അമിത ധനാർത്തിയുടെ അന്ത്യം
text_fieldsവീണ്ടും ഉജ്ജ്വല മാതൃക കാഴ്ചവെച്ച പാക് നീതിപീഠം മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും അഭിനന്ദനമർഹിക്കുന്നു. നവാസ് ശരീഫിനെപോലൊരു അതികായനെ സ്പർശിക്കാനുള്ള ചങ്കൂറ്റവും ആർജവവും കോടതി പ്രകടിപ്പിക്കാനിടയില്ലെന്ന കോളമിസ്റ്റുകളുടെ പ്രവചനങ്ങളെ പതിരാക്കുന്ന വിധി പ്രസ്താവമായിരുന്നു വെള്ളിയാഴ്ച പാക് സുപ്രീംകോടതി പുറത്തുവിട്ടത്. കള്ളപ്പണവും അഴിമതിയും വഴി ആസ്തികൾ കുന്നുകൂട്ടിയ പ്രധാനമന്ത്രി, ആ പദവിക്ക് മാത്രമല്ല പാർലമെൻറംഗമായി തുടരാൻപോലും യോഗ്യനല്ലെന്ന വിധി ന്യായാലയത്തിെൻറ അമിത സക്രിയതയുടെ സൂചനകളല്ല നൽകിയത്. അവശ്യഘട്ടങ്ങളിൽ വമ്പൻസ്രാവുകളെപ്പോലും കുരുക്കാനുള്ള ന്യായനിഷ്ഠമായ സക്രിയത പരമോന്നത നീതിപീഠം നിലനിർത്തുമെന്ന പ്രത്യാശയുടെ പ്രകാശമാണ് അത് നൽകിയത്.
രാഷ്ട്രീയ മോഹം താലോലിക്കുന്ന ജനറൽമാരുടെയും അമിതാധികാരിയായി വാഴുന്ന പ്രസിഡൻറിെൻറയും നിത്യഭീഷണികളിൽനിന്ന് പാക് ജനാധിപത്യത്തെ സംരക്ഷിച്ചതിെൻറ വീരകഥകൾ പറയാനുണ്ട് കഴിഞ്ഞദിവസം രാജിവെച്ച ശരീഫിന്. മുശർറഫിെൻറ അട്ടിമറിയുടെയും രാഷ്ട്രീയ പകപോക്കലിെൻറയും ഇരയായി മാതൃരാജ്യത്തുനിന്ന് നാടുകടത്തപ്പെട്ടതിെൻറയും കാരാഗൃഹവാസമനുഷ്ഠിച്ചതിെൻറയും മധുരപ്രതികാരമെന്നോണം തിരിച്ചെത്തി ജനകീയാടിത്തറ വിപുലമാക്കുന്നതിലും അദ്ദേഹം വിസ്മയകരമായ വൈഭവം പ്രകടമാക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ഉൗഴത്തിലും അധികാര കാലാവധി തികക്കാൻ കഴിയാതെ രാഷ്ട്രീയ വനവാസത്തിന് നിർബന്ധിതനായ ശരീഫിനെ ഇത്തവണ വീഴ്ത്തിയത് സുപ്രീംകോടതിയായിരുന്നു.
പാനമ രേഖകൾ പകർന്ന നടുക്കങ്ങൾ
അമേരിക്കയുടെ സന്നദ്ധ സംഘടനയായ ഇൻറർനാഷനൽ കൺസോർട്യം ഒാഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസം (െഎ.സി.െഎ.സി.െജ) ആണ് ‘പാനമ രേഖകൾ’ക്ക് ആ പേര് നൽകിയത്. ലോകത്തെ ഏറ്റവും നിഗൂഢ കമ്പനിയായ മൊസാക് ഫൊൻസെകയുടെ രേഖകളാണ് പാനമ പേപ്പറിലൂടെ ചോർന്നത്.
ലോകത്തെ വമ്പൻ സ്രാവുകൾക്ക് കള്ളപ്പണം നിക്ഷേപിക്കാൻ സൗകര്യം നൽകുന്ന ഇൗ കമ്പനിയുടെ രേഖകൾ ഉപയോഗിച്ച് ശരീഫ് ലണ്ടനിൽ നാല് ആഡംബര ഫ്ലാറ്റുകളായിരുന്നു സ്വന്തമാക്കിയത്.
ലോകമെമ്പാടുമുള്ള കായികതാരങ്ങൾ, സിനിമ പ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ പേരുകൾ പാനമ പേപ്പറുകൾ പുറത്തുവിെട്ടങ്കിലും അവ ഏറ്റവും കടുത്ത തുടർ പ്രകമ്പനങ്ങൾ ഉണ്ടാക്കിയത് പാകിസ്താനിലായിരുന്നു. ശരീഫിെൻറ കള്ളപ്പണ നീക്കങ്ങൾക്കെതിരെ സുപ്രീംകോടതിയിൽ നിയമയുദ്ധം തുടങ്ങിയതോടെ സംയുക്ത അന്വേഷണ സമിതി (ജെ.െഎ.ടി) നിലവിൽ വന്നു. ജെ.െഎ.ടിയുടെ അന്വേഷണത്തിൽ പാനമ രേഖകളിലെ വെളിപ്പെടുത്തൽ വാസ്തവങ്ങളാണെന്ന് സ്ഥാപിക്കുന്ന തെളിവുകൾ ലഭിച്ചതോടെ ശരീഫിെൻറ ദിനങ്ങൾ എണ്ണപ്പെട്ടതായി പ്രവചിക്കപ്പെട്ടു.
