ഇരകൾക്ക് സാന്ത്വനമായി വിവരാവകാശ വിധി
text_fieldsഇരകൾക്ക് നിയമപരമായി സംരക്ഷണം നൽകേണ്ടവർതന്നെ കുറ്റവാളികളോടൊപ്പം ചേർന്ന് അവരെ പീഡിപ്പിക്കുന്ന സന്ദർഭങ്ങൾ നമ്മുടെ നാട്ടിൽ അസാധാരണമല്ല. എന്നാൽ, ഇത്തരം കുറ്റവാളികൾക്ക് നിയമം നൽകുന്ന പരമാവധി ശിക്ഷ ചുമത്തണമെന്ന തീരുമാനം അപൂർവമാണ്. ലൈംഗിക പീഡനങ്ങൾക്ക് ഇരയായ യുവതി നൽകിയ പരാതിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം നൽകണമെന്ന കേന്ദ്ര വിവരാവകാശ കമീഷെൻറ ഉത്തരവ് രചനാത്മകമാകുന്നത്, അപേക്ഷ ലഭിച്ച് 48 മണിക്കൂറിനകം ഇത്തരം വിവരങ്ങൾ നൽകണമെന്ന തത്ത്വം സ്ഥാപിക്കപ്പെട്ടതുകൊണ്ടാണ്. പൗരെൻറ ജീവനെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ 48 മണിക്കൂറിനകം രേഖകൾ നൽകണമെന്നാണ് വിവരാവകാശ നിയമം അനുശാസിക്കുന്നത്.
എന്നാൽ, ഇൗ സമയപരിധി ലംഘിച്ചു വരുകയാണ്. വിവരാവകാശ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ തന്നെ ഒരു മാസം കഴിഞ്ഞാലും രേഖകൾ നൽകാൻ തയാറാകുന്നില്ലെന്ന പരാതികൾ കമീഷനിൽ കുമിഞ്ഞുകൂടുകയും ചെയ്യുന്നു. ലൈംഗിക പീഡനങ്ങൾക്ക് ഇരയാകുന്നവർ സമർപ്പിക്കുന്ന വിവരാവകാശ അപേക്ഷകളിൽ 48 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് കേന്ദ്ര വിവരാവകാശ കമീഷണർ പ്രഫ. എം. ശ്രീധർ ആചാര്യ ലുവിെൻറ സുപ്രധാനമായ ഉത്തരവ്.
2013ൽ പാസാക്കിയ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡന നിരോധന നിയമപ്രകാരമാണ് യുവതി സഹപ്രവർത്തകനെതിരെ പരാതി നൽകിയത്. ഇൗ നിയമപ്രകാരം രൂപവത്കൃതമായ ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ട്, സാക്ഷികളോട് ചോദിച്ച ചോദ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള രേഖകൾ നൽകണമെന്നതായിരുന്നു അവരുടെ ആവശ്യം. നിയമത്തിെൻറ 13ാം വകുപ്പിൽ പ്രസ്തുത റിപ്പോർട്ട് 10 ദിവസത്തിനകം പരാതിക്കാരിക്ക് നൽകണമെന്ന വ്യവസ്ഥയുമുണ്ട്. വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷ നിരാകരിക്കുന്നതിന് കാരണമായി പറഞ്ഞത് ‘കേസന്വേഷണം നടക്കുന്നു’ എന്നാണ്. പരാതിക്കാരിക്ക് രേഖകൾ നൽകിയില്ലെങ്കിലും കേസിലെ പ്രതികൾക്ക് രേഖകൾ നൽകാനുള്ള ശുഷ്കാന്തി കാണിക്കുകയുണ്ടായി. ഉദ്യോഗസ്ഥർ ഇൗ റിപ്പോർട്ട് ഉപയോഗിച്ച് പ്രതി കോടതിയിൽനിന്ന് ജാമ്യം സമ്പാദിക്കുകയും ചെയ്തു.
