ഫിസ്ക് എന്ന ശല്യക്കാരൻ
text_fields2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെൻററിനും പെൻറഗണിനും നേരെ നടന്ന ഭീകരാക്രമണം ലോകത്തെ സ്തബ്ധമാക്കിയ നാളുകൾ. ഭീകരാക്രമണത്തിൽ ഞെട്ടിത്തരിച്ചശേഷം സമനില വീണ്ടെടുത്ത ലോകം ആക്രമണത്തിന് ഉത്തരവാദികളെ തിരയുന്നതിനൊപ്പം ഭീകരവൃത്തിയുടെ നിമിത്തങ്ങളിലേക്കും ന്യായാന്യായങ്ങളിലേക്കും ക്രമേണ കടന്നുതുടങ്ങി. ലോകത്തെ ഒട്ടുമുക്കാലും രാജ്യങ്ങളിൽ അധിനിവേശം നടത്തുകയും അവിടങ്ങളിൽ ജനാധിപത്യംപോലും വകവെച്ചുകൊടുക്കാതിരിക്കുകയും ചെയ്ത് ലോക പൊലീസ് ചമയുന്ന അമേരിക്ക ചില തിരിച്ചറിവുകൾക്കും തിരിച്ചുനടത്തങ്ങൾക്കും തയാറാവണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽനിന്നുയർന്നുതുടങ്ങി. സാമ്രാജ്യത്വം നിലക്കുനിൽക്കുകയാണ് അതിെൻറ പ്രതിശബ്ദമായി രംഗം കൈയടക്കുന്ന ഭീകരപ്രവൃത്തികൾ തടയാനുള്ള ആദ്യപടിയെന്ന് സാമ്രാജ്യത്വവിരുദ്ധ എഴുത്തുകാർ ചൂണ്ടിക്കാട്ടി. സാമ്രാജ്യത്വവിരുദ്ധ കൂട്ടായ്മകളായി ജെസ്റ്റിൻ റെയ്മോണ്ടോയുടെ ആൻറിവാർ ഡോട്ട്കോം, െഎ.എൻ.െഎ.എൻ പോലുള്ള വാർത്താവിതരണശൃംഖലകൾ ഇൗ സമാന്തര ചിന്താഗതിക്കാരുടെ വേദികളായി മാറിയിരുന്നു. എഡ്വേഡ് സൈദ്, ജോൺ പിൽഗർ, രാഹുൽ മഹാജൻ, റോബർട്ട് ജെൻസൺ, മാർട്ടിൻ ലീ, മൈക്കൽ മൂർ തുടങ്ങി പലരും അന്ന് സാമ്രാജ്യത്വത്തിെൻറ യുദ്ധാവേശത്തിനെതിരെ മൂർച്ചയുള്ള വിമർശനങ്ങളെഴുതി. അക്കൂട്ടത്തിൽ ഗ്രൗണ്ട് സീറോ വിശേഷങ്ങളും വിശകലനങ്ങളുമായി നിറഞ്ഞുനിന്നു ബ്രിട്ടനിലെ 'ദ ഇൻഡിപെൻഡൻറ്' പത്രത്തിെൻറ പശ്ചിമേഷ്യ ലേഖകനും യുദ്ധകാര്യ ലേഖകനുമായ റോബർട്ട് ഫിസ്ക്. ഇതര എഴുത്തുകാരിൽനിന്ന് ഫിസ്ക് എന്ന മാധ്യമപ്രവർത്തകൻ വേറിട്ടുനിന്നത് പോർമുഖങ്ങളിൽ നേരിട്ടുചെന്ന് വേട്ടക്കാരെൻറ ഒൗദ്യോഗികഭാഷ്യങ്ങൾക്കു പിറകിലെ വസ്തുതകളെന്തെന്നും ഇരകൾക്കു പറയാനുള്ളതെന്തെന്നും ചികഞ്ഞുകൊണ്ടുവന്ന് ശക്തമായ ഭാഷയിൽ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചുകൊണ്ടായിരുന്നു.
