Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനവോത്ഥാന കേരളത്തിലെ...

നവോത്ഥാന കേരളത്തിലെ സംവരണ മനഃസ്ഥിതി

text_fields
bookmark_border
renaissance kerala
cancel
camera_alt

സി. അച്യുതമേനോൻ  ഡോ. ഭീംറാവു അംബേദ്കർ  ഡോ. കെ.എൻ. രാജ്

സംവരണലംഘനം വീണ്ടും കേരളത്തിൽ ചർച്ചയാവുകയാണല്ലോ. അംബേദ്കറുടെ ഇച്ഛാശക്തിയും നെഹ്‌റു അതിനോട് കാണിച്ച ആദരവുമാണ് സംവരണ സംവിധാനം ഇന്ത്യയിൽ സാമൂഹികനീതി എന്ന ആശയത്തെ അവസരസമത്വമെന്ന ആശയവുമായി കണ്ണിചേർത്ത് ഭരണഘടനാതത്ത്വമായി അംഗീകരിക്കപ്പെടുന്നതിനുള്ള പ്രധാന കാരണം.

അംബേദ്‌കർ എന്ന, സകലമാന പുരോഗമനവാദികളാലും ഗാന്ധിയന്മാരാലും ആക്ഷേപിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തിരുന്ന, ദലിത് നേതാവില്ലായിരുന്നെങ്കിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ നവോത്ഥാനം സംഭവിച്ച കേരളത്തിൽപോലും സംവരണം ഉണ്ടാകുമായിരുന്നില്ല. എന്നാൽ, സാമൂഹികനീതിക്കായുള്ള സംവരണം ജനിച്ചപ്പോൾതന്നെ സംവരണവിരുദ്ധതയും ജന്മമെടുത്തു.

സാമ്പത്തിക സംവരണവാദത്തിൽ അത് മൂർത്തരൂപം കൈവരിക്കുകയും ചെയ്തു. പാലിക്കപ്പെടാതെപോയാൽ ആരും ചോദ്യംചെയ്യാനില്ലാത്ത, അട്ടിമറി എന്ന ക്ഷതസാധ്യത സദാ നിലനിൽക്കുകയും അട്ടിമറിക്കപ്പെട്ടാൽ അത് രഹസ്യമായും പരസ്യമായും ആഘോഷം മാത്രമാവുകയുംചെയ്യുന്ന സ്ഥിതിവിശേഷം സംവരണത്തിന്റെ കാര്യത്തിൽ എല്ലാകാലത്തും ഉണ്ടായിരുന്നു.

സംവരണ അട്ടിമറി എന്ന കലാരൂപം

കേരളത്തിൽ നെട്ടൂർ ദാമോദരൻ കമീഷന്റെ കാലംമുതൽതന്നെ സംവരണ അട്ടിമറി ഒരു ഔദ്യോഗിക സവർണ കലാരൂപമായി മാറിയിരുന്നു. ബെർടോൾഡ് ബ്രെഹ്ത്ത്തിന്റെ ‘സെത്‌സ്വാനിലെ നല്ല സ്ത്രീ’ എന്ന നാടകത്തിൽ ഷെയ്ൻ ടെയ് പറയുന്ന വരികൾ എപ്പോഴും ഉദ്ധരിക്കപ്പെടുന്ന പ്രദേശമാണ് കേരളം: “ഇതെന്തുമാതിരി നഗരമാണ്? നിങ്ങൾ എന്തുതരം മനുഷ്യരാണ്? അനീതി ഉണ്ടായാൽ നഗരത്തിൽ കലാപമുണ്ടാവണം.

ഇല്ലെങ്കിൽ അന്നത്തെ രാത്രിക്കുമുമ്പ് ആ നഗരം കത്തിയമരുന്നതാണ് നല്ലത്.” എന്നാൽ എത്രതന്നെ കടുത്ത ലംഘനമുണ്ടായാലും ഒരു കലാപവും ഉണ്ടാക്കാത്ത അനീതിയാണ് സംവരണം ലംഘിക്കപ്പെടുക എന്നത്, കേരളത്തിലും ഇന്ത്യയിൽ മറ്റെവിടെയും. കേരളത്തിനുപുറത്ത്, നവോത്ഥാനം ശ്വാസത്തിൽപോലുമുണ്ടെന്ന ആത്മവിശ്വാസമുള്ളവർ ലോകത്തു കുറവായിരിക്കും.

