സംവരണ അട്ടിമറിക്ക് ഇടതുസർക്കാർ നേതൃത്വം
text_fieldsയഥാർഥത്തിൽ ഇവിടെ സംവരണമുള്ളത് പിന്നാക്കക്കാർക്കല്ല, മുന്നാക്കക്കാർക്കാണ്. അത് അപ്രഖ്യാപിതമാണെന്നു മാത്രം. ഈ അപ്രഖ്യാപിത സംവരണത്തെ മറികടക്കാനാണ് ഭരണഘടന സംവരണം ഒൗദ്യോഗികമായി വിഭാവന ചെയ്തത്. ഒരു സംവരണവുമില്ലാതെ പരീക്ഷയും നിയമനങ്ങളും നടത്തിയാൽ സ്വാഭാവികമായും ഇവിടെ മഹാഭൂരിഭാഗം ഉദ്യോഗസ്ഥരും മുന്നാക്ക സമുദായക്കാരായിരിക്കും. ഈ സ്വാഭാവികതയിൽ ഒരു അസ്വാഭാവികതയില്ലേ? അത് വെറുതെ ഉണ്ടായതല്ല. സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന ജാതിമേധാവിത്വത്തിെൻറ ഫലമായി ഉണ്ടായതാണ്. ജനാധിപത്യരഹിതമായ ഒരു കാലത്തിെൻറ നികൃഷ്ട അവശേഷിപ്പ്. ഈ അസ്വാഭാവികതയെ മറികടക്കാനും അധികാരവിതരണത്തെ സ്വാഭാവികമാക്കിത്തീർക്കാനു (Normalise) മാണ് ജനാധിപത്യ ഭരണഘടന സംവരണം വിഭാവന ചെയ്തത്.
ഭരണഘടനയിൽ സംവരണസങ്കൽപമുണ്ടെങ്കിലും, നിയമപരമായി അത് നിലവിലുണ്ടെങ്കിലും സമൂഹത്തിൽ ഇന്നും ആധിപത്യം പുലർത്തുന്ന സവർണ മനോഭാവം കാരണം സംവരണവിരുദ്ധത ഇവിടെ ശക്തമാണ്. അധികാരത്തിെൻറ എല്ലാ ഗുണഫലങ്ങളും ആയിരത്താണ്ടുകളായി കൈവശംവെക്കുന്നവരിൽ ചിലർക്ക് അത് പങ്കുവെക്കേണ്ടിവരുക എന്നത് ആലോചിക്കാനാവാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ നമ്മുടെ സംവരണത്തിെൻറ ചരിത്രം സംവരണ അട്ടിമറിയുടെ ചരിത്രംകൂടിയാണ്. അല്ലായിരുന്നെങ്കിൽ ദലിത് പിന്നാക്ക സമൂഹങ്ങൾക്ക് കഴിഞ്ഞ 70 വർഷംകൊണ്ട് അധികാരപങ്കാളിത്തത്തിൽ വലിയ മുന്നേറ്റങ്ങൾ നടത്താൻ കഴിയുമായിരുന്നു. സംവരണമുണ്ടായിട്ടും സംവരണത്തിെൻറ ഫലം വേണ്ടത്ര ലഭിക്കാതെ പോയതിെൻറ പ്രധാന കാരണം സംവരണ അട്ടിമറിയാണ്. ഓപൺ മെറിറ്റിൽ യോഗ്യത നേടുന്ന സംവരണ സമുദായാംഗങ്ങളെ സംവരണക്വോട്ടയിൽ നിയമിക്കുക എന്നതാണ് സംവരണ അട്ടിമറിയുടെ പ്രധാനപ്പെട്ട ഒരു രൂപം. അതുകൊണ്ടാണ് സംവരണത്തിെൻറ പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും പിന്നാക്ക സമൂഹത്തിെൻറ മതിയായ പ്രാതിനിധ്യം അപരിഹാര്യമായ പ്രശ്നമായി തുടരുന്നത്.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ചരിത്രത്തിലെതന്നെ ഏറ്റവും പ്രഖ്യാപിതമായ സംവരണ അട്ടിമറികൾക്ക് പിന്നാക്ക ജനവിഭാഗങ്ങളെയും സാമൂഹികനീതിബോധമുള്ളവരെയും പരസ്യമായി വെല്ലുവിളിച്ച് നേതൃത്വം നൽകിക്കൊണ്ടിരിക്കുകയാണ്. അതിലെ ആദ്യ ചുവടായിരുന്നു ദേവസ്വം സ്ഥാപനങ്ങളിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്തിയ നടപടി. ഇത് ഭരണഘടനാപരമായി നിലനിൽക്കുകയില്ലെന്ന് നിയമവകുപ്പ് സെക്രട്ടറിതന്നെ സർക്കാറിനെ അറിയിച്ചു. അതുകൊണ്ട് മന്ത്രിസഭ തീരുമാനം സർക്കാർ ഉത്തരവായി പുറപ്പെടുവിക്കാതെ കിടക്കുകയാണ്. നിയമപരമായി നിലനിൽക്കാത്ത കാര്യംവരെ ഈ വിഷയത്തിൽ ചെയ്യാൻ ആവേശം കാണിക്കുന്നതിെൻറ കാരണം ഇടതുപക്ഷത്തിെൻറ സംവരണവിരുദ്ധ രാഷ്ട്രീയമാണ്.
