പ്രമുഖ അഭിഭാഷകരും നിരീക്ഷകരും പ്രതികരിക്കുന്നു
text_fieldsസുപ്രീംകോടതി ഭരണം കുത്തഴിഞ്ഞുവെന്നും കീഴ്വഴക്കങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ആരോപിച്ച് നാലു മുതിർന്ന ജഡ്ജിമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗായ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവർ നടത്തിയ വാർത്താസമ്മേളനം രാജ്യമെമ്പാടും പുതിയ വാഗ്വാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നു. ജസ്റ്റിസുമാരുടെ അസാധാരണ രോഷപ്രകടനത്തോട് പ്രമുഖ അഭിഭാഷകരും നിരീക്ഷകരും പ്രതികരിക്കുന്നു
സംവാദവും നിയമനിർമാണവും വേണം
കാളീശ്വരം രാജ്
ജുഡീഷ്യറിക്കകത്തെ പ്രശ്നങ്ങൾ ജനങ്ങൾ അറിയേണ്ടതുതന്നെ. അതിനാൽ നാലു മുതിർന്ന ന്യായാധിപന്മാർ വാർത്തസമ്മേളനം നടത്തി ജുഡീഷ്യറിയിലെ അനാശാസ്യ പ്രവണതകൾ സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയ നടപടി സ്വാഗതാർഹമാണ്. ജുഡീഷ്യറിക്കകത്ത് നിലവിലുള്ള പ്രശ്നങ്ങളെയും പ്രതിസന്ധികളെയും എല്ലാ കാലത്തും മൂടിവെക്കാൻ കഴിയില്ല. ജുഡീഷ്യറി നിലനിൽക്കേണ്ടത് കുറെ ന്യായാധിപന്മാർക്കോ അഭിഭാഷകർക്കോ വേണ്ടി മാത്രമല്ല, രാജ്യത്തെ 130 കോടിയിലേറെ വരുന്ന ജനങ്ങൾക്കുവേണ്ടിയാണ്. അതിനാൽ, ജുഡീഷ്യറിക്കകത്തെ പ്രശ്നങ്ങൾ ജനങ്ങൾ അറിയേണ്ടതുതന്നെയാണ്. സത്യസന്ധരായ ന്യായാധിപന്മാർപോലും നിസ്സഹായരായി തീരുന്നവിധം ഗൗരവതരമായ പ്രശ്നങ്ങൾ നമ്മുടെ ജുഡീഷ്യൽ സംവിധാനത്തിനകത്ത് നിലനിൽക്കുന്നുവെന്നത് ഞെട്ടിക്കുന്ന യാഥാർഥ്യമാണ്. വാർത്തസമ്മേളനത്തിലൂടെ മുതിർന്ന ന്യായാധിപന്മാർ വെളിപ്പെടുത്തിയതും ഇതുതന്നെ.
നമ്മുടെ ജനാധിപത്യസംവിധാനത്തിൽ ഏറ്റവുമധികം രാഷ്ട്രീയാധികാരം കൈയാളുന്ന സംവിധാനംകൂടിയാണ് സുപ്രീംകോടതി. അതിനാൽ, കേസുകളിൽ സ്വതന്ത്ര സംവിധാനത്തിലൂടെയുള്ള തീർപ്പാണ് ഉണ്ടാകുന്നതെന്ന ഉറപ്പും വിശ്വാസവും സാധാരണക്കാർക്ക് ഉണ്ടാകണം. നീതിന്യായ സംവിധാനത്തിലെ വിശ്വാസം നശിച്ചാൽ ഒരു സമൂഹംതന്നെ അവസാനിക്കുകയാണ് എന്ന് എഴുത്തുകാരനായ ബൽസാക് നിരീക്ഷിച്ചിട്ടുണ്ട്. പ്രശ്നങ്ങളെക്കുറിച്ച് വേവലാതിപ്പെടാതെ പ്രശ്നങ്ങൾ പുറത്തുപറഞ്ഞവരെ അച്ചടക്കം ലംഘിച്ചവരായി കാണുന്ന സമീപനം തെറ്റാണ്. ഇത്തരം വാദം ഉന്നയിക്കുന്നവർ പ്രശ്നത്തോടൊപ്പം നിൽക്കുന്നവരാണ്, അല്ലാതെ പരിഹാരം ആഗ്രഹിക്കുന്നവരല്ല.
