞ്ഞ പ്രകാരം പ്രവർത്തിക്കില്ലെന്നും ആ ജനത പ്രത്യാശിച്ചു. ഹിറ്റ്ലറുടെ വളർച്ചക്ക് ഏറെ സഹായിച്ച അവിടത്തെ വ്യാപാരി സമൂഹത്തിൽ നിരവധി യഹൂദബിസിനസുകാരും ഉണ്ടായിരുന്നു. നാസികൾ തങ്ങളെ ഒപ്പം കൂട്ടുമെന്നും അതിനായി തിരിച്ചു ചെറിയ സാമ്പത്തിക സംഭാവനകൾ ചെയ്‌താൽ മതിയെന്നും അക്കൂട്ടർ അന്ന് കരുതിയിരുന്നു.
രണ്ടാം ലോക യുദ്ധം കഴിഞ്ഞു നാസികളെ തോൽപിച്ചു രാജ്യങ്ങൾ പുതിയൊരു ലോകക്രമത്തിലേക്കു കടന്നശേഷവും പല രാജ്യങ്ങളും നാസികളുടെ നയപരിപാടികൾ ഉണ്ടാക്കിയ ഭവിഷ്യത്തുകളും ക്രൂരതകളും കണ്ടില്ല എന്നു നടിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണല്ലോ പല രാജ്യങ്ങളിലും വീണ്ടും വീണ്ടും അത്തരം നയങ്ങൾ ഭരണ ഭൂരിപക്ഷ വർഗങ്ങൾ നടപ്പിലാക്കികൊണ്ടിരുന്നത്. ഇവക്കെല്ലാം നാസികളുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു എന്ന് ആരും പറയില്ല, പക്ഷേ, അവിടവിടങ്ങളിലെ സമൂഹങ്ങളെ ഭിന്നിപ്പിച്ചു, വംശീയാടിസ്ഥാനത്തിൽ ക്രൂരതകൾ അഴിച്ചു വിട്ടപ്പോൾ ലോകം തന്നെ നോക്കിനിന്നിരുന്നു. സാമാന്യ ബുദ്ധിക്ക് നിരക്കുന്നതായ ഒരു സമീപനമല്ല ഇത് എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് മനസ്സിലാകും എന്നു മാത്രമല്ല, ഇപ്പോഴും പല രാജ്യങ്ങളിലും ഇതു സംഭവിക്കുന്നുണ്ട്.
ഈ ചരിത്രപാഠം ഇപ്പോൾ ഓർമിക്കാൻ കാരണം ഹിറ്റ്ലറുടെ നാസിവാദത്തോടും ഇറ്റലിയിലെ മുസോളിനിയുടെ ഫാഷിവാദത്തോടും ആദരവും ബഹുമാനവും വെച്ചുപുലർത്തിയിരുന്ന നേതാക്കൾ തുടക്കമിട്ട ആർ.എസ്.എസിെൻറ മേധാവി മോഹൻ ഭാഗവത് നടത്തിയ ചില സന്ദർശനങ്ങളും പ്രസ്താവനകളുമാണ്. സാമൂഹിക ഒത്തൊരുമയുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗം എന്ന പേരിൽ ഭാഗവത് ന്യൂനപക്ഷ സമുദായത്തിലെ പ്രമുഖരെ കാണുകയുണ്ടായി. കൂട്ടത്തിൽ ഒരു മസ്ജിദ് സന്ദർശിച്ച് അവിടത്തെ ഇമാമുമായി ചർച്ച നടത്തി. സന്ദർശന ശേഷം മോഹൻ ഭാഗവതിനെ 'രാഷ്ട്ര പിതാവ്' എന്നാണ് ആ പള്ളി ഇമാം വിശേഷിപ്പിച്ചത്!
ശേഷം ഡൽഹിയിൽ ഒരു ചടങ്ങിൽ െവച്ച് ഭാഗവത് പറഞ്ഞത്, ഇന്ത്യൻ ദേശീയതയും മറ്റു രാജ്യങ്ങളിലെ ദേശീയതയും തമ്മിൽ വ്യത്യാസമുണ്ട് എന്നതാണ്. നമ്മുടെ ദേശീയത മതത്തിെൻറയോ ഭാഷയുടെയോ പേരിൽ ഉള്ളതല്ലത്രേ. ഒരു പടികൂടി കടന്നു ആർ.എസ്.എസ് തലവൻ ഒരു കാര്യം കൂടി പറഞ്ഞു, ഇന്ത്യയിൽ ഒരു ഹിറ്റ്ലർ ഉണ്ടാകില്ല!
ചരിത്ര പുസ്തകം ഒന്നുകൂടി മറിച്ചു നോക്കാം: ജർമനിയിൽ നടന്ന യഹൂദവിരുദ്ധ വംശഹത്യക്ക് ലോകത്ത് നടന്ന വംശീയ അടിച്ചമർത്തലുകളും അക്രമങ്ങളും നാസികളല്ല നടപ്പിലാക്കിയത്, അവിടങ്ങളിൽ ഒരു ഹിറ്റ്ലറും ഉണ്ടായിരുന്നില്ല. ഈ പുതിയ ക്രൂരന്മാർക്ക് ഹിറ്റ്ലർ എന്ന പേരില്ല എന്നേയുള്ളൂ, മുഖഛായയും ശബ്ദവും ഉദ്ദേശ്യവും ഒന്നുതന്നെയാണ്. ഹിറ്റ്ലർ ജർമനിയിൽ ഉണ്ടായതുപോലെ ലോകത്തിന്റെ പല ഭാഗങ്ങളിലും അടിച്ചമർത്തി ഭരണം നടത്താൻ ഓരോരോ ആശയങ്ങളും, നേതാക്കളും പിന്നീട് ഉയർന്നുവന്നത് നാം കാണാതിരിക്കരുത്. ഹിറ്റ്ലർ എന്ന ആശയത്തെ പാടെ മറന്നാൽ ചരിത്രം ആവർത്തിക്കും എന്ന കാര്യം ഉറപ്പാണ്, അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.