റിജിജു അറിയാത്ത അജണ്ടകൾ
text_fieldsപ്രധാനമന്ത്രിക്ക് പിടിച്ചില്ലപോൽ! മന്ത്രി കിരൺ റിജിജു, സർക്കാറിന്റെ പ്രതിച്ഛായ മോശമാക്കിയത്രേ. സർക്കാറിന് നീതിപീഠത്തോട് കലശലായ ആദരമാണല്ലോ. അതിനിടയിൽ ജുഡീഷ്യറിയുടെ അന്തസ്സ് കെടുത്തുന്ന വിധം പലവട്ടം പെരുമാറിയതു സഹിക്കാൻ വയ്യാതെ റിജിജുവിനെ ഒതുക്കി മൂലക്കിരുത്താൻ പ്രധാനമന്ത്രി നിർബന്ധിതനായെന്ന് മാധ്യമദ്വാരാ ജനം ധരിച്ചുവശായി.
പ്രധാനമന്ത്രിയുടെ അതൃപ്തിക്ക് പാത്രമായ റിജിജുവിന് പക്ഷേ, മന്ത്രിസ്ഥാനം പോയില്ല. നിയമമേഖല കൈകാര്യം ചെയ്തുപോന്ന മന്ത്രിക്ക് കൂടുതൽ അറിവ് ഭൗമശാസ്ത്രത്തിലാണെന്ന് പ്രധാനമന്ത്രി കണ്ടെത്തിയത് പെട്ടെന്നാണ്. സഹമന്ത്രിയെയും മാറ്റാൻ പ്രധാനമന്ത്രി തീരുമാനിച്ചു; രാഷ്ട്രപതി നടപ്പാക്കി. രാജ്യത്തെ നിയമ മന്ത്രാലയം പൊടുന്നനെ പ്രധാനമന്ത്രി ഉടച്ചുവാർത്തതിനെക്കുറിച്ച് ഊഹാപോഹ വാർത്തകളല്ലാതെ മറ്റു വിശദീകരണങ്ങളൊന്നും ഉണ്ടായില്ല.
ആകെക്കൂടി ഉണ്ടായ വിശദീകരണം ‘ഇര’യിൽ നിന്നാണ്. തന്നെ ഒതുക്കിയതല്ലെന്നും പ്രവർത്തന സൗകര്യത്തിനുവേണ്ടിയാണ് വകുപ്പു മാറ്റിയതെന്നും ഭൗമ മന്ത്രാലയത്തിലെ പുതിയ കസേരയിലിരുന്ന് റിജിജു നൂറ്റൊന്നാവർത്തിച്ചു. മറ്റാരും ഒന്നും പറഞ്ഞില്ല. സർക്കാറിലുള്ളവർക്കും ബി.ജെ.പിക്കാർക്കുമെല്ലാം അതിഭയങ്കര മൗനം. അത്ര ആഴത്തിലാണ് ഭരണം നയിക്കുന്നവരോടുള്ള ഭയഭക്തി ബഹുമാനം. അല്ലെങ്കിൽ വിവരമറിയും, അത്രതന്നെ.
യാഥാർഥ്യങ്ങളെ പക്ഷേ, മൗനം കൊണ്ട് മൂടാനാവില്ല. നീതിപീഠവുമായുള്ള ഏറ്റുമുട്ടൽ വളരാതിരിക്കാനാണ് മന്ത്രിയെ മാറ്റിയതെന്ന് വിശ്വസിക്കാനുമാവില്ല. രണ്ടുവർഷത്തോളം നിയമ മന്ത്രി സ്ഥാനത്തിരുന്ന കിരൺ റിജിജു ജുഡീഷ്യറിയെ താറടിച്ചുതുടങ്ങിയത് ഇപ്പോഴല്ല.
