വിവരാവകാശ നിയമം: വെല്ലുവിളികളുടെ പതിമൂന്നാണ്ട്
text_fieldsഇന്ത്യൻ ജനാധിപത്യത്തിൽ സുതാര്യതയുടെ സൂര്യപ്രകാശം വിതറിയ വിവരാവകാശ നിയമത്തിന് 13 വയസ്സ് പൂർത്തിയായി. 2005 ഒക്ടോബർ 12ന് രാജ്യത്ത് നിലവിൽവന്ന നിയമം ഭേദഗതി ചെയ്യാനും സ്വകാര്യതയുടെ സംരക്ഷണം പേരു പറഞ്ഞ് ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൽ ആർ.ടി.െഎ നിയമത്തിെൻറ ചിറകരിയാനും കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി, കേന്ദ്ര സർക്കാറിനു സമർപ്പിച്ച ‘പേഴ്സനൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിെൻറ കരടിൽ വ്യക്തിപരമായ വിവരങ്ങളുടെയും സ്വകാര്യതയുടെയും സംരക്ഷണം എന്ന പേരിലാണ് ആർ.ടി.െഎ നിയമത്തിലെ 8 (1) (ജെ) വകുപ്പ് ഭേദഗതി ചെയ്യാൻ ശിപാർശ ചെയ്തത്. അഴിമതി കൊടികുത്തിവാഴുന്ന രാജ്യത്ത് അതുമൂലം ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുേമ്പാൾ അത്തരം വിവരങ്ങൾ ചോദിച്ചാൽ വ്യക്തിപര വിവരം എന്നു പറഞ്ഞ് നിഷേധിക്കുന്ന അവസ്ഥയായിരിക്കും ഇനി ഉണ്ടാവുക.
ആർ.ടി.െഎ നിയമത്തിൽ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നുണ്ട്. പൊതുപ്രവർത്തനവുമായോ പൊതുതാൽപര്യവുമായോ ഒരു ബന്ധവുമില്ലാത്ത സ്വകാര്യ വിവരങ്ങൾ നിലവിൽതന്നെ നൽകേണ്ടതില്ലെന്ന് േഭദഗതി നിർദേശത്തെ എതിർത്തുകൊണ്ട് മുൻ കേന്ദ്ര വിവരാവകാശ കമീഷണർ എം.എം. അൻസാരി അഭിപ്രായപ്പെടുന്നു. ജസ്റ്റിസ് എ.പി. ഷാ പുതിയ നിയമ ഭേദഗതിയുടെ അന്തസ്സത്തയെ എതിർക്കുന്നുണ്ട്. വിവരാവകാശ നിയമം സ്വകാര്യതാ അവകാശത്തിെൻറ ലംഘനമല്ല എന്ന അദ്ദേഹത്തിെൻറ അഭിപ്രായത്തെ നിരാകരിച്ചുകൊണ്ടാണ് സമിതി ശിപാർശ ഗവൺമെൻറിന് സമർപ്പിച്ചത്.
വിലക്കപ്പെട്ട വിവരങ്ങൾ
ആർ.ടി.െഎ നിയമത്തിലെ എട്ട്, ഒമ്പത് വകുപ്പുകൾ പ്രകാരം മാത്രമേ വിവരങ്ങൾ നിഷേധിക്കാൻ വിവരാവകാശ ഉദ്യോഗസ്ഥന് അധികാരമുള്ളൂ. രാജ്യത്തിെൻറ പരമാധികാരത്തെയും അഖണ്ഡതയെയും വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെയും ഹാനികരമായി ബാധിക്കുന്ന വിവരങ്ങൾ നൽകാനുള്ള ബാധ്യത വിവരാവകാശ ഉദ്യോഗസ്ഥനില്ലെന്ന് നിയമം വ്യക്തമാക്കുന്നുണ്ട്. മൂന്നാം കക്ഷിയുടെ മത്സരാവസ്ഥക്ക് ദോഷം വരുത്തുന്ന വാണിജ്യ-വ്യാപാര രഹസ്യങ്ങളും ബൗദ്ധിക സ്വത്തുമായി ബന്ധപ്പെട്ട വിവരങ്ങളും വിശാലമായ പൊതുജനതാൽപര്യത്തിെൻറ അഭാവത്തിൽ നൽകേണ്ടതില്ല. വ്യക്തിയുടെ ജീവനോ ശാരീരിക സുരക്ഷക്കോ അപകടകരമായി തീരാവുന്നതോ, അന്വേഷണത്തെയോ കുറ്റവാളികളുടെ അറസ്റ്റ്, പ്രോസിക്യൂഷൻ എന്നിവെയയോ തടസ്സപ്പെടുത്തുന്നതോ ആയ വിവരങ്ങളും വെളിപ്പെടുത്തേണ്ടതില്ല. എന്നാൽ, പാർലമെൻറിനോ സംസ്ഥാന നിയമസഭക്കോ നിഷേധിക്കാൻ പാടില്ലാത്ത നിയമം വ്യക്തികൾക്കും നിഷേധിക്കാൻ പാടില്ല.