പക്ഷേ, സംവരണ ലംഘനത്തിന്റെ കാര്യത്തിൽ അത് നമ്മുടെ നവോത്ഥാന വ്യവഹാരത്തിൽ പരാമർശിക്കപ്പെടേണ്ട ഒരു കാര്യമായിപ്പോലും കണക്കാക്കപ്പെടുന്നില്ല. ഇതാവട്ടെ, നവോത്ഥാനംപോലുള്ള പ്രയോഗങ്ങളെത്തന്നെ കൂടുതൽ ചരിത്രവിചാരങ്ങൾക്കു വിധേയമാക്കേണ്ടതുണ്ട് എന്ന സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

‘വ്യാവസായിക വിപ്ലവം’ എന്ന പരികല്പനയില്ലാതെ യൂറോപ്യൻ ചരിത്രം പൂർണമാകുന്നില്ല എന്നാണല്ലോ പൊതുധാരണ. സാങ്കേതിക വിദ്യകളുടെ വികാസത്തിന്റെ ഫലമായി ഉൽപാദന, വിതരണ, ഉപഭോഗരീതികളിലുണ്ടായ മാറ്റത്തെ ചരിത്രത്തിലെ വിച്ഛേദമായി കണക്കാക്കുകയും ആ വിച്ഛേദകാലഘട്ടത്തെ വ്യാവസായിക വിപ്ലവകാലമായി കണക്കാക്കപ്പെടുകയും ചെയ്തുപോരുന്നു.

അന്നുണ്ടായ നിരവധി കണ്ടുപിടിത്തങ്ങളുടെയും അതിനെത്തുടർന്നുണ്ടായ വിപണിയിലെ മാറ്റങ്ങളെയുംചേർത്ത് ഒരു ചരിത്രഘട്ടത്തിന് പിൽക്കാലത്തുനൽകിയ വിളിപ്പേരാണ് ‘വ്യാവസായിക വിപ്ലവം’.

യൂറോ കേന്ദ്രവാദത്തിന്റെയും യൂറോപ്യന്‍ അധിനിവേശത്തിന്റെയും വംശീയ ഗർവി​ന്റെയുമൊക്കെ അടിസ്ഥാനമായി ഈ നാമകരണം മാറുന്നുണ്ട്. സ്വന്തം സൈനിക മേധാവിത്വത്തെ മറുജനതകൾക്ക്​ മേലുള്ള ധൈഷണിക മേധാവിത്വംകൂടിയാണെന്ന യൂറോപ്യന്‍ സാംസ്കാരിക ധാർഷ്ട്യം ഈ ശാസ്ത്രജ്ഞാനത്തിന്റെകൂടി പേരിലായിരുന്നുവെന്നു ബ്രൂണോ ലത്തൂര്‍ പറയുന്നുണ്ട്.

കേരളത്തിലെ നവോത്ഥാനവും യഥാർഥത്തില്‍ മറ്റൊരു കാലത്ത് സംഭവിച്ച പരസ്പരബന്ധിതമായ എന്നാൽ, തികച്ചും സങ്കീർണവും വ്യത്യസ്തതകളും വൈവിധ്യങ്ങളും നിറഞ്ഞതുമായ ചരിത്രധാരകളുടെ ക്രോഡീകരണത്തിലൂടെ പിൽക്കാലത്ത് നിർമിച്ചെടുത്ത രാഷ്ട്രീയ പരികല്പനയാണ്.

നവോത്ഥാനവും കേരള മാതൃകയും

കേരളത്തിലെ ഈ നവോത്ഥാന വ്യവഹാരം എന്ന്, എങ്ങനെ ആരംഭിച്ചുവെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും അതൊരു സ്വാതന്ത്ര്യാനന്തര പ്രതിഭാസമാണ് എന്നത് തീർച്ചയാണ്. വിശേഷിച്ചും കേരള സംസ്ഥാന രൂപവത്​കരണ ശേഷമാണ് അത്തരമൊരു വ്യവഹാരം രൂപംകൊള്ളുന്നത്‌.