30 ദിവസത്തിനകം മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ പരാതിക്കാരി ഒന്നാം അപ്പീൽ അധികാരിയെ സമീപിച്ചു. എന്നാൽ, രേഖകൾ നൽകിയെന്ന നിഗമനത്തിലാണ് അപ്പീലധികാരി എത്തിയത്. ‘രേഖകൾ അടക്കം ചെയ്ത’ കത്ത് പി.െഎ.ഒ ഹാജരാക്കി. എന്നാൽ കത്തിൽ രേഖകൾ ഉണ്ടായിരുന്നില്ലെന്ന പരാതിക്കാരിയുടെ നിലപാട് പരിഗണിക്കപ്പെട്ടില്ല. ചുരുക്കത്തിൽ, രണ്ടു നിയമങ്ങളുടെ സംരക്ഷണവും പരാതിക്കാരിക്ക് ലഭിച്ചില്ല. 60 ദിവസത്തിനുശേഷം അന്വേഷണ റിപ്പോർട്ട് നൽകി. എന്നാൽ, മറ്റു രേഖകൾ അതിന് ശേഷവും നിഷേധിക്കപ്പെട്ടു. തുടർന്നാണ് യുവതി കേന്ദ്ര വിവരാവകാശ കമീഷനെ സമീപിച്ചത്.
അറുപത് ദിവസത്തിനുശേഷവും രേഖകൾ നൽകാത്ത ഉദ്യോഗസ്ഥരുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് കമീഷൻ വിമർശിച്ചത്. തികച്ചും അനുചിതമായ നടപടിയാണിതെന്ന് കമീഷൻ ഉത്തരവിൽ രേഖപ്പെടുത്തി. വിവരങ്ങൾ ലഭിക്കുന്നതിനായി അപേക്ഷകയെ പലതവണ ബുദ്ധിമുട്ടിച്ചതും മാനസിക പീഡനമായിതന്നെ പരിഗണിക്കണമെന്ന് കമീഷൻ നിരീക്ഷിച്ചു.
ആഭ്യന്തര സമിതി തീരുമാനമെടുത്താൽ അതിെൻറ പകർപ്പ് എത്രയും വേഗം പരാതിക്കാരിക്ക് ലഭിക്കാൻ അവകാശമുണ്ട്. ഭരണപരവും അർധ ജുഡീഷ്യലും ആയ തീരുമാനങ്ങൾ എടുക്കുേമ്പാൾ ആ തീരുമാനം ബാധിക്കുന്ന ആളുകളെ അറിയിച്ചിരിക്കണം എന്നാണ് വിവരാവകാശ നിയമത്തിലെ 4(1)(d) വകുപ്പ് അനുശാസിക്കുന്നത്. ഇൗ വ്യവസ്ഥയും പ്രതിയെ സഹായിക്കുന്നതിൽ തിടുക്കം കാട്ടിയ വിവരാവകാശ ഉദ്യോഗസ്ഥർ ലംഘിച്ചുവെന്ന് കമീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
പരാതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സാക്ഷിമൊഴികളും ഫയൽകുറിപ്പുകൾ സഹിതം നൽകണമെന്ന് കമീഷൻ നിർദേശിച്ചു.വിവരാവകാശ നിയമം വ്യവസ്ഥചെയ്യുന്ന എല്ലാം ശിക്ഷകളും അപേക്ഷ തീർപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ മൂന്നു ഉദ്യോഗസ്ഥർക്കും ചുമത്താനുള്ള നടപടികളും കമീഷൻ ആരംഭിച്ചു. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല ശിക്ഷാ നടപടിയും പിഴയും പരാതിക്കാരിക്ക് നഷ്ടപരിഹാരവും നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ കമീഷൻ നോട്ടീസയച്ചു.
സഹപ്രവർത്തകെൻറ ലൈംഗിക പീഡനത്തിനെതിരെ പരാതി നൽകിയ യുവതിക്ക് അതിലെ നടപടികളുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കാൻ മൂന്നു വർഷമെടുത്തു. 48 മണിക്കൂറിനകം ലഭ്യമാക്കേണ്ടവയാണിതെന്ന കാര്യംകൂടി പരിഗണിക്കുേമ്പാഴാണ് നമ്മുടെ നിയമ നടത്തിപ്പ് സംവിധാനങ്ങളുടെ പരാജയം കൂടുതൽ ബോധ്യമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.