Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപേരൻറ്സ് ഡേ ആചരണം...

പേരൻറ്സ് ഡേ ആചരണം കാലഘട്ടത്തി​െൻറ ഓർമ്മപ്പെടുത്തൽ

text_fields
bookmark_border
പേരൻറ്സ് ഡേ ആചരണം കാലഘട്ടത്തി​െൻറ ഓർമ്മപ്പെടുത്തൽ
cancel

മാതാപിതാക്കായി ഒരു ദിനം. അതെ പേരൻറ് ഡേ. മദേഴ്ഡേയും ഫാദേഴ്സ് ഡേയുമൊക്കൊ കഴിഞ്ഞ് ഇങ്ങിനേയും ഒരു ദിനാചരണം വേണ്ടതുണ്ടോയെന്ന സംശയം സ്വാഭാവികമായും ഉയരാം. വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച്​ അമേരിക്കയിലാണ് ഇത്തരം ആഘോഷങ്ങളും ദിനാചരണങ്ങളും ഏറിയപാടും നടക്കുന്നത്. അതേസമയം ലോകം ഒരു കൈകുമ്പിളിലേക്ക് ചുരുങ്ങിയ വർത്തമാന കാലത്ത് അത്തരം ആചരണങ്ങൾക്ക് മുമ്പത്തെക്കാളും പ്രസക്തിയേറിയിരിക്കുകയാണ്.

1995 ജൂലൈ 28ന്​ അമേരിക്കയിൽ തന്നെയാണ് ആദ്യത്തെ പേരൻറ്സ് ഡേ ആചരിക്കപ്പെട്ടത്. മൂന്ന് വർഷത്തിന് ഇപ്പുറം മറ്റൊരു ജൂലൈ 28ന് പ്രസിഡൻറ് ബിൽ ക്ലിൻറ​​​െൻറ കാലത്താണ് ഈ ദിനാചരണം ഔദ്യോഗികമായി വിളംബരം ചെയ്യപ്പെട്ടത്.

എല്ലാ വർഷവും ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ചയാണ് വിവിധ രാജ്യങ്ങളിൽ ദേശീയ തലത്തിൽ പേരൻറ്സ് ഡേയായി കൊണ്ടാടുന്നത്. മദേഴ്സ് ഡേക്ക് രണ്ട് മാസവും ഫാദേഴ്സ് ഡേക്ക് ഒരുമാസവും കഴിഞ്ഞുള്ള ഈ ദിനം കേരളത്തിൽ അത്ര വിപുലമായൊന്നും ആചരിക്കപ്പെടുന്നുണ്ടെന്ന് പറയാനാവില്ല. വിദ്യാലയങ്ങളിലും കലാലയങ്ങളിലും അധികൃതരുടെ പ്രത്യേക താൽപര്യ പ്രകാരം കഴിഞ്ഞ കുറേക്കാലമായി ഇത്തരം സൃഷ്ടിപരമായ ആചരണങ്ങൾ നടക്കുക പതിവാണ്. എന്നാൽ ഇക്കുറി കോവിഡ് മഹാമാരിയുടെ പിടിയിൽ മനുഷ്യരാശിയൊട്ടാകെ അമർന്നിരിക്കുന്ന നിലവിലെ സ്ഥിതിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയനം ഓൺലൈനിലായി പരിമിതപ്പെട്ടിരിക്കുന്നതിനാലും പേരൻറ്സ് ഡേ പോലുള്ള ആചരണങ്ങൾ വിപുലമായ തോതിലായിരിക്കില്ലെന്ന് തീർച്ചയാണ്.

അതേ സമയം വരും നാളുകളിൽ നിശ്ചയമായും പേരൻറ്സ് ഡേ പോലുള്ള ദിനാചരണങ്ങൾ നമ്മുടെ നാട്ടിലും വേണ്ടതുണ്ടെന്ന്​ വിളിച്ചറിയിക്കുന്നതാണ് നിലവിലെ സാമൂഹികാന്തരീക്ഷം. മാതാവിനെ വെട്ടിക്കൊല്ലുന്ന മകനും പിതാവി​​െൻറ അടിയേറ്റ് മരിക്കുന്ന മകനും മാധ്യമ വാർത്തകളിൽ അടിക്കടി സ്ഥാനം പിടിക്കുന്ന ദുരവസ്ഥയിലും വലിയതെന്താണ് ഇനി വരാനിരിക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. 