കേരള സംസ്ഥാനം രൂപംകൊണ്ടതിനുശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാർട്ടി നേടിയ വിജയത്തിന്റെ പിറകില്‍ ഒരു പുതിയ സാമൂഹിക അവബോധ നിർമിതിയുടെ പ്രേരണയുണ്ടാവാം എന്ന ചിന്തയിൽ നിന്നാണ് കേരളം കടന്നുപോന്നത് ഒരു നവോത്ഥാന പ്രക്രിയയിലൂടെയാണെന്നും അതി​ന്റെകൂടി പ്രതിഫലനമാണ് പുരോഗമന ആശയങ്ങൾക്ക്​ കേരളത്തില്‍ സ്വീകാര്യത കിട്ടുന്നതെന്നുമുള്ള ആശയത്തിന് പ്രസക്തി വർധിച്ചത്.

എന്നാൽ, അക്കാലത്തും നവോത്ഥാനം എന്ന വാക്കോ പരികല്പനയോ വ്യാപകമായി പ്രചാരത്തിൽ വന്നിരുന്നില്ല. അതുണ്ടാവുന്നതു എഴുപതുകളിലാണ് എന്നാണെ​ന്റെ ഓർമ. എഴുപതുകളിൽ സി. അച്യുതമേനോൻ സർക്കാറിന്റെ കാലത്തുണ്ടായ സാമൂഹിക പരിഷ്കരണങ്ങളുടെ പശ്ചാത്തലത്തിൽ കേരളം ആഗോളതലത്തിൽ സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധയിൽപെടുകയുണ്ടായി.

അച്യുതമേനോനുമായി വളരെ അടുപ്പം പുലർത്തിയിരുന്ന, ആഗോളതലത്തിൽ അക്കാദമിക് അംഗീകാരങ്ങൾ ഉണ്ടായിരുന്ന ഡോ. കെ.എൻ. രാജിനെപ്പോലുള്ള സാമ്പത്തിക ശാസ്‌ത്രജ്‌ഞർ കേരളത്തിലേക്ക് അവരുടെ ശ്രദ്ധതിരിക്കുന്നത് എഴുപതുകളിലാണ്.

ഡോ. രാജ് കേരളത്തിലേക്ക് താമസംമാറുകയും തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് സ്ഥാപിക്കുന്നതിന് മുൻകൈയെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെകൂടി നേതൃത്വത്തിൽ കേരളത്തിന്റെ സാമൂഹിക വികസനം ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിൽനിന്ന് ഭിന്നമാണെന്നു സ്ഥാപിക്കുന്ന വസ്തുനിഷ്ഠമായ പഠനവും പ്രസിദ്ധീകരിക്കപ്പെട്ടു.

അതിലെ സങ്കീർണമായ ഒഴിവാക്കലുകളെക്കുറിച്ച് പിന്നീട് വലിയ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. അവയൊക്കെ ഭാഗികമായെങ്കിലും അംഗീകരിക്കപ്പെടുന്നതുതന്നെ കേരളത്തിൽ മത്സ്യത്തൊഴിലാളി സമരങ്ങളും ദലിത് ആദിവാസി ഭൂസമരങ്ങളും ഉയർന്നുവന്നപ്പോൾ മാത്രമാണ്.

തിരുവിതാംകൂറിനെ (അവർ തന്നെ) ‘മാതൃകാ നാട്ടുരാജ്യം’ എന്ന് വിളിച്ചിരുന്ന പതിവിനെ പുനരാനയിച്ചുകൊണ്ട്‌ ‘കേരള മാതൃക’ എന്ന പരികല്പന രൂപമെടുക്കുന്നതു അങ്ങനെയാണ്. ഈ ചർച്ച രൂപപ്പെടുന്ന എഴുപതുകളുടെ സാമ്പത്തിക-സാമൂഹിക സവിശേഷതകൾ ശ്രദ്ധേയമായിരുന്നു. ഒരുവശത്ത് കേരളം പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ഏറ്റവും താഴേപ്പടിയിൽ നിൽക്കുന്നു.

