മാധ്യമങ്ങളിലെ വ്യക്തി: കഥാപുരുഷൻ
text_fieldsരാജിയും ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് മലയാളിയെ പഠിപ്പിച്ചത് വിജയൻ മാഷാണ്. പാർട്ടിയിൽ പ്രത്യയശാസ്ത്ര ഭിന്നതയും വിഭാഗീയതയും നാലാം ലോകവുമെല്ലാം കത്തിനിൽക്കുന്ന കാലം. തന്റെ രാഷ്ട്രീയബോധ്യങ്ങളിൽനിന്ന് ഏറെ അകലെയാണ് പാർട്ടിയും നേതൃത്വവുമെല്ലാമെന്ന് തിരിച്ചറിഞ്ഞതോടെ എം.എൻ. വിജയൻ ‘ദേശാഭിമാനി’ വാരികയുടെ പത്രാധിപസ്ഥാനത്തുനിന്ന് പടിയിറങ്ങി; തുടർന്നാണ് ആ രാഷ്ട്രീയ പ്രഖ്യാപനം വന്നത്.
പത്തുപതിനേഴ് വർഷങ്ങൾക്കിപ്പുറം, വ്യത്യസ്തമായൊരു സന്ദർഭത്തിൽ നിലപാടു പ്രഖ്യാപനമായി വീണ്ടുമൊരു രാജിവാർത്ത. ഇത്തവണ കഥാപുരുഷൻ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനാണ്. മൂന്ന് വർഷം മുമ്പ്, പാർട്ടിയും ഇടതുസർക്കാറും ഏൽപിച്ച വലിയൊരു ഉത്തരവാദിത്തത്തിൽനിന്നാണ് പ്രതിഷേധസ്വരമുയർത്തി അടൂരിന്റെ പിൻമാറ്റം.
സഹപ്രവർത്തകരോടും വിദ്യാർഥികളോടും ജാതീയമായി പെരുമാറുന്നുവെന്ന് പഴികേട്ട് സ്ഥാപനത്തിൽനിന്ന് പുറത്തുപോകേണ്ടിവന്നൊരാൾക്കുള്ള ഐക്യദാർഢ്യമാണ് ഈ രാജിയെന്നുവരുമ്പോൾ അതൊരു രാഷ്ട്രീയ നിലപാടായിത്തന്നെ കാണണം. അടൂരിന്റെ മനസ്സിലുറച്ച രാഷ്ട്രീയ ബോധ്യങ്ങൾതന്നെയാണിതെന്ന് വിമർശകർ പറയുന്നത് വെറുതെയാണോ?
അരനൂറ്റാണ്ട് പിന്നിട്ട സിനിമാകാലത്തെ സർവ രാഷ്ട്രീയ വിചാരങ്ങളെയും ഈയൊരൊറ്റ പരിപാടിയിലൂടെ മഹാനായ ചലച്ചിത്രകാരൻ തള്ളിമാറ്റിയെന്ന ആരാധക വിലാപത്തിലും കഴമ്പുണ്ട്. ഏതായാലും, കെ.ആർ. നാരായണന്റെ പേരിലുള്ള ചലച്ചിത്ര പഠന കേന്ദ്രത്തിന് ഇനി അടൂരിന്റെ സേവനവും ഉപദേശവുമൊന്നുമുണ്ടാകില്ല.
തന്റെ അഭാവത്തിൽ സ്ഥാപനത്തിന് വലിയ ഭാവിയില്ലെന്ന നിരീക്ഷത്തെ പ്രവചനമായും ശാപമായും വ്യാഖ്യാനിക്കാം. അടൂർ പദവി ആഗ്രഹിച്ച് നേടിയതല്ല; പിടിച്ചിരുത്തിയതാണ്. ഒരു ചാന്ദ്രയാത്രക്കുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ‘ഭീകര’ ഭൂരിപക്ഷത്തിൽ രണ്ടാമതും മോദി അധികാരത്തിൽവന്ന കാലം.
