സ്മരണകളിരമ്പുമ്പോൾ ചില ചോദ്യങ്ങൾ
text_fields1924 മാർച്ച് 30ന് കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദ പണിക്കർ എന്നിവർ സത്യഗ്രഹമനുഷ്ഠിച്ച് അറസ്റ്റ് വരിച്ചതോടെ ആരംഭിച്ച വൈക്കം സത്യഗ്രഹം 603 ദിവസമാണ് നീണ്ടുനിന്നത്. ’24ലെ കൊടിയ പേമാരിയിലും വെള്ളപ്പൊക്കത്തിലും, സഞ്ചാര സ്വാതന്ത്ര്യത്തിനായുള്ള സമരം തുടർന്നു.
സത്യഗ്രഹത്തിൽ പങ്കെടുത്ത ആമചാടി തേവന്റെയും രാമൻ ഇളയതിന്റെയും കണ്ണിൽ അന്നത്തെ ബ്രാഹ്മണ്യവാദികൾ ചുണ്ണാമ്പെഴുതി. കെ.പി. കേശവപിള്ളയെ മർദിച്ച് ചോര ഛർദിപ്പിച്ചു. ഇങ്ങനെ കൊടിയ മർദനങ്ങളുടെയും പീഡകളുടെയും ചരിത്രം കൂടി ഉള്ളടങ്ങിയതാണ് വൈക്കം സത്യഗ്രഹ ചരിത്രം.
പെരിയാറിന്റെ ഭാഷയിൽ, പട്ടിക്കും പൂച്ചക്കുംപോലും നടക്കാവുന്ന വഴിയിലൂടെ അവർണരെ നടക്കാൻ അനുവദിക്കില്ല എന്ന ബ്രാഹ്മണ്യ യാഥാസ്ഥിതിക സമീപനത്തിനെതിരായാണ് വൈക്കം സത്യഗ്രഹം ആരംഭിച്ചത്. വൈക്കത്തപ്പന്റെ മതിലിന് ചുറ്റുമുള്ള ഒറ്റച്ചാൺ വഴിയെ സംബന്ധിച്ച ഒരു യുദ്ധമല്ല നടക്കുന്നതെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയായ എൻ. കുമാരൻ റിപ്പോർട്ടിൽ പരാമർശിക്കുകയുണ്ടായി.
തിരുവിതാംകൂറിലെ പൗരരെന്ന നിലക്ക് പൊതുവഴിയിൽ കൂടി നടക്കുന്നതിന് സവർണ-അവർണ ഭേദമന്യേ ഏവർക്കും അവകാശമുണ്ടെന്ന് ടി.കെ. മാധവനും. ക്ഷേത്രവീഥിയെന്ന് യാഥാസ്ഥിതികർ അവകാശപ്പെട്ട പൊതുവഴികളിലൂടെ അവർണർക്കുള്ള സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുകയായിരുന്നു സത്യഗ്രഹത്തിന്റെ മർമസ്ഥാനം.
വൈക്കത്ത് സഞ്ചാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങൾക്ക് ഏറെ മുമ്പുതന്നെ മഹാത്മ അയ്യൻകാളിയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിനെ ഉൾക്കിടിലംകൊള്ളിച്ചുകൊണ്ട് വില്ലുവണ്ടിയാത്ര നടന്നുവെന്നതും പ്രത്യേകം പരാമർശയോഗ്യമാണ്. എന്നാൽ, സഞ്ചാര സ്വാതന്ത്ര്യത്തിനായി ലക്ഷ്യമിട്ട സമരം ക്ഷേത്രപ്രവേശന വാദത്തിലേക്കുകൂടി നീണ്ടുപോയതോടെ ഹിന്ദുത്വവാദികൾക്ക് അവകാശവാദമുന്നയിക്കാവുന്ന വിധത്തിൽ അതൊരു മതപരിഷ്കരണ പ്രസ്ഥാനമായി ചുരുങ്ങി എന്നതാണ് ചരിത്ര യാഥാർഥ്യം!
മതപരിഷ്കരണവും ക്ഷേത്രപ്രവേശനവും
മഹാരാഷ്ട്രയിൽ കലാറാം ക്ഷേത്രത്തിൽ ക്ഷേത്രപ്രവേശനത്തിനായി പോരാട്ടങ്ങൾ നടത്തിയ ഡോ. ബി.ആർ. അംബേദ്കർ ക്ഷേത്രപ്രവേശനത്തേക്കാൾ ഉപരി, അധഃകൃതരെന്ന് കൽപിക്കപ്പെട്ടവർക്ക് വേണ്ടത് അധികാര ഭരണരംഗങ്ങളിലുള്ള പ്രാതിനിധ്യമാണെന്നും ക്ഷേത്രപ്രവേശനം ആത്യന്തികമായി ബ്രാഹ്മണ്യ യാഥാസ്ഥിതികത്വത്തിന് ബഹുജനങ്ങൾ വിധേയപ്പെടാൻ കാരണമാകുമെന്നും വാദിക്കുകയുണ്ടായി.