ഇന്ത്യയുടെ പ്രഥമ വിവരസംരക്ഷണ നിയമത്തിന് വഴിയൊരുക്കാൻ എന്ന പേരിൽ ആർ.ടി.െഎ നിയമത്തിലെ 8 (1) (ജെ) വകുപ്പ് മാറ്റി പുതിയ വ്യവസ്ഥ എഴുതിച്ചേർക്കാനാണ് സമിതിയുടെ തീരുമാനം. വിവരാവകാശ നിയമപ്രകാരം പൗരന്മാർ ആവശ്യപ്പെടുന്ന വിവരങ്ങൾ സ്വകാര്യതയുടെ ലംഘനമാകരുത് എന്നാണ് നിർദേശം. ഡാറ്റാ തത്ത്വങ്ങൾക്ക് ഹാനികരമാകാൻ ഇടയുള്ള വ്യക്തിഗത വിവരങ്ങൾ പുറത്തുവിടരുത്. പേഴ്സനൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ടിെൻറ പരിധിയിൽ വരുന്ന വിവരങ്ങളൊന്നും ആർ.ടി.െഎ നിയമപ്രകാരം നൽകേണ്ടതില്ല.
പൊതു പ്രാധാന്യമുണ്ടെങ്കിൽപ്പോലും വ്യക്തിഗത വിവരങ്ങൾ നിഷേധിക്കാൻ ഇൗ വ്യവസ്ഥയിലൂടെ ഉദ്യോഗസ്ഥർക്ക് കഴിയും എന്നാണ് മുൻ വിവരാവകാശ കമീഷണർ ശൈലേഷ് ഗാന്ധിയുടെ അഭിപ്രായം. വിവരം പുറത്തുവന്നാൽ ഒരു വ്യക്തിക്കു ദോഷമുണ്ടാകുമോ, വിശാലമായ പൊതുതാൽപര്യമുള്ളതാണോ എന്ന വസ്തുത ജനപക്ഷത്തുനിന്നു പരിശോധിക്കാൻ നിർദിഷ്ട ഭേദഗതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനു കഴിയില്ല. ഭരണഘടനയുടെ 19ാം അനുച്ഛേദം പൗരനു നൽകിയ ആശയപ്രകാശനമെന്ന മൗലികാവകാശത്തിെൻറ കടയ്ക്കൽ കത്തിവെക്കുകയാണ് ഇതിലൂടെ.
