ആത്മാവ് വീണ്ടെടുക്കേണ്ട നബി സ്മരണ
text_fields'നബിയേ, സാക്ഷിയും സദ് വാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുകാരനുമായി, അല്ലാഹുവിന്റെ അനുമതി പ്രകാരം അവന്റെ സരണിയിലേക്ക് ക്ഷണിക്കുന്നവനും പ്രകാശം പരത്തുന്ന വിളക്കുമായി നാം താങ്കളെ നിയോഗിച്ചിരിക്കുന്നു' (അല്‍ അഹ്സാബ്: 45, 46).
ദൈവിക സന്ദേശം ഭൂമിയിലെത്തിക്കാന്‍ നിയുക്തനായ പ്രവാചകന് അഥവാ അല്ലാഹുവിന്റെ പ്രതിനിധി, സമൂഹത്തിനുമുന്നില്‍ സാക്ഷിയാണ് അഥവാ വെളിപാടുകള്ക്കെല്ലാം സാക്ഷിയായി ഞാനിതാ നിങ്ങള്‍ക്ക് മുന്നിലുണ്ട്. നിങ്ങള്‍ക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പുലരുന്നതാണ് എന്നു ബോധ്യപ്പെടുത്താന്‍, എന്നില്‍ നിന്നും ഓരോ ദേശത്തിനും തലമുറക്കും പ്രകാശമായി, ഇരുട്ടിനെ ഭേദിച്ച് മുന്നേറാന്‍ ഒരു തിരിവെട്ടം കൊളുത്തിയെടുക്കാനുള്ള വിളക്കായി മുഹമ്മദ് റസൂലുല്ലാഹ് നമുക്ക് മുന്നില്‍.
പക്ഷേ, പ്രവാചകനെ അറിയാത്തവരാണ്, അനുഭവിക്കാത്തവരാണ് പ്രവാചക പ്രേമികള്‍ എന്ന് മേനിനടിക്കുന്നവരിലധികം പേരും. വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളുടെ വഴികാട്ടിയാണ് എന്നത് ഇസ്ലാമിന്റെ അടിസ്ഥാന കാഴ്ചപ്പാടാണ്. പക്ഷേ, അതറിഞ്ഞ് പാരായണം ചെയ്യുന്നവര്‍ എത്ര പേരുണ്ട്?. നമ്മുടെ വശം ഖുര്‍ആനുണ്ട് എന്നു പറഞ്ഞാല്‍ വേദഗ്രന്ഥത്തിന്റെ ആശയാർഥം അറിഞ്ഞ് പാരായണം ചെയ്യുന്ന ഒരു പ്രക്രിയ നടക്കുന്നുണ്ട് എന്നാണ്. അതല്ലാതെ, മേനിക്കടലാസില്‍ അച്ചടിച്ച് വർണപ്പൊതിയിട്ട ഒരു ദിവ്യ പുസ്തകം വീട്ടില്‍ സൂക്ഷിക്കുന്നുണ്ട് എന്നല്ല.
ഓരോ നബിദിനം കടന്നുവരുമ്പോഴും ചിന്തിക്കാറുണ്ട്, എത്ര പേര് പ്രവാചകനെ അടുത്തറിയാന്‍ ശ്രമിച്ചിട്ടുണ്ട് എന്നത്. ഓരോ പ്രവാചക പ്രകീർത്തന സമ്മേളനങ്ങളില്‍ പ്രസംഗിക്കുമ്പോഴും ഓര്‍ക്കാറുണ്ട്- ആ സദസ്സിലുള്ള എത്ര പേര് നബിചരിതം വായിച്ചിട്ടുണ്ട് എന്നത്. വിവിധ ഭാഷകളില്‍ പ്രവാചക ജീവിതം പറയുന്ന നൂറു കണക്കിന് പുസ്തകങ്ങള്‍ വിരചിതമായിട്ടുണ്ട്. അതില്‍ എത്രയോ കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതിനു പുറമെ സ്വതന്ത്ര രചനകള്‍ വേറെയും. ഇതില്‍ ഒന്നുപോലും വായിക്കാന്‍ സമയമില്ലാത്ത ആഘോഷം ആത്മാവില്ലാത്ത കൊണ്ടാട്ടങ്ങള്‍ മാത്രമാണ്.
കാരുണ്യവാന് (റഹ്മാന്), കരുണാവാരിധി (റഹീം) എന്നീ നാമവിശേഷണങ്ങളുള്ള പടച്ചതമ്പുരാന്റെ ലോകാനുഗ്രഹിയായ (റഹ്മതുന് ലില്‍ ആലമീന്‍) പ്രവാചകനെയും അനുയായികളെയും ഭീകരതയുടെയും വിദ്വേഷത്തിന്റെയും അടയാളമായി ചിത്രീകരിക്കപ്പെടുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. യുദ്ധരംഗത്തുപോലും ശത്രുപക്ഷത്തെ വൃദ്ധരെയും കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രവാചകന്, പ്രതിയോഗിയുടെ തോപ്പും കൃഷിയിടങ്ങളും തീയിട്ട് നശിപ്പിക്കുന്നത് യുദ്ധതന്ത്രമായി അംഗീകരിക്കപ്പെട്ടിരുന്ന കാലത്ത് പാകമായ പാടങ്ങളും ഫലവൃക്ഷക്ഷങ്ങളും നശിപ്പിക്കരുതെന്ന് സൈനിക വ്യൂഹത്തിന് പ്രത്യേകം കൽപന കൊടുത്തിരുന്ന പ്രവാചകന്, പടയോട്ട വേളയില്‍ വഴിയില്‍ കണ്ട പട്ടിക്കുഞ്ഞുങ്ങളെയും തള്ളപ്പട്ടിയെയും സംരക്ഷിക്കാന്‍ വിങ് കമാൻഡറെ ചുമതലപ്പെടുത്തിയ നബി നായകന് എങ്ങനെയാണ് വിപരീതാർഥത്തിൽ ചിത്രീകരിക്കപ്പെടാന്‍ ഇടയായത്?
