ആശയപ്രകാശന സ്വാതന്ത്ര്യവും സ്രാവുകൾ വിഴുങ്ങുന്നോ?
text_fieldsഡോ. ജേക്കബ് തോമസ് എഴുതിയ ‘സ്രാവുകൾക്കൊപ്പം നീന്തുേമ്പാൾ’ എന്ന ആത്മകഥയുടെ പ്രകാശന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിൻവാങ്ങിയത് വാർത്തയായിരുന്നു. അതിൽ വിസ്മരിക്കപ്പെട്ട പ്രധാന കാര്യം, ആത്മകഥ പ്രസിദ്ധീകരിക്കാൻ ഉദ്യോഗസ്ഥന് സർക്കാറിെൻറ മുൻകൂർ അനുമതി ആവശ്യമോ എന്നതാണ്. പുസ്തകത്തിെൻറ രചന ചട്ടപ്രകാരമല്ലെന്ന നിയമോപദേശത്തെ തുടർന്നാണ് മുഖ്യമന്ത്രി പിൻവാങ്ങിയതെന്ന് അഭിപ്രായമുണ്ടായി. ചട്ടവിരുദ്ധതയുണ്ടെന്ന് ചീഫ് സെക്രട്ടറി പിന്നീട് ചൂണ്ടിക്കാട്ടുകയും ചെയ്തു.
ആശയപ്രകാശന സ്വാതന്ത്ര്യം പൗരെൻറ മൗലികാവകാശമായി ഭരണഘടന ഉറപ്പുനൽകുന്നു. 19(1)(എ) അനുച്ഛേദത്തിന് എട്ട് നിയന്ത്രണങ്ങളാണ് ഭരണഘടന ഏർപ്പെടുത്തിയത്. രാഷ്ട്രത്തിെൻറ പരമാധികാരവും അവിഭാജ്യതയും, രാഷ്ട്രസുരക്ഷ, വിദേശ രാഷ്ട്രങ്ങളുമായുള്ള സൗഹൃദം, പൊതുസമാധാനം, അന്തസ്സ്് അഥവാ സദാചാരം, കോടതിയലക്ഷ്യം, അക്രമത്തിനു പ്രേരണ, മാനനഷ്ടം എന്നിവയാണ് അതിൽ പരിഗണിക്കാനുള്ളത്.
സർക്കാറുദ്യോഗസ്ഥനാകുന്നതോടുകൂടി ഒരു പൗരൻ മൗലികാവകാശങ്ങൾ എല്ലാം അടിയറവെക്കുന്നില്ല. ഭരണഘടന ഏർപ്പെടുത്തുന്ന ‘ന്യായമായ’ നിബന്ധനകൾക്ക് വിധേയമായി മൗലികാവകാശങ്ങൾ അനുഭവിക്കാൻ പൗരന് അവകാശമുണ്ട്. ‘‘ഒരു അവകാശം അനുഭവിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് സ്വേച്ഛാപരമോ പൊതുതാൽപര്യത്തിന് നിരക്കാത്തതോ ആയിക്കൂടെന്നാണ് ന്യായപൂർവമായ നിയന്ത്രണം എന്നത് സൂചിപ്പിക്കുന്നത്’’ എന്ന് സുപ്രീംകോടതി ‘ന്യായപൂർവം’ എന്ന വാക്കിനെ വ്യാഖ്യാനിച്ചുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
ന്യായപൂർവമായ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ നടപ്പാക്കിയ 1968ലെ ഒാൾ ഇന്ത്യ സർവിസസ് (കണ്ടക്റ്റ്) ചട്ടം 6(2) പ്രകാരം സാഹിത്യകൃതി, കലാസൃഷ്ടി, ശാസ്ത്രീയ സ്വഭാവമുള്ള രചനകൾ എന്നിവക്ക് സർക്കാറിെൻറ മുൻകൂർ അനുമതി ആവശ്യമില്ല. ഭരണഘടനയുടെ 33ാം അനുേച്ഛദപ്രകാരം പൊലീസ് സേനാംഗങ്ങളുടെ ആശയപ്രകാശന സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള അധികാരം പാർലമെൻറിന് നൽകിയിരിക്കുന്നു. ഇതിൻപ്രകാരമാണ് 1966 പൊലീസ് അവകാശനിയന്ത്രണ നിയമം പാർലമെൻറ് പാസാക്കിയത്. ഇതുപ്രകാരം കേന്ദ്രസർക്കാറിെൻറ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ രാഷ്ട്രീയ സംഘങ്ങളോ തൊഴിലാളി സംഘടനകളോ രൂപവത്കരിക്കാനോ അംഗങ്ങൾ ആകാനോ പാടില്ല. തുടർന്ന് നിയമത്തിെൻറ 3(സി) വകുപ്പുപ്രകാരം മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനോ പുസ്തകം, കത്ത്, മറ്റു രേഖകൾ എന്നിവ പ്രസിദ്ധീകരിക്കാനോ പാടില്ല. എന്നാൽ, ഒരു ഉദ്യോഗസ്ഥെൻറ കർത്തവ്യനിർവഹണത്തിെൻറ ഭാഗമായി ഉത്തമവിശ്വാസത്തിെൻറ ഭാഗമായി മാധ്യമങ്ങളിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതും പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നതും ഒഴിവാക്കിയിട്ടുണ്ട്. ഇൗ പ്രസിദ്ധീകരണങ്ങൾ കേവലസാഹിത്യം, കലാസൃഷ്ടി, ശാസ്ത്രരചന എന്നീ ഇനങ്ങളിൽ പെട്ടതായിരിക്കണം.
മലയാള സാഹിത്യത്തിലെ ഏറ്റവും സമ്പുഷ്ടമായ സാഹിത്യശാഖയാണ് ആത്മകഥ സാഹിത്യം. മലയാറ്റൂർ രാമകൃഷ്ണെൻറ പ്രസിദ്ധമായ ‘എെൻറ െഎ.എ.എസ് ദിനങ്ങൾ’, എം.കെ.കെ. നായരുടെ ‘ആരോടും പരിഭവമില്ലാതെ’ തുടങ്ങിയവ മലയാളത്തിലെ എണ്ണപ്പെട്ട സർവിസ് സ്റ്റോറികളാണ്. 2006ൽ െഎ.എ.എസിൽനിന്ന് രാജിവെക്കുന്നതിനു മുമ്പാണ് അൽഫോൻസ് കണ്ണന്താനം തെൻറ ഏറെ വിവാദം സൃഷ്ടിച്ച സർവിസ് അനുഭവങ്ങൾ പുസ്തകമായി പ്രകാശിപ്പിച്ചത്. ഇടുക്കി ജില്ല കലക്ടറായിരിക്കുേമ്പാൾ ഡോ. ഡി. ബാബുപോൾ സർവിസ് അനുഭവങ്ങൾ എഴുതിയിട്ടുണ്ട്.
ഒരു സർക്കാറുദ്യോഗസ്ഥന് ആത്മകഥ എഴുതി പ്രസിദ്ധീകരിക്കാൻ സർക്കാറിെൻറ മുൻകൂട്ടിയുള്ള അനുമതിയാവശ്യമില്ല. ജേക്കബ് തോമസ് ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് അനുവാദം ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറിൽതന്നെ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതായി പറയുന്നു. ആറുമാസം കഴിഞ്ഞിട്ടും അതിൽ തുടർനടപടികളൊന്നും ഉണ്ടായില്ലെന്നാണ് അറിയുന്നത്.
