പ്രതിരോധത്തിന്റെ ചരിത്രകാരൻ
text_fieldsസ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഭരണഘടന ജനാധിപത്യത്തിന്റെയും മതനിരപേക്ഷ ഭരണകൂടത്തിന്റെയും ക്ഷേമരാഷ്ട്ര സങ്കൽപത്തിന്റെയും രാഷ്ട്രീയ ആവശ്യങ്ങളെ മുൻനിർത്തി ഇന്ത്യാ ചരിത്രത്തെ നോക്കിക്കാണുന്ന ചരിത്ര സമീപനം, ദക്ഷിണേന്ത്യൻ ചരിത്രത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പ്രാചീന തമിഴകത്തിന്റെ തുടർച്ചയിൽ പ്രാചീന-മധ്യകാല കേരളത്തെ പ്രത്യേകിച്ച് ചേരപെരുമാക്കൻമാരുടെ കാലഘട്ടത്തിന്റെ ചരിത്രത്തെ വിശകലനം ചെയ്തുകൊണ്ടാണ് പ്രഫ. എം.ജി.എസ്. നാരായണൻ ചരിത്ര രചനകൾക്ക് തുടക്കമിട്ടത്. 1970കളിൽ ഇന്ത്യയിൽ വളർന്നുവന്ന ചരിത്ര രചനകളിൽ പ്രധാനമായിരുന്നു ഭരണകൂട വ്യവസ്ഥിതിയെയും സമൂഹ രൂപവത്കരണത്തെയുംപറ്റിയുള്ള ചരിത്ര രചനകൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിവിധ ഭാഷാ സാംസ്കാരിക പ്രദേശങ്ങളിലെ പ്രാദേശിക സംസ്ഥാനങ്ങളുടെ പ്രാധാന്യത്തെയും ഫെഡറൽ ജനാധിപത്യത്തിന്റെ മൂല്യങ്ങളെയും ഉൾക്കൊണ്ടുകൊണ്ട് റീജനൽ ചരിത്ര സംസ്കാരത്തെയും ചരിത്രപരമായ സ്വത്വ രൂപവത്കരണത്തെയും സാംസ്കാരിക വൈവിധ്യങ്ങളെയും സ്ഥാനപ്പെടുത്തി കേരള ചരിത്രത്തെ സമീപിക്കുന്ന രീതി അദ്ദേഹം വികസിപ്പിച്ചു.
പെരുമാൾ കാലഘട്ടത്തിലെ ലിഖിതങ്ങളെ പുനർ വ്യാഖ്യാനിച്ച് പുതിയ ശാസനങ്ങൾ കണ്ടെടുത്ത് പുതിയ വായനകൾ സാധ്യമാക്കിയും എം.ജി.എസ് മധ്യകാല കേരള ചരിത്രത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകാൻ ശ്രമിച്ചു. പ്രഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെ ചരിത്ര സംഭാവനകളെ മുന്നോട്ടെടുക്കുകയും പെരുമാൾ ഭരണത്തെ പറ്റിയുള്ള ഇളംകുളത്തിന്റെ വ്യാഖ്യാനങ്ങളെ തിരുത്തിയും എം.ജി.എസ് ചേരകാല ചരിത്രത്തിന് ശാസ്ത്രീയവും മതനിരപേക്ഷവുമായ ചരിത്ര അടിത്തറ പാകി. പ്രാചീന തമിഴകത്തിന്റെ ചരിത്രത്തിൽ കേരള പ്രദേശത്തിനുള്ള പ്രാധാന്യത്തെ സംഘകാല തമിഴ് ഗ്രന്ഥങ്ങൾ വ്യാഖ്യാനിച്ച് പ്രാചീന ചേരന്മാരുടെ സമൂഹത്തെ പറ്റിയുള്ള ഭരണ വ്യവസ്ഥിതിയെപ്പറ്റിയും പുതിയ വ്യാഖ്യാനങ്ങൾ നൽകാൻ ശ്രമിച്ചു. സംഘകാല സമൂഹത്തിലെ കാർഷിക സമൂഹത്തെ പറ്റിയും വീരപാരമ്പര്യത്തെപ്പറ്റിയും കാർഷിക വികസനത്തെ പറ്റിയും എം.ജി.എസ് പഠനം നടത്തി. ദക്ഷിണേന്ത്യയിൽ ബുദ്ധ-ജൈന സംഘങ്ങളും ബ്രാഹ്മണരും സമൂഹത്തിലും ഭരണക്രമത്തിലും ഇടപെട്ടതിനെപ്പറ്റി അദ്ദേഹം പഠിച്ചു. ബ്രാഹ്മണ കുടിയേറ്റങ്ങൾ തമിഴകത്തും കേരളത്തിലും സ്ഥിരകൃഷിയും സാമൂഹിക സാംസ്കാരിക പരിവർത്തനവും സൃഷ്ടിച്ചതിനെപ്പറ്റി കേരളോൽപത്തിയെ ചരിത്രപരമായി പഠിച്ചു കൊണ്ട് വിശദീകരിച്ചു. ഭാഷ കൗടലിയം എന്ന അർഥ ശാസ്ത്രത്തിന്റെ പ്രാചീന മലയാള വ്യാഖ്യാനത്തെ ചരിത്രവത്കരിച്ച് മധ്യകാല സമൂഹത്തെയും പെരുമാൾ ഭരണത്തെയും പറ്റി ഉപദർശിച്ചു.
