‘ലിവിങ് കോൺസ്റ്റിറ്റ്യൂഷ’ന്റെ ഭേദഗതികൾ
text_fields1950 ജനുവരി 26ന് പ്രാബല്യത്തിൽ വന്നതുമുതൽ ഇന്ത്യൻ ഭരണഘടന 106 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെതന്നെ അനുച്ഛേദം 368ൽ പ്രസ്താവിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് അതിൽ കൂട്ടിച്ചേർക്കലുകളും മാറ്റത്തിരുത്തലുകളും ഒഴിവാക്കലുകളും നടത്തി ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമുണ്ട്. ലോകരാജ്യങ്ങൾക്കിടയിൽ ഏറ്റവുമധികം ഭേദഗതി ചെയ്യപ്പെട്ട ഭരണഘടന നമ്മുടേതാണ്. കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു അടിസ്ഥാന രേഖയെന്ന അടിസ്ഥാനത്തിൽ, ‘ലിവിങ് കോൺസ്റ്റിറ്റ്യൂഷൻ’ എന്നും ഇന്ത്യൻ ഭരണഘടന അറിയപ്പെടുന്നുണ്ട്. അതേസമയം ഭേദഗതികൾക്കു പിന്നിലെ രാഷ്ട്രീയം ഈ പെരുമയെ ഇല്ലാതാക്കിക്കളയാറുമുണ്ട്. ഭരണഘടന ഭേദഗതികൾ പലതും ഭരണത്തിലിരിക്കുന്ന പാർട്ടികളുടെ താൽപര്യ സംരക്ഷണാർഥം മാത്രമായിരുന്നു എന്നത് ആശങ്ക ഉണർത്തുന്നു. 106 ഭരണഘടന ഭേദഗതികളിൽ രാഷ്ട്രീയ ചരിത്ര പശ്ചാത്തലം കൊണ്ടും ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ഘടനയിൽ ദീർഘകാലത്തേക്ക് അവയുണ്ടാക്കിയ ശക്തമായ സ്വാധീനം കൊണ്ടും വേറിട്ടു നിൽക്കുന്ന 10 ഭരണഘടന ഭേദഗതികൾ ഇനി പറയുന്നു:
ഭൂപരിഷ്കരണ നിയമസംരക്ഷണത്തിന്
1951ലെ ഒന്നാം ഭേദഗതി: ഭരണഘടനയുടെ ഒന്നാം വാർഷികം കഴിഞ്ഞയുടൻ പാസാക്കിയെടുത്ത ഈ ഭേദഗതിയുടെ പ്രധാന ലക്ഷ്യം കോടതികൾക്ക് മുമ്പിൽ ചോദ്യം ചെയ്യാൻ കഴിയാത്തവിധം ഭൂപരിഷ്കരണ നിയമങ്ങളെ സംരക്ഷിക്കുന്നതിനായി ഒമ്പതാം പട്ടിക ഉൾപ്പെടുത്തിയതാണ്. കൂടാതെ അനുച്ഛേദം 15ൽ മാറ്റങ്ങൾ കൊണ്ടുവന്ന് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ പുരോഗതിക്കായി പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ സംസ്ഥാനത്തിന് അധികാരം നൽകി. അനുച്ഛേദം 19ൽ സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മേലുള്ള നിയന്ത്രണങ്ങൾക്കകത്ത് പൊതുക്രമം, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, ഒരു കുറ്റകൃത്യത്തിന് പ്രേരണ എന്നീ മൂന്നു അടിസ്ഥാനങ്ങൾകൂടി ഈ ഭേദഗതിയിലൂടെ കൂട്ടിച്ചേർത്തു.