വേൾഡ് ട്രേഡ് സെൻറർ ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം ഉസാമ ബിൻലാദിെൻറ മേൽ അമേരിക്ക ചുമത്തിയപ്പോൾ ഉസാമയുമായി മൂന്നുവട്ടം അഭിമുഖം നടത്തിയ ഫിസ്ക് വെട്ടിത്തുറന്നുപറഞ്ഞു: 'മെരുങ്ങാത്ത നാടുകൾ'ക്കെതിരെ മിസൈൽ ഡിഫൻസ് ഷീൽഡ് പദ്ധതി ആവിഷ്കരിച്ച അമേരിക്കക്ക് സാമ്പത്തിക, സൈനികശക്തിയുടെ കേന്ദ്രങ്ങൾ ആഭ്യന്തരവിമാനങ്ങൾകൊണ്ട് ഇടിച്ചുതകർത്തവരെ തടയാൻ കെൽപില്ലാത്ത വിധിവിപര്യയമോർത്ത് സ്വന്തം റൂമിെൻറ മൂലയിൽ അറാക്കിൻകഷണംകൊണ്ട് പല്ലുതേച്ച് സാറ്റെലെറ്റ് ടി.വിയിൽ എല്ലാം കണ്ടിരിക്കുന്ന ബിൻ ലാദിൻ ചിരിച്ചുകാണും.'' 'ബിൻ ലാദിൻ ചിരിക്കുന്നു' എന്ന പേരിൽ 2001 സെപ്റ്റംബർ 14ന് 'മാധ്യമം' പുനഃപ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ മലയാളിവായനക്കാർ ഫിസ്കിനെ പരിചയപ്പെട്ടു. അന്നതു വായിച്ച മലയാളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വിംസി (വി.എം. ബാലചന്ദ്രൻ) ഇതേതാണ് ഒരു ഭീകരവാദി എന്നു കൗതുകംപൂണ്ട കഥ 'മാധ്യമ'ത്തിലെ സീനിയർ സഹപ്രവർത്തകനായിരുന്ന കെ. ബാബുരാജ് പറഞ്ഞതോർക്കുന്നു. തുടർന്നു ഫിസ്കിെൻറ വിശകലനങ്ങളൊെന്നാന്നായി 'മാധ്യമം' വായനക്കാർക്കെത്തിച്ചു. വായിച്ചവരെല്ലാം അദ്ദേഹത്തിെൻറ തുറന്നെഴുത്തിൽ അതിശയിച്ചു.
സംഘർഷഭൂമികളിൽ സൈനികവാഹനങ്ങളിൽ എംബഡഡ് ജേണലിസ്റ്റായി ചുറ്റിക്കറങ്ങുകയായിരുന്നില്ല, പോർമുഖങ്ങളിൽ ജനങ്ങൾക്കൊപ്പം കെടുതികൾ അറിഞ്ഞും അനുഭവിച്ചും ജീവിതം പകർത്തുകയായിരുന്നു അദ്ദേഹം. പ്രായം എഴുപതിലെത്തിയിട്ടും ആ ശീലത്തിനു മാറ്റമുണ്ടായില്ല. 1993 സെപ്റ്റംബർ 11 സെർബ്ഭീകരത അഴിഞ്ഞാടിയ ബോസ്നിയയിലെ കത്തിയാളുന്ന ഒരു പള്ളിയിലൂടെ നടന്ന് ചാനൽ ഫോറിനും ഡിസ്കവറി ചാനലിനും വാർത്ത പിടിച്ചത് 'ന്യൂയോർക് ടൈംസി'നു രുചിച്ചില്ല. അവർ ആ ബോസ്നിയൻപരമ്പരയെ മൊത്തം സെൻസേഷനൽ എന്നു പറഞ്ഞു തള്ളി. അങ്ങനെ ഫിസ്ക് 'വിവാദ മാധ്യമപ്രവർത്തകനു'മായി, മരണംവരെ.