പെരുമാക്കന്മാരെ പറ്റിയുള്ള കാലഗണനക്കും ഭരണത്തുടർച്ചക്കും യുക്തിസഹമായ വ്യാഖ്യാനം നൽകി. മധ്യകാല ബ്രാഹ്മണാധിപത്യത്തെയും ക്ഷേത്ര കേന്ദ്രീകൃത സാമൂഹിക വ്യവസ്ഥയെയും ബ്രാഹ്മണ ഒളിഗാർക്കികളുടെ ഭരണവ്യവസ്ഥയായി സ്ഥാനപ്പെടുത്തി. ജാതിയും ബ്രാഹ്മണാധിപത്യവും ഭൂവുടമ വ്യവസ്ഥയും ജന്മികുടിയാൻ വ്യവസ്ഥയും സംസ്കൃത സംസ്കാരവും മധ്യകാല കേരളത്തെയും സംസ്കാരത്തെയും ഭാഷയെയും സാഹിത്യത്തെയും സൃഷ്ടിച്ചതാണെന്ന് സ്ഥാനപ്പെടുത്തുക വഴി ജാതി ആധിപത്യവും ബ്രാഹ്മണ മേൽജാതി ഒളി ഗാർഗി ഭരണവും ആയിരുന്നു പ്രാഗ് ആധുനിക സമൂഹത്തിന്റെ സ്വഭാവം എന്ന് കൃത്യപ്പെടുത്തി.
കോഴിക്കോട്ടെ സാമൂതിരിമാരുടെ ഭരണത്തെയും മലബാറിലെ മുസ്ലിം കച്ചവട സമൂഹത്തെയും കുഞ്ഞാലി മരക്കാരെയും സംബന്ധിച്ച് മതസമന്വയ സമൂഹത്തിന്റെ ബഹുസ്വര സാമൂഹിക ജീവിതം മുൻനിർത്തി പഠിച്ചു. പ്രാചീനകാലത്ത് കേരളത്തിലെത്തിയ ഗ്രീക്ക് - റോമൻ കച്ചവടക്കാരും വണിക്കുകളും കേരള ചരിത്രത്തിലും സംസ്കാരത്തിലും ചെലുത്തിയ സ്വാധീനത്തെപ്പറ്റിയും ഗൗരവമായി അന്വേഷിച്ചു. പശ്ചിമേഷ്യയിൽ നിന്ന് വ്യാപാരത്തിനെത്തിയ മുസ്ലിംകൾ, അറബികൾ, യഹൂദർ, ക്രൈസ്തവർ തുടങ്ങിയ വിഭാഗങ്ങൾ കൊല്ലം, കൊടുങ്ങല്ലൂർ, കോഴിക്കോട്, മാടായി, കാസർകോട് മുതലായ പ്രാചീന പട്ടണങ്ങൾ കേന്ദ്രീകരിച്ച് കച്ചവടം, വാണിജ്യം, മതപ്രചാരണം, സാംസ്കാരിക സാമൂഹിക വിനിമയങ്ങൾ നടത്തി കേരള സംസ്കാരത്തെ ബഹുസ്വരവും ആഗോളപരവും ആക്കിത്തീർത്ത പ്രക്രിയയെ എം.ജി.എസ് വിശദീകരിച്ചു. കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തെയും ബഹുസ്വര സാമൂഹിക ജീവിതത്തെയും ചരിത്ര വേരുകൾ കണ്ടെത്തി വിശദീകരിച്ചു.