ഭരണഘടനയുടെ അടിസ്ഥാന സിദ്ധാന്തങ്ങൾ മാറ്റാതിരിക്കാൻ
1971ലെ 25ാം ഭേദഗതി: ഈ ഭേദഗതി സമ്പത്തിന് മേലുള്ള മൗലികാവകാശം പരിമിതപ്പെടുത്തി. സ്റ്റേറ്റിന് സ്വകാര്യ സ്വത്ത് ഒഴിപ്പിച്ചെടുക്കാനുള്ള അനുവാദം നൽകി. സ്വകാര്യ സ്വത്ത് സർക്കാർ ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം പരിമിതപ്പെടുത്തി. ആർട്ടിക്കിൾ 39 (ബി) അല്ലെങ്കിൽ (സി) പ്രകാരം ഭരണഘടനയിലെ നാലാം ഭാഗത്ത് പറയുന്ന മാർഗനിർദേശക തത്ത്വങ്ങൾ നടപ്പിലാക്കാൻ ഉണ്ടാക്കിയ നിയമങ്ങളെ, അവ ജീവനും തുല്യതയും സ്വത്തവകാശവുമായി ബന്ധപ്പെട്ട മൗലികാവകാശങ്ങൾ ഹനിച്ചുവെന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് ഈ ഭേദഗതി പ്രസ്താവിച്ചു. പ്രസിദ്ധമായ കേശവാനന്ദ ഭാരതി വിധിയിലേക്ക് നയിച്ച ഭേദഗതി ഇതാണ്. ഈ കേസിൽ സുപ്രീംകോടതിയുടെ 13 അംഗ ബെഞ്ച്, നിയമങ്ങളെ അവലോകനം ചെയ്യാനുള്ള മേൽകോടതിയുടെ അധികാരം എടുത്തുകളയുന്ന അനുച്ഛേദം 31 സിയുടെ ഒരുഭാഗം റദ്ദാക്കി. കൂടാതെ പാർലമെന്റിന്റെ, ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം നിയന്ത്രിക്കത്തക്കവിധം, ഒരു ഭേദഗതിക്കും ഭരണഘടനയുടെ അടിസ്ഥാന സിദ്ധാന്തങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അധികാരമില്ലെന്ന് പ്രസ്താവിക്കുന്ന അടിസ്ഥാന ഘടന സിദ്ധാന്തം മുന്നോട്ടുവെക്കുകയും ചെയ്തു.
അടിയന്തരാവസ്ഥയിൽ
1975ലെ 39ാം ഭേദഗതി: അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധി സർക്കാർ പാസാക്കിയ ഈ ഭേദഗതി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭ സ്പീക്കർ എന്നിവരുടെ തെരഞ്ഞെടുപ്പുകളെ കോടതികളിലൂടെ ചോദ്യം ചെയ്യുന്നത് തടഞ്ഞു.
ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇന്ദിര ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് അലഹബാദ് ഹൈകോടതി റദ്ദാക്കിയിരുന്നു. വിഷയത്തിൽ ഇന്ദിര നൽകിയ അപ്പീൽ സുപ്രീംകോടതി പരിഗണിക്കുന്നതിന് തലേന്നാണ് ഈ ഭേദഗതി പാസാക്കിയത് എന്നതിൽനിന്ന് മാറ്റത്തിന്റെ ഉദ്ദേശ്യം വ്യക്തം. 329 എ എന്ന പുതിയ അനുച്ഛേദം ഭരണഘടനയിൽ ഉൾപ്പെടുത്തിക്കൊണ്ട്, തെരഞ്ഞെടുപ്പ് സംബന്ധമായ തർക്കപരിഹാരത്തിനുള്ള അധികാരം പാർലമെന്റ് നിയമിക്കുന്ന ബോഡികൾക്ക് മാത്രമായി പരിമിതപ്പെടുത്തി. പുതിയ അനുച്ഛേദം വകുപ്പ് നാല് അനുസരിച്ച് ഈ വിഷയത്തിൽ ഏതെങ്കിലും തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് നിലവിലുള്ളതും വരാൻപോകുന്നതുമായ എല്ലാ കോടതി വിധികളും അസാധുവാക്കപ്പെട്ടു. പുതിയ ഭേദഗതി പ്രാവർത്തികമാക്കാൻ പ്രധാനമന്ത്രിയും സ്പീക്കറുടെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ തീർപ്പാക്കുന്നത്തിനുവേണ്ടി പാർലമെന്ററി സമിതി സ്ഥാപിച്ചുകൊണ്ട് ഒരു ഓർഡിനൻസ് പുറപ്പെടുവിക്കയുണ്ടായി. എന്നാൽ, പിന്നീട് വന്ന മൊറാർജി ദേശായ് സർക്കാർ ഈ ഓർഡിനൻസ് റദ്ദാക്കി.