വിമർശനമുന്നയിച്ച ന്യായാധിപന്മാരെല്ലാവരും മെച്ചപ്പെട്ട വ്യക്തിത്വത്തിനും നീതിന്യായപരമായ സത്യസന്ധതക്കും പേരു കേട്ടവരാണെന്ന് സുപ്രീംകോടതിയിലെ അഭിഭാഷകനെന്ന നിലയിലുള്ള അനുഭവംവെച്ച് എനിക്ക് ഉറപ്പിച്ചുപറയാൻ കഴിയും. ജനങ്ങൾ ബഹുമാനിക്കുന്ന ന്യായാധിപരാണവർ. അവരുന്നയിച്ച വിമർശനത്തിെൻറ ഗൗരവ സ്വഭാവം ഉൾക്കൊണ്ട് ഇന്ത്യൻ കോടതികളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് പാർലമെൻറ് ആലോചിക്കണം. സുതാര്യമായ നിയമനവും നീതിന്യായരംഗത്തെ പ്രതിബദ്ധതയും ഉറപ്പുവരുത്തുന്നതിന് ഉടനടി പുതിയ നിയമനിർമാണം വേണം. സമഗ്രമായ ദേശീയസംവാദവും ഇതുസംബന്ധിച്ചുണ്ടാവണം. നിയമനിർമാണ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം.
സുപ്രീംകോടതിയുടെ വിശ്വാസ്യത നശിപ്പിക്കുന്നു
അഡ്വ. കെ. രാംകുമാർ
സുപ്രീംകോടതിയുടെ വിശ്വാസ്യത പൂർണമായും തകർത്തെറിയുന്ന പെരുമാറ്റമാണ് നാല് ജഡ്ജിമാരിൽനിന്നുണ്ടായത്. ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്; സുപ്രീംകോടതി ഭീഷണി നേരിടുന്നത് പുറത്തുനിന്നല്ല, അകത്തുനിന്നുതന്നെയാണ്. പ്രത്യേക രീതിയിൽ വിധികൾ പുറപ്പെടുവിക്കാൻ ചീഫ് ജസ്റ്റിസ് തയാറാവുന്നുവെന്നും അതിന് യോജിച്ച ജഡ്ജിമാരെ കേസ് ഏൽപിക്കുന്നുവെന്നുമുള്ള തരത്തിലുള്ളതാണ് ആരോപണങ്ങൾ. ഇൗ ആരോപണത്തിലൂടെ ചീഫ് ജസ്റ്റിസ് മാത്രമല്ല, മറ്റു ചില ജഡ്ജിമാരും സത്യസന്ധതയില്ലാത്തവരും വിശ്വസിക്കാൻ െകാള്ളാത്തവരും തരംതാണവരുമാണെന്ന് ചിത്രീകരിക്കുകയാണ് ചെയ്യുന്നത്.
ജസ്റ്റിസ് ബി.എച്ച്. ലോയയുമായി ബന്ധപ്പെട്ട കാര്യത്തിലാണ് ജഡ്ജിമാർക്കിടയിലെ അഭിപ്രായഭിന്നതയെന്ന് കരുതാനാവില്ല. സഹാറ സ്ഥാപനയുടമയുടെ കേസുമായി ബന്ധപ്പെട്ടാണ് തർക്കങ്ങളുടലെടുത്തതെന്ന സൂചനകളാണുള്ളത്.
മുതിർന്ന നാല് ന്യായാധിപന്മാരുടെ ആരോപണങ്ങളുടെ പേരിൽ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനാവില്ല. ചുമതല നിർണയിക്കാനും മറ്റ് ജഡ്ജിമാർക്ക് കേസുകൾ വീതിച്ചുനൽകാനുമുള്ള അധികാരം ചീഫ് ജസ്റ്റിസിേൻറതാണ്. തങ്ങൾക്ക് ഏതെങ്കിലും കേസ് അനുവദിച്ചുതരണമെന്ന് പറയാൻ മറ്റുള്ളവർക്ക് കഴിയില്ല. രാഷ്ട്രീയത്തിലെന്നപോലെ സുപ്രീംകോടതി ന്യായാധിപന്മാർക്കിടയിൽ ഗ്രൂപ്പിസം നിലനിൽക്കുന്നുെവന്ന തോന്നൽ പരമോന്നത നീതിപീഠത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുന്നുവെന്ന അവസ്ഥ നിർഭാഗ്യകരമാണ്.
തകരുന്നത് സാധാരണ ജനത്തിെൻറ നീതിസ്വപ്നം
ഡോ. പോളി മാത്യു മുരിക്കന്‍
കഴിഞ്ഞ കുറച്ചു മാസങ്ങളിലായി രാജ്യത്തെ പരമോന്നത നീതിപീഠം സുതാര്യമായല്ല പ്രവര്‍ത്തിക്കുന്നതെന്ന സുപ്രീം കോടതിയിലെ മുതിര്‍ന്ന ന്യായാധിപന്മാരുടെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവമേറിയതാണ്. ഇത് ജനങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്താന്‍ വാർത്തസമ്മേളനം നടത്തേണ്ടിവന്നു എന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ലോകത്തെ നീതിന്യായസംവിധാനങ്ങളില്‍ ഏറ്റവും ശക്തമാണ് ഇന്ത്യന്‍ സുപ്രീംകോടതി. അതിനാല്‍ ഉന്നത ഭരണഘടനാമൂല്യങ്ങളും സംശുദ്ധിയും നിഷ്പക്ഷതയും കാത്തുസൂക്ഷിക്കാൻ ന്യായാധിപന്മാര്ക്ക് ബാധ്യതയുണ്ട്.