മുൻകാലങ്ങളിൽ ഇത്തരം അനഭലഷണീയ സംഭവങ്ങളെ ഒറ്റപ്പെട്ടതായി മാത്രം കാണാനാകുമായിരുന്നു. എന്നാലിന്ന് സ്ഥിതി അങ്ങിനെയല്ല. നാം ഒരിക്കലും പ്രതീക്ഷിക്കാത്തിടങ്ങളിൽ പോലും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നു. പുറമെ ശാന്തമെന്ന് തോന്നിക്കുന്ന ഭവനങ്ങളിൽ കഴിയുന്ന പല മനുഷ്യരും സഞ്ചരിക്കുന്ന അഗ്നിപർവ്വതങ്ങളാണെന്ന് പലപ്പോഴും വൈകിയാണ് തിരിച്ചറിയപ്പെടുന്നത്. ആത്മഹത്യയോ കൂട്ടക്കൊലപാതകമോ നടന്ന ശേഷമായിരിക്കും ഇത്തരം വിവരങ്ങൾ പുറംലോകമറിയുക.

അമേരിക്കയിൽ പേരൻറ്സ് ദിനാചരണത്തി​​െൻറ ഭാഗമായി മികച്ച മാതാപിതാക്കളെ ആദരിക്കുന്ന പതിവുണ്ട്. മക്കൾ അവർക്ക് സമ്മാനങ്ങൾ നൽകി തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കും. സത്യം പറഞ്ഞാൽ ഇത്തരത്തിലുള്ള പ്രകടനപരതയിൽ യാതൊരു അർത്ഥവുമില്ലെന്ന് നമുക്ക് അറിയാം. എന്നാൽ അത്തരത്തിലൊന്ന് വേണ്ടി വരുന്നുവെന്ന് പറയുന്നതും ഗതികേട് തന്നെയാണ്. നമുക്ക് കേൾക്കുേമ്പാൾ തമാശ തോന്നുമെങ്കിലും ശിഥിലമായ കുടുംബബന്ധങ്ങൾ അവിടെ സർവ സാധാരണമായതിനാൽ ഇതെല്ലാം അനിവാര്യമായി വരുന്നു.

മാതാപിതാക്കളോടുള്ള സ്നേഹാദരങ്ങൾ പ്രകടിപ്പിക്കുക തന്നെയാണ് പേരൻറ്സ് ഡേ കൊണ്ട് വിവക്ഷിക്കുന്നത്. തങ്ങളുടെ കാര്യങ്ങളൊന്നും തന്നെ ശ്രദ്ധിക്കാതെ കുട്ടികളുടെ ഓരോ ആശയും അഭിലാഷവും പൂർത്തീകരിക്കാനായി മാതാപിതാക്കൾ പെടാപ്പാട് പെടുന്നത് നമുക്ക്ചുറ്റും കാണാം. എന്നാൽ മക്കളുടെ കാര്യങ്ങളിൽ തീരെ ശ്രദ്ധ പതിപ്പിക്കാത്തവരും അവിടിവിടെയായി ഉണ്ടെന്ന് പറയാതെ വയ്യ. പല ഘടകങ്ങളാൽ അതിലധികവും പിതാക്കന്മാരാണ്. ഇത്തരത്തിൽ സ്ത്രീകളും പ്രവർത്തിക്കുന്നതായുള്ള ഒറ്റപ്പെട്ട സംഭവങ്ങളും ഇല്ലാതില്ല. അനിഷ്ടകരമായ ചില സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ഇത്​ സാന്ദർഭികമായി ചൂണ്ടിക്കാട്ടിയെന്ന് മാത്രമേയുള്ളൂ.