‘മിനി ഭരണഘടന’
1976ലെ 42ാം ഭേദഗതി: അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര സർക്കാർ നിയമിച്ച സ്വരൻ സിങ് കമ്മിറ്റിയുടെ ശിപാർശകൾക്ക് അനുസരിച്ച്, ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളെ പുനർ നിർണയിക്കും വിധം പാസാക്കിയ ഈ ഭേദഗതി നിയമത്തിലെ വകുപ്പുകളുടെ എണ്ണം കാരണം ‘മിനി ഭരണഘടന’ എന്നറിയപ്പെടുന്നു. ഭരണഘടനാ ആമുഖത്തിലും 40 അനുച്ഛേദങ്ങളിലും ഏഴാം പട്ടികയിലും മാറ്റങ്ങൾ കൊണ്ടുവന്ന ഭേദഗതി പുതിയ 14 അനുച്ഛേദങ്ങളും മൗലിക ധർമങ്ങൾ ഉൾപ്പെടെ രണ്ടുഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ വിവാദങ്ങൾ സൃഷ്ടിച്ച ഒരു ഭേദഗതി കൂടിയാണ് ഇത്. ഭരണഘടനാ ആമുഖത്തിൽ ‘സോഷ്യലിസ്റ്റ്’, ‘സെക്കുലർ’, ‘ഇന്റഗ്രിറ്റി’ എന്നീ പദങ്ങൾ ചേർത്തു. ഭരണഘടനാ ഭേദഗതിക്കുള്ള പരമാധികാരം പാർലമെന്റിന് നൽകുകയും ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാറുകൾ പാസാക്കുന്ന നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാനുള്ള സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും അധികാരം വെട്ടിച്ചുരുക്കി ഇന്ത്യയെ ഒരു പാർലമെന്ററി പരമാധികാര സ്വഭാവത്തിലേക്ക് മാറ്റാനുള്ള ശ്രമം ഈ ഭേദഗതിയിലൂടെ നടക്കുകയുണ്ടായി. പിന്നീട് ഇൗ ഭേദഗതി റദ്ദാക്കി.
അടിയന്തരാവസ്ഥകൾക്ക് കടിഞ്ഞാണിടാൻ
1978ലെ 44ാം ഭേദഗതി: അടിയന്തരാവസ്ഥക്കു ശേഷം അധികാരത്തിൽവന്ന മൊറാർജി സർക്കാർ മുൻ ഗവൺമെന്റിന്റെ ഭരണഘടനാ ഭേദഗതികൾ റദ്ദുചെയ്യുന്നതിന് വേണ്ടി നടത്തിയ ശ്രമമാണിത്. ഈ ഭേദഗതിയിലൂടെ കേന്ദ്ര സംസ്ഥാന നിയമനിർമാണ സഭകളുടെ കാലാവധി ആറു വർഷത്തിൽനിന്ന് വീണ്ടും അഞ്ചായി കുറച്ചു. സ്വത്തവകാശവും സർക്കാർ സ്വകാര്യസ്വത്ത് ഏറ്റെടുക്കുമ്പോൾ വ്യക്തികൾക്ക് നഷ്ടപരിഹാരം തേടാനുള്ള മൗലികാവകാശവും മൂന്നാം ഭാഗത്തിൽനിന്ന് ഒഴിവാക്കി അനുച്ഛേദം 300 എയിൽ ഭരണഘടനാ അവകാശം മാത്രമായി വേർതിരിച്ചു. 42ാം ഭേദഗതി എടുത്തുകളഞ്ഞ മേൽകോടതികളുടെ അധികാരങ്ങൾ പുനഃസ്ഥാപിച്ചു. പൗരാവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നു.
