കരുതൽ തടവിലായ വിവരാവകാശ നിയമം
text_fieldsഒരു വെള്ളക്കടലാസും 10 രൂപയുമുണ്ടെങ്കിൽ രാജ്യത്തെ രാഷ്ട്രപതിയെ മുതൽ താഴെ വില്ലേജ ് ഒാഫിസറെ വരെ ചോദ്യംചെയ്യാനുള്ള അവകാശം സാധാരണ ഇന്ത്യൻ പൗരന് ലഭിച്ചത് 2005ലെ വിവരാവകാശനിയമത്തിലൂടെയാണ്. ഇന്ത്യൻ പൗരനെ ജനാധിപത്യത്തിെൻറ വിധാതാവും വിധികർത്താവുമാക്കി മാറ്റിയ വിപ്ലവാത്മക നിയമനിർമാണമാണ് വിവരാവകാശ നിയമം. ഇന്ത്യയിലുള്ളത്ര നിയമങ്ങൾ ലോകത്തെവിടെയുമില്ല. എന്നാൽ അവയിൽ പലതും താളുകളിൽതന്നെ ഉറങ്ങുകയാണ്.പ്രായേണ മൃതമായ ഇൗ നിയമങ്ങൾ കൂടി നടപ്പാക്കാൻ കഴിയുമെന്നതാണ് വിവരാവകാശ നിയമത്തിെൻറ രചനാത്മകമായ സവിശേഷത. അതുകൊണ്ടാണ് വിവരാവകാശ നിയമത്തെ ‘ഇന്ത്യൻ ജനാധിപത്യത്തിെൻറ വസന്തം’ എന്നു വിശേഷിപ്പിക്കുന്നത്.
അഴിമതിയുടെ കാരണങ്ങൾ കണ്ടെത്താൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി, രണ്ടു പ്രധാന കാര്യങ്ങൾ കണ്ടെത്തി. ഒന്ന്, ദരിദ്രരും നിരക്ഷരരുമായ ആളുകളെ പറ്റിച്ച് ഉദ്യോഗസ്ഥർ പണംപിടുങ്ങുന്നു. രണ്ട്, നിയമവിരുദ്ധമായ നേട്ടങ്ങൾ ലഭിക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കുന്നു. രണ്ടു രീതികളും നിയമവാഴ്ചയെ തകർക്കുകയും തുല്യതക്കുള്ള അവകാശം ലംഘിക്കുകയും ചെയ്യുന്നു. വിവേചനപരമായി ഒരാളോട് ഭരണകൂടം പെരുമാറുന്നത് മനുഷ്യാവകാശ ലംഘനമാണ്; ഭരണഘടനയിലെ തുല്യതയുടെ ലംഘനവും.
പൊതുമരാമത്ത് വകുപ്പ് സമീപകാലത്ത് കേരളത്തിൽ പണിത റോഡുകളും പാലങ്ങളും കെട്ടിടങ്ങളുംതന്നെയാണ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ജീവിക്കുന്ന ഉദാഹരണങ്ങൾ. വകുപ്പുതന്നെ പുറത്തുവിട്ട കണക്കുപ്രകാരം മുന്നൂറോളം പാലങ്ങൾ അപകടത്തിലാണ്. ഇൗ പാലങ്ങൾ എന്തുകൊണ്ടാണ് പഞ്ചവടിപ്പാലങ്ങളാകുന്നത്? റോഡുകൾ കാലമെത്തുന്നതിനുമുേമ്പ തകർന്നുപോകുന്നതെന്തുകൊണ്ടാണ്? മേൽക്കൂരയും ഭിത്തിയും തകർന്ന സർക്കാർ സ്കൂളുകളിൽ നമ്മുടെ കുട്ടികൾ പഠിക്കേണ്ടിവരുന്നത് എങ്ങനെയാണ്? ആരാണ് ഇവ നിർമിച്ചത്? എത്ര തുകയാണ് ഇതിനായി ചെലവഴിച്ചത്? ആരാണ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയത്? ഏത് ഉദ്യോഗസ്ഥനാണ് നിർമാണപ്രവർത്തനങ്ങൾ പരിശോധിച്ചത്? ഇതെല്ലാം അന്വേഷിച്ചിരുന്നെങ്കിൽ പാലാരിവട്ടം പാലം എന്ന ദുരന്തം ഉണ്ടാകുമായിരുന്നില്ല.
