ബുദ്ധിയുള്ള പൊന്മാൻ കിണറ്റിലേ മുട്ടയിടൂ!
text_fieldsഒരു കടുകുമണി കാപട്യത്തില്പോലും ഒരു കോഴിമുട്ട വലുപ്പത്തില്‍ ദുരാഗ്രഹം ഉണ്ടാകുമെന്ന പഴമൊഴിക്ക് ഒട്ടേറെ അർഥതലങ്ങളുണ്ട്. കേരളസമൂഹത്തെ മുന്‍നിര്‍ത്തിയുള്ള ഏതു അനാട്ടമിയിലും കാപട്യം മുഴച്ചുവരും. വികസനകാര്യങ്ങളില്‍ മലയാളി പലപ്പോഴും കാപട്യത്തിെൻറ ആവരണം എടുത്തണിയാന്‍ മടിക്കാറില്ല. സുഖസൗകര്യങ്ങള്‍ ആഗ്രഹിക്കാത്തവരില്ല. അതിെൻറ തലങ്ങള്‍ മാറിമറിെഞ്ഞന്നിരിക്കാം. സുഖമെന്ന സങ്കൽപത്തിനുതന്നെ അനന്തമായ അർഥവ്യാപ്തിയുണ്ടല്ലോ. നല്ല വാഹനങ്ങള്‍ വാങ്ങണം, കഴിയുമെങ്കില്‍ രണ്ടു മൂന്നു വര്‍ഷത്തിലൊരിക്കല്‍ പുതിയ മോഡലുകളെ ആശ്ലേഷിക്കണം. വാഹന കച്ചവടക്കാരുടെ ഇഷ്ട പറുദീസയാണ് കേരളം. എന്നാല്‍, വാഹനം ഓടേണ്ട വഴിയുടെ കാര്യത്തില്‍ മലയാളിക്ക് വലിയ താൽപര്യമില്ല. ഇന്ത്യയില്‍ ഏറ്റവും മോശം ദേശീയപാതയുള്ള സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളെല്ലാം ദേശീയപാത വികസനം ഒരു പതിറ്റാണ്ട് മുമ്പ് പൂര്‍ത്തിയാക്കി എക്സ്പ്രസ് വേ യുഗത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. നമ്മളാകട്ടെ, നിലവിലുള്ള ഇടുങ്ങിയ ദേശീയപാതയുടെ വികസനത്തിനുമേലുള്ള കലഹങ്ങളില്‍ ഇപ്പോഴും അഭിരമിച്ചുകൊണ്ടിരിക്കുന്നു. മലയാളിക്ക് ബുദ്ധിയും വിവരവും കൂടിയതിെൻറ പ്രശ്നമാണ് റോഡ് നിർമാണത്തിെൻറ പ്രധാന തടസ്സമെന്നാണ് ഡൽഹിയിലെ അടക്കിപ്പിടിച്ച സംസാരം. ഏതു കാര്യത്തിലും അവസാന വാക്ക് പറയാനുള്ള വൈദഗ്ധ്യവും പാണ്ഡിത്യവും നമ്മള് കരസ്ഥമാക്കിയതിെൻറ പ്രതിസന്ധിയാണിത്. ദേശീയപാത വികസനപ്രശ്നം മുന്നോട്ടുവരുമ്പോള്‍ നമ്മുടെ ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളിലേക്ക് കണ്ണോടിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. എത്ര അനായാസമാണ് നമ്മള് ഏറെ വൈദഗ്ധ്യം വേണ്ട മേഖലകളെക്കുറിച്ച് അവസാനവാക്ക് ഉരുവിടുന്നത്!