ജെ.െഎ.ടി ശിപാർശകൾ മുഖവിലക്കെടുത്തായിരുന്നു സുപ്രീംകോടതി ഇന്നലെ അയോഗ്യത ഉത്തരവുമായി പാക് രാഷ്ട്രീയത്തിലെ പുതിയ ശുദ്ധികലശത്തിന് തുടക്കംകുറിച്ചത്. ശരീഫിെൻറ മകൾ മർയം, പുത്രന്മാരായ ഹസൻ, ഹുസൈൻ തുടങ്ങിയവരും അനധികൃത സമ്പാദന പാതകളിൽ ബഹുദൂരം സഞ്ചരിച്ചതായി സൂചനയുണ്ട്. അന്വേഷണ റിപ്പോർട്ട് വന്ന ഉടൻ രാജി നൽകി രാഷ്ട്രീയ മാന്യത തെളിയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ച ശരീഫ് പ്രതിപക്ഷത്തിെൻറ പഴയ പരിഹാസത്തെ വീണ്ടും ഒാർമിപ്പിക്കുകയായിരുന്നു. നവാസ് ഇൗസ് നോട്ട് സോ ശരീഫ് (ശരീഫ് അത്ര വിശുദ്ധനല്ല) എന്ന പഴിയെ ബേനസീർ, ആസിഫലി സർദാരി തുടങ്ങിയ വൻ രാഷ്ട്രീയ കുടുംബങ്ങളുടെ അഴിമതി ചൂണ്ടിക്കാട്ടി നേരിടുകയായിരുന്നു ശരീഫും അദ്ദേഹം നയിക്കുന്ന മുസ്ലിം ലീഗും.
നിത്യവും കബളിപ്പിക്കപ്പെടുന്ന ജനത
അവിഹിത സമ്പാദ്യങ്ങളുടെ പേരിൽ കുരുക്കിലായ ശരീഫിെൻറ രാഷ്ട്രീയ ജീവിതത്തിന് കോടതിവിധി അന്ത്യം കുറിക്കുമോ എന്ന ചോദ്യം പ്രസക്തിയർഹിക്കുന്നു. എന്നാൽ, മുറിവേറ്റ ശരീഫ് കൂടുതൽ ആപൽക്കാരി ആയേക്കാമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. അഴികൾക്ക് പിന്നിലിരുന്ന് ലാലു പ്രസാദ് യാദവ് ബീഹാർ രാഷ്ട്രീയത്തിെൻറ ഗതി നിർണയിച്ച രീതിയിൽ ഉരുക്കുമിൽ വ്യവസായി കൂടിയായ ശരീഫ് പുതിയ അടവുകളുടെ മാന്ത്രിക ചെപ്പുകൾ തുറന്നെന്നുവരാം.ഏതായാലും നിത്യവും കബളിപ്പിക്കപ്പെടാൻ തന്നെയാകും പാക് ജനതയുടെ വിധി. അയൂബ് ഖാൻ മുതൽ മുശർറഫ്വരെയുള്ള ജനറൽമാർ ജനാധിപത്യത്തെ കശാപ്പ് ചെയ്തപ്പോൾ ജനാധിപത്യവാദികളിൽ പ്രതീക്ഷയർപ്പിച്ച ജനങ്ങളെ ബേനസീർ, ശരീഫ് തുടങ്ങിയ ജനായത്തവാദികൾ പിന്നിലിരുന്ന് പാലം വലിച്ചതിെൻറ കഥകളാണ് ആധുനിക പാക് രാഷ് ട്രീയത്തിന് പറയാനുള്ളത്.
അവിഹിത ധനത്തിെൻറ പ്രഭാവത്തിന് പനമ രേഖകളും സുപ്രീംകോടതി വിധിയും അന്ത്യം കുറിക്കുമെന്ന് പാക് ജനത വിശ്വസിക്കുന്നു. എന്നാൽ, ജനാധിപത്യം സൃഷ്ടിക്കുന്ന ദുർവാശി നിറഞ്ഞ മത്സരങ്ങളിൽ വിജയക്കൊടി നാട്ടാൻ രാഷ്ട്രീയ ഭാഗ്യാന്വേഷികൾക്ക് ഇനിയും പണവും ആസ്തികളും ആവശ്യമാകാതിരിക്കില്ല. അപ്പോൾ നിയമ വ്യവസ്ഥകൾ കാറ്റിൽ പറത്തിയും ധാർമികതയെ നിലംപരിശാക്കിയുമുള്ള ധനാഗമ മാർഗങ്ങൾ രാഷ്ട്ര നായകർക്ക് പോലും വിശുദ്ധമായി ഭവിക്കും. അക്കൗണ്ടബിലിറ്റിക്ക് പ്രഥമ സ്ഥാനം നൽകുന്ന ഭരണ രീതികൾക്ക് മാത്രമെ കൊള്ളരുതായ്മയുടെ ദുർഭൂതങ്ങളിൽ നിന്ന് പാക് രാഷ്ട്രീയത്തിന് മുക്തി സമ്മാനിക്കാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.