പുസ്തകപ്രകാശന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കുന്നതിെൻറ ഭാഗമായി പുസ്തകത്തിെൻറ പകർപ്പ് മുഖ്യമന്ത്രിയുടെ ഉപദേശകനായ പ്രഭാവർമക്ക് നൽകിയതായും അദ്ദേഹം പറയുന്നു. പുസ്തകത്തിെൻറ പ്രതി നേരേത്ത ലഭിച്ചിട്ടും അതിൽ നിയമവിരുദ്ധമായ എന്തെങ്കിലും ഉണ്ടോയെന്ന് കണ്ടെത്താൻ മുഖ്യമന്ത്രിയുടെ ഒാഫിസിലെ ഉപദേശകർക്ക് കഴിഞ്ഞില്ല. പ്രസാധന ചടങ്ങിന് രണ്ടു മണിക്കൂർ മുമ്പ് മാത്രമാണ് ചടങ്ങിൽ പെങ്കടുത്താൽ നിയമപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ബോധ്യപ്പെടുന്നത്. കെ.സി. ജോസഫ് എന്ന കോൺഗ്രസ് നേതാവിെൻറ കത്ത് മുഖ്യമന്ത്രിക്ക് ലഭിച്ചില്ലായിരുന്നുവെങ്കിൽ ഇത്തരമൊരു നിയമപരിശോധന നടക്കുമായിരുന്നില്ല.
മറ്റൊരു അഭിപ്രായം, പുസ്തകത്തിലെ പല പരാമർശങ്ങളും 1923ലെ ഒൗദ്യോഗിക രഹസ്യനിയമത്തിെൻറ പരിധിയിൽ വരുന്നു എന്നതാണ്. രാജ്യത്തിെൻറ െഎക്യത്തെയും അഖണ്ഡതയെയും രാജ്യസുരക്ഷയെയും ബാധിക്കുന്ന കാര്യങ്ങൾ പുസ്തകത്തിലുണ്ടെന്ന് പുസ്തകത്തിലെ ഉള്ളടക്കം വിവാദമാക്കിയ മാധ്യമങ്ങൾപോലും പറയുന്നില്ല. പുറത്തുവരാത്ത പുസ്തകത്തിൽ അയൽരാജ്യങ്ങളുമായുള്ള സൗഹൃദത്തെ തകരാറിലാക്കുന്ന വിവരങ്ങൾ ഉണ്ടെന്നും പറയുന്നു. കൊളോണിയൽ ഭരണകാലത്തിെൻറ ഹാങ്ങോവർ വിട്ടുമാറാത്തവരുടെ പ്രേതങ്ങൾ ഇപ്പോഴും നമ്മുടെ ബ്യൂറോക്രസിയിൽ ഉണ്ടെന്നാണ് ഇൗ വാദമുഖങ്ങൾ ബോധ്യപ്പെടുത്തുന്നത്. ബ്രിട്ടെൻറ ഭരണകാര്യങ്ങൾ നാട്ടുകാർ അറിയാതിരിക്കുന്നതിനുവേണ്ടി പാസാക്കിയ നിയമം ഇന്ത്യ സ്വതന്ത്രമായതിനുശേഷവും നിലനിന്നു എന്നത് വിചിത്രമാണ്. ബ്രിട്ടെൻറ കൈയിൽനിന്ന് ഇന്ത്യൻ നേതാക്കളിലേക്ക് അധികാരം മാത്രമല്ല, അതിെൻറ രഹസ്യങ്ങളും കൈമാറി. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിൽ ഒൗദ്യോഗിക നിയമം വ്യാപകമായി രാജ്യത്ത് ദുരുപയോഗം ചെയ്യപ്പെട്ടു. നിരവധി മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ ഇൗ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യപ്പെട്ടു. ഇൗ നിയമത്തിെൻറ തിക്താനുഭവങ്ങൾ ഏറെ അനുഭവിച്ചവർ, അടിയന്തരാവസ്ഥക്കുശേഷം അധികാരത്തിലെത്തിയെങ്കിലും നിയമത്തിൽ ഒരു മാറ്റവും ഉണ്ടായില്ല. ജനതാ സർക്കാർ അതിനായി ഒരു കമീഷനെ നിയമിച്ചു എന്നത് നേര്. എന്നാൽ, നിയമത്തിൽ മാറ്റങ്ങൾ വേണ്ടെന്നായിരുന്നു കമീഷെൻറയും ശിപാർശ!
