യുക്രെയ്നിൽനിന്ന് മടങ്ങിയ മക്കളെ മറക്കരുത്
text_fieldsയുദ്ധസാഹചര്യത്തിൽ യുക്രെയ്നിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളും മാധ്യമങ്ങളും നടത്തിയ പരിശ്രമങ്ങൾക്ക് നന്ദി പറഞ്ഞാൽ തീരില്ല. കുട്ടികളെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിട്ട് ഇപ്പോൾ മൂന്നുമാസത്തിലേറെ കഴിഞ്ഞിരിക്കുന്നു.
ഭൂരിഭാഗം വിദ്യാർഥികളും വിദ്യാഭ്യാസ വായ്പ എടുത്ത് പഠിക്കാൻ പോയവരാണ്. വായ്പ നൽകിയ ധനകാര്യസ്ഥാപനങ്ങൾ യുദ്ധസാഹചര്യം പരിഗണിച്ച് അടുത്ത ഗഡു നൽകാൻ വിസമ്മതിക്കുന്നു, ഒപ്പം എടുത്ത വായ്പ തിരിച്ചടക്കാനും ആവശ്യപ്പെടുന്നു. തുടർപഠനത്തെയും ഭാവിയെയും കുറിച്ച് വിദ്യാർഥികളും രക്ഷിതാക്കളും മറ്റും വലിയ ആശങ്കയിലാണ്. ഈ ആശങ്ക വർധിപ്പിക്കുന്ന രീതിയിലാണ് സമീപകാലത്ത് വന്ന ചില വാർത്തകൾ. ഈ വിഷയത്തിൽ ഒരു അടിയന്തര തീരുമാനമെടുത്ത് സമഗ്രമായ ഒരു പദ്ധതി തയാറാക്കി തുടർപഠനം ഉറപ്പാക്കാൻ സുപ്രീംകോടതി സർക്കാറിനോടും നാഷനൽ മെഡിക്കൽ കൗൺസിലിനോടും നിർദേശിച്ച കാലയളവിന്റെ പാതിഭാഗം, അതായത് ഒരു മാസം കടന്നുപോയിരിക്കുന്നു. തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും ദീർഘകാലം താമസം വരുമോ എന്ന ഭീതി കുട്ടികളുടെ മനസ്സിലുണ്ട്. ഇത് അവരെ നിരാശയിലേക്കും വിഷാദത്തിലേക്കും എത്തിച്ചുകൊണ്ടിരിക്കുന്നു.
ആയതിനാൽ മടങ്ങിയെത്തിയ വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും കൂട്ടായ്മയായ ഓൾ കേരള യുക്രെയ്ൻ മെഡിക്കൽ സ്റ്റുഡന്റ്സ് ആൻഡ് പാരന്റ്സ് അസോസിയേഷൻ ( AKUMSPA) ചില അടിയന്തര വിഷയങ്ങളിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.
ജൂൺ ഞങ്ങളുടെ കോഴ്സിന്റെ ഈ അധ്യയന വർഷം പൂർത്തീകരിച്ച് ജൂലൈ അവസാനത്തോടെ അടുത്ത അധ്യയനവർഷം ആരംഭിക്കും. അടുത്ത വർഷത്തേക്കുള്ള ഫീസടച്ചാൽ മാത്രമേ ഓൺലൈൻ ആയിപ്പോലും തുടർപഠനം സാധ്യമാകൂ. ഇതുസംബന്ധിച്ച് യൂനിവേഴ്സിറ്റികളിൽനിന്ന് നിർദേശങ്ങൾ വരുന്നുണ്ട്. പക്ഷേ, യുദ്ധം തുടരുന്നതിനാൽ ഫീസ് അടച്ചാൽപോലും തുടർപഠനം അവിടെ സാധ്യമാകുമെന്നുറപ്പില്ല. അധ്യാപകർ എവിടെ എന്നുപോലും ആർക്കുമറിയില്ല. യുദ്ധഭൂമിയിലേക്ക് മടങ്ങിപ്പോവുക എന്നത് സുരക്ഷിതവുമല്ല.
