വിപ്ലവകാരി
text_fieldsചിലര്‍ മഹാന്മാരായി ജനിക്കുന്നു. ചിലര്‍ മഹത്ത്വം ആര്‍ജിക്കുന്നു. മറ്റ് ചിലരുടെ മേല്‍ മഹത്ത്വം ചുമത്തപ്പെടുന്നു. ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ വരുന്നയാളാണ് ഇമ്മാനുവല്‍ മാക്രോൺ. അദ്ഭുതപ്പെടുത്തുന്ന സ്വകാര്യജീവിതം, അതിനേക്കാള്‍ അദ്ഭുതപ്പെടുത്തുന്ന രാഷ്ട്രീയ ജീവിതം,- ഒടുവില്‍ ഫ്രാന്‍സിെൻറ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ നേതാവെന്ന അദ്ഭുതപ്പെടുത്തുന്ന നേട്ടവും. ഇമ്മാനുവല്‍ ജീന്‍ മിഷേല്‍ ഫ്രെഡറിക് മാക്രോണ്‍ എന്ന ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡൻറാവുമ്പോള് പിറക്കുന്നത് പുതു ചരിത്രം. പ്രസിഡൻറിന് പ്രായം 39. പ്രഥമ വനിതക്ക് 64 വയസ്സും. 2016ല്‍ മാത്രം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ മാക്രോണ്‍ എല്ലാ നിലക്കും ലോകത്തിന് ഒരദ്ഭുതമാണ്.
രാഷ്ട്രീയത്തില്‍ ഒന്നുമല്ലായിരുന്നു മാക്രോണ്‍. എന്നാല്‍, ഇന്ന് ഫ്രഞ്ച് രാഷ്ട്രീയത്തില്‍ എല്ലാമെല്ലാമായി. ആദ്യം എല്ലാവരും പരിഹസിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് പോസ്റ്ററില്‍ പ്രായം തോന്നിക്കാന്‍ മുഖത്ത് ചുളിവുകള്‍ കൃത്രിമമായി വരുത്തിയെന്നുപോലും പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍, അവസാനചിരി മാക്രോണിേൻറതായി. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഒരു മുന്‍പരിചയവുമില്ലാത്ത മാക്രോണ്‍ ഒരു സുപ്രഭാതത്തില്‍ ഫ്രഞ്ച് രാഷ്ട്രീയത്തില്‍ വിജയസൂര്യനായി. അനായാസമായാണ് തീവ്ര വലതുകക്ഷി സ്ഥാനാര്‍ഥിയായ മരീന്‍ ലീ പെന്നിനെ തോല്പിച്ചത്. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെയൊന്നും പിന്തുണയില്ലാതെ ഫ്രഞ്ച് പ്രസിഡൻറാകാനിറങ്ങിയതിനെ ഒരു തമാശയായാണ് ആദ്യമൊക്കെ എതിരാളികള്‍ കരുതിയത്. എന്നാല്‍, ചരിത്രത്തെ വഴിമാറ്റുകയായിരുന്നു ഈ യുവ നേതാവ്. ഫ്രാന്‍സിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡൻറാണ് മാക്രോണ്‍. നെപ്പോളിയനുശേഷം ഫ്രാന്‍സിെൻറ ഭരണത്തലവനാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാളും മറ്റാരുമല്ല. ന്യൂറോളജി പ്രഫസറായ ജീന്‍ മിഷേല്‍ മാക്രോണിെൻറ മകനായി 1977 ഡിസംബര്‍ 21നാണ് ജനനം. മാതാവ് കുട്ടികളുടെ ഡോക്ടറായിരുന്നു. ഡോക്ടര്‍ ദമ്പതികളായ മാതാപിതാക്കളുടെ വഴിയേ സഞ്ചരിച്ച് മാക്രോണിെൻറ സഹോദരനും സഹോദരിയും ഡോക്ടര്‍മാരായി. സഹോദരന് കാര്‍ഡിയോളജിസ്റ്റും സഹോദരി നെഫ്രോളജിസ്റ്റും. എന്നാല്‍, വേറിട്ട വഴിയാണ് മാക്രോണ്‍ തെരഞ്ഞെടുത്തത്. ഹൈസ്കൂളില്‍ സയന്‍സ് പഠിച്ചു. യൂനിവേഴ്സിറ്റിയില്‍ ഫിലോസഫിയും.