വിവരാവകാശ നിയമം 2015 ഒക്ടോബർ 12ന് പൂർണമായും രാജ്യത്ത് നടപ്പിലായതോടെ സുതാര്യതയുടെ ഒരു യുഗം ആരംഭിക്കുകയായിരുന്നു. അന്നുവരെ ഭരണസിരാകേന്ദ്രത്തിെൻറ ഉപശാലകളിൽ മറച്ചുവെച്ച പലതും പുറത്തുവന്നു. ലോകത്തിലെ ഏറ്റവും ശക്തമായ അറിയാനുള്ള അവകാശ നിയമമായി ഇന്ത്യൻ നിയമത്തെ മാറ്റിയതും ഇൗ സവിശേഷതയാണ്. ആർ.ടി.െഎ നിയമത്തിെൻറ 22ാം വകുപ്പുപ്രകാരം രാജ്യത്ത് ഇന്ന് നിലവിലുള്ള എല്ലാ നിയമങ്ങളെയും^ഒൗദ്യോഗിക രഹസ്യ നിയമം ഉൾപ്പെടെ^വിവരാവകാശ നിയമം അതിജീവിക്കുന്നുവെന്ന സുപ്രധാനമായ വ്യവസ്ഥയാണ് കരുത്തുള്ള ഇൗ നിയമത്തിെൻറ കാതൽ.
വിവരാവകാശ നിയമത്തിെൻറ 4(1)(സി) വകുപ്പുപ്രകാരം പൊതുജനങ്ങളെ ബാധിക്കുന്ന പ്രധാന നയങ്ങൾ രൂപവത്കരിക്കുേമ്പാഴും തീരുമാനങ്ങൾ എടുക്കുേമ്പാഴും പ്രസക്തമായ എല്ലാ വസ്തുതകളും പ്രസിദ്ധീകരിക്കണം എന്നാണ്. 4(1)(ഡി) വകുപ്പുപ്രകാരം ഭരണപരവും അർധനീതിന്യായപരവുമായ തീരുമാനങ്ങളുടെ കാരണങ്ങൾ അത് ബാധിക്കുന്ന വ്യക്തികൾക്ക് നൽകേണ്ടതാണ്. കോടതിവിധികളിലൂടെ മാത്രം അനുവർത്തിച്ചിരുന്ന സ്വാഭാവിക നീതിയുടെ സുവർണതത്ത്വങ്ങൾക്ക് നിയമപരമായ സംരക്ഷണം ലഭിച്ചതും വിവരാവകാശ നിയമത്തിെൻറ സവിശേഷതയാണ്. ഇതൊന്നും പരിഗണിക്കാതെ കൊളോണിയൽ അവശിഷ്ടങ്ങളുടെ ഭൂതം ആവേശിച്ചവർ കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഉദ്ധരിച്ച് നമ്മുടെ ഭരണസംവിധാനത്തെ അഞ്ചു പതിറ്റാണ്ടു പിന്നിലേക്ക് കൊണ്ടുപോവുകയാണ്.