അനുയായികളോട് കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും കഥകളും ഉപദേശങ്ങളും പറഞ്ഞ് പഠിപ്പിച്ചിരുന്ന ഒരു പ്രവാചകനെ ക്കുറിച്ച് പൊതു സമൂഹത്തിനിടയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുന്നത് എന്തുകൊണ്ടാണ്?
ഉത്തരം ലളിതമാണ്, പ്രവാചകന്റെ അനുയായികള്‍ നബിയെ സമൂഹത്തിന് എത്തിച്ച് കൊടുക്കുന്നതില്‍ പരാജയപ്പെട്ടു എന്നതാണ്. 'അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു' എന്ന് നബിയെക്കുറിച്ച് പറഞ്ഞത് മഹതി ആഇശ ബീവിയാണ്. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം ' എന്ന് മഹാത്മജി പറഞ്ഞതിന്റെ അര്‍ഥം ഈ പശ്ചാത്തലത്തില്‍ ഏറെ ചിന്തനീയമായ വാചകമാണ്. മദീന ആസ്ഥാനമാക്കി രാഷ്ട്ര രൂപവത്കരണം പൂര്‍ത്തിയാക്കിയിട്ടും അഥവാ ഭൗതിക ലോകത്തിന്റെയും ആത്മീയ പ്രപഞ്ചത്തിന്റെയും അധിപനായിട്ടു പോലും മരണം വരെ ദരിദ്രനായി ജീവിച്ച തിരുനബിയെ ലോകത്തിന് സമര്‍പ്പിക്കുന്നതില്‍ മുസ്ലിംകള് പരാജയപ്പെട്ടു എന്നത് ഒരു ദുഃഖസത്യമാണ്.
ജിഹാദ് -വിശുദ്ധയുദ്ധം എന്ന സങ്കൽപത്തെ സ്വന്തം തിന്മകള്ക്കെതിരെ ചെയ്യുന്ന കലാപമാണ് എന്ന നബിപാഠം സമൂഹം തെറ്റായി മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ മുസ്ലിംകള് തങ്ങളുടെ പ്രബോധന ദൗത്യം വേണ്ടപോലെ നിര്‍വഹിച്ചിട്ടില്ല എന്നു കൂടിയാണ് മനസ്സിലാക്കേണ്ടത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉൽപാദനം, വിനിയോഗം, വിനിമയം എന്നിവ കൊടിയ പാപമാണ് എന്ന ഉഗ്രശാസന നിലനിൽക്കുമ്പോള് തന്നെ അതിന്റെ പേരില്‍ പഴിക്കപ്പെടുന്നു എന്നത് എന്തൊരു വൈപരീത്യമാണ്. ഇങ്ങനെ സന്ദേശത്തിന്റെ നേര് വിപരീത ദിശയില്‍ പ്രതിഷ്ഠിക്കപ്പെട്ട ഒരു സമുദായമായി പ്രവാചകന്റെ അനുയായികള്‍ മാറിയിരിക്കുകയാണ്.
ഇതിനെ മറികടക്കാനുള്ള വഴികളെന്ത് എന്ന ആലോചനക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 'ദൈവഗ്രന്ഥവും നബിചര്യയും മുറുകെപ്പിടിക്കുക' എന്ന സന്ദേശത്തിനും നബിയുടെ കാലഘട്ടത്തോളം പഴക്കമുണ്ട്. തത്ത്വം കേവലം ഒരു ആശയമായി നിലനിൽക്കുന്ന കാലത്തോളം അതിന് ജീവനുണ്ടാവില്ല. കേരളത്തില്‍ ഇസ്ലാമിന്റെ ആഗമനം നബിയുടെ കാലത്തു തന്നെയുണ്ടായി എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. മണ്‍സൂണിന്റെ ഗതിയനുസരിച്ച് ആടിയുലഞ്ഞെത്തിയ ഒരു ചെറു പായ്ക്കപ്പലിലെ പരിമിതമായ ആള്‍ക്കാരില്‍നിന്ന് തൊണ്ണൂറു ലക്ഷം പേര് ഈ കേരളത്തില്‍ മാത്രം ഉണ്ടായെങ്കില്‍ അതിന്റെ പശ്ചാത്തലം എല്ലാവരും പഠിക്കേണ്ടത് തന്നെയല്ലേ? നബി ജീവിതവും സന്ദേശവും എന്തെന്ന് നന്നായി മനസ്സിലാക്കിയവര്‍ക്കേ അത് സ്വജീവിതത്തിലൂടെ പ്രകാശിപ്പിക്കാന്‍ കഴിയുകയുള്ളു. അത്തരം പ്രകാശനങ്ങളിലാണ് നബി സ്മരണയുടെ ആത്മാവ് കുടികൊള്ളുന്നത്.
(കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറാണ് ലേഖകന്‍)
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.