സൈനികനായിരുന്ന വില്യം ഫിസ്കിെൻറ ഏകസന്തതിയായിരുന്നു റോബർട്ട്. ഒന്നാം ലോകയുദ്ധത്തിൽ പെങ്കടുത്ത വില്യമിനെ അനുസരണക്കേടിന് സൈന്യം ശിക്ഷിച്ചു. മറ്റൊരു സൈനികനെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവ് നടപ്പാക്കാൻ വിസമ്മതിച്ചതായിരുന്നു കാരണം. 1946ൽ ജനിച്ച അദ്ദേഹം 18ാം വയസ്സിൽ 'ഇൗവനിങ് ക്രോണിക്കിളി'ൽ ട്രെയിനി റിപ്പോർട്ടറായി മാധ്യമപ്രവർത്തനം തുടങ്ങി. 1972-75 കാലത്ത് 'ദി ടൈംസി'െൻറ ലേഖകനായി മാറി. പിന്നീട് അവരുടെ മിഡിലീസ്റ്റ് കറസ്പോണ്ടൻറായി-1988 വരെ. അവിടെനിന്നായിരുന്നു 'ദി ഇൻഡിപെൻഡൻറി'ലേക്കുള്ള മാറ്റം. പിന്നെ മൂന്നു പതിറ്റാണ്ടുകളിൽ സംഘർഷഭരിതമായ പശ്ചിമേഷ്യ മാത്രമല്ല, അവിടെനിന്നു ബാൾക്കനിലേക്കും ദക്ഷിണേഷ്യയിലേക്കുമൊക്കെ സാമ്രാജ്യത്വക്കലിപ്പിെൻറ കനലുകളെരിയുന്നിടങ്ങളായിരുന്നു അദ്ദേഹത്തിനു പഥ്യം. റിപ്പോർട്ടറായി താവളമടിക്കാൻ കണ്ടത് ആഭ്യന്തരയുദ്ധത്തിൽ തകർന്ന ലബനാനിെൻറ തലസ്ഥാനമായ ബൈറൂത് ആയിരുന്നല്ലോ. 1970കളിലെ ഉത്തര അയർലണ്ട്, ലബനാൻ ആഭ്യന്തരയുദ്ധങ്ങൾ മുതൽ ഇറാൻവിപ്ലവം, അഫ്ഗാനിലെ സോവിയറ്റ് അധിനിവേശം, ഇറാൻ-ഇറാഖ്, ഗൾഫ്, ബോസ്നിയൻ, കൊേസാവോ യുദ്ധങ്ങൾ, അഫ്ഗാൻ, ഇറാഖ് അധിനിവേശങ്ങൾ, അറബ് വസന്തം, സിറിയൻ സംഘർഷം വരെ സംഘർഷങ്ങളിൽനിന്നു സംഘർഷങ്ങളിലേക്കു പടരുകയായിരുന്നു ആ ജീവിതം. ഉസാമ ബിൻ ലാദിനുമായി അഭിമുഖം നടത്താൻ സുഡാനിലെ വിജനമായ മരുപ്പറമ്പുകളും അഫ്ഗാനിലെ നംഗർഹാർ മലമടക്കുകളിലെ കാടുംമേടുംകടന്ന് അൽഖാഇദക്കാരുടെ കൂടെ സഞ്ചരിച്ച കഥ അതിസാഹസികമാണ്.
അഫ്ഗാൻ അധിനിവേശം റിപ്പോർട്ട് ചെയ്യാൻ പാക് അഫ്ഗാൻ അതിർത്തിയിലെ കില അബ്ദുല്ലയിൽ എത്തിയ ഫിസ്കിനെ, മസാറേ ശരീഫിലെ കൂട്ടക്കൊലയിൽ പ്രതിഷേധം കത്തുന്ന ജനം വെള്ളക്കാരൻ സായ്പിനെ കിട്ടിയ തക്കത്തിന് പിടിച്ച് ക്രൂരമായി മർദിച്ചു. എന്നാൽ പിറ്റേന്നാൾ, അഫ്ഗാനികളെ ഇത്രയും ദ്രോഹിച്ച പടിഞ്ഞാറിനുള്ള ശിക്ഷയാണ് താൻ ഏറ്റുവാങ്ങിയത് എന്ന കുറ്റസമ്മതമായിരുന്നു 'അവർ എന്നെ തല്ലിക്കൊല്ലേണ്ടതുതന്നെ' എന്നു പറഞ്ഞ് ഫിസ്ക് അയച്ചുകൊടുത്ത റിപ്പോർട്ട്. കീറിപ്പറിഞ്ഞ വസ്ത്രത്തിൽ രക്തമൊലിക്കുന്ന മുഖവുമായി തെൻറ പടവും 'ഇൻഡിപെൻഡൻറി'െൻറ ഒന്നാം പേജ് സ്റ്റോറിക്കായി അദ്ദേഹം നൽകി.