ഞാന്‍ പഠിച്ചുവളര്‍ന്ന പ്രദേശമാണ് തളിപ്പറമ്പ്. മലബാറിലെ ഏറ്റവും പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്ന തളിപ്പറമ്പ് ഇന്ന് ഗതാഗതക്കുരുക്കിലാണ്. സ്ഥലം എം.എല്‍.എ ജയിംസ് മാത്യുവിെൻറ അക്ഷീണപ്രയത്നം കൊണ്ടാണ് ചെറിയൊരു സേഫ്റ്റി വാല്‍വ് ഈ പട്ടണത്തില്‍ സൃഷ്ടിച്ചത്. ഇരുവശവും കടകമ്പോളങ്ങളാല്‍ തിങ്ങിനിറഞ്ഞ തളിപ്പറമ്പിലെ ദേശീയപാതയുടെ വികസനക്കുരുക്കിന് പരിഹാരം ഉണ്ടാക്കാനാണ് കീഴാറ്റൂരിലൂടെ പാത പോകട്ടെ എന്ന തീരുമാനം ദേശീയപാത അതോറിറ്റി കൈക്കൊണ്ടത്. അഞ്ച് ഏക്കര്‍ പാടം ഇതിനായി നികത്തപ്പെടുമെന്ന പ്രശ്നത്തിനു മുന്നിലാണ് വലിയ വിവാദം ഉരുണ്ടുകൂടിയത്. പ്രകൃതി സംരക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. മനുഷ്യെൻറ ആഗ്രഹങ്ങള്‍ അനുസ്യൂതമാകുന്നതിെൻറ ഭാഗമായാണ് പ്രകൃതിക്കും കോട്ടം തട്ടുന്നത്. എന്നാല്‍, സമഗ്ര പുരോഗതിക്ക് സന്തുലിതമായെങ്കിലും വികസന ദൗത്യങ്ങള്‍ ഏറ്റെടുക്കാതിരിക്കാനാവില്ല. ദുൈബയിലൊക്കെ ഭരണാധികാരി ചൂണ്ടുന്ന ഭാഗങ്ങള്‍ കരയോ കടലോ എന്ന വേര്‍തിരിവില്ലാതെ ടൗണ്‍ഷിപ്പുകളായി മാറുന്നതു കണ്ട് അത്ഭുതാദരവുകള്‍ പൊഴിക്കുന്നവരാണ് നമ്മള് മലയാളികള്‍!
കീഴാറ്റൂരിന്മേല് ഉയര്‍ന്ന വിവാദപടലങ്ങള് മറ്റിടങ്ങളിലും അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍, ഏറ്റവും ശുഷ്കമായ ദേശീയപാതയുള്ള നമുക്ക് ഇതല്ലാതെ മറ്റെന്താണു പോംവഴി? കീഴാറ്റൂരില്‍ മേല്‍പാത ആയിക്കൂടെ എന്നാണ് പലരും ചോദിക്കുന്നത്. നിലവില്‍ കേരളത്തില്‍ ഒരു കി.മീ ദേശീയപാത വികസിപ്പിക്കാന്‍ 40 മുതല്‍ 50 കോടി രൂപവരെ വരും. ഇതില്‍ ഭൂമി ഏറ്റെടുക്കാന്‍ വേണ്ടത് ഏഴു കോടി രൂപയാണ്. തങ്ങളുടെ കണ്ണുതള്ളുന്ന തുകയാണിതെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും കൂട്ടരും പരസ്യമായി പറയുന്നത്. ഡൽഹി-ജയ്പൂര്‍ എക്സ്പ്രസ്വേക്കായി ഭൂമി ഏറ്റെടുക്കാന്‍ ഒരു കിലോ മീറ്ററിന് ചെലവാകുന്നത് ശരാശരി 70 ലക്ഷം രൂപ മാത്രമാണ്. മേല്‍പാത എന്ന നിർദേശത്തിെൻറ സ്ഥിതി പരിശോധിക്കാം. ഒരു കി.മീ മേല്‍പാത നിർമിക്കുന്നതിനുള്ള െചലവ് 125 മുതല്‍ 140 കോടി രൂപ വരെയാണ്. അഞ്ച് ഏക്കര്‍ വയല്‍ രക്ഷപ്പെടുത്താന്‍ ഇത്രയും ഭീമമായ സംഖ്യ മുടക്കുമെന്ന് ആര്‍ക്കെങ്കിലും വിചാരിക്കാന്‍ കഴിയുമോ? മാത്രമല്ല, എലിവേറ്റഡ് പാത വരുന്നതോടെ ഭാവിയിലെ റോഡ് വികസനം അവിടെ അവസാനിക്കും. സാധാരണ പാതയാണെങ്കില്‍ അതിെൻറ മീഡിയനില്‍ തൂണുകള്‍ സ്ഥാപിച്ച് ഭാവിയില്‍ മേല്‍പാത കെട്ടിപ്പൊക്കാം.