സുപ്രധാനവും നയപരവുമായ തീരുമാനങ്ങൾപോലും സർക്കാറുകൾ ജനങ്ങളിൽനിന്ന് മറച്ചുവെക്കുകയാണ്. മന്ത്രിസഭ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന കമീഷെൻറ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ചത് നിലവിലെ എൽ.ഡി.എഫ് സർക്കാറാണ്. അതിനു തൊട്ടുമുമ്പ്, ‘കടുംവെട്ട്’ മന്ത്രിസഭ തീരുമാനങ്ങൾ വെളിപ്പെടുത്താത്ത ഉമ്മൻ ചാണ്ടി സർക്കാറിനെ രൂക്ഷമായി വിമർശിച്ച അന്നത്തെ പ്രതിപക്ഷനേതാക്കൾ മന്ത്രിമാരായപ്പോൾ ചുവടുമാറ്റി.
കേന്ദ്ര സർക്കാറും ഡൽഹി, യു.പി, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളും ഒാൺലൈൻ ആർ.ടി.െഎ പോർട്ടൽ ആരംഭിച്ചെങ്കിലും സൈബർ സംസ്ഥാനമെന്ന പെരുമ അവകാശപ്പെടുന്ന കേരളം ഒന്നും ചെയ്തില്ല. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഒാൺലൈനിൽ അപേക്ഷ കൊടുക്കാൻ കഴിഞ്ഞാൽ ചെലവ് കുറക്കാനും സമയബന്ധിതമായി വിവരം ലഭ്യമാക്കാനും കഴിയും. ഒാൺലൈൻ പോർട്ടൽ സംസ്ഥാനത്ത് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആർ.ടി.െഎ കേരള ഫെഡറേഷൻ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
വിവരാവകാശ നിയമ ഭേദഗതി
നരേന്ദ്ര മോദി സർക്കാർ രണ്ടാമതും അധികാരേമറ്റ ശേഷമുള്ള പ്രഥമ പാർലമെൻറ് സമ്മേളനത്തിൽതന്നെയാണ് 2005ലെ വിവരാവകാശ നിയമത്തിന് ഭേദഗതി വരുത്തി ബിൽ പാസാക്കിയത്. വിവരാവകാശ കമീഷനുകളുടെ സ്വയംഭരണാധികാരവും സ്വാതന്ത്ര്യവും തകർക്കുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷവും പൊതുസമൂഹവും കേന്ദ്ര സർക്കാറിനെ വിമർശിക്കുേമ്പാഴും നിലവിലെ നിയമത്തിലെ ‘അപാകം’ പരിഹരിക്കുകയെന്ന ‘സാധാരണ’ നടപടി മാത്രമാണിതെന്ന് സർക്കാർ വിശദീകരിക്കുന്നു.
ആർ.ടി.െഎ നിയമത്തിലെ 13, 16, 27 എന്നീ വകുപ്പുകളാണ് ഇപ്പോൾ ഭേദഗതി ചെയ്തത്. ഇതിലൂടെ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമീഷണർമാരുടെ പദവിയും സേവന-വേതന വ്യവസ്ഥകളും കേന്ദ്ര നിയന്ത്രണത്തിൽ കൊണ്ടുവന്നു. സംസ്ഥാനത്തിെൻറ ശമ്പളം വാങ്ങുന്ന കമീഷണർമാരുടെ കാലാവധി കേന്ദ്ര സർക്കാറിെൻറ ഇഷ്ടാനിഷ്ടങ്ങൾക്ക് വിട്ടുനൽകുന്നത് ഭരണഘടനയിലെ ഫെഡറൽ ഘടനയുടെ ലംഘനമാണ്. സംസ്ഥാനത്തിെൻറ അധികാരസീമയിലേക്ക് കടന്നുകയറിയ ഇൗ ഭേദഗതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ആർ.ടി.െഎ കേരള ഫെഡറേഷൻ സമർപ്പിച്ച ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികളായ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന കമീഷനുകൾ
ആർ.ടി.െഎ നിയമത്തിലെ 13(3) വകുപ്പ് കേന്ദ്രകമീഷണർമാർക്ക് നൽകേണ്ട ശമ്പളം, ബത്ത, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പ്രതിപാദിക്കുന്നു. പദവിയിൽ കേന്ദ്രത്തിലെ മുഖ്യ വിവരാവകാശ കമീഷണർ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്കും കമീഷണർമാരുടെ പദവി തെരഞ്ഞെടുപ്പ് കമീഷണർമാർക്കും തുല്യമാണെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ആർ.ടി.െഎ നിയമത്തിലെ 16(5) വകുപ്പ് ശമ്പളം, ബത്ത, മറ്റു സേവനവ്യവസ്ഥകൾ പരാമർശിക്കുന്നു. മുഖ്യ വിവരാവകാശ കമീഷണറുടെ പദവി ഇലക്ഷൻ കമീഷണറുടേതിന് സമാനമാണ്. കമീഷണറുടെ പദവി സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പദവിക്ക് തുല്യവും. 1991ലെ ചട്ടപ്രകാരം കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും മുഖ്യ വിവരാവകാശ കമീഷണർമാരുടെയും കേന്ദ്ര വിവരാവകാശ കമീഷണർമാരുടെയും സേവന-വേതന വ്യവസ്ഥകൾ സുപ്രീംകോടതി ജഡ്ജിക്കു സമാനമാണ്. ഇൗ വ്യവസ്ഥകൾ ഭേദഗതി ചെയ്തു അത് തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിൽ നിക്ഷിപ്തമാക്കി.