പുതിയ ഭേദഗതിയിലെ വ്യവസ്ഥകൾ തെറ്റായ വ്യാഖ്യാനങ്ങൾക്ക് വാതിലുകൾ തുറന്നിടുന്നതാണെന്ന് കേന്ദ്ര വിവരാവകാശ കമീഷണറായ ഡോ. ശ്രീധർ ആചാര്യാലു മുഖ്യ വിവരാവകാശ കമീഷണർക്കും മറ്റ് അഞ്ച് കമീഷണർമാർക്കും എഴുതിയ തുറന്ന കത്തിലൂടെ വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൊതുസേവകരുമായി ബന്ധപ്പെട്ട പൊതുരേഖകൾ ലഭിക്കാനുള്ള പൗരെൻറ അവകാശം ഇവിടെ നിഷേധിക്കപ്പെടുകയാണ്. നിലവിലുള്ള ആർ.ടി.െഎ നിയമത്തിലെ 8 (1) (ജെ) വ്യക്തിഗത നിയമങ്ങൾ സംരക്ഷിക്കാനുള്ള വ്യവസ്ഥകൾ പര്യാപ്തമാണ്. ആർ. രാജഗോപാൽ V/s തമിഴ്നാട് സർക്കാർ, ജസ്റ്റിസ് പുട്ട സ്വാമി കേസ് എന്നീ വിധികളിൽ സുപ്രീംകോടതി പ്രഖ്യാപിച്ച മാർഗനിർദേശങ്ങൾ ആർ.ടി.െഎ നിയമത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അത് മാറ്റേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ നിർദിഷ്ട ഭേദഗതി ഭരണഘടനാവിരുദ്ധമാണ്.
ഡാറ്റാ സംരക്ഷണം
വിവര സാേങ്കതികവിദ്യയുടെ വിസ്മയിപ്പിക്കുന്ന വികാസം വ്യക്തികളുടെ സ്വകാര്യതസംരക്ഷണമെന്ന മൗലികാവകാശത്തിെൻറ വ്യാപകമായ ധ്വംസനങ്ങൾക്ക് കാരണമായി. വ്യക്തിഗത വിവരങ്ങളുടെ ഡിജിറ്റൽ വെളിപ്പെടുത്തൽ സാധാരണമായി. ഇതിനെ ഫലപ്രദമായി തടയുന്ന പ്രത്യേകമായ നിയമങ്ങൾ നിലവിൽ ഇന്ത്യയിലില്ല. 2000ത്തിലെ വിവര സാേങ്കതിക നിയമത്തിൽ ഇലക്ട്രോണിക് ഡാറ്റാ വിവരസംരക്ഷണത്തിന് വ്യവസ്ഥകളുണ്ട്.
ഇന്ത്യയിലെ പ്രഥമ വിവരാവകാശ നിയമം നിർമിച്ചത് ഇൗയിടെ അന്തരിച്ച കലൈജ്ഞർ കരുണാനിധിയാണ്. 1997ൽ തമിഴ്നാട് നിയമസഭ വിവരാവകാശ നിയമം പാസാക്കി. മേയ് നാലിന് ഗവർണർ നിയമത്തിന് അംഗീകാരം നൽകുകയും ചെയ്തു. രാജസ്ഥാനിൽ കിസാൻ ശക്തി സംഘടൻ എന്ന സംഘടനയുടെ പോരാട്ടമാണ് നിയമത്തിലേക്ക് പിന്നീട് നയിച്ചതെങ്കിൽ, ഇങ്ങനെ ഒരു നിയമം വേണമെന്ന് തമിഴ്നാട്ടിലെ ഒരു സംഘടനപോലും ആവശ്യപ്പെട്ടില്ല! സിവിൽ സൊസൈറ്റിയുടെ ആവശ്യമില്ലാതെ കരുണാനിധി സർക്കാർ തന്നെയാണ് ആ നിയമം കൊണ്ടുവന്നത്. നിലവിലുള്ള ആർ.ടി.െഎ നിയമംപോലെ ശക്തമായ ഒരു നിയമമായിരുന്നില്ല അത് എന്നത് നേര്. എന്നാൽ സമാനമായ ഒന്നുപോലുമില്ലാത്തിടത്ത് ഇന്ത്യയിലെ ഒരു പ്രാദേശിക നേതാവിന് അങ്ങനെയൊരു നിയമം നിർമിക്കണമെന്നു തോന്നിയതാണ് ശ്രദ്ധേയം. ദുർബലമായ ആ നിയമത്തിെൻറ പ്രധാന ന്യൂനത 21 കാര്യങ്ങൾ വരുന്ന ‘വിലക്കപ്പെട്ട’ വിവരങ്ങളുടെ പട്ടികയായിരുന്നു. 12 ഉപവിഭാഗങ്ങളും അതിനുണ്ട്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിെൻറ ശക്തമായ വിമർശനം കേൾക്കേണ്ടിവന്നു സർക്കാറിന്. പല വ്യവസ്ഥകളും അവ്യക്തവും അപര്യാപ്തവും ആയിരുന്നു.