യുക്രെയ്നിന്റെ സമീപരാജ്യങ്ങളിൽ തുടർപഠനം എന്നൊരു നിർദേശം ചില കോണുകളിൽ നിന്നുയരുന്നുണ്ട്. അത് പ്രായോഗികമായി വളരെ പ്രതിബന്ധങ്ങൾ സൃഷ്ടിക്കും. ഒന്നാമതായി ഈ രാജ്യങ്ങളെല്ലാംതന്നെ യുദ്ധ ഭീതിയിലാണ്. സമീപരാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളിൽ ഈ വിദ്യാർഥികളെ ഉൾക്കൊള്ളാനുള്ള സംവിധാനങ്ങളുമില്ല. യുക്രെയ്നിൽനിന്നുതന്നെ അഭയാർഥികളായി ലക്ഷക്കണക്കിനാളുകൾ അവിടെ എത്തിച്ചേർന്നിട്ടുണ്ട്. അവിടങ്ങളിലെ യൂനിവേഴ്സിറ്റികളിൽ ഫീസ് നിരക്ക് യുക്രെയ്നിലേതിനേക്കാൾ മൂന്നു നാല് ഇരട്ടിയിലധികമാണ്.
നിലവിലെ സാഹചര്യത്തിൽ ഒരു രാജ്യത്തിന്റെ യൂനിവേഴ്സിറ്റിയിൽനിന്ന് മറ്റൊരു രാജ്യത്തിലെ യൂനിവേഴ്സിറ്റിയിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് ഇന്ത്യാ ഗവൺമെന്റിന്റെ പ്രത്യേക അനുവാദവും നാഷനൽ മെഡിക്കൽ കൗൺസിൽ ചട്ടഭേദഗതിയും ആവശ്യമുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ നിലവിലുള്ള ഒരു സംവിധാനത്തെയും തടസ്സപ്പെടുത്താതെ ഇന്ത്യയിൽതന്നെ പഠനസൗകര്യം ഏർപ്പെടുത്തി നൽകാൻ അധികൃതർ സന്നദ്ധമാകണം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ആവശ്യം പരിഗണിക്കണമെന്ന് പരമോന്നത കോടതി നിർദേശിച്ചതുമാണ്.
ബംഗാൾ, കർണാടക, തമിഴ്നാട്, യു.പി, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ അവിടെ നിന്നുള്ള കുട്ടികളെ താന്താങ്ങളുടെ സംസ്ഥാനങ്ങളിൽ പഠിപ്പിക്കാൻ സന്നദ്ധമാണെന്ന് പ്രസ്താവന നടത്തിയിട്ടുണ്ട്. എന്നാൽ കേരള സർക്കാറിന്റെ ഭാഗത്തു നിന്ന് അത്തരമൊരു നടപടി ഉണ്ടായിട്ടില്ല.
സംസ്ഥാനങ്ങൾ സന്നദ്ധമായാൽ പോലും മെഡിക്കൽ കൗൺസിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യാതെ തുടർപഠനം നാട്ടിൽ സാധ്യമാവുകയില്ല.
നമ്മുടെ നാട്ടിൽ നിന്ന് യുക്രെയ്നിൽ പഠനത്തിന് പോയ വിദ്യാർഥികൾക്ക് ഇവിടെ തുടർപഠന സൗകര്യമൊരുക്കണമെന്നും കേന്ദ്രസർക്കാറിന്റെ ഭാഗത്തു നിന്നുള്ള സക്രിയ നടപടികൾ മുഖ്യമന്ത്രി തലത്തിൽ ആവശ്യപ്പെടണമെന്നും അഭ്യർഥിക്കുന്നു.
ആരുടെയും അവസരങ്ങളെയും സാധ്യതകളെയും ഞങ്ങൾ കവർന്നെടുക്കാൻ ആഗ്രഹിക്കുന്നില്ല. ഈ രാജ്യത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും സംവിധാനങ്ങളുടെയും പരിധിയിൽ നിന്നുകൊണ്ട് ഞങ്ങൾക്ക് ലഭിക്കാതെപോയ പഠനാവസരം പൂർത്തീകരിക്കുന്നതിന് സൗകര്യങ്ങളൊരുക്കണമെന്ന് മാത്രമാണ് തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.