നിയമപരമായ പാണ്ഡിത്യം കുറവാണെന്ന അഹന്തയൊന്നുമില്ലാതെതന്നെ അദ്ദേഹം ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറാണ് രാജ്യത്തെ ആദ്യത്തെ നിയമ മന്ത്രിയെന്നുകരുതി, ആ കസേരയിൽ ഒടുവിലൊടുവിൽ എത്തിയവർക്കും അതിനൊത്ത പാണ്ഡിത്യവും വിവേകവും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടായില്ല.
കൊളീജിയം പൊളിച്ചുപണിയണം, ജഡ്ജിമാരാകാൻ യോഗ്യരായവരെ ശിപാർശ ചെയ്യുന്ന സമിതിയിൽ സർക്കാർ പ്രതിനിധി വേണം, ജഡ്ജിമാർക്ക് ജനങ്ങളോട് പ്രതിബദ്ധതയില്ല എന്നുതുടങ്ങി വിരമിച്ച ചില ജഡ്ജിമാർ ഇന്ത്യാവിരുദ്ധ സംഘത്തിലാണ് എന്നുവരെ റിജിജു പറഞ്ഞുകൊണ്ടിരുന്നു. അന്നേരമൊന്നും ആരും റിജിജുവിന്‍റെ ചെവിക്കുപിടിച്ചില്ല.
നാവ് റിജിജുവിന്റേതാണെങ്കിലും ജുഡീഷ്യറിയോടും ജഡ്ജിമാരോടുമുള്ള സർക്കാറിന്റെ കലിപ്പാണ് അതിലൂടെ നുരഞ്ഞുവരുന്നതെന്നു ചിന്തിക്കാനേ കാണികൾക്ക് കഴിയുമായിരുന്നുള്ളൂ.
അതിനു കാരണവുമുണ്ട്. പുതിയ ജഡ്ജിമാരാകാൻ യോഗ്യതയുള്ളവരെ മുതിർന്ന ജഡ്ജിമാർ ശിപാർശ ചെയ്യുന്ന കൊളീജിയം സമ്പ്രദായം പൊളിച്ചു പണിത് നീതിപീഠത്തിനൊരു അടുക്കും ചിട്ടയും വരുത്താനൊക്കെയായി നാഷനൽ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി കമീഷൻ കൊണ്ടുവരാൻ പണിപ്പെട്ട് സർക്കാർ പരാജയപ്പെട്ട ചരിത്രം 2016ലേതാണ്.
മുദ്രവെച്ച കവർ കൊടുത്താലോ, ചില മുദ്രകൾ കാട്ടിയാലോ നീതിപീഠത്തിൽ ഇരിക്കുന്നവർക്ക് മനസ്സിലാകാത്തതുമുതൽ വിമ്മിട്ടങ്ങൾ പലതുണ്ട്. മുദ്ര മനസ്സിലായ ചിലരെ രാജ്യസഭയിലും മനുഷ്യാവകാശ കമീഷന്‍റെ തലപ്പത്തും രാജ്ഭവനിലുമൊക്കെ എത്തിച്ചു. മുദ്രനോക്കാതെ നീതി നടപ്പാക്കിയ ചിലർ നിയമമന്ത്രിയുടെ തന്നെ ഭാഷയിൽ ഇന്ത്യാവിരുദ്ധ ഗാങ്ങിലായി.
ഫലത്തിൽ, ഉദ്ദിഷ്ടകാര്യം വിധിന്യായമായി വന്നുകാണുന്നൊരു നീതിന്യായ വ്യവസ്ഥയിലാണ് ഈ സർക്കാറിന് കമ്പം. അതിനു പാകത്തിൽ ജഡ്ജി നിയമനാധികാരത്തിൽ സർക്കാറിനും പങ്കാളിത്തം വേണമെന്നാണ് റിജിജു വാദിച്ചത്. പക്ഷേ, റിജിജുവിന്‍റെ വാദങ്ങൾക്കും വിമർശനങ്ങൾക്കും സർക്കാർ ഉത്തരവാദിയല്ലെന്ന് കസേര തെറിച്ചതിലൂടെ ജനം മനസ്സിലാക്കിക്കൊള്ളണം.