മതവിശ്വാസമില്ലാത്ത കുടുംബത്തിലാണ് ജനിച്ചതെങ്കിലും 12ാമത്തെ വയസ്സില്‍ സ്വന്തം ഇഷ്ടപ്രകാരം റോമന്‍ കത്തോലിക്ക വിശ്വാസിയായി. വടക്കന്‍ ഫ്രാന്‍സിലെ അമീന്‍സ് നഗരത്തിലായിരുന്നു വിദ്യാഭ്യാസ കാലം അധികവും. എന്നാല്‍, മൂന്ന് മക്കളുടെ അമ്മയായ ബ്രിജിറ്റ് എന്ന അധ്യാപികയുമായുള്ള അടുപ്പം മാതാപിതാക്കള്‍ക്ക് പിടിച്ചില്ല. അങ്ങനെ ഉന്നത വിദ്യാഭ്യാസത്തിന് പാരിസിലേക്ക് നാടുകടത്തി. എന്നാല്‍, തന്നേക്കാള്‍ 24 വയസ്സ് അധികമുള്ള ബ്രിജിറ്റിനെത്തന്നെ ഭാര്യയാക്കി മാക്രോണ്‍ എല്ലാവരെയും ഞെട്ടിച്ചു. 15ാം വയസ്സില്‍ 39കാരിയെ പ്രണയിച്ച് വിപ്ലവം സൃഷ്ടിച്ച മാക്രോണ്‍ രാഷ്ട്രീയത്തിലും സൃഷ്ടിച്ചത് അതേ വിപ്ലവം. 2007ലായിരുന്നു ആ വിപ്ലവ കല്യാണം. അമീന്‍സിലെ കത്തോലിക്ക വിദ്യാലയമായ ലാ പ്രോവിഡന്‍സില്‍ മാക്രോണിെൻറ അധ്യാപികയായിരുന്നു ബ്രിജിറ്റ്. 17ാം വയസ്സില്‍ മാക്രോണ്‍ ടീച്ചറോട് പറഞ്ഞു: ‘‘എന്ത് വന്നാലും ഞാന്‍ നിങ്ങളെ കെട്ടും’’. അത് സത്യമായി. തെരഞ്ഞെടുപ്പ് കാലത്ത് മാക്രോണിെൻറ പരിശീലകയും ഉപദേശകയും എല്ലാം ഭാര്യയായിരുന്നു. ടിഫാന്, സെബാസ്റ്റ്യന്‍, ലോറന്‍സ് എന്നിവരാണ് ബ്രിജിറ്റിെൻറ മക്കള്‍. എല്ലാവരിലുംകൂടി ഏഴ് കൊച്ചുമക്കളുമുണ്ട്.
ഫിലോസഫിയും പബ്ലിക് അഫയേഴ്സും പഠിച്ച്, ധനകാര്യ ഉദ്യോഗസ്ഥനായി ജീവിതം തുടങ്ങിയ മാക്രോണ്‍ പിന്നീട് ഇന്‍വെസ്റ്റ്മെൻറ് ബാങ്കറായി. ഇതിനിടയിലും രാഷ്ട്രീയ താല്പര്യമുണ്ടായിരുന്നു. 2006 മുതല്‍ 2009 വരെ സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായ മാക്രോണ്‍, 2012ല്‍ ഫ്രാങ്സ്വ ഒാലന്ഡിെൻറ ആദ്യ സര്‍ക്കാറില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി. പ്രസിഡൻറിെൻറ സാമ്പത്തിക ഉപദേശകന് എന്നതായിരുന്നു ജോലി. 2014ല്‍ ധനകാര്യ, വ്യവസായ, ഡിജിറ്റല്‍ അഫയേഴ്സ് മന്ത്രിയായി. വ്യവസായ സൗഹൃദമായിരുന്നു മാക്രോണിെൻറ നയങ്ങള്‍. മാക്രോണ്‍ നിയമം എന്നറിയപ്പെടുന്ന വിവാദ പരിഷ്കരണങ്ങളിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. പുതിയ നിയമത്തിലൂടെ വ്യാപാര സ്ഥാപനങ്ങളെ ഞായറാഴ്ചകളിലും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു. സ്ഥാപനങ്ങള്‍ക്കുമേലുള്ള നിയന്ത്രണങ്ങള്‍ കുറച്ചു. ഇടതുപക്ഷ പാര്‍ട്ടികളുടെ വന്‍ എതിര്പ്പിനിടയാക്കിയെങ്കിലും മാക്രോണ്‍ ഉറച്ചുനിന്നു.