ആളുകളെ കൂട്ടംചേർന്ന് തല്ലിക്കൊന്നും ബലാത്സംഗം ഒരു രാഷ്ട്രീയായുധമായി പ്രയോഗിച്ചുമൊക്കെ ആഘോഷം തുടരുന്നതിനിടെയാണ്, ഇതെല്ലാം കണ്ട് അസ്വസ്ഥരായ ഏതാനുമാളുകൾ മോദിക്ക് കത്തെഴുതിയത്. ‘ജയ് ശ്രീറാം’ കൊലവിളിയായി മാറിയിരിക്കുന്നുവെന്നും രാജ്യത്ത് ദലിത്, ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.
ഒപ്പിട്ടവരിൽ രാമചന്ദ്രഗുഹ മുതൽ അനുരാഗ് കശ്യപ് വരെയുള്ള പ്രമുഖരുണ്ട്. കൂട്ടത്തിൽ അടൂരും. കത്തു വാർത്ത സോഷ്യൽമീഡിയയിൽ കത്തിപ്പടർന്നു. കേരള കാവിപ്പടക്ക് ഹാലിളകി. അവർ അടൂരിനെതിരെ തിരിഞ്ഞു. സാധാരണഗതിയിൽ വിമർശകരോട് ‘പാകിസ്താനിൽ പോടാ’ എന്നാണ് ആക്രോശം.
ഒരു ചേഞ്ചിന്, ഇവിടെ ‘ചന്ദ്രനിലേക്ക് പോകാ’നായിരുന്നു ബി.ജെ.പി നേതാവിന്റെ തീട്ടൂരം. ടിക്കറ്റ് തന്നാൽ പോകാമെന്ന് അടൂർ തിരിച്ചടിച്ചതോടെ രംഗം കൊഴുത്തു. സംഘ്പരിവാർ കേന്ദ്രങ്ങൾ ഒന്നടങ്കം അടൂരിനെതിരായി. പിണറായി സഖാവ് മുൻകൈയെടുത്ത് സ്ഥാപിച്ച നവോത്ഥാന കമ്മിറ്റിയുടെ ജോയന്റ് കൺവീനർ സുഗതൻ അടൂരിനെ ‘അവാർഡ് കൃഷ്ണൻജി’ എന്ന് പരിഹസിച്ചു. ഈ സന്ദിഗ്ധ ഘട്ടത്തിലാണ് പാർട്ടിയും സർക്കാറും രക്ഷിക്കാനെത്തിയത്.
അടൂർ ചന്ദ്രനിലേക്കല്ല, കോട്ടയം തെക്കുംതലയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ പോകട്ടെയെന്ന് പിണറായി. അങ്ങനെ ചെയർമാനായി. ഡയറക്ടറായി കൂട്ടിന് ശങ്കർ മോഹനും. അങ്ങേരാണ് സ്ഥാപനത്തെ നാണക്കേടിലാക്കിയതെന്ന് വിദ്യാർഥികളും ജീവനക്കാരും.
ആള് വലിയ കക്ഷിയൊക്കെയാണ്; എന്നുവെച്ച് ‘പട്ടേലർ’ കളിക്ക് ബാക്കിയുള്ളവർ ‘തൊമ്മി’കളായി വിധേയപ്പെടണമെന്നുവെച്ചാൽ ഇക്കാലത്തു നടപ്പില്ല. സ്വകാര്യ കക്കൂസ് പോലും കഴുകേണ്ട അവസ്ഥയിലായി അവിടെയുള്ളവർ എന്നൊക്കെയാണ് പരദൂഷണം. ഈ പട്ടേലർക്കാണ് അടൂരിന്റെ ഐക്യദാർഢ്യം.