മധ്യകാല മണിപ്രവാള സാഹിത്യങ്ങൾ, സംസ്കൃത സാഹിത്യ ഗ്രന്ഥങ്ങൾ, മധ്യകാല കച്ചങ്ങൾ എന്നിവയെ സാമൂഹിക ചരിത്ര കാഴ്ചപ്പാടിൽ വിശകലനം ചെയ്തു. മൂഷകവംശ കാവ്യത്തെ വ്യാഖ്യാനിച്ച് വടക്കെ മലബാറിന്റെ ചരിത്രത്തിനും രാഷ്ട്രീയ വ്യവസ്ഥക്കും പുതിയ വ്യാഖ്യാനം നൽകാൻ ശ്രമിച്ചു. മൈസൂർ സുൽത്താന്മാർ കേരളം കീഴടക്കി ഭരിച്ച ചരിത്ര സന്ദർഭത്തെ വിശദീകരിച്ചതിനൊപ്പം ടിപ്പുസുൽത്താന്റെ ഭരണത്തെയും രാഷ്ട്രീയത്തെയും മതനിരപേക്ഷ കാഴ്ചപ്പാടിൽ വിശദീകരിച്ച് ചരിത്ര പഠനത്തിന് പുതിയ വഴിത്തിരിവ് നൽകി. റൊമില ഥാപ്പർ, ആർ.എസ്. ശർമ, ആർ. ചെമ്പകലക്ഷ്മി, നീലകണ്ഠ ശാസ്ത്രി, ബർട്ടൻ സ്റ്റൈൻ മുതലായ ചരിത്രകാരുടെ ചരിത്ര വിശകലന രീതികളെയും കാഴ്ചപ്പാടുകളെയും സൃഷ്ടിപരമായി ഉൾക്കൊള്ളുകയും കേരള ചരിത്ര രചനയുടെ വികാസത്തിനായി ഉപയോഗിക്കുകയും ചെയ്തു.
ഇന്ത്യൻ ഫ്യൂഡലിസത്തെ പറ്റിയുള്ള ഡി.ഡി. കൊസാംബി, ആർ.എസ്. ശർമ മുതലായവരുടെ സങ്കൽപങ്ങളോട് മൗലികമായി വിയോജിച്ചുകൊണ്ട് ജാതിയും ഫ്യൂഡലിസവും ബ്രാഹ്മണാധിപത്യവും കൂടിനിൽക്കുന്ന പ്രാഗ് ആധുനിക കേരള സമൂഹത്തെ വിശകലനം ചെയ്തു. ഈ കാര്യത്തിൽ കേരളത്തിലെയും ഇന്ത്യയിലെയും മാർക്സിസ്റ്റ് ചരിത്രകാരോട് വിയോജിക്കുകയും ചരിത്രപരമായ ഭൗതികവാദ സമീപനം ചരിത്ര വിശകലനത്തെ പരിമിതപ്പെടുത്തുന്നതിനെപ്പറ്റി തുറന്നുപറയുകയും ചെയ്തു. ഈ വിയോജിപ്പ് ഇ.എം.എസ് ഉൾപ്പെടെയുള്ളവരോട് അദ്ദേഹം വെച്ചുപുലർത്തി. രാഷ്ട്രീയ കാഴ്ചപ്പാടിൽ എം.ഗോവിന്ദനെ പോലെയുള്ള റാഡിക്കൽ ചിന്തകരോട് ചായ്വ് നിലനിർത്തി. സോവിയറ്റ് യൂനിയൻ പിന്തുടർന്ന രാഷ്ട്രീയ സമീപനത്തോടും ചരിത്ര വിശകലനങ്ങളോടും മൗലികമായി വിയോജിച്ച് ഒരു ലിബറൽ ചരിത്രകാരനായി നിലകൊണ്ടു.
കേരള ചരിത്രം, സംസ്കാരം, സാഹിത്യം, രാഷ്ട്രീയം എന്നീ രംഗത്ത് മൗലികമായ സംഭാവനകൾ നൽകിയ എം.ജി.എസ് ചരിത്രവും സംസ്കാരവും രാഷ്ട്രീയവും പാരസ്പര്യമായി ബന്ധപ്പെട്ടു നിൽക്കുന്ന ഘടകങ്ങളായി മനസ്സിലാക്കിയ ചരിത്രകാരനാണ്. ലിബറൽ ജനാധിപത്യ വാദവും സെക്കുലറിസവും ബഹുസ്വര ജീവിത കാഴ്ചപ്പാടും രാഷ്ട്രീയം, ചരിത്രം മുതലായ വിഷയങ്ങളെ വിശകലനം ചെയ്യുമ്പോൾ എം.ജി.എസ് തന്റെ വീക്ഷണവും നിലപാടുമായി നിലനിർത്തി. എല്ലാ സമഗ്രാധിപത്യ വ്യവസ്ഥയോടും മൗലികമായി കലഹിച്ച അദ്ദേഹം ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികളുടെ ജനാധിപത്യരഹിത രാഷ്ട്രീയ സമീപനങ്ങളോട് വിയോജിക്കുകയും ചെയ്തു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മതരാഷ്ട്രവാദത്തെ തന്റെ ചരിത്രരചനകളിലെ മതനിരപേക്ഷ മൂല്യങ്ങളും ശാസ്ത്രീയ സമീപനവും ലിബറൽ ചിന്തയും കൊണ്ട് ചെറുക്കുന്ന ഒരു പ്രതിരോധ ചരിത്ര സമീപനത്തെ സൃഷ്ടിച്ചുകൊണ്ടാണ് എം.ജി.എസ് വിടവാങ്ങുന്നത്.
(കലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം പ്രഫസറാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.