ക്രീമിെലയർ പരിധി കേന്ദ്രം എട്ടു ലക്ഷമായി ഉയർത്തിയിട്ടും കേരളത്തിൽ ഇപ്പോഴും ആറു ലക്ഷമായി തുടരുകയാണ്. പിന്നാക്കസമൂഹത്തിലെ ധാരാളമാളുകൾക്ക് സംവരണം നഷ്ടമാകാൻ ഇത് കാരണമാവുന്നു. ഉന്നത ഉദ്യോഗരംഗത്ത് പിന്നാക്കക്കാർ വരുന്നത് തടയുകയാണ് ഇതിെൻറ പിന്നിലെ ഇടതു സർക്കാറിെൻറ ലക്ഷ്യം. ഒരു തവണ സംവരണപ്രകാരം അപേക്ഷ ക്ഷണിച്ച് ക്രീമിലെയർ പരിധിക്ക് കീഴെ യോഗ്യരായവർ വന്നിട്ടില്ലെങ്കിൽ അത് പൊതു േക്വാട്ടയിലേക്ക് പോകും. അഥവാ മുന്നാക്ക ക്വോട്ടയിലേക്ക് പോകുമെന്നർഥം. ഇപ്പോൾതന്നെ ജനസംഖ്യാനുപാതത്തിനും എത്രയോ വലിയ അളവിൽ പ്രാതിനിധ്യമുള്ളവരുടെ എണ്ണം പിന്നെയും വർധിപ്പിക്കാനുള്ള വഴിയാണിത്.
കേരളത്തിലെ അധികാര വിതരണരംഗത്ത് വമ്പിച്ച പ്രത്യാഘാതമുണ്ടാക്കാൻ പോകുന്ന നടപടിയാണ് പുതുതായി നിലവിൽ വന്ന കേരള അഡ്മിനിസ്േട്രറ്റിവ് സർവിസി (കെ.എ.എസ്) ലെ സംവരണ ശോഷണ നടപടി. കെ.എ.എസ് നിയമനത്തെ മൂന്ന് സ്ട്രീമായാണ് തിരിച്ചിരിക്കുന്നത്. അതിൽ നേരിട്ട് റിക്രൂട്ട്മെൻറ് നടത്തുന്ന സ്ട്രീം ഒന്നിൽ മാത്രമാണ് സംവരണമുള്ളത്. 50 ഉദ്യോഗസ്ഥരെയാണ് ഇതിലൂടെ നിയമിക്കുന്നത്. ഇതിൽ 25 പേർ സംവരണത്തിലൂടെ നിയമിക്കപ്പെടും. നോൺഗസറ്റഡ് ഉദ്യോഗസ്ഥരിൽനിന്ന് പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും തെരഞ്ഞെടുക്കുന്ന 50 പേരുടെ രണ്ടാമത്തെ സ്ട്രീമിലോ ഗസ്റ്റഡ് ഉദ്യോഗസ്ഥരിൽനിന്ന് ഇതേപോലെ നിയമിക്കുന്ന മൂന്നാം സ്ട്രീമിലോ സംവരണമില്ല. ഇതിനു പറയുന്ന ന്യായം ഈ രണ്ട് സ്ട്രീമിലുമുള്ള സംവരണ വിഭാഗക്കാർക്ക് ആദ്യ നിയമനത്തിൽ സംവരണം ലഭിച്ചിട്ടുണ്ട് എന്നതാണ്.