സർക്കാറിെൻറ ഇരട്ടത്താപ്പ്
ഭരണഘടനാ സ്ഥാപനവും (constitutional body) നിയമപരമായ സ്ഥാപനവും (statutory body) തമ്മിലുള്ള വൈരുധ്യമാണ് ഭേദഗതിക്ക് കാരണമെന്ന സർക്കാറിെൻറ വാദം അർഥശൂന്യമാണ്. ശമ്പളവും ആനുകൂല്യങ്ങളും നൽകുന്ന കാര്യത്തിൽ ലോക്പാൽ അധ്യക്ഷൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സമാനനാണ്. ലോക്പാലിലെ അംഗങ്ങളുടെ പദവി സുപ്രീംകോടതി ജഡ്ജിക്ക് സമാനമാണ്. കേന്ദ്ര വിജിലൻസ് നിയമപ്രകാരം വിജിലൻസ് കമീഷണറുടെ പദവി യു.പി.എസ്.സി അധ്യക്ഷെൻറ പദവിക്കും വിജിലൻസ് കമീഷണറുടേത് യു.പി.എസ്.സി അംഗത്തിെൻറ പദവിക്കും സമാനമാക്കി. ഭരണഘടന പദവിയും നിയമപദവിയും തമ്മിലുള്ള ഇൗ വൈരുധ്യം എന്തേ കേന്ദ്ര സർക്കാറിെൻറ ശ്രദ്ധയിൽപെട്ടില്ല?
വിവരാവകാശ കമീഷെൻറ പദവിയും സേവന- വേതന വ്യവസ്ഥകളും തീരുമാനിച്ചത് പാർലമെൻറാണ്. പാർലമെൻറ് നൽകിയ ഇൗ അധികാരം നീക്കംചെയ്ത് സബ്ഒാർഡിനേറ്റ് ലെജിസ്ലേഷൻ വഴി സർക്കാറിനു നൽകുന്നത് നിയമവിരുദ്ധമാണ്. എൻ.ജെ.എ.സി കേസിൽ പാർലമെൻറ് നിർമിച്ച ദേശീയ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി നിയമം ഭരണഘടനാപരമായി അസാധുവായി പ്രഖ്യാപിച്ച 2016ലെ എൻ.ജെ.എ.സി കേസിലെ സുപ്രീംകോടതി വിധിയിലെ തത്ത്വം ആർ.ടി.െഎ നിയമഭേദഗതിയിൽ കേന്ദ്ര സർക്കാർ ലംഘിച്ചിരിക്കുന്നു.
Legitimate power of reciprocity (പ്രത്യുപകാരം ചെയ്യാമെന്ന ഉറപ്പിൽ നിങ്ങളെ ഞാൻ സഹായിക്കാം) എന്ന അവസ്ഥയെക്കുറിച്ച് അഡ്വക്കറ്റ് ഒാൺ റെക്കോഡ് കേസിൽ 2016ൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. കമീഷണർമാരായി നിയമിക്കപ്പെടുന്നവർ സർക്കാറിനോട് പ്രത്യുപകാരം ചെയ്യുന്ന അവസ്ഥയുണ്ടായാൽ കമീഷെൻറ സ്വാതന്ത്ര്യമാണ് തകർക്കപ്പെടുന്നത്. പക്ഷപാതിത്വവും മുൻവിധിയും താൽപര്യങ്ങളുടെ വൈരുധ്യവും കമീഷണർമാരുടെ അന്തിമതീർപ്പിെൻറ അന്തർധാരയായി മാറുന്നതോടെ കമീഷെൻറ സ്വയംഭരണാധികാരത്തിൽ മാരകമായ ക്ഷതമേൽക്കും എന്നതിൽ സംശയമില്ല. കമീഷണർമാരുടെ കാലാവധി സർക്കാർ തീരുമാനിക്കുന്നതോടെ സെൻട്രൽ സെക്രേട്ടറിയറ്റിെൻറ അനുബന്ധമായി വിവരാവകാശ കമീഷനുകളും അധഃപതിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.