ദേശീയപാത വികസനം ചര്‍ച്ചചെയ്യുമ്പോഴൊക്കെ പ്രതിക്കൂട്ടിലാകുന്ന ഒരു സാധുവാണ് ‘മീഡിയന്’. റോഡിനു നടുഭാഗത്ത് എന്തിനിത്രയും സ്ഥലം ഒഴിച്ചിട്ട് പൂങ്കാവനമാക്കുന്നു എന്നുപറഞ്ഞ പല വിദഗ്ധരും നമ്മുടെ നാട്ടിലുണ്ട്. ഒരു റോഡിെൻറ സുപ്രധാന സുരക്ഷാ ബെല്‍റ്റാണ് മീഡിയന്. ഇതില്‍ ചെടികള്‍ െവച്ചുപിടിപ്പിച്ചാല് മാത്രമേ ഇരുഭാഗത്തേക്കും പായുന്ന വാഹനങ്ങളുടെ കണ്ണഞ്ചിക്കുന്ന പ്രകാശധാരകള്‍ ഡ്രൈവർന്മാരെ അലോസരപ്പെടുത്താതിരിക്കൂ. സാധാരണ പഞ്ചായത്ത് റോഡല്ല ദേശീയപാത. മാത്രമല്ല, വാഹനങ്ങള്‍ക്ക് മറ്റൊരു പാതയിലേക്ക് പ്രവേശിക്കാനോ യു-ടേണ്‍ എടുക്കാനോ ഒരു കാറിെൻറയെങ്കിലും വീതിയുള്ള മീഡിയെൻറ സുരക്ഷാ കവചം അനിവാര്യമാണ്. അതല്ലെങ്കില്‍ ഒരു വണ്ടി തിരിയാന്‍ നിറുത്തിയിടുമ്പോള്‍ വലിയ ബ്ലോക്കായിരിക്കും ഫലം. ഭാവി തലമുറക്കു വേണ്ടിയുള്ള കരുതല്‍കൂടിയാണ് ഏറെ വിമര്‍ശിക്കപ്പെടുന്ന ഈ മീഡിയന്. എന്നും റോഡ് വീതി കൂട്ടിക്കൊണ്ടിരിക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ പ്രതിസന്ധിതന്നെ എത്ര കണ്ടുണ്ടെന്നറിയാമല്ലോ. ഭാവിയില്‍ ഈ മീഡിയനുകളിൽ തൂണുകള്‍ സ്ഥാപിച്ച് എലിവേറ്റഡ് പാത സാധ്യമാക്കാം.
