ഈ കുഞ്ഞിെൻറ മരണത്തിൽ സർക്കാറിനുമില്ലേ പങ്ക്?
text_fieldsതുടിക്കുന്ന കരളുള്ള ഓരോ മലയാളിയും പ്രാർഥനാമനസ്സോടെ സ്നേഹിച്ച ഇംറാൻ എന്ന പിഞ്ചുപൈതൽ വേദനകളില്ലാത്ത ലോകത്തേക്ക് മടങ്ങിയിരിക്കുന്നു. ചികിത്സിക്കാൻ പണമില്ലാത്തതിനാൽ സഹായം തേടി സർക്കാറിനെ സമീപിച്ച വേളയിൽ സർക്കാർ അൽപം ദയ കാണിച്ചിരുെന്നങ്കിൽ ഒരുപക്ഷേ ആ കുഞ്ഞ് ജീവിതത്തിലേക്ക് പിച്ചവെക്കുമായിരുന്നു. സഹായം സംബന്ധിച്ച് വ്യക്തമായ മറുപടി കോടതിയിൽ യഥാസമയം നൽകിയിരുന്നെങ്കിൽ ചികിത്സക്കുള്ള പണം കണ്ടെത്താൻ ക്രൗഡ് ഫണ്ടിങ് എന്നോ ആരംഭിക്കാമായിരുന്നു. സർക്കാർ വിശദീകരണത്തിനു മാസങ്ങൾ കാത്തിരുന്നശേഷമാണ് ഏറ്റവുമൊടുവിൽ ചികിത്സക്ക് തുകസമാഹരിക്കാൻ ക്രൗഡ് ഫണ്ടിങ്ങിന് ഹൈകോടതി നിർദേശിച്ചത്. അപ്പോഴേക്ക് ഇംറാൻ വെൻറിലേറ്ററിൽ ആഴ്ചകൾ പിന്നിട്ടിരുന്നു. കണ്ണൂർ മാട്ടൂലിലെ ഒന്നര വയസ്സുകാരനുവേണ്ടി ജനകീയ ഫണ്ട് സമാഹരണം ആരംഭിക്കുന്നതിന് മാസങ്ങൾക്കു മുമ്പുതന്നെ ഇംറാന്റെ പിതാവ് ആരിഫ് ആശുപത്രികളും മന്ത്രിമാരുടെ ഓഫിസുകളും കയറിയിറങ്ങുന്നുണ്ടായിരുന്നു. ക്രൗഡ് ഫണ്ടിങ് വഴി മരുന്നിന് ആവശ്യമായ തുക സമാഹരിക്കാനായിട്ടും അതുവഴി കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയാതെപോയതിൽ അധികാരികൾ വഹിച്ച കുറ്റകരമായ പങ്ക് രേഖപ്പെടുത്താതിരിക്കാനാവില്ല. ഈ പിഞ്ചുപൈതലിെൻറ അവസാനത്തെ ശ്വാസം നിലക്കുന്നതുവരെ സംസ്ഥാന സർക്കാർ കൈയുംകെട്ടി കാഴ്ചകാണുകയായിരുന്നു.
2021 ജനുവരി 14ന് ജനിച്ച ഇംറാന് 17ാം ദിവസംതന്നെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. 35ാം ദിവസം സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അത്യപൂർവ രോഗമാണെന്ന് സ്ഥിരീകരിച്ചു. മരുന്നുലഭ്യതക്കുള്ള പണച്ചെലവും സങ്കീർണതകളും മനസ്സിലാക്കിയതിനെ തുടർന്ന് ഒട്ടും നേരം കളയാതെ 2021 ഫെബ്രുവരി 17ന് ആരിഫ് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ ഓഫിസിൽ പോയി. മന്ത്രിയെ കാണേണ്ട കാര്യമില്ല, ഞങ്ങൾ കാര്യങ്ങൾ ധരിപ്പിക്കാം എന്നുപറഞ്ഞ് പേഴ്സനൽ സ്റ്റാഫ് അദ്ദേഹത്തെ മടക്കി. നിവേദനത്തിന് പ്രതികരണമേതും കാണാതിരുന്നപ്പോൾ ഫെബ്രുവരി 22ന് വീണ്ടും തിരുവനന്തപുരത്തു പോയി. സ്പീക്കറുടെ ശിപാർശയിൽ ആരോഗ്യമന്ത്രിയെ നേരിൽ കണ്ടു. ഒരു മാസം കഴിഞ്ഞിട്ടും മന്ത്രിയിൽനിന്ന് പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് മാർച്ച് 25ന് ഹൈകോടതിയിൽ റിട്ട് ഫയൽ ചെയ്തു. സ്വന്തം നിലയിൽ ചികിത്സക്ക് പണം കണ്ടെത്താൻ നിവൃത്തിയില്ലെന്നും ചികിത്സക്കു വേണ്ട മരുന്ന് ലഭ്യമാക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നുമായിരുന്നു