അതാണ് മാധ്യമദ്വാരങ്ങളിലൂടെ വരുന്ന വാഴ്ത്തുപാട്ട്. നരേന്ദ്രായ നമഃ എന്ന് നാഴികക്ക് നാൽപതുവട്ടം ഭയഭക്തി പാരവശ്യം പൂണ്ട് ഉരുവിടുന്നവരുടെ കൂട്ടത്തിലെ ജൂനിയർ മന്ത്രിയെ പ്രധാനമന്ത്രിക്ക് ഒരുവാക്കു കൊണ്ടോ നോട്ടം കൊണ്ടോ തിരുത്താവുന്നതേയുള്ളൂ.
അതിന് കസേര മാറ്റത്തിന്റെ ആവശ്യമില്ല. ബി.ജെ.പി അജണ്ടക്കും പ്രധാനമന്ത്രിയുടെ ഹിതത്തിനുമെതിരായി ഒരു വാക്കുപോലും വീണു പോകാതിരിക്കാൻ ബദ്ധശ്രദ്ധരായവരുടെ കൂട്ടം വിട്ട് റിജിജു പോയിട്ടുമില്ല. അങ്ങനെയെങ്ങാനും സംഭവിച്ചാൽ ഭൗമശാസ്ത്രത്തിൽ പോലും റിജിജുവിന് കസേര ഉണ്ടാവില്ലല്ലോ.
അപ്പോൾ എന്താണ് ഡീൽ? നിയമ വകുപ്പിന്‍റെ കൂടി ചുമതല വഹിക്കാൻ ഭാഗ്യം സിദ്ധിച്ച അർജുൻ റാം മേഘ്‍വാളിന് നേതാവിനോടുള്ള വിശ്വസ്തതയും കൂറും ഏറുമെങ്കിലും നിയമലോകത്ത് റിജിജുവിന്റെ പോലും പരിചയം അവകാശപ്പെടാനാവില്ല.
മുൻ ഐ.എ.എസുകാരനായ അദ്ദേഹം രാജസ്ഥാൻകാരനാണ്. ഒ.ബി.സി വിഭാഗക്കാരനാണ്. രാജസ്ഥാനിൽ ഈ വർഷാവസാനം നിയമസഭ തെരഞ്ഞെടുപ്പു നടക്കണം. അവിടത്തെ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയോട് മോദി-അമിത്ഷാമാർ സ്വരച്ചേർച്ചയിലല്ല.
പകരമൊരു നേതാവിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. മേഘ്‍വാളിനെ അത്തരത്തിൽ പരുവപ്പെടുത്തിയെടുക്കാൻ പുതിയൊരു വകുപ്പുകൂടി നൽകിയതാണെന്ന പ്രചാരണങ്ങളും നടക്കുന്നുണ്ട്. അതും പക്ഷേ, യുക്തിസഹമല്ല. മേഘ്‍വാളിനെ ഉയർത്താൻ നിയമവകുപ്പുതന്നെ കൊടുക്കണമെന്നില്ല. അതിനായി റിജിജുവിനെ മൂലക്കിരുത്തേണ്ടതുമില്ല.
അതിനെല്ലാം അപ്പുറത്താണ് ഇപ്പോൾ നടന്ന വകുപ്പു മാറ്റത്തിന്റെ പൊരുൾ. അത് ഇനിയും ചുരുളഴിഞ്ഞിട്ടില്ല. ആരു വരുകയോ പോവുകയോ ചെയ്യട്ടെ, കോടതി-സർക്കാർ ഏറ്റുമുട്ടൽ അവസാനിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ, റിജിജുവിനെ മാറ്റിയത് കോടതിയെ സന്തോഷിപ്പിക്കാനാണെന്ന വ്യാഖ്യാനങ്ങൾക്കപ്പുറം, തികഞ്ഞ സംഘ്പരിവാറുകാരനും കൂടുതൽ വിശ്വസ്തനുമായ മേഘ്‍വാളിനെ നിയമ മന്ത്രാലയത്തിൽ എത്തിച്ചത് അജണ്ടകൾ മുന്നോട്ടുനീക്കാനുള്ള മുന്നൊരുക്കമാണോ എന്ന് കണ്ടു തന്നെ അറിയണം.
ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് ഏകസിവിൽ കോഡ് പൊതുചർച്ചയിലേക്ക് കൊണ്ടുവരുന്നതടക്കം ബി.ജെ.പിക്കുമുന്നിൽ വോട്ടുറപ്പിക്കൽ അജണ്ടകൾ പലതുണ്ട്. അതിന് റിജിജുവിനേക്കാൾ മികവും വിശ്വസ്തതയും മേഘ്‍വാളിനുണ്ട്.
ഭരണഘടന-ജനാധിപത്യ സ്ഥാപനങ്ങളോടും മൂല്യങ്ങളോടുമുള്ള ബഹുമാനം, ജനക്ഷേമം എന്നിവക്കപ്പുറം വോട്ടു രാഷ്ട്രീയ കാവി അജണ്ടയോ പ്രധാനമന്ത്രിയുടെ ഇമേജ് നിർമാണ യത്നമോ ആണ് അസാധാരണമായ ഏതൊരു ചുവടുവെപ്പിലും ഈ സർക്കാർ പുറത്തെടുത്തിട്ടുള്ളത്.
ഒപ്പംനിൽക്കുന്നവർ, നേതാവിന്‍റെ ഇമേജും അജണ്ടയും സംരക്ഷിക്കേണ്ട ഘട്ടത്തിൽ വലിച്ചെറിയാവുന്ന കളിപ്പാട്ടങ്ങൾ മാത്രം. അത് റിജിജുവിൽ എത്തിനിൽക്കുന്നു. നിയമവും അജണ്ടയും കൈപ്പിടിയിൽ ഒതുങ്ങാത്തതുമൂലമാകാം, മോദി മന്ത്രിസഭയിലെ നിയമമന്ത്രിമാർക്ക് മന്ത്രാലയത്തിൽ കാലുറക്കുന്നില്ല. 2014ൽ അധികാരത്തിൽ വന്നപ്പോൾ രവിശങ്കർ പ്രസാദായിരുന്നു നിയമ മന്ത്രി. അദ്ദേഹം വേണ്ട, സദാനന്ദ ഗൗഡ മതിയെന്ന് പിന്നീട് തീരുമാനിച്ചു.
ഗൗഡ പോരാ, രവിശങ്കർ തന്നെ വേണമെന്നായി അടുത്ത തീരുമാനം. നാലുവർഷം പിന്നിട്ട മോദി സർക്കാറിന്റെ രണ്ടാമൂഴത്തിലെ മൂന്നാമത്തെ നിയമ മന്ത്രിയാണ് അർജുൻറാം മേഘ്‍വാൾ. കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ പിടിപ്പുകേട് തലയിൽ കെട്ടിവെച്ചാണ് ഡോക്ടറായ ഹർഷ് വർധനെ ആരോഗ്യ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയത്.
പരിസ്ഥിതിയും വനവും വിദ്യാഭ്യാസവും കൈകാര്യം ചെയ്ത പ്രകാശ് ജാവ്ദേക്കർ ഇപ്പോൾ കേരളത്തിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറന്നുകിട്ടാൻ അരമനകളിൽ മുട്ടിവിളിപ്പു വ്യായാമത്തിലാണ്. മുസ്‍ലിംകളെ പ്രഹരിക്കാനെന്നോണം മുസ്‍ലിം പരിരക്ഷാ വകുപ്പ് നൽകി വാഴിച്ച മുഖ്താർ അബ്ബാസ് നഖ്‍വിയെ മന്ത്രിസഭയിൽനിന്ന് മാത്രമല്ല, പാർലമെന്‍റിൽനിന്നുതന്നെ മുത്തലാഖ് ചൊല്ലി പുറന്തള്ളി.