വയൽക്കിളികളുടെ ആത്മാർഥതയെ ചോദ്യംചെയ്യാന്‍ ഞാനാളല്ല. എന്നാല്‍, അവരുടെ സമരത്തില്‍ പങ്കെടുത്ത വി.എം. സുധീരന്, സുരേഷ്ഗോപി എന്നിവരെക്കുറിച്ച് ഓരോ വാചകമെങ്കിലും പറഞ്ഞുപോകണം. സുധീരന് ആലപ്പുഴ എം.പി ആയിരുന്നപ്പോള്‍ ഈ ലേഖകന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. കായംകുളം-എറണാകുളം തീരദേശ െറയില്പാതക്കെുറിച്ച് ഒരു കത്തെങ്കിലും എഴുതാത്ത ദിനം സുധീരന് അന്നുണ്ടായിരുന്നില്ല. ഇന്ത്യയുടെതന്നെ തണ്ണീർത്തട തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന കുട്ടനാട് ഉള്‍പ്പെടുന്ന ഭൂമികയുടെ ഹൃദയത്തെ കീറിമുറിച്ചാണ് 100 കി.മീ തീരദേശപാത പൂര്‍ത്തിയാക്കിയത്. 700 ഏക്കര്‍ വയലും തണ്ണീർത്തടങ്ങളും ഇതിനായി മണ്ണിട്ട് മൂടി. ഇന്ന് അഞ്ച് ഏക്കര്‍ വയലിനുവേണ്ടിയാണ് സുധീരന് പ്രക്ഷോഭപാതയിലുള്ളത്. തീരദേശ െറയില്പാതക്കായി അന്ന് സുധീരന് ശ്രമിച്ചില്ലായിരുന്നെങ്കില്‍ തിരുവിതാംകൂറിെൻറ ഗതാഗതചിത്രം എത്ര ഇടുങ്ങിയതും ദുഷ്കരവും ആകുമായിരുന്നു. ഏക്കറുകളോളം വയലും വെള്ളക്കെട്ടുകളും നികത്തിയാണ് കഴക്കൂട്ടം ബൈപാസ് നിർമിച്ചതും ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതും. ഐ.ടി പാര്‍ക്കുകളും മാളുകളും ഉള്‍പ്പെടെ തിരുവനന്തപുരത്തിെൻറ വളര്‍ച്ച സാധ്യമാകുന്നത് ഈ ഒരു വഴിത്താരയുടെ ഇരുവശവുമാണെന്നത് ശ്രദ്ധേയം. 20,000 കോടിയുടെ നിക്ഷേപമെങ്കിലും ഈ പാതക്ക് ഇരു വശവുമായുണ്ട്. ഇതിലൂടെ തലങ്ങും വിലങ്ങും പായുന്ന സുരേഷ്ഗോപി കഴക്കൂട്ടം വയലുകള്ക്കുമേല് ഒരു കിളിയെ പോയിട്ട് ഒരു പട്ടം പോലും പറപ്പിക്കുന്നില്ല.
പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ, ഒരു ലക്ഷം കോടി രൂപക്കുമേലുള്ള അഹ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പാതക്ക് ഹെക്ടര്‍ കണക്കിന് വനഭൂമിയാണ് ഉപയോഗിക്കുന്നത്.
രണ്ടു പതിറ്റാണ്ട് മുമ്പ് ഏര്‍പ്പെടുത്തിയ റോഡ് സെസിലൂടെ കേന്ദ്രം വാരിക്കൂട്ടിയ ഭീമമായ തുകയുടെ ചെറിയൊരു ശതമാനമെങ്കിലും നമുക്ക് കിട്ടണ്ടേ? ഒരു ലിറ്റര്‍ പെട്രോളോ ഡീസലോ മലയാളി വാങ്ങുമ്പോള്‍ എട്ടു രൂപ റോഡ്-അടിസ്ഥാന മേഖലാ ഫണ്ടിലേക്ക് നമ്മള് കൊടുക്കുകയാണ്. കഴിഞ്ഞവര്‍ഷം മാത്രം കേന്ദ്രം 1.13 ലക്ഷം കോടി രൂപ ഇങ്ങനെ സമ്പാദിച്ചു. നമ്മള് കലഹിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ ചിരിക്കുകയാണ്. മലയാളി കൊടുക്കുന്ന സെസുകൂടി ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും റോഡ് നിർമാണത്തിന് കേന്ദ്രം സസന്തോഷം നല്കുന്നു. യു.പിയില്‍ മാത്രം 5000 കി.മീ ദേശീയപാതയാണ് നിലവില്‍ നിർമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മാത്രം ഇന്ത്യയില്‍ 10,000 കി.മി ദേശീയപാതയാണ് നിർമിച്ചത്. പ്രതിദിനം 27.5 കി.മി ദേശീയപാത നിർമിച്ചുകൊണ്ടിരിക്കുന്നു. ഇതിെൻറയൊക്കെ ചെറിെയാരു അംശമെങ്കിലും കേരളത്തിനും വേണ്ടതില്ലേ?