വർത്തമാന ഇന്ത്യൻ പരിതഃസ്ഥിതികൾ അംബേദ്കറിന്റെ നിരീക്ഷണത്തെയാണ് സാധൂകരിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം മുഖ്യ പ്രമേയമായിരുന്നുവെങ്കിലും ക്ഷേത്രപ്രവേശനം മുഖ്യ അജണ്ടയായി പരിണമിച്ചു. 1921ൽ തിരുനെൽവേലിയിൽ ഗാന്ധിയെ നേരിട്ടുകണ്ട് ടി.കെ. മാധവൻ ഉന്നയിക്കുന്ന പ്രധാന വിഷയം, ക്ഷേത്രപ്രവേശനം ഹിന്ദുമതത്തെ പരിഷ്കരിക്കാനുള്ള ശ്രമമായാണ്.
വിശാല പരിപ്രേക്ഷ്യമുള്ള സഞ്ചാര സ്വാതന്ത്ര്യപ്രമേയം കേവലം മതപരിഷ്കരണ ശ്രമമായിത്തീരുന്ന കാഴ്ച സത്യഗ്രഹ ചരിത്രത്തിൽ ഉള്ളടങ്ങിയിരുന്നു. 1923ൽ അമ്പലപ്പുഴ നായർ സമാജത്തിൽ നടത്തിയ അധ്യക്ഷപ്രസംഗത്തിൽ, ഹിന്ദുമതത്തിൽ നിലനിൽക്കുന്ന അസ്വാതന്ത്ര്യവും അസമത്വവും ഹിന്ദു സമുദായത്തിന്റെ ഐക്യത്തിനും ശക്തിക്കും ഹാനികരമാണെന്ന് ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള പ്രസ്താവിക്കുന്നുണ്ട്.
ഹിന്ദുമതത്തെ ഭിന്നിപ്പിൽനിന്നും അധഃപതനത്തിൽനിന്നും രക്ഷിക്കാൻ കെ.പി. കേശവമേനോനും സത്യഗ്രഹത്തെ മുൻനിർത്തി ആഹ്വാനം ചെയ്യുന്നുണ്ട്. ‘ഞാൻ ഹിന്ദുവാണ്’ എന്ന് തുടങ്ങുന്ന സത്യഗ്രഹികളുടെ പ്രതിജ്ഞ മതപരിഷ്കരണ വാദങ്ങളെ സാധൂകരിക്കുന്നവയുമാണ്.
സത്യഗ്രഹസമരത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെട്ട മുസ്ലിംകൾ, ഭോജനശാല നടത്തിയിരുന്ന അകാലികൾ, സത്യഗ്രഹം ചെയ്ത ബാരിസ്റ്റർ ജോർജ് ജോസഫ് എന്നിവരെയെല്ലാം അകറ്റിനിർത്തി വൈക്കം സത്യഗ്രഹം ഹിന്ദുമതത്തിലെ ആഭ്യന്തര പ്രശ്നമാണെന്ന് വാദിച്ചുറപ്പിച്ച ദേശീയ പ്രസ്ഥാനത്തിന്റെയും അതിന് നേതൃത്വം നൽകിയ ഗാന്ധിയുടെയും നിലപാടുകൾ സഞ്ചാര സ്വാതന്ത്ര്യം എന്ന വിശാല പരിപ്രേക്ഷ്യത്തെ കാലാന്തരത്തിൽ ഹിന്ദുമത പുനരുത്ഥാനമായി ആഖ്യാനം ചെയ്യുന്നതിൽ പല നിലകളിൽ വിജയിക്കുകയുണ്ടായി. ഇതിന്റെ പരിണിത ഫലങ്ങൾ കേരളത്തെ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നു.