2016 ഏപ്രിലില്‍ ഒന് മാർഷ് (മുന്നോട്ട്) എന്ന മിതവാദി രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്കി. ഇത് ഫ്രാങ്സ്വ ഒാലന്ഡിന് ഇഷ്ടമായില്ല. 2016 ആഗസ്റ്റില്‍ രാജിവെച്ചു. 2017ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു ലക്ഷ്യം. ഒന് മാർഷിെൻറ സ്ഥാനാര്‍ഥിയായി പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് 2016 നവംബറില്‍ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേര് തന്നെ മാക്രോണ്‍ എന്ന മുന്‍ ധനകാര്യമന്ത്രിയുടെ വിശേഷണമായെടുക്കാം. എന്നും മുന്നോട്ട് നോക്കുന്ന പ്രകൃതക്കാരനാണ് മാക്രോണ്‍. ഇപ്പോള്‍ ഫ്രാന്‍സിനെ മുന്നോട്ട് നയിക്കാനുള്ള ദൗത്യമാണ് ജനങ്ങള്‍ ഏല്പിച്ചിരിക്കുന്നത്. വലതുപക്ഷത്തെയോ ഇടതുപക്ഷത്തെയോ ഒരുമിപ്പിക്കാനല്ല; ഫ്രാന്‍സിലെ ജനങ്ങളെ ഒരുമിപ്പിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നെതന്ന് കഴിഞ്ഞവര്‍ഷം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മാക്രോണ്‍ പറഞ്ഞു. ഇത് ജനങ്ങള്‍ ഏറ്റെടുത്തു. താന്‍ ഇടതനോ വലതനോ അല്ല; ഫ്രാന്‍സിനുവേണ്ടി നിലകൊള്ളുന്നുവെന്നാണ് നിലപാട്. നല്ലൊരു പിയാനോ വാദകനുമാണ് മാക്രോണ്‍. അതീവ ബുദ്ധിമാനെന്നാണ് മാക്രോണിനെ അടുത്ത സുഹൃത്തുക്കള്‍ വിശേഷിപ്പിക്കുന്നത്. വീടുകള്‍ കയറിയിറങ്ങി പ്രശ്നങ്ങള്‍ ചോദിച്ചുമനസ്സിലാക്കുകയാണ് ആദ്യം മാക്രോണിെൻറ പ്രചാരണസംഘം ചെയ്തത്. നമ്മുടെ ആം ആദ്മി പാര്‍ട്ടിയെപ്പോലെ.
ഫ്രഞ്ച് വലതുപക്ഷത്തിെൻറയും സമ്പന്നതയുടെയും പ്രതീകമായും മാക്രോണ്‍ വിലയിരുത്തപ്പെടുന്നു. യൂറോപ്യന്‍ യൂനിയന്‍ ശക്തിപ്പെടുത്തണമെന്ന പക്ഷക്കാരനാണ് ഇദ്ദേഹം. 1958ല്‍ ഭരണഘടന നിലവില്‍ വന്നതിന് ശേഷം പരമ്പരാഗത പാര്‍ട്ടികളായ സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കന്‍ എന്നീ പാര്‍ട്ടികളില്‍ പെടാത്ത ഒരാള്‍ പ്രസിഡൻറ് ആകുന്നതും ആദ്യമായാണ്. അതിസമ്പന്നനായ സംരംഭകന് എന്ന നിലയില്‍നിന്നാണ് രാഷ്ട്രീയപ്രവര്ത്തകനിലേക്കുള്ള ചുവടുമാറ്റം. മൂന്നുവര്‍ഷം മുമ്പുവരെ പൊതുജനങ്ങള്‍ക്കിടയില്‍ പരിചിതമല്ലാത്ത ഒരു പേരായിരുന്നു മാക്രോണിേൻറത്. എന്നാല്‍, ചുരുങ്ങിയ കാലംകൊണ്ട് പ്രസിഡൻറ് പദത്തിലേക്ക് കുതിച്ചു കയറുകയായിരുന്നു മാക്രോണ്‍. കൈവെക്കുന്ന മേഖലകളിലെല്ലാം തിളക്കമാര്‍ന്ന വിജയംനേടുന്ന പതിവ് ഇവിടെയും തുടരുകയായിരുന്നു. സമര്‍ഥനായ വിദ്യാര്‍ഥി, മികച്ച സംരംഭകന്, അതിസമ്പന്നനായ ഇന്‍വെസ്റ്റ്മെൻറ് ബാങ്കര്‍, സാമ്പത്തിക ഉപദേഷ്ടാവ്, രാജ്യത്തിെൻറ ധനകാര്യ മന്ത്രി... എല്ലാ മേഖലകളിലും വിജയിച്ച കഥയാണ് പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.