ഇടതു സര്‍ക്കാറിെൻറ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള അവകാശം ജനങ്ങള്‍ക്കാണ്. എന്നാല്‍, കാര്‍മേഘങ്ങള്‍ക്കിടയിലെ ചില പ്രകാശരേഖകളെ കാണാതെപോകരുത്. അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കാതെ കേരളത്തില്‍ നിക്ഷേപങ്ങള്‍ വരില്ല. റോഡ്, ഊർജം എന്നിവ പരമപ്രധാനമാണ്. ദേശീയപാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍, വൈദ്യുതി വിതരണശൃംഖല എന്നിവക്കുമേല്‍ ഈ സര്‍ക്കാര്‍ നല്കുന്ന ഊന്നല്‍ ശ്രദ്ധിക്കപ്പെടാതെ പോകരുത്. പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിങ്ങും ഇപ്പോൾ നരേന്ദ്ര മോദിയും തങ്ങളെ വന്നു കണ്ട മുഖ്യമന്ത്രിമാരെ വരവേറ്റിരുന്നത് ഗെയില്‍ വാതക പൈപ്പ് ലൈനിനെക്കുറിച്ചുള്ള ചോദ്യത്തോടെയായിരുന്നു. ‘എന്ത് ഭീമമായ നഷ്ടമാണ് നിങ്ങളുടെ നിഷ്ക്രിയത്വംകൊണ്ട് കേന്ദ്രത്തിനും സംസ്ഥാനത്തിനും സമ്പദ്ഘടനക്കും ഉണ്ടാകുന്നതെന്ന് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല’? എെൻറ അറിവു പ്രകാരം വി.എസ്. അച്യുതാനന്ദന്, ഉമ്മന്‍ചാണ്ടി, പിണറായി വിജയന് എന്നിവര്‍ ഈ ചോദ്യങ്ങള്‍ക്ക് പലതവണ ഇരയായിട്ടുണ്ട്. പ്രധാനമന്ത്രിയുമായുള്ള പ്രഥമ കൂടിക്കാഴ്ചയില്‍ പിണറായിക്ക് മുന്നിലുയര്‍ന്ന ഈ ചോദ്യത്തിന് ഇന്ന ്ഒരു പരിഹാരം ഉണ്ടാകുന്നത് സന്തോഷകരമാണ്.
ഗെയില്‍ വാതക പൈപ്പ് ലൈന്‍ വര്‍ഷങ്ങളോളം വൈകിപ്പിച്ചതുകൊണ്ട് നഷ്ടമുണ്ടായത് നമുക്കുമാത്രം. പ്രതിഷേധങ്ങളെ അതിജീവിച്ച് ആ പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ കേരളം നല്ലൊരു മാതൃക സൃഷ്ടിക്കുകയാണ്. ചെറുകിട വ്യവസായ യൂനിറ്റുകളുടെ ഇന്ധനച്ചെലവ് പാതിയാകുന്നതും എല്‍.പി.ജി ടാങ്കര്‍ ലോറികളുടെ വിറളിപൂണ്ട ഓട്ടത്തിന് അയവുവരുന്നതും മാത്രമല്ല നേട്ടങ്ങള്‍. എറണാകുളം മുതല്‍ കാസർകോട് വരെയുള്ള വീട്ടമ്മമാര്‍ക്ക് ഭാവിയില്‍ 200 രൂപയെങ്കിലും പ്രതിമാസം ലാഭിക്കാന്‍ പറ്റും. വാതകശൃംഖലയോടു ചേര്‍ന്ന് പുതിയ വ്യവസായ യൂനിറ്റുകള്‍ക്ക് അനന്ത സാധ്യതകളാണുള്ളത്. വാതക പൈപ്പ് ലൈന്‍പോലെ ഒരു വ്യാഴവട്ടക്കാലം നമ്മള് തട്ടിക്കളിച്ച പദ്ധതിയാണ് ഇടമൺ-കൊച്ചി 400 കെ.