മരക്കവികളുടെ സെക്രട്ടറി, വിലക്ക് ലംഘിച്ച ശാന്തിക്കാരൻ
text_fieldsസൈലൻറ്വാലി സമരകാലത്ത് പ്രകൃതി സംരക്ഷണത്തിനായി കവിതയെഴുതിയവരെ മരക്കവികളെന്നാണ് പുരോഗമന എഴുത്തുകാർ ആക്ഷേപിച്ചത്. കവികളും എഴുത്തുകാരും രൂപംനൽകിയ പ്രകൃതി സംരക്ഷണ സമിതിയുടെ സെക്രട്ടറിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. സുഗതകുമാരിക്കും മറ്റ് എഴുത്തുകാർക്കുമൊപ്പം ഗ്രാമങ്ങളിൽപോയി കാട് സംരക്ഷിക്കാൻ പരിസ്ഥിതിയുടെ ഭൂരാഗം പാടി.
ഭൂമിയെ പെറ്റമ്മയായി കണ്ടു. ലോകം തെൻറ തറവാടാണെന്നായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയുടെ പ്രഖ്യാപനം. കവിത വിരിയാൻ തുടങ്ങിയ കാലം മുതൽ ഈ ചിന്ത അദ്ദേഹത്തെ പിടികൂടിയിരുന്നു. 'ഭൂമിയോടൊട്ടി നിൽക്കുന്നോർ ഭൂമി ഗീതങ്ങളോർക്കുന്നോർ...' എന്ന് 'ഭൂമിഗീതങ്ങളി'ൽ കുറിക്കുമ്പോൾ പരിസ്ഥിതി പ്രസ്ഥാനം എന്ന ആശയം മുളപൊട്ടിയിരുന്നില്ല. സ്വന്തം ചോരയിൽ ചാലിച്ചാണ് ഇതെല്ലാം എഴുതിയത്. ഭൂമിയോടും മനുഷ്യജീവിതത്തോടുമുള്ള കവിയുടെ കടുത്ത അടുപ്പമാണ് ഭൂമിഗീതങ്ങളിൽ പ്രത്യക്ഷമായത്.
സംസ്കാരത്തിെൻറ അടിവേരുകളിൽ അഭിമാനിക്കുകയും വർത്തമാനത്തിെൻറ ദുരവസ്ഥയോർത്ത് വിലപിക്കുകയും ചെയ്തു. തിന്മയോട് എതിർക്കാൻ കഴിയാത്തവെൻറ നിസ്സഹായമായ വേദന പങ്കുവെച്ചു.
ഇംഗ്ലീഷ് പ്രഫസറായി വിരമിച്ചശേഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിക്കാരനായപ്പോൾ ക്ഷേത്ര ഭാരവാഹികൾ ഒരു കുറ്റപത്രം നൽകി. വിവാഹത്തിന് ഊട്ടുപുരയിൽ പോയി പല ജാതിക്കാരോടൊപ്പം ഊണു (പന്തിഭോജനം) നടത്തിയെന്നതായിരുന്നു കുറ്റം. ഒപ്പം ക്ഷേത്രത്തിലെ ശാന്തിക്കാരനായ നമ്പൂതിരി നായർ സ്ത്രീയെ നമസ്കരിച്ചുവെന്ന ആരോപണവും. ആ നായർ സ്ത്രീ കവയിത്രി സുഗതകുമാരിയായിരുന്നു. ക്ഷേത്ര ദർശനത്തിനെത്തിയ സുഗതകുമാരിയെക്കണ്ട് മേൽശാന്തി പ്രസാദം നൽകിയശേഷം നമസ്കരിച്ചിരുന്നു. ഇത് ക്ഷേത്രാചാരത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണസമിതി കുറ്റപത്രം നൽകിയത്. ഊട്ടുപുരയിൽ പോയി ഭക്ഷണം കഴിച്ചതാകട്ടെ പഠിപ്പിച്ച വിദ്യാർഥിയുടെ വിവാഹത്തിനും.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നപ്പോഴും കവിതകളെഴുതി -ശ്രീവല്ലഭി (2004). നൈതികതയും ധാർമികതയുമായിരുന്നു കവിതയുടെ ആത്മാവ്. അതുപോലെ നമ്പൂതിരി യോഗക്ഷേമ സഭ അശുദ്ധനാക്കിയ നമ്പൂതിരി കൂടിയാണ് വിഷ്ണു. കടലുകടന്ന് സായിപ്പിെൻറ നാട്ടിൽപോയി പ്രഭാഷണം നടത്തിയതായിരുന്നു കുറ്റം.
ഇതൊക്കെയാണെങ്കിലും സൗമ്യതയുടെ കൊടിയടയാളമായിരുന്നു കവി. ഒപ്പം മൃദുഭാഷിയും. അഗാധമായ മനുഷ്യസ്നേഹം എഴുത്തിലുടനീളം നിലനിർത്തിയ വ്യക്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.