ഡയറക്ടറുടെ കളി നിയമങ്ങൾ അടിസ്ഥാനപരമായി ജാതിക്കളിതന്നെ. അത് ‘വ്യൂ ഫൈൻഡറി’ൽ തെളിഞ്ഞുകാണാൻ അടൂരിനായില്ല. അതുകൊണ്ടാണ്, എല്ലാവരും തള്ളിപ്പറഞ്ഞിട്ടും ശങ്കർമോഹന്റെ മെറിറ്റിനെ മുൻനിർത്തി അയാളെ ന്യായീകരിക്കാൻ തുനിഞ്ഞത്.
അന്വേഷണകമീഷൻ പോലും ആൾ കുറ്റക്കാരനെന്ന് വിധിച്ചപ്പോഴാണ് അതെന്നോർക്കണം. വേട്ടക്കാരനെ ഇരയായും യഥാർഥ ഇരകളെ വേട്ടക്കാരായും ചിത്രീകരിക്കുന്ന അപൂർവ കാഴ്ചയൊരുങ്ങിയത് അങ്ങനെ. ഇവിടെ ‘ജാതിക്കുറ്റം’ ഇരകൾക്കാണ്. ജാതീയതയുടെ ഇര ശങ്കർമോഹനും.
വിരുദ്ധോക്തിയിൽ അടൂർ ചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ചായി. സമൂഹം വലിയ കുറ്റക്കാരനെന്ന് വിധിക്കുന്നവരുടെ നന്മവശങ്ങൾ അടയാളപ്പെടുത്തുകയാണ് അടൂരിന്റെ ഇപ്പോഴത്തെ ഒരു ലൈൻ. സിനിമയിലും അങ്ങനെതന്നെ. സംശയമുള്ളവർ ‘പിന്നെയും’ ഒന്നു കണ്ടു നോക്കൂ.
നമ്മുടെ ജനപ്രിയ നായകൻ കേന്ദ്രകഥാപാത്രമായ സിനിമ കണ്ടാൽ സുകുമാരക്കുറുപ്പിനെ എല്ലാവരും ‘മഹാൻ’ എന്നു വിളിക്കും. അഭ്യസ്തവിദ്യനും തൊഴിൽരഹിതനുമായ ഒരു സവർണ യുവാവ് ഇങ്ങനെയല്ലാതെ എന്തു ചെയ്യുമെന്നാണ് ചലച്ചിത്രകാരന്റെ ചോദ്യം. ആദ്യ ചിത്രമായ ‘സ്വയംവര’ത്തിലും അഭ്യസ്ത വിദ്യനായ തൊഴിൽരഹിതനാണ് നായകൻ.
പക്ഷേ, അയാൾ ആരെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നില്ല. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി പരാജയപ്പെട്ട് അയാൾ മരണത്തിന് കീഴടങ്ങുന്നു. കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയ ആ ചിത്രം പരക്കെ പ്രശംസിക്കപ്പെട്ടു.
അതുവരെയും കെട്ടുകാഴ്ചകൾ മാത്രം തകർത്താടിയിരുന്ന കറുപ്പും വെളുപ്പും കലർന്ന ഫ്രെയിമിൽ നവതരംഗത്തിന്റെ തിരയിളക്കങ്ങൾ മലയാളത്തിൽ പടർന്നത് ‘സ്വയംവര’ത്തോടെയാണ്. കാലങ്ങൾക്കിപ്പുറം, ‘ന്യൂജെൻ സിനിമ’കളുടെ തിരയിളക്കം മലയാളത്തിൽ അലയടിക്കുമ്പോൾ, അടൂർ ‘പിന്നെയും’ ശങ്കർമോഹനൻമാർക്കൊപ്പമാണ്.