ഇത് പ്രമോഷനല്ല, പുതിയ തസ്തികയിൽ പുതുതായി പരീക്ഷ സംഘടിപ്പിച്ച് നടത്തുന്ന തീർത്തും പുതുതായ നിയമനമാണ്. ഇതോടെ കേരളത്തിലെ ഉന്നത ഉദ്യോഗരംഗം വലിയ അളവിൽ മുന്നാക്കക്കാർക്ക് സംവരണം ചെയ്യപ്പെടും. സംവരണത്തെ അട്ടിമറിക്കുന്ന പ്രതിവിപ്ലവമാണിത്. നേരേത്ത കേരള സർവിസിലെ ഉന്നത ഉദ്യോഗ രംഗത്തുള്ളവരെ ഉയർന്ന തസ്തികകളിലേക്ക് കൺഫർ ചെയ്യുന്ന രീതി നിലവിലുണ്ടായിരുന്നു. അത് ഇനി ഉണ്ടാവുകയില്ല. പകരം കെ.എ.എസിൽനിന്നാണ് അത് ലഭിക്കുക. അവരിൽ ഇപ്പോൾ വലിയ പ്രായമുള്ളവരല്ലാത്തവർക്കെല്ലാം എട്ടു വർഷംകൊണ്ട് ഇൗ ആനുകൂല്യം ലഭിക്കും. അതിൽ സാമാന്യേന 150ൽ 25 പേർ മാത്രമായിരിക്കും ജനസംഖ്യയിൽ മഹാഭൂരിപക്ഷം വരുന്ന സംവരണ സമുദായങ്ങളിൽനിന്നുള്ളവരുണ്ടാവുക. നേരേത്തതന്നെ വരേണ്യരുടെ കുത്തക നിലനിൽക്കുന്ന, അവർ സംവരണ അട്ടിമറികൾ നടത്തിക്കൊണ്ടിരിക്കുന്ന ഉന്നത ഉദ്യോഗരംഗം കൂടുതൽ വരേണ്യവത്കരിക്കപ്പെടാനാണ് ഇത് ഉതകുക. പിണറായി വിജയൻ സർക്കാർ സവർണ ലോബിക്കുവേണ്ടിയാണ് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത്.
പ്രതിപക്ഷമെന്ന നിലക്ക് ഇതിനെതിരെ ശബ്ദിക്കേണ്ടിയിരുന്ന യു.ഡി.എഫ് ഇത്രതന്നെ അളവിൽ ജാതിമേധാവിത്വത്തിന് ഒപ്പം നിൽക്കുന്നവരാണ്. അതുകൊണ്ടാണ് അവർ എതിർശബ്ദം ഉയർത്താത്തത്. സവർണതാൽപര്യ സംരക്ഷണത്തിനുവേണ്ടി ജനിച്ച ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം സന്തോഷകരമായ കാര്യവുമാണ്. പിന്നാക്ക സമുദായത്തെയും സമൂഹങ്ങളെയും പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗിന് പിന്നാക്ക ന്യൂനപക്ഷ സമുദായത്തിെൻറയോ സമൂഹങ്ങളുടെയോ ആവശ്യങ്ങൾ ഉന്നയിച്ച് നേടിയെടുക്കാൻ കഴിയാതായിട്ട് കാലം കുറേയായി. അതിനുള്ള ധാർമികവും രാഷ്ട്രീയവുമായ ബലം ലീഗിന് നഷ്ടപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പെരുന്നക്കപ്പുറം പോകാൻ മുസ്ലിം ലീഗിന് കഴിവോ താൽപര്യമോ ഇല്ല. ഈ പാപ്പരീകരണത്തിന് മറയിടാനാണ് പ്രവാസപ്പണമുപയോഗിച്ച് സേവനപ്രവർത്തനങ്ങൾ മുഖ്യ അജണ്ടയാക്കുന്നത്. രാഷ്ട്രീയേതരമായ വഴികളിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തി നിലനിൽക്കാൻ കഴിയുമെന്ന് കരുതുന്നത് ശുദ്ധ മണ്ടത്തമാണ്.
നവരാഷ്ട്രീയത്തിെൻറയും ദലിത് പിന്നാക്ക സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന കെ.എ.എസ് സംവരണ നിരാകരണത്തിനെതിരായ സമരങ്ങളും പ്രചാരണങ്ങളും ഇടതു സർക്കാറിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. മറ്റൊരുത്തരവിലൂടെ സമരമുന്നണിയെ ഭിന്നിപ്പിക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. രണ്ടും മൂന്നും സ്ട്രീമുകളിൽ പട്ടികജാതി^പട്ടികവർഗ സംവരണം ഏർപ്പെടുത്തുകയും പിന്നാാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകാതിരിക്കുകയും ചെയ്യുക എന്ന തന്ത്രമാണത്. എന്നാൽ, എല്ലാ സംവരണ സമുദായങ്ങൾക്കും മറ്റു സർവിസിലുള്ള പ്പോലെ മൊത്തം 50 ശതമാനം സംവരണം ലഭിക്കുന്നതുവരെ കേരളത്തിലെ ദലിത് പിന്നാക്ക സമൂഹങ്ങളും സാമൂഹികനീതിയിൽ വിശ്വസിക്കുന്നവരും പോരാട്ടത്തിെൻറ വഴിയിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകും. മർദിതരെ ഭിന്നിപ്പിക്കുന്ന സൃഗാലസൂത്രം പ്രബുദ്ധകേരളത്തിലെ സാമൂഹികനീതിയിൽ വിശ്വസിക്കുന്നവരുടെ അടുത്ത് വിലപ്പോകില്ല. സാമൂഹികനീതി കേവല സമുദായ പ്രശ്നമല്ല. കൃത്യമായ ബഹുസാമുദായികവും മതേതരവുമായ രാഷ്ട്രീയപ്രശ്നമാണ്.
(വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.