മറുവശത്ത് ജനനനിരക്ക്, ശിശു മരണനിരക്ക്, മരണനിരക്ക്, സാക്ഷരത തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽനിന്ന്​ ഗുണപരമായി വേറിട്ടുനിൽക്കുന്നു എന്ന് മാത്രമല്ല, യൂറോ-അമേരിക്കൻ നിലവാരത്തിന്റെ സമീപത്തേക്ക് അത് എത്തിച്ചേരാനും തുടങ്ങുന്നു.

മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും മൂന്നാംലോക രാജ്യങ്ങൾ പൊതുവേയും താഴ്ന്ന പ്രതിശീർഷ വരുമാനവും സാമൂഹിക സൂചകങ്ങളിൽ അതുകൊണ്ടുതന്നെ വലിയ പുരോഗതിയില്ലാതെയും കഴിയുമ്പോൾ കേരളം എങ്ങനെയാണ് സാമൂഹിക സൂചകങ്ങളിൽ ഒന്നാമതെത്തിയത് എന്നത് കൂടുതൽ വിശദീകരണം ആവശ്യമുള്ള വികസന സമസ്യയായി മാറുകയായിരുന്നു.

വിദ്യാഭ്യാസ മേഖലയിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ശക്തമായ മിഷനറിമാരുടെയും തിരുവിതാംകൂർ സർക്കാറിന്റെയും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലുള്ള ഇടപെടലുകളുടെയും അതേത്തുടർന്നുണ്ടായ സാമൂഹിക പരിഷ്കരണങ്ങളുടെയും അതിന്റെ ചുവടുപിടിച്ചുണ്ടായ ട്രേഡ് യൂനിയൻ ഉണർവിന്റെയും സാഹചര്യം കേരളത്തിന്റെ സാമൂഹിക സൂചകങ്ങൾ വളരുന്നതിൽ പങ്കുവഹിച്ചുവെന്ന കണ്ടെത്തൽ ഈ സന്ദർഭത്തിലാണ് പ്രസക്തമായി മാറിയത്.

ഒപ്പംതന്നെ കൊളോണിയൽ സമ്മർദങ്ങൾക്കുവഴങ്ങി നിരവധി പരിഷ്കാരങ്ങൾക്ക് തുടക്കമിട്ട തിരുവിതാംകൂർ ഭരണത്തെ ഉദാത്തവത്കരിക്കുന്ന സമീപനവും, അവർക്ക് നവോത്ഥാന രാഷ്ട്രീയം രൂപപ്പെടുത്തുന്നതിൽ പങ്കുണ്ടെന്ന വാദവും ശക്തമായിത്തീർന്നു. ഇതിന്റെ രേഖീയയുക്തി ശ്രദ്ധേയമായിരുന്നു.

മിഷനറി പ്രവർത്തനം എന്നത് കേവലം മതപരിവർത്തനം മാത്രമായിരുന്നില്ല. തിരുവിതാംകൂറിൽ മതപരിവർത്തനം ചെയ്യിക്കാനുള്ള അവകാശം മിഷനറിമാർക്കു നൽകിയിരുന്നത് ജാതിഹിന്ദുക്കളെ ഒഴിവാക്കിക്കൊണ്ടായിരുന്നു. പ്രേഷിത പ്രവർത്തനം ദലിതർക്കിടയിൽ മാത്രമായി പരിമിതപ്പെട്ടപ്പോൾ അവരുടെ സാമൂഹികമായ ഉയർച്ചകൂടി ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ മിഷനറിമാർ ഏർപ്പെട്ടു.

മതപരിവർത്തനം ചെയ്യുന്ന ദലിതർക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുന്ന സമീപനമാണ് മിഷനറിമാർ സ്വീകരിച്ചത്. പൊതുവിൽ തിരുവിതാംകൂർ സർക്കാറിനും പൊതുവിദ്യാഭ്യാസ മേഖലയിൽ ഇടപെടാനും സ്‌കൂളുകളും കോളജുകളും ആരംഭിക്കാനുമുള്ള സാഹചര്യം കൂടി ഈ സന്ദർഭത്തിൽ ഉയർന്നുവന്നു.