അതല്ലെങ്കിലും, അടൂരിന് ‘ന്യൂജെൻ’ തരംഗത്തോട് വലിയ താൽപര്യമില്ല. സിനിമയായാലും ജീവിതമായാലും. ഒ.ടി.ടി പോലുള്ള നടപ്പുശീലങ്ങളോട് തുടക്കത്തിലേ ‘നോ’ പറഞ്ഞിട്ടുണ്ട്. മലയാള സിനിമക്ക് പേരിടുമ്പോൾ അത് മലയാളത്തിലായിരിക്കണമെന്നും നിർബന്ധമുണ്ട്.
ഈ നിർബന്ധബുദ്ധിയിലാണ് ഇൻസ്റ്റിറ്റ്യൂട്ടിലും ഇടപെട്ടത്. കുട്ടികൾക്ക് തീരേ സദാചാര ബോധമില്ല എന്നതാണ് വലിയ പരാതി. തെളിവായി, അവർ കുടിച്ചുതീർത്ത കള്ളുകുപ്പികളുടെ എണ്ണം വരെ വാർത്തസമ്മേളനത്തിൽ അവതരിപ്പിച്ചു. ഈ കുട്ടികൾ എങ്ങനെ നല്ല സിനിമ പിടിക്കും?
പകരം, ശങ്കർമോഹനനെപ്പോലെ വലിയ പാരമ്പര്യമുള്ളവരെ മാതൃകയാക്കാനാണ് ഉപദേശം. ഈ ഉപദേശമൊന്നും ആർക്കും പിടിക്കുന്നില്ല, തന്നെ ചെയർമാനാക്കിയ പിണറായി സഖാവിനു പോലും. പാർട്ടി പത്രം അടൂരിന് സമഗ്രസംഭാവന പുരസ്കാരം നൽകി ആദരിച്ച നിമിഷം തന്നെ ശങ്കർ മോഹന്റെ രാജി എഴുതിവാങ്ങാൻ തിരഞ്ഞെടുത്തത് അതുകൊണ്ടായിരിക്കാം.
ഈ സന്ദേശം പോലും മനസ്സിലാക്കാതെയാണ് പ്രതിഷേധ രാജി. ഇരുപത് വർഷം മുമ്പ്, ഇതുപോലൊരു പ്രതിഷേധ രാജി എഴുതിനൽകിയിട്ടുണ്ട്. ജെ.സി. ഡാനിയേൽ അവാർഡ് നിർണയത്തിൽ സാംസ്കാരിക മന്ത്രിയും ഓഫിസും ഇടപെട്ടുവെന്ന് ആരോപിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമാണ് അന്ന് രാജിവെച്ചത്.
അതിനുശേഷമാണ്, ‘നാല് പെണ്ണുങ്ങൾ’, ‘ഒരു പെണ്ണും രണ്ടാണും’ തുടങ്ങിയ സിനിമകൾ ഇറങ്ങിയതും ദേശീയ, സംസ്ഥാന അവാർഡുകൾ വാങ്ങിക്കൂട്ടിയതും. രണ്ടു പടവും സീരിയലുകളാണെന്ന് ടി.വി. ചന്ദ്രൻ കളിയാക്കിയതോടെ ഇരുവരും ചേർന്നൊരു ഫൈറ്റിന് അക്കാലത്ത് കളമൊരുങ്ങി.
മൗട്ടത്ത് ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ എന്നാണ് പൂർണനാമധേയം. കടുത്ത ജാതിവിരോധത്താൽ, 20ാം വയസ്സിൽ ജാതിവാൽ മുറിച്ചു.ചലച്ചിത്ര ജീവിതം അമ്പത് പിന്നിട്ടു. ഇതിനിടെ 15ൽ താഴെ സിനിമകൾ, അത്രതന്നെ ഡോക്യുമെന്ററികളും. ഇന്ത്യയിൽ ഒരു ചലച്ചിത്രകാരന് ലഭിക്കാവുന്ന എല്ലാ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്; സിവിലിയൻ പുരസ്കാരങ്ങൾകൊണ്ടും പ്രായം 81 കഴിഞ്ഞ അടൂർ ആദരിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.