സർക്കാർ വകുപ്പുകൾക്കുള്ളിലിരുന്ന് അഴിമതിയെക്കുറിച്ചുള്ള വിവരം നൽകുന്നവരെ സംരക്ഷിക്കാനുള്ള വിസിൽ ബ്ലോവേഴ്സ് സംരക്ഷണ നിയമം ഇന്ത്യൻ പാർലമെൻറ് പാസാക്കിയത് 2011ലാണ്. വിസിൽ ബ്ലോവേഴ്സ് സംരക്ഷണ നയം നടപ്പിലാക്കിയ രാജ്യമാണ് ഇന്ത്യ. മൂന്നു പതിറ്റാണ്ടുകളിലായി താൻ ജോലിചെയ്തുവരുന്ന സ്ഥാപനങ്ങളിലെ അഴിമതിയും കെടുകാര്യസ്ഥതയും വെളിപ്പെടുത്തിയ ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ഭരണ^പ്രതിപക്ഷ ഭേദമന്യേ എല്ലാ രാഷ്ട്രീയക്കാരും ഒത്തുചേർന്നു. ഇൗ കൊമ്പൻസ്രാവുകളുടെ ദുഷ്കൃത്യങ്ങളും പൊതുപണാപഹരണങ്ങളുടെ കഥകളും അറിയാവുന്നവർ പുറത്തുപറയുേമ്പാൾ സ്വാഭാവികമായും ആ നടപടി കൂട്ടമായിതന്നെ ആക്രമിക്കപ്പെടും. എഴുതിയതിൽ അപകീർത്തികരമോ വാസ്തവവിരുദ്ധമോ കോടതിയലക്ഷ്യമോ ഉണ്ടെങ്കിൽ അതിന് നിയമപ്രകാരം നടപടി സാധ്യമാണ് എന്നിരിക്കെ ഗ്രന്ഥകാരനെതന്നെ വിഴുങ്ങും എന്ന സമീപനം ജനാധിപത്യവിരുദ്ധമാണ്. താൻ ജോലിചെയ്യുന്ന സ്ഥാപനത്തിലെ അഴിമതി വെളിപ്പെടുത്തുന്നത് തൊഴിൽപരമായ പെരുമാറ്റദൂഷ്യമായി കാണാനാവില്ലെന്ന സുപ്രീംകോടതി വിധിയും ഇതോടൊപ്പം വായിക്കേണ്ടതാണ്. അഴിമതിക്കാരെ സംരക്ഷിക്കുകയും അഴിമതി തുറന്നുകാട്ടുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന കാലഹരണപ്പെട്ട നിയമങ്ങളും പൊളിച്ചെഴുതേണ്ടതുണ്ട്. ഇൗ സംവാദത്തിന് തുടക്കമിടാൻ ഇൗ വിവാദം കാരണമാകെട്ട എന്നാശിക്കുന്നു.
പിൻകുറിപ്പ്
കേരളത്തിലെ ഒരു മുൻസിഫ് നീതിന്യായ സംവിധാനത്തെ രൂക്ഷമായി വിമർശിച്ച് പണ്ട് പ്രമുഖ പത്രത്തിൽ ലേഖനമെഴുതി. മുൻസിഫിെൻറ ധിക്കാരത്തിൽ ക്ഷുഭിതരായ ഉന്നത ന്യായാധിപർ, എന്തു നടപടിയാണ് എടുക്കേണ്ടതെന്ന് ആലോചിക്കാൻ യോഗംചേർന്നു. ഗളഹസ്തത്തിൽ കുറഞ്ഞ ശിക്ഷ വേണ്ടെന്ന് നീതിമാന്മാർ ശിപാർശ ചെയ്തു. ഭരണഘടനാ വിദഗ്ധരും മനുഷ്യാവകാശങ്ങളുടെ സംരക്ഷകരുമായവർ ചേർന്ന് മുൻസിഫിനെ നിഷ്കരുണം പിരിച്ചുവിടാൻ തീരുമാനിച്ചു.
മുഖ്യ ന്യായാധിപനും അതിനു സമ്മതം മൂളി. ഭരണഘടന പ്രകാരമുള്ള മൗലികാവകാശം ഒരാൾ ഉപയോഗിക്കുേമ്പാൾ ഇത്തരം കടുത്ത നടപടി ശരിയോ എന്ന അതിലൊരു ന്യായാധിപെൻറ ചോദ്യത്തിനു മുന്നിൽ മുഖ്യ ന്യായാധിപൻ ഒന്നു പതറി. പരിണതപ്രജ്ഞനായ അദ്ദേഹം പ്രശ്നം ഒരു കമ്മിറ്റിക്കു വിട്ടു. പാവം മുൻസിഫ് അങ്ങനെ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.