അന്നൊരിക്കൽ അദ്ദേഹത്തിെൻറ ലേഖനങ്ങൾ സമാഹരിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ 'ദി ഇൻഡിപെൻഡൻറി'ൽ ബന്ധപ്പെട്ടപ്പോൾ വിദേശകാര്യ എഡിറ്റർ ഹെലൻ കിൻസെലയുടെ മറുപടി കിട്ടി. ബൈറൂത്കോർണിഷിലെ താമസസ്ഥലത്തെ നമ്പറും വിളിക്കേണ്ട സമയവും കുറിച്ചുതന്നു. അന്നു പറഞ്ഞ സമയത്തു വിളിച്ചപ്പോൾ ഇന്ത്യയിൽനിന്നാണെന്നു പറഞ്ഞയുടൻ എെൻറ വിലാസം ഇങ്ങോട്ടു പറഞ്ഞു. 'മാധ്യമം' വായനക്കാരുടെ അഭിവാദ്യവും വിളിച്ച കാര്യവും പറഞ്ഞു. ഒടുവിൽ ഇന്ത്യയിലേക്കു ക്ഷണിച്ചപ്പോൾ യുദ്ധമില്ലാത്ത, ആ നല്ല നാട്ടിലേക്ക് താനെന്തിന് എന്ന തമാശയായിരുന്നു മറുപടി. പിന്നെയും മൂന്നുനാലു കൊല്ലം കഴിഞ്ഞ് ഒരു പരിപാടിയിൽ അതിഥിയാകാമോ എന്ന ചോദ്യത്തിനും ഫോണിെൻറ മറുതലക്കൽനിന്നു കൃത്യമായ മറുപടി കിട്ടി: ''നിങ്ങൾക്കു വേണ്ട ആ ആൾ ഞാനല്ല.'' എന്നാൽ, പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ തെൻറ അക്കാദമികതാൽപര്യം അദ്ദേഹം മറച്ചുവെച്ചതുമില്ല. അതിനു പറ്റിയ സന്ദർഭത്തിൽ സന്ദർശനമാവാമെന്നും എന്നാൽ എവിടെയെങ്കിലും യുദ്ധത്തിനു തീപിടിച്ചാൽ എല്ലാ ഷെഡ്യൂളുകളും തെറ്റിപ്പോകുമെന്നുമായിരുന്നു മറുപടി.
വിശ്വാസമില്ലാത്തതാണ് പടിഞ്ഞാറിെൻറ നഷ്ടമെന്നും അത് വീണ്ടെടുത്ത് സംരക്ഷിക്കുന്നതാണ് അവർ അധിനിവേശം ചെയ്യുന്ന രാജ്യങ്ങൾ മെരുങ്ങാതിരിക്കാൻ കാരണമെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. മുസ്ലിംകളെ മിതവാദികളും അല്ലാത്തവരുമെന്നു വിഭജിക്കുന്നതിെനക്കുറിച്ച് ചോദിച്ച അമേരിക്കൻ ചരിത്രകാരൻ ഹാരി ക്രിസ്ലറോട് അദ്ദേഹം പറഞ്ഞു: ''ഞാൻ കണ്ട എല്ലാ മുസ്ലിമും മിതവാദിയാണ്. നമ്മൾ ജനങ്ങളെ മിതവാദിയും അല്ലാത്തവരുമായി, റാഡിക്കലും മതഭ്രാന്തനുമായി വിഭജിക്കുന്നതാണ് തെറ്റ്. കാലികളെപ്പോലെ മൂലയിലേക്ക് ചവിട്ടിയൊതുക്കിയാൽ ഏതു മൃദുലനും മാന്യനും ലിബറലും പുലിയായി മാറും. ആളുകളുടെ മതവും വംശവും വെച്ച്, അവർ നിങ്ങൾക്കെതിരാണെന്ന് ഉൗഹിച്ച്, എന്നെങ്കിലും നിങ്ങൾക്കെതിരെ തിരിയുമെന്ന് ധരിച്ച് ഒരു വിഭാഗത്തിനുമേൽ നിരന്തരം ആക്രമണങ്ങളഴിച്ചുവിട്ടശേഷം അവർ നമ്മെ വെറുക്കുകയാണ് എന്നു കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യം?''
പുതുതലമുറയിൽ മാധ്യമപ്രവർത്തകരാകാൻ കമ്പംപൂണ്ട് ഫിസ്കിനോട് എഴുതിച്ചോദിച്ചവർക്കൊക്കെ അദ്ദേഹം നൽകിയത് ഒരേയൊരുത്തരം: ഡോക്ടറോ വക്കീലോ മാധ്യമപ്രവർത്തകനോ ആരാകണം എന്നു ചോദിച്ചാൽ ഡോക്ടറോ വക്കീലോ ആയിക്കൊള്ളൂ എന്നു ഞാൻ പറയും. ഒരു ശല്യക്കാരനാകാൻ കഴിയുന്നയാൾക്കേ ജേണലിസ്റ്റ് ആകാൻ കഴിയൂ. ലോകത്ത് ശല്യക്കാർക്കു മാത്രം ചെയ്യാൻ കഴിയുന്ന പണിയാണത്.'' അവസാനം അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലെ സ്വന്തം വീട്ടിൽ മസ്തിഷ്കാഘാതത്തിൽ കുഴഞ്ഞുവീണു മരണത്തിനു കീഴടങ്ങുേമ്പാഴും ജീവിതം അധിനിവേശക്കാർക്കെതിരായ നിരന്തരശല്യമായി മാറ്റിയ ചാരിതാർഥ്യത്തിൽതന്നെയാകും റോബർട്ട് ഫിസ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.