വോട്ടിങ് പ്രായം
1989ലെ 61ാം ഭേദഗതി: യുവജനങ്ങൾക്കിടയിൽ കൂടുതൽ രാഷ്ട്രീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും വോട്ടർമാരുടെ എണ്ണം വർധിപ്പിച്ച് ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും അനുച്ഛേദം 326 ഭേദഗതി ചെയ്ത് വോട്ടിങ് പ്രായം 21ൽനിന്ന് 18 ആയി കുറച്ചു.
സൗജന്യ വിദ്യാഭ്യാസം
2002ലെ 86ാം ഭേദഗതി: 6നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന അനുച്ഛേദം 21 എ കൂട്ടിച്ചേർത്തു. ഇത് കൂടാതെ ആറു വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും ബാല്യകാല പരിചരണവും വിദ്യാഭ്യാസവും ഉറപ്പുവരുത്തേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നത് നിർദേശകതത്ത്വങ്ങളിൽ ഉൾപ്പെടുത്തി.
കൊളീജിയത്തിന് ബദൽ എൻ.ജെ.സി
2014 ലെ 99ാം ഭേദഗതി: സുപ്രീംകോടതി-ഹൈകോടതി ജഡ്ജിമാരെ നിയമിക്കുന്നതിന് കൊളീജിയം സംവിധാനത്തിന് പകരം എൻ.ജെ.എസി (നാഷനൽ ജുഡീഷ്യൽ അപ്പോയ്ന്റ്മെന്റ് കമീഷൻ) രൂപവത്കരിച്ചതാണ് ഈ ഭേദഗതി. ജഡ്ജിമാരുടെ നിയമനം സുതാര്യവും വിശാലാടിസ്ഥാനത്തിലുമാക്കാൻ പാസാക്കിയ ഈ ഭേദഗതിക്ക് പക്ഷേ ദീർഘായുസ്സുണ്ടായില്ല. പുതിയ സംവിധാനം ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കുമെന്നും നിയമനങ്ങളിൽ രാഷ്ട്രീയ സ്വാധീനമുണ്ടാവാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി 2015ൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഭേദഗതി റദ്ദുചെയ്തു.
ജി.എസ്.ടി
2016ലെ 101ാം ഭേദഗതി: ഈ ഭേദഗതി പ്രകാരം എക്സൈസ് ഡ്യൂട്ടി, വിൽപന നികുതി, വിനോദനികുതി എന്നിങ്ങനെ കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന വിവിധ നികുതികൾക്ക് പകരം രാജ്യത്താകമാനം ജി.എസ്.ടി (ഗുഡ്സ് ആൻഡ് സർവിസ് ടാക്സ്) ചുമത്താൻ തീരുമാനമായി.
വനിത സംവരണം
2023ലെ 106ാം ഭേദഗതി: മുമ്പ് സ്ത്രീ സംവരണം ആവശ്യപ്പെട്ട് ബില്ലുകൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും 2023ലാണ് യാഥാർഥ്യമായത്. അവസാനത്തെ ഈ ഭേദഗതി, ലോക്സഭയിലും നിയമസഭകളിലും പട്ടികജാതി-പട്ടികവർഗക്കാർക്കായി സംവരണം ചെയ്യപ്പെട്ടവ ഉൾപ്പെടെ, എല്ലാ സീറ്റുകളുടെയും മൂന്നിലൊന്ന് സ്ത്രീകൾക്കായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.