സുപ്രീംകോടതിയുടെ അധികാരങ്ങളെ വിപുലപ്പെടുത്താമെന്നല്ലാതെ പാര്ലമെൻറിനുപോലും അത് നിജപ്പെടുത്താനാവില്ലെന്ന് ഭരണഘടനയുടെ 138-ാം അനുച്ഛേദം വ്യക്തമാക്കുന്നു. പാര്‍ലമെൻറിലോ നിയമസഭകളിലോ സുപ്രീംകോടതി ജഡ്ജിമാരുടെ പെരുമാറ്റം ചര്‍ച്ചചെയ്യാനാവില്ല. േകാടതിയലക്ഷ്യത്തിന് ശിക്ഷിക്കാനുള്ള അധികാരം സുപ്രീംകോടതിക്ക് ഭരണഘടനതന്നെ കൽപിച്ചുനല്കിയിരിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിെൻറയും സാമൂഹികനിയന്ത്രണങ്ങളുടെയും അതിര്‍വരമ്പുകള്‍ നിർണയിക്കുന്നുവെന്നു മാത്രമല്ല, നിർണായകമായ ഭരണഘടനാ വിഷയങ്ങളില്‍ രാഷ്ട്രപതി ഉപദേശം തേടുന്നതും സുപ്രീംകോടതിയോടാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലും സംസ്ഥാനങ്ങള്ക്കിടയില്തന്നെയും ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ക്ക് ഭരണഘടനാപരമായി തീര്പ്പുകൽപിക്കേണ്ടതും സുപ്രീംകോടതിയാണ്.
ഭരണഘടനയുടെ കാവല്‍ക്കാരനായി ഏവരുടെയും ക്ഷേമം ലക്ഷ്യമാക്കി ജനാധിപത്യത്തിനും നിയമവാഴ്ചക്കും കരുത്തുപകര്‍ന്ന് മുന്നേറേണ്ട പരമോന്നത നീതിപീഠം വിവാദങ്ങളില്‍പെട്ട് ഉലയുമ്പോള്‍ തകരുന്നത് സാധാരണ പൗരെൻറ നീതിസ്വപ്നങ്ങളാണ്. ഏതെങ്കിലും പൗരന് നീതി നിഷേധിക്കപ്പെടാനുള്ള സാഹചര്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഭരണഘടനയുടെ 39 എ അനുച്ഛേദം നിർദേശിക്കുന്നു. വർധിച്ചുവരുന്ന വ്യവഹാരങ്ങള്‍ കോടതികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നത്. കോടതിയുടെ ഉടമസ്ഥരും ഉപഭോക്താക്കളും ജനങ്ങളാണ്. ജനങ്ങള്‍ക്കുവേണ്ടിയാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നതെന്ന ബോധം ഭരണകൂടത്തെപ്പോലെ കോടതികൾക്കുമുണ്ടാകണം. ജുഡീഷ്യല്‍ ആക്ടിവിസം ഒരു പരിധിവരെ ആവശ്യമാെണങ്കിലും അതിെൻറ പേരില്‍ കോടതികള്‍ ഭരണകൂടത്തിെൻറ ഭാഗമാകരുത്.
ജഡ്ജിമാരുടെ പരസ്യ പ്രതിഷേധം ശുഭസൂചന
അഡ്വ. പി. ദിനേശൻ
സുപ്രീംകോടതിയിലെ അനഭിലഷണീയ പ്രവണതകൾ ചൂണ്ടിക്കാട്ടി ഭാവി ചീഫ് ജസ്റ്റിസ് അടക്കം നാലു മുതിർന്ന ജഡ്ജിമാർ പൊതുസമൂഹത്തിനുമുന്നിൽ എത്തിയത് ശ്ലാഘനീയമാണ്. കാലാകാലങ്ങളായി പൊതുജനം ഉന്നയിക്കുന്ന വസ്തുതകൾതന്നെയാണ് ന്യായാധിപന്മാർ ഏറ്റുപറഞ്ഞിരിക്കുന്നത്. ഇൗ ഏറ്റുപറച്ചിൽ ശുദ്ധീകരണപ്രക്രിയയുടെ തുടക്കമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ചീഫ് ജസ്റ്റിസിന് ലഭിച്ച അമിതാധികാരങ്ങളാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ആർക്കായാലും അമിതാധികാരം ലഭിച്ചാൽ ദുരുപയോഗപ്പെടുത്തുമെന്നതിെൻറ തെളിവാണ് സുപ്രീംകോടതിയിലെ സംഭവവികാസങ്ങൾ. ഇതുകൊണ്ട് ജനം കോടതിയെ അവിശ്വസിക്കേണ്ടതില്ല. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഉൗട്ടിയുറപ്പിക്കാൻ ഇത് പ്രേരകമാകുമെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ ജനുവരി 12 ഇന്ത്യൻ നീതിന്യായ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ശുഭ ദിനമായി കണക്കാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.