ഗുരുവിന്റെ നീതിവിചാരങ്ങൾ
വൈക്കം സത്യഗ്രഹത്തിൽ സ്വന്തം ആശ്രമം വിട്ടുകൊടുത്തും ശിവഗിരിയിൽ സത്യഗ്രഹത്തിലേക്കായി ഒരു കാണിക്കവഞ്ചി സ്ഥാപിച്ച് ജനങ്ങളിൽനിന്ന് ധനശേഖരണം നടത്തി സഹായിച്ചും നാരായണഗുരു വൈക്കം സത്യഗ്രഹത്തെ പരിപൂർണമായി പിന്തുണച്ചു. വൈക്കം സത്യഗ്രഹ പശ്ചാത്തലത്തിൽ കെ.എം. കേശവന് നൽകിയ അഭിമുഖത്തിൽ, ‘എവിടെ ഒരാൾ കടക്കാൻ പാടില്ലെന്ന് പറയുന്നുവോ അവിടെ അവൻ കടക്കണം.
അതിൽ വരുന്ന സങ്കടങ്ങൾ അനുഭവിക്കണം. അടിച്ചാൽ കൊള്ളണം. അങ്ങോട്ട് അടിക്കരുത്. എന്നാൽ, വേലി കെട്ടിയാൽ ഇങ്ങേപ്പുറത്ത് നിൽക്കരുത്. അതിന്റെ മീതെക്കൂടി കയറണം. അത് ഒരിടത്തുപോര, എല്ലാ ക്ഷേത്രങ്ങളിലും കയറണം, എന്നും കയറണം, എല്ലാവരും കയറണം’ എന്ന് നാരായണഗുരു തന്റെ നീതിവിചാരങ്ങൾ പങ്കുവെക്കുന്നുണ്ട്.
‘മനുഷ്യനെ തൊട്ടാൽ മനുഷ്യൻ അശുദ്ധിയാകുമെന്ന് വിചാരിക്കുന്നവർക്കും യാതൊന്നും ശുദ്ധമായിരുന്നു പ്രവർത്തിക്കാൻ ഇടം കൊടുക്കരുത്’ എന്നും ഗുരു വ്യക്തമാക്കി. തന്നെ കാണാൻ വന്ന ആചാര്യ വിനോബ ഭാവെയോടും ഗുരു ഇതേ നിലപാട് പങ്കുവെക്കുന്നുണ്ട്. ഗുരു മുന്നോട്ടുവെച്ച അടിസ്ഥാന നൈതിക പ്രശ്നം, മനുഷ്യർക്ക് തുല്യമായി ലൗകിക സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയണമെന്നുള്ളതായിരുന്നു.
അയിത്തം സമത്വത്തെ തടയുന്നതിനാൽ അയിത്തവും ജാതിവ്യവസ്ഥയും സമ്പൂർണമായി ഇല്ലാതാകുന്നതിലൂടെ മാത്രമേ സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമായി മലയാള രാജ്യത്തെ പരിവർത്തിപ്പിക്കാൻ കഴിയൂവെന്ന് ഗുരു അഗാധമായി തിരിച്ചറിഞ്ഞിരുന്നു.
പരിഹരിക്കാത്ത സമസ്യകൾ
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി സ്മരണകൾ ഇരമ്പുമ്പോൾ ഉയരുന്ന പ്രധാനപ്പെട്ട ചില ചോദ്യങ്ങളുണ്ട്. ഇന്നും ദലിത് -പിന്നാക്ക ജനവിഭാഗങ്ങൾക്ക് ലൗകിക സ്വാതന്ത്ര്യം പല നിലകളിൽ പരിമിതമായിരിക്കുന്നു എന്നതാണത്. ക്ഷേത്രപ്രവേശനം ലഭിച്ചു; എന്നാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥാപനങ്ങളിലെ 90 ശതമാനം തസ്തികകളും സവർണ കുത്തകയായി തുടരുന്നു.
രാഷ്ട്രീയമായി ഇടതുപക്ഷമായിരിക്കുമ്പോഴും സാംസ്കാരികമായി വലതുപക്ഷവത്കരിക്കപ്പെട്ട ഇടമായി മലയാളത്തെ പരിവർത്തിപ്പിച്ചതിൽ ക്ഷേത്ര ബ്രാഹ്മണ്യത്തിനും നിസ്സീമമായ പങ്കുണ്ട് എന്നത് ക്ഷേത്രപ്രവേശനത്തിന്റെ കൂടി അനന്തര ഫലമാണ്. ‘അവസാനത്തിന്റെ ആരംഭം’ എന്ന് ഗാന്ധി വിശേഷിപ്പിച്ച രീതിയിൽ ഇപ്പോഴും തുടരുന്ന അനീതികളിൽ വൈക്കം സത്യഗ്രഹം പുതിയ പോരാട്ടങ്ങൾക്കും ചോദ്യങ്ങൾക്കും വലിയ പ്രേരകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.