സംവരണം ചില വർത്തമാന യാഥാർഥ്യങ്ങൾ
text_fieldsതിരുവിതാംകൂറിലെ പബ്ലിക് സർവിസ് കമീഷൻ റിപ്പോർട്ടായിരിക്കണം ഒരു പക്ഷേ, അധികാരത്തിലുള്ള പങ്കാളിത്തമാണ് സംവരണലക്ഷ്യമെന്ന് പ്രഖ്യാപിച്ച ആദ്യത്തെ പ്രാമാണികരേഖ. പ്രസ്തുത ലക്ഷ്യം നേടിയെടുക്കുന്നതിൽ കേരളം എത്ര മുന്നോട്ടുപോയി?
ഉദ്യോഗപ്രാതിനിധ്യം: ഒരു വർത്തമാന ചിത്രം
കേരളപ്പിറവിയാകുമ്പോഴേക്കും തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ സംസ്ഥാനത്തിെൻറ മൂന്നു ഭരണപ്രദേശങ്ങളിലും വ്യത്യസ്തരീതിയിൽ ഉദ്യോഗ സംവരണം നിലനിന്നിരുന്നു. സംസ്ഥാന രൂപവത്കരണത്തെ തുടർന്ന് സംവരണവ്യവസ്ഥകൾ ഏകോപിപ്പിക്കപ്പെട്ടെങ്കിലും തുടർവർഷങ്ങളിൽ പല മാറ്റങ്ങൾക്കും വിധേയമായി. സംവരണം ഏർപ്പെടുത്തി ഇത്രയും വർഷങ്ങൾ പിന്നിട്ടെങ്കിലും വിവിധ സാമൂഹികവിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിലുള്ള പ്രാതിനിധ്യത്തെക്കുറിച്ച കൃത്യമായ കണക്കുകൾ ലഭ്യമല്ല എന്നത് തികച്ചും ലജ്ജാകരമാണ്. ഇപ്പോഴും സംവരണത്തോത് നിർണയിക്കുന്നതിനു നമ്മുടെ മുന്നിലുള്ള ജനസംഖ്യ കണക്കുകൾ 1931 ലേതാണ്. ദേശീയ സാമ്പിൾ സർവേ കണക്കുകൾ ഭാഗികമായെങ്കിലും ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്താവുന്നവയാണെങ്കിലും ഇവ വളരെ അപൂർവമായി മാത്രമേ ഉപയോഗപ്പെടുത്തിക്കാണാറുള്ളൂ (ഇതിനൊരപവാദം 1970 ലെ നെട്ടൂർ കമീഷനായിരുന്നു). അത്തരത്തിലൊരു ഉദ്യമമാണ് ഇവിടെ നടത്തുന്നത്. സംവരണത്തിെൻറ പുതിയ നിയമങ്ങളുടെയും സംസ്ഥാന സർക്കാറിെൻറ തീരുമാനങ്ങളുടെയും വെളിച്ചത്തിൽ ഈ കണക്കുകൾ കൂടുതൽ സംഗതമാവുകയും ചെയ്യുന്നു.
2017 -18 ൽ നടന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (NSSO Round 70) ശേഖരിച്ച പ്രാഥമിക സ്ഥിതി വിവരക്കണക്കുകളാണ് (Unit Level Data) ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. പ്രസ്തുത സ്ഥിതി വിവരക്കണക്കുകളിൽനിന്ന് നമുക്ക് വിവിധ സാമൂഹികവിഭാഗങ്ങളുടെ ജനസംഖ്യ പ്രാതിനിധ്യവും സർക്കാറുദ്യോഗത്തിലുള്ള പ്രാതിനിധ്യവും കണക്കുകൂട്ടാൻ കഴിയുന്നു. ഇത്തരത്തിലുള്ള വിവരങ്ങളാണ് പട്ടിക ഒന്നിൽ ക്രോഡീകരിച്ചിട്ടുള്ളത്.
15 നും 60 നും ഇടയിൽ പ്രായമുള്ളവരെ മാത്രമാണ് പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മാത്രമല്ല, സർക്കാർ ഉേദ്യാഗസ്ഥന്മാർ എന്നതുകൊണ്ട് അർഥമാക്കുന്നത് സംസ്ഥാന സർക്കാർ ജീവനക്കാരെ മാത്രമല്ല; കേന്ദ്ര സർക്കാർ ജീവനക്കാരെക്കൂടിയാണ്. എന്നാൽ, കേന്ദ്ര സർക്കാറിെൻറ കീഴിൽ തൊഴിലെടുക്കുന്നവർ സംസ്ഥാനത്ത് താരതമ്യേന കുറവാണെന്നിരിക്കേ, ഈ പരിമിതി നമ്മുടെ അപഗ്രഥനത്തെ കാര്യമായി ബാധിക്കുകയില്ല.