റിജിജുവിനെ മാറ്റിയത് ജുഡീഷ്യറി അടക്കം ഭരണഘടന, ജനാധിപത്യ സംവിധാനങ്ങളോടുള്ള ആദരമായി വിശേഷിപ്പിക്കുന്നതിനിടയിലാണ് അടുത്ത ദിവസം പുതിയ പാർലമെന്‍റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിക്കാൻ പോകുന്നത്. ആദരത്തിന്‍റെ ചിത്രം അവിടെ വ്യക്തമായി പതിഞ്ഞു കിടക്കുന്നു. ജനാധിപത്യ ഇന്ത്യക്ക് രാഷ്ട്രത്തലവൻ പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ്.
ഭരണഘടനയുടെ കാവലാളാണ് രാഷ്ട്രപതി. പാർലമെന്‍റിന്‍റെയും മന്ത്രിസഭയുടെയും നിർണായക തീരുമാനങ്ങൾക്ക് പ്രാബല്യം വരുന്നത് രാഷ്ട്രപതി കൈയൊപ്പു ചാർത്തുമ്പോഴാണ്. പക്ഷേ, പാർലമെന്‍റ് മന്ദിരം രാഷ്ട്രത്തിനു സമർപ്പിക്കുന്നത് രാഷ്ട്രപതിയല്ല, പ്രധാനമന്ത്രിയാണ്.
പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി പണികഴിപ്പിച്ച് പ്രധാനമന്ത്രി അശോകസ്തംഭം അനാവരണം ചെയ്ത പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി അധ്യക്ഷനായ ജി-20 ഉച്ചകോടിക്കു മുമ്പായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാൻ പോകുന്നു. ഏറ്റവും വലിയ ജനാധിപത്യത്തെയാണ് നയിക്കുന്നതെങ്കിലും പ്രതിപക്ഷവുമായോ ഭരണപക്ഷവുമായിട്ടുതന്നെയോ ഇക്കാര്യത്തിൽ കൂടിയാലോചനകളില്ല.
ഹിന്ദുത്വ ആചാര്യൻ വിനായക് ദാമോദർ സവർക്കറുടെ ജന്മദിനമാണ് പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാനായി തിരഞ്ഞെടുത്തതെന്നു കൂടി അറിയുമ്പോഴാണ്, അജണ്ട നടപ്പാക്കുന്നതിനും പ്രതിച്ഛായ നിർമാണത്തിനുമുള്ള ഈ സർക്കാറിന്‍റെ വ്യഗ്രതയുടെ ആഴം വ്യക്തമാവുക. ഒരു വർഷം ബാക്കിയില്ലാത്ത ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള അജണ്ടയും പ്രതിച്ഛായ നിർമാണവും ഇങ്ങനെ പല വിധത്തിലാണ് ‘പുരോഗമിക്കു’ന്നത്.
ഇനി, സുപ്രീംകോടതി വിധിയുടെ ബലത്തിൽ ബാബരി മസ്ജിദ് തകർത്തേടത്ത് പ്രധാനമന്ത്രി ശിലാപൂജ നടത്തി നിർമിക്കുന്ന രാമക്ഷേത്രം ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പായി പ്രധാനമന്ത്രി ആദ്യപൂജ നടത്തി തുറന്നുകൊടുക്കാതിരിക്കില്ല. ഇങ്ങനെ പലവഴികളിലൂടെ ഒരു രാജ്യം പ്രധാനമന്ത്രിക്കുവേണ്ടി ചലിക്കുമ്പോൾ, പ്രധാനമന്ത്രിയുടെ താൽപര്യമല്ലാതെ റിജിജുവിനെന്ത്, റിജിജുവാര്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.