അതേ സമയം, സമൂഹത്തിലെ സിംഹഭാഗം മാതാപിതാക്കളും അക്ഷരാർത്ഥത്തിൽ മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്നവരാണ്. ത്യാഗവും സഹനവും അവരുടെ കൂടപ്പിറപ്പാണ്. എല്ലാം ത്യജിക്കാനുള്ള അഭിവാഞ്ജയാണ് മിക്കപ്പോഴും അമ്മമാർ കാണിക്കുന്നത്. എന്നാൽ അത്തരത്തിൽ ജീവിതകാലം മുഴുവൻ പൊരുതി ജീവിച്ച മാതാപിതാക്കൾ പലപ്പോഴും ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നതാണ് വാസ്തവം. ഏത് വിധത്തിലുള്ള ന്യായീകരണങ്ങൾ നിരത്തിയാലും ഒരു കാലത്ത് കേട്ടുകേൾവി മാത്രമായിരുന്ന വൃദ്ധസദനങ്ങൾ നമ്മുടെ പ്രബുദ്ധ കേരളത്തിലും സർവ സാധാരണമായിയെന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഭൂഷണമല്ല.

കാരുണ്യപൂർവം വിനയത്തി​​െൻറ ചിറക് മാതാപിതാക്കൾക്ക് താഴ്ത്തിക്കൊടുക്കുകയെന്ന വിശുദ്ധ ഖുർആനിലെ വചനത്തിന് വർത്തമാന കാലത്ത് ഏറെ പ്രസക്തിയുണ്ട്. അതുമായി ബന്ധപ്പെട്ട പ്രാർത്ഥനയും എടുത്ത് പറയേണ്ടതുണ്ട്. ‘എ​​െൻറ നാഥാ, കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളർത്തിയ പോലെ നീ അവരോട് കരുണ കാണിക്കണമേ.’(17:24). എത്ര ഉദാത്തമാണ് ഈ പ്രാർത്ഥനയെന്ന് അറിയുക. ഒരിക്കൽ നബിതിരുമേനിയോട് ഒരാൾ ആരായുകയുണ്ടായി. ‘പ്രവാചകരെ ഞാൻ ഏറ്റവും കൂടുതൽ ഉദാത്തമായി സഹവസിക്കാൻ കടപ്പെട്ടത് ആരാണ്?.’ റസൂലി​​െൻറ മറുപടി ഉടനുണ്ടായി: നി​​െൻറ മാതാവിനോടാണ്. സംശയം തീരാതെ അയാൾ രണ്ട് തവണ കൂടി ഇതേ ചോദ്യം ആവർത്തിച്ചു. ഓരോ തവണയും പ്രവാചകൻ മാതാവ് എന്ന ഉത്തരം വളരെ കൃത്യമായി പറഞ്ഞു. നാലാമതും അയാൾ ചോദ്യം ഉന്നയിച്ചു. അപ്പോൾ മാത്രമാണ് നി​​െൻറ പിതാവിനോടാണെന്ന മറുപടി മുത്തുനബിയിൽ നിന്നുണ്ടായത്. മാതൃത്വത്തി​​െൻറ മഹത്വം അർഥ ശങ്കക്കിടയില്ലാതെ മനുഷ്യസമൂഹത്തിന് ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു മുഹമ്മദ് നബി. അതേ സമയം പിതാവിനോട് പുലർത്തേണ്ട സമീപനം ഒട്ടും കുറച്ചു കാണിക്കാതെ വ്യക്തമാക്കുവാനും പ്രവാചക ശ്രേഷ്ഠൻ തയ്യാറായെന്ന കാര്യം തിരിച്ചറിയണം. മാതാപിതാക്കളോടുള്ള മക്കളുടെ ഉത്തരവാദിത്വത്തിലേക്കുള്ള മഹത്തായ ചൂണ്ടുപലകയാണ് ഈ നബി വചനം.