വി വൈദ്യുതി പ്രസരണ ലൈന്‍. ദേശീയപാത എന്നു പറയുന്നതുപോലെ ഇത് കേരളത്തിെൻറ ഊർജ സുരക്ഷക്കുള്ള വൈദ്യുതിപാതയായിരുന്നു. കൂടങ്കുളം ആണവനിലയത്തില്‍നിന്ന് ലഭിക്കേണ്ട വൈദ്യുതിയും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുന്ന െചലവുകുറഞ്ഞ വൈദ്യുതിയും എത്തിക്കേണ്ട ഈ ഊർജപാതയെ ഒരു വ്യാഴവട്ടക്കാലം മുടക്കിക്കിടത്തിയത് ഏതാനും റബർമരത്തലപ്പുകളെ സംരക്ഷിക്കാനായിരുന്നു. വാതക പൈപ്പ് ലൈനിെൻറ കാര്യത്തില്‍ എന്നതുപോലെ ഈ ഊർജപാതയും ഈ വർഷാവസാനത്തോടെ പൂര്‍ത്തീകരിക്കപ്പെടുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സ്വകാര്യനിക്ഷേപം കുറഞ്ഞുവരുന്ന അപൂർവം സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേത്. ലോകത്തിന് വിസ്മയമായ സാമൂഹിക സൂചകങ്ങള്‍ സൃഷ്ടിച്ച മലയാളി എന്തുകൊണ്ട് അടിസ്ഥാന മേഖലയുടെ വികസനം വരുമ്പോള്‍ ഇടറുന്നു? അർഥവത്തായ സംവാദങ്ങള്‍ക്കാണ് പ്രസക്തി. ആധികാരികത എടുത്തണിഞ്ഞ് അവസാനവാക്കുകൊണ്ട് പദ്ധതികള്‍ക്ക് ആണിയടിക്കുന്നത് ആശാസ്യമല്ല.
കേന്ദ്ര ഉപരിതല ഗതാഗത ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫിസില്‍ അദ്ദേഹത്തിെൻറ കസേരക്കു മുകളില്‍ തൂക്കിയിട്ട ഫലകത്തിലെ വാക്കുകളിങ്ങനെ: ‘സമ്പന്നമായതുകൊണ്ടല്ല അമേരിക്കയില്‍ നല്ല റോഡുകള്‍ ഉണ്ടായത്. നല്ല റോഡുകള്‍ നിർമിച്ചാണ് അമേരിക്ക സമ്പന്നമായത്.’ രാമായണത്തിലെയോ മഹാഭാരതത്തിലെയോ ഉദ്ധരണിക്കുപകരം അമേരിക്കന്‍ പ്രസിഡൻറുമാരുടെ ഇഷ്ടപല്ലവിയാണ് ഗഡ്കരി മന്ത്രമായി സ്വീകരിച്ചിരിക്കുന്നത്. ഗഡ്കരിയോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ആ ഫലകം വേണമെങ്കില്‍ അർഥവത്തായ ചര്‍ച്ചക്കു വിധേയമാക്കാം. എന്നാല്‍, കാലാനുസൃതമായ വികസന പടവുകള്‍ ഉപേക്ഷിക്കുന്നത് വരും തലമുറയോട് കാട്ടുന്ന ക്രൂരതയാണ്. ഇവിടെ ജനിച്ച് ഇവിടെ വളര്‍ന്ന് ഇവിടെ ജോലിചെയ്യുന്ന മലയാളികളായിരിക്കണം നമ്മുടെ സ്വപ്നവും ലക്ഷ്യവും.
(കൈരളി ടി.വി എം.ഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.