തമിഴ്നാട്ടിലെപ്പോലെ ജാതിവിരുദ്ധ ദലിത്ബോധം തെക്കൻ കേരളത്തിൽ ബ്രാഹ്മണ്യവിമർശനമായി കൊളോണിയലിസത്തിന് മുമ്പുതന്നെ നിലനിന്നിരുന്നുവെങ്കിലും സാമൂഹിക-ജാതിനവീകരണ പ്രസ്ഥാനങ്ങൾക്ക് സ്വീകാര്യത സൃഷ്ടിച്ചത് കൊളോണിയൽ ആധുനികതയുടെ പുതിയ സന്ദർഭമായിരുന്നു.

മത-സാമൂഹിക പ്രസ്ഥാനങ്ങൾക്കൂടി വിദ്യാഭ്യാസ സമത്വവും പൗരസമത്വവും ആവശ്യപ്പെടുകയും തിരുവിതാംകൂർ ഭരണകൂടം അതിനോട് പ്രതികരിക്കാൻ നിർബന്ധിതരാവുകയും ചെയ്തതോടെയാണ് പിൽക്കാല സാമൂഹിക വികാസത്തിനുള്ള സാധ്യതകൾ കേരളത്തിൽ ചരിത്രപരമായി ഉരുത്തിരിഞ്ഞതെന്നും അതാണ് ‘കേരള മാതൃക’യായി മാറിയതെന്നുമായിരുന്നു കേരളത്തിന്റെ വ്യത്യസ്തമായ വികസനാനുഭവത്തിനു നൽകപ്പെട്ട വ്യാഖ്യാനം.

തിരിച്ചറിയപ്പെടാത്ത സംവരണ വിരുദ്ധത

എന്നാൽ, നവോത്ഥാന മൂല്യങ്ങള്‍ എന്ന് സങ്കൽപിക്കുന്ന അവ്യക്തവും അമൂർത്തകവുമായ ഒരു നൈതികബോധത്തിനു നിരക്കാത്ത ഇടപെടലുകള്‍-ജാതിദുർബോധം, അന്ധവിശ്വാസങ്ങള്‍, വർഗീയത, സംവരണവിരുദ്ധത തുടങ്ങിയവ-കേരളത്തിന്റെ പൊതുബോധത്തിലുണ്ട് എന്നും അവ ശക്തമാണെന്നും സമ്മതിക്കാനുള്ള വൈമനസ്യത്തിനുകൂടി കേരളമാതൃകാ സങ്കൽപവും നവോത്ഥാന രൂപകവും വളമിട്ടുകൊടുക്കുന്നുണ്ട്.

അതുകൊണ്ടുകൂടിയാണ് തൊഴിലിലും വിദ്യാഭ്യാസത്തിലും ഒരുപോലെ സംവരണം ലംഘിക്കപ്പെടുമ്പോൾ, സാമ്പത്തിക സംവരണംപോലുള്ള ഇടപെടലുകൾ അടിസ്ഥാന ഭരണഘടനാതത്ത്വങ്ങൾക്ക് വെല്ലുവിളിയാകുമ്പോൾ, എയ്ഡഡ് സ്ഥാപനങ്ങൾ നിസ്സാരമായി സംവരണം കാറ്റിൽപറത്തുമ്പോൾ, കേരളത്തിൽ ഒരു ചലനവും ഉണ്ടാകാത്തത്.

‘ആർക്കും വെക്കാം’ എന്ന് ആർത്തുവിളിക്കുന്ന കുലുക്കിക്കുത്തായി നവോത്ഥാനസങ്കല്പം മാറുന്നതിന്റെ ഉപോല്പന്നമാണ് ആഴത്തിൽ വേരോടുന്ന സംവരണവിരുദ്ധത വിമർശിക്കപ്പെടുകപോലും ചെയ്യാതെപോകുന്ന സാഹചര്യമെന്ന് തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationrenaissanceKerala News
News Summary - Reservation mentality in Renaissance Kerala
Next Story