ഹിന്ദു മത ദർശനത്തിലാകട്ടെ പൊതുവെ മാതാപിതാക്കളെ കുറിച്ച് പറയുേമ്പാൾ ഏറ്റവും ആദ്യം കടന്നു വരുന്നത് മാതാ പിതാ ഗുരു ദൈവം എന്ന പ്രചുര പ്രചാരം നേടി ആപ്തവാക്യമാണ്. ആത്യന്തികമായ ദൈവ സങ്കൽപത്തിലേക്ക് എത്തിച്ചേരുവാനുള്ള മാർഗങ്ങളായാണ് അതിനെ വിവക്ഷിക്കുന്നത്. ആത്മബോധത്തോടെയുള്ള ജീവിത യാത്ര സത്യത്തേയും ഈശ്വനേയും തേടുന്ന ഒന്നാവുകയാണെങ്കിൽ സ്വഗൃഹത്തിലേക്കുള്ള മടക്കയാത്രയായി അതിനെ കണക്കാക്കണം. അങ്ങിനെയെങ്കിൽ അതിൽ ആദ്യസ്ഥാനം മാതാവിനാണ്. രണ്ടാമത്തേത് പിതാവിനും. മൂന്നാമത്തേത് ഗുരുവിനും. അങ്ങനെ ക്രമാനുഗതമായി അവസാനമായി എത്തിച്ചേരേണ്ട സ്ഥാനമാണ് ദൈവം.

‘‘കുടുംബങ്ങൾ അവരുടെ പ്രാർത്ഥനാ ജീവിതത്തിലൂടെയും സ്നേഹത്തിലൂടെയും യഥാർത്ഥ മാനുഷിക വളർച്ചയുടെ കൂടുതൽ പ്രകടമായ പാഠശാലകളായിത്തീരട്ടെ’’ -ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പാ വരുന്ന ആഗസ്റ്റ് മാസത്തിന്‍റെ പ്രാർത്ഥനാ നിയോഗമായി വിശ്വാസികൾക്ക് നൽകുന്നത് കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുവാനാണ്. പ്രാർത്ഥനയും സ്നേഹവുമാകുന്ന ജീവിതത്തിലൂടെ മനുഷ്യന്‍റെ വളർച്ചയെ സാധ്യമാക്കിയെടുക്കാമെന്ന് ഓര്‍മ്മപ്പെടുത്തുന്ന പാപ്പാ യഥാർഥ മനുഷ്യ വികസനത്തിന്‍റെ പാഠശാലകളായി ഓരോ കുടുംബവും രൂപാന്തരപ്പെടുവാൻ ദൈവത്തോടു അപേക്ഷിക്കണമെന്നാണ് ആഹ്വാനം ചെയ്യുന്നത്. കുടുംബങ്ങൾ എങ്ങനെയാണ് മാനവ വളർച്ചയുടെ മകുടോദാഹരണങ്ങളാകേണ്ടതെന്ന് വ്യക്തമാക്കുന്നതിലൂടെ അദ്ദേഹം ഉയർത്തിപ്പിടിക്കുന്നത് ഉറപ്പായും മാതാപിതാക്കളോടുള്ള സ്നേഹാദരങ്ങൾ തന്നെയാണ്.

ഭഗവാൻ ബുദ്ധൻ സാധാരണക്കാർക്കായി ഉപദേശിച്ച മഹാമംഗള സൂത്തത്തിൽ നാലാം ശ്ലോകത്തിൽ മാതാപിതാക്കളെ സേവിക്കേണ്ട കാര്യം പ്രത്യേകം എടുത്തു പറയുന്നുണ്ട്.‘മാതാപിതാക്കളെ സേവിക്കുക, ഭാര്യയെയും കുട്ടികളെയും പരിപാലിക്കുക, യാതൊരുവിധ തെറ്റായ പ്രവൃത്തികളും ചെയ്യാതിരിക്കുക ഇത് ഉത്തമമായ മംഗള കാര്യമാകുന്നു’. എന്തൊക്കെയാണ് ഉത്തമമായ മംഗള കാര്യങ്ങളെന്ന് ശിഷ്യർ ചോദിച്ചപ്പോൾ ഗൗതമ ബുദ്ധൻ ചൊല്ലിയ സൂത്തമാണ് മഹാമംഗള സൂത്തമെന്ന പേരിൽ അറിയപ്പെടുന്നത്.

ബാക്കിപത്രം: ഏതാനും വർഷം മുമ്പ് മാതാപിതാക്കളുടേതായ ഒരു സംഗമത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായി. അതിൽ സംസാരിച്ച അധിക പേരും പുതിയ തലമുറയുടേത് വഴിവിട്ടപോക്കാണെന്ന അഭിപ്രായം തുറന്നടിച്ചു. മറ്റ് ചിലരാകട്ടെ പഴയ തലമുറയേക്കാൾ എന്ത്കൊണ്ടും പുതിയ തലമുറ ബുദ്ധിപരമായ കാരണങ്ങളാൽ അനുഗ്രഹീതരാണെന്ന് പറയാനും മറന്നില്ല. അതിനാൽ അവരെ അങ്ങനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് തുറന്ന് പറഞ്ഞവരുമുണ്ട്.