പട്ടിക സ്വയം സംസാരിക്കുന്നതായതുകൊണ്ടു അധിക വിശദീകരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അതിെൻറ അവസാന വരിയിൽനിന്ന് മനസ്സിലാകുന്നത് മുന്നാക്ക ഹിന്ദുവിഭാഗങ്ങളുടെ സർക്കാർ ഉദ്യോഗപ്രാതിനിധ്യം അവരുടെ ജനസംഖ്യാനുപാതത്തിൽനിന്ന് 42 ശതമാനം കൂടുതലാണെന്നാണ്. മുന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങളിലാകട്ടെ 25 ശതമാനവും. മുസ്ലിംകളും പട്ടികവർഗവിഭാഗങ്ങളും ഒഴിച്ചുള്ള പിന്നാക്കവിഭാഗങ്ങളുടെ ഉദ്യോഗ പ്രാതിനിധ്യം അവരുടെ ജനസംഖ്യാനുപാതത്തേക്കാൾ ഉയർന്നതാണെന്നാണ് പട്ടിക കാണിക്കുന്നത്. പിന്നാക്ക ഹിന്ദുവിഭാഗങ്ങളിൽ ഇത് 16 ശതമാനവും പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങളിൽ 27 ശതമാനവുമാണ്. എന്നാൽ, ഈ രണ്ടു വിഭാഗങ്ങളും അനേകം ഉപവിഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഇവയിൽ ഓരോ ഉപവിഭാഗത്തിെൻറയും കണക്കുകൾ പ്രത്യേകമായി ലഭ്യമല്ല. എങ്കിലും, ഇവയിൽ പല വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതിക ഉദ്യോഗപ്രാതിനിധ്യം കിട്ടിയിട്ടില്ലെന്നാണ് പൊതു വിശ്വാസം. മുസ്ലിംകളുടെ ഉദ്യോഗപ്രാതിനിധ്യം ജനസംഖ്യാനുപാതത്തേക്കാൾ 64 ശതമാനം കുറവാണെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. പട്ടിക വർഗവിഭാഗത്തിേൻറതു 42 ശതമാനവും.
ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷെൻറ കണക്കുകൾ ഓരോ വിഭാഗവും കൈയാളുന്ന ഉദ്യോഗങ്ങളുടെ നിലവാരത്തെക്കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെ നൽകുന്നില്ല. എങ്കിലും സർവേയിൽ നിന്ന് ലഭ്യമാകുന്ന പ്രതിശീർഷ മാസവരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഈ ദിശയിലുള്ള ചില സൂചനകൾ നൽകുന്നു. ഈ വിവരങ്ങൾ പ്രകാരം മുന്നാക്ക ഹിന്ദു വിഭാഗത്തിൽപ്പെടുന്ന ഒരു സർക്കാർ ജീവനക്കാരെൻറ ശരാശരി പ്രതിമാസ വരുമാനം സംസ്ഥാന ശരാശരിയുടെ 106 ശതമാനവും മുന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നയാളിേൻറത് 112 ശതമാനവുമാണ്. പിന്നാക്ക ഹിന്ദുവിഭാഗത്തിലേതു സംസ്ഥാന ശരാശരിയുടെ 105 ശതമാനമായിരിക്കുമ്പോൾ മുസ്ലിംകളിൽ ഇത് സംസ്ഥാന ശരാശരിക്കു തുല്യമാണ്. പട്ടികജാതി വിഭാഗങ്ങളിലാകട്ടെ, ഇത് 68 ശതമാനവും പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങളിൽ 71 ശതമാനവും പട്ടിക വർഗങ്ങളിൽ 74 ശതമാനവുമാണ്. ഈ വിഭാഗങ്ങളിൽപെടുന്നവർ ഏറ്റവും താണനിലയിലുള്ള ജോലികളിലാണ് ഏർപ്പെട്ടിട്ടുള്ളതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഹിന്ദു പിന്നാക്കവിഭാഗങ്ങളിൽ തന്നെയും, ശരാശരി വരുമാനം സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണെങ്കിലും