2005 മേയിൽ വിവരാവകാശ നിയമം ഇന്ത്യൻ പാർലമെൻറ് പാസാക്കുകയും ജൂൺ 15ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തതോടെ കേന്ദ്രത്തിലും ഇതര സംസ്ഥാനങ്ങളിലുമുള്ള ആർ.ടി.െഎ നിയമങ്ങൾ അപ്രസക്തമായി.
കേരളവും വിവരാവകാശ നിയമവും
ഭൂപരിഷ്കരണ നിയമം ഉൾപ്പെടെ നാഴികക്കല്ലുകളായ നിരവധി നിയമനിർമാണങ്ങളിലൂടെ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയായ കേരളം, അറിയാനുള്ള അവകാശത്തിെൻറ കാര്യത്തിൽ കുറ്റകരമായ അലംഭാവം കാണിച്ചു. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിവരാവകാശ പോരാട്ടങ്ങൾ നടക്കുേമ്പാഴും സാക്ഷരകേരളം സുഷുപ്തിയിലാണ്ടു.
2002 നവംബറിലാണ് കേരളം ഉണരുന്നത്. അന്നത്തെ നിയമമന്ത്രി കെ.എം. മാണി അധ്യക്ഷനായ നിയമപരിഷ്കരണ സമിതിയുടെ പ്രഥമ റിേപ്പാർട്ടിൽ സംസ്ഥാന വിവരാവകാശ നിയമത്തിെൻറ കരട് പ്രസിദ്ധീകരിച്ചു. വിവാദമായ നിരവധി നിയമങ്ങൾ പ്രതിപക്ഷത്തിെൻറ എതിർപ്പിനെ അതിജീവിച്ച് നിയമസഭയിൽ അവതരിപ്പിച്ച സർക്കാർ ജനങ്ങളെ ഭരണകൂടവുമായി ബന്ധിപ്പിക്കുന്ന ഇൗ സുപ്രധാന നിയമത്തെ സൗകര്യപൂർവം വിസ്മരിച്ചു.
ഇടതുസർക്കാറിെൻറ കാലത്ത്, പഞ്ചായത്തീരാജ്, നഗരപാലിക നിയമത്തിലെ അപര്യാപ്തവും അവ്യക്തവുമായ വ്യവസ്ഥകൾ ‘അറിയാനുള്ള അവകാശം’ എന്ന അധ്യായത്തിൽ ചേർത്തിരുന്നു. പക്ഷേ, പരീക്ഷണത്തിനുപോലും ആരെങ്കിലും ഇൗ വ്യവസ്ഥ ഉപയോഗിച്ചോ എന്ന് സംശയമാണ്. വിരലിലെണ്ണാവുന്ന അപേക്ഷകൾപോലും ഇൗ നിയമപ്രകാരം ലഭിച്ചില്ല എന്നാണ് ഒൗദ്യോഗിക ഭാഷ്യം.
തമിഴ്നാടും രാജസ്ഥാനും ഉൾപ്പെടെ ഒരു ഡസനിലേറെ സംസ്ഥാനങ്ങൾ നിയമം പാസാക്കിയെങ്കിലും നാം വിവരാവകാശ നിയമത്തിെൻറ കരടു ബില്ലിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്തു. വിവരാവകാശ നിയമം ഒന്നാം യു.പി.എ സർക്കാർ പാസാക്കുകയും സംസ്ഥാനങ്ങൾക്കുകൂടി നിയമം ബാധകമാക്കുകയും ചെയ്തതോടെ കേരളത്തിലും അത് നടപ്പിലായി. കേരളത്തിലെ ഉദ്യോഗസ്ഥ പ്രഭുത്വത്തിെൻറ തലയിൽ ഒരിടിത്തീപോലെയാണ് ഇൗ നിയമം വന്നുവീണത്. സടകുടഞ്ഞെഴുന്നേറ്റ ബ്യൂറോക്രസി നിയമത്തെ പരാജയപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ മുഴുകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
(അഭിഭാഷകനും വിവരാവകാശ പ്രവർത്തകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.