സഹജീവികളോട് കാരുണ്യത്തോടെ പെരുമാറുന്ന പുതിയ തലമുറയിൽപെട്ടവരെ പ്രതീക്ഷയോടെ കാണാൻ കഴിയണമെന്ന നിലപാടാണ് ലേഖകൻ മുന്നോട്ട് വെച്ചത്. സഹപാഠികളുടെ വീട് നിർമ്മിക്കുന്നതിനും അവരുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടേയും ശസ്ത്രക്രിയക്കായി പണം സ്വരൂപിക്കുന്നതിനും ഫ്ളാഷ് മോബും ബിരിയാണി ചലഞ്ചുമൊക്കൊ സംഘടിപ്പിക്കാൻ ‘ന്യൂെജൻ’ കുട്ടികൾക്ക് അല്ലാതെ മറ്റാർക്കാണ് കഴിയുകയെന്ന് ഞാൻ ചോദിച്ചു. മുൻതലമുറയിൽ പെട്ട എത്രപേർ സഹപാഠികളുടെ വീട്ടിലെ കാര്യങ്ങൾ തിരക്കിയിട്ടുണ്ടാകും. അതിനാൽ ശുഭാപ്തി വിശ്വാസം കൈവെടിയേണ്ട ആവശ്യമില്ല. ഒരിക്കലും ദോഷൈകദൃക്കുകളാകാതിരികുവാൻ പരമാവധി പരിശ്രമിക്കുന്നതാണ് കരണീയം.

സമൂഹത്തിന് മേൽ അരാജകത്വവും അരക്ഷിതാവസ്ഥയും അഴിച്ച് വിടാൻ തക്കം പാർത്തിരിക്കുന്ന കപടബുദ്ധിജീവികളുടെ ജൽപനങ്ങൾക്ക് കാതോർക്കാതിരിക്കുകയാണ് അഭികാമ്യം. കാലാന്തരങ്ങളായി വിവിധ സമൂഹങ്ങളും സംസ്ക്കാരങ്ങളും മതങ്ങളും ദർശനങ്ങളുമെല്ലാം മഹത്തരവും മൂല്യവത്തുമാണെന്ന് നിഷ്കർഷിക്കുന്ന കുടുംബമെന്ന സ്ഥാപനത്തേയും അതിലേക്ക് നയിക്കുന്ന വിവാഹമെന്ന വിശുദ്ധവും പരിശുദ്ധവുമായ കർമ്മത്തേയും വികലവും അർത്ഥശൂന്യമായി ചിത്രീകരിക്കുന്ന ഇക്കൂട്ടർക്ക് വേണമെങ്കിൽ അതിനെ ‘പിരിച്ചു വിടുന്ന’തിൽ ഖേദമുണ്ടാകാനിടയില്ല. തങ്ങളുടെ മക്കൾക്ക് വേണമെങ്കിൽ വിവാഹിതരാകാതെ ആരുമായി ഇണചേരുന്നതിന് അവർ അവകാശം തീറെഴുതി നൽകുന്നു. അങ്ങനെ ഗർഭം ധരിക്കുന്നതിനും പ്രസവിക്കുന്നതിനും താൽപര്യമില്ലെങ്കിൽ ഗർഭഛിദ്രം നടത്തുന്നതിനുള്ള  സ്വാതന്ത്രം കൂടിയുണ്ടെന്നതുമടക്കമുള്ള വരട്ട് തത്വവാദങ്ങൾ ചാനൽ ചർച്ചകളിലും മറ്റും തട്ടിവിടാനുള്ള ഇക്കൂട്ടരുടെ തൊലിക്കട്ടിയെ സമ്മതിക്കാതെ വയ്യ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motherfamilyParentsfather
News Summary - Reminder of the Parents Day celebration -2020
Next Story