ഉയർന്ന സാങ്കേതികാപഗ്രഥനം കാണിക്കുന്നത് ഈ വിഭാഗത്തിലെ ഭൂരിഭാഗവും താണ ശമ്പളക്കാർ ആണെന്നാണ്; ഈ വിഭാഗത്തിലെ ശരാശരി വരുമാനം ഉയർന്നുനിൽക്കുന്നതിെൻറ കാരണം, സർവേയിൽ പെട്ട ചിലരുടെ ഉയർന്ന ശമ്പളം മൂലമാണെന്നാണ് ഇത്തരത്തിലുള്ള അപഗ്രഥനം കാണിക്കുന്നത്. സാങ്കേതികമായി ഔട്ട്ലെയർ എന്ന് വിളിക്കപ്പെടുന്ന ഇത്തരം വിവരത്തെ ഒഴിച്ച് നിർത്തിയാൽ മറ്റു പിന്നാക്ക ഹിന്ദുക്കളിലെ സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും താണ വരുമാനം ലഭിക്കുന്ന ഉദ്യോഗങ്ങളിലാണ് ഏർപ്പെട്ടിട്ടുള്ളത്. ഇതിന് ഉപോദ്ബലകമായ ഉയർന്ന സാങ്കേതികാപഗ്രഥന ഫലങ്ങൾ ഇവിടെ നൽകുന്നത് ഉചിതമായിരിക്കില്ല. എങ്കിലും ഇവ വ്യക്തമാക്കുന്നത് താണ ശമ്പളങ്ങൾ ലഭിക്കുന്ന ഉദ്യോഗങ്ങളിലേർപ്പെട്ടിട്ടുള്ള അനുപാതം മുന്നാക്കവിഭാഗങ്ങളിൽ ആനുപാതികമായി കുറവാണെന്നാണ്; ഉയർന്ന ഉദ്യോഗങ്ങളിലാകട്ടെ, വളരെ കൂടുതലും.
ഏറ്റവും താഴെ തട്ടിലുള്ള ഉദ്യോഗത്തിെൻറയും ഉയർന്ന തട്ടിലുള്ള ഉദ്യോഗത്തിെൻറയും സാമൂഹികപ്രസക്തി വ്യത്യസ്തമാണെന്നോർക്കണം- പ്രത്യേകിച്ചും, സർക്കാർ ഉദ്യോഗമെന്നത് ഒരു സാമൂഹിക വിഭാഗത്തിെൻറ അധികാരത്തിലുള്ള പങ്കിെൻറ പ്രതീകമായതു കൊണ്ട്. ഇവിടെ പ്രസക്തമാകുന്നത് കേവലം ഉദ്യോഗപ്രാതിനിധ്യം മാത്രമല്ല, തീരുമാനങ്ങളെടുക്കുന്നതിനും അവ നടപ്പാക്കുന്നതിനുമുള്ള അധികാരത്തിെൻറ തുല്യമായ വിതരണമാണ്.
സംസ്ഥാന സർക്കാറിെൻറ സംവരണ ഉത്തരവ്
മുകളിൽ സൂചിപ്പിച്ച വസ്തുതകൾ കൂടി കണക്കിലെടുത്തു വേണം 103ാം ഭരണഘടനഭേദഗതിയുടെ ചുവടുപിടിച്ചു മുന്നാക്കക്കാരിലെ പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്താൻ സംസ്ഥാനസർക്കാർ പുറത്തിറക്കിയ ഉത്തരവിനെ വിലയിരുത്തേണ്ടത്. പ്രസ്തുത തീരുമാനം നിലവിൽ നിൽക്കുന്ന സംവരണത്തെ ബാധിക്കിെല്ലന്നുള്ള സർക്കാർ വാദത്തെ അംഗീകരിച്ചാൽപോലും അതു കൊണ്ടുവരാൻ പോകുന്ന സാമൂഹികവിപത്തിനെ കാണാതിരുന്നു കൂടാ. സംവരണേതര വിഭാഗത്തിൽ പെടുന്നവരുടെ ഉദ്യോഗപ്രാതിനിധ്യം അവരുടെ ജനസംഖ്യാനുപാതത്തിനേക്കാൾ വളരെ ഉയർന്നതാണെന്നു നമ്മൾ കണ്ടു കഴിഞ്ഞു. പത്തുശതമാനം സംവരണം കൂടി ആകുമ്പോഴേക്കും പ്രസ്തുത വിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ കൈവരുന്നത് അപ്രമാദമായ മേധാവിത്വമായിരിക്കും. പരാജയപ്പെടുന്നതാകട്ടെ, അധികാരത്തിൽ തുല്യപങ്കാളിത്തമെന്ന ലക്ഷ്യവും.
(തിരുവനന്തപുരം സർക്കാർ വനിതാ കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം മുൻ മേധാവിയും സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസിലെ മുൻ വിസിറ്റിങ് സ്കോളറുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.