ബോധിപ്പിച്ചിരുന്നത്. വിഷയത്തിെൻറ ഗൗരവം മനസ്സിലാക്കിയ ഹൈകോടതി അടുത്ത ദിവസംതന്നെ ഹിയറിങ്ങിനു വെച്ചു, സത്യവാങ്മൂലം നൽകാൻ സർക്കാറിന് അടിയന്തര നിർദേശവും കൊടുത്തു. മാർച്ച് 26, 29, 30, ഏപ്രിൽ 7, 23, 30, മേയ് 7, ജൂൺ 2, 3, 8, 29, ജൂലൈ 1,2, 7 എന്നീ തീയതികളിലെല്ലാം കേസ് പരിഗണനെക്കടുത്തു. നാലു മാസത്തിനിടെ14 തവണ ഹിയറിങ്ങിന് തീയതി നിശ്ചയിച്ചിട്ടും സംസ്ഥാന സർക്കാർ വിശദീകരണം നൽകിയില്ല. ഒടുവിൽ ജൂലൈ ഒമ്പതിന് കേസ് 15ാമത്തെ തവണ ഹിയറിങ്ങിന് തീയതി നിശ്ചയിച്ചപ്പോൾ, ഹൈകോടതിയുടെ ശാസനയെ തുടർന്ന് ജൂലൈ എട്ടിന് തലേന്നാണ് അഫിഡവിറ്റ് സമർപ്പിച്ചത്. അപ്പോഴും ചികിത്സക്ക് സഹായം അനുവദിക്കുന്നതിനെക്കുറിച്ച് മൗനം അവലംബിച്ചു. പകരം വെൻറിലേറ്ററിൽ കഴിയുന്ന കുട്ടിക്ക് ഇൻജക്ഷൻ നൽകാൻ കഴിയില്ല എന്ന അഭിപ്രായമാണ് സർക്കാർ കോടതിയെ ധരിപ്പിച്ചത് -ഇത്ര കാലം കുട്ടി വെൻറിലേറ്ററിൽ കഴിയേണ്ടിവന്നത് സർക്കാറിെൻറ അനാസ്ഥ മൂലമാണ്. ജൂലൈ ഏഴിന് കേസ് പരിഗണിച്ചപ്പോൾ ഡോക്ടർമാരുടെ വിദഗ്ധ സംഘം രൂപവത്കരിച്ച് ഇംറാെൻറ ചികിത്സ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ കോടതി സർക്കാറിന് നിർദേശം നൽകി. സഹായം അനുവദിക്കുന്നത് സംബന്ധിച്ച് ഗവൺമെൻറ് കോടതി മുമ്പാകെ യാതൊന്നും പറയാതെ മൗനം അവലംബിച്ച സാഹചര്യത്തിൽ പൊതുജനങ്ങളിൽനിന്ന് തുക സ്വരൂപിക്കാൻ ഹൈകോടതി അനുമതി നൽകി. ഇതിനുശേഷമാണ് 18 കോടി രൂപ വിലപിടിപ്പുള്ള മരുന്നു വാങ്ങാൻ, സംഭാവന പിരിക്കുന്നതിന് പിതാവും ജനപ്രതിനിധികളും പൊതുപ്രവർത്തകരും അടങ്ങുന്ന ചികിത്സസഹായ കമ്മിറ്റി രംഗത്തിറങ്ങിയത്. കോവിഡ് വരുത്തിവെച്ച വറുതികൾക്കിടയിലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ 16.5 കോടി രൂപ ജനങ്ങൾ സംഭാവനയായി നൽകി. കോഴിക്കോട് മെഡിക്കൽ കോളജ് വെൻറിലേറ്ററിലായിരുന്ന കുഞ്ഞിന് മരുന്ന് നൽകാൻ ഡോക്ടർമാർ വിസമ്മതിക്കുന്നപക്ഷം എന്തു ചെയ്യണമെന്നറിയാൻ മുംബെയിലെ ഹിന്ദുജ ഹോസ്പിറ്റൽ അധികൃതരുമായി ചർച്ച നടത്തി. ഇന്ത്യക്കു പുറത്തുള്ള രാജ്യങ്ങളിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയാൽ മരുന്നിെൻറ ഇറക്കുമതി തീരുവ ഒഴിവായിക്കിട്ടുമെന്നതിനാൽ അതേക്കുറിച്ചും ആലോചിച്ചിരുന്നു. പക്ഷേ, നാലുമാസത്തോളം വെൻറിലേറ്ററിൽ കിടന്ന കുഞ്ഞിെൻറ ആരോഗ്യസ്ഥിതി ഈ സമയമായപ്പോഴേക്കും കൂടുതൽ വഷളായി. മരുന്ന് എത്താൻ കാത്തുനിൽക്കാതെ ഇംറാൻ ഈ ലോകത്തോട് വിടപറഞ്ഞു- ദൈവവിധി എന്നുപറഞ്ഞ് മരണത്തിൽ ആശ്വസിക്കാം. എങ്കിലും, ഈ പിഞ്ചുകുഞ്ഞിനെ മരണത്തിൽനിന്ന് രക്ഷിക്കാൻ സംസ്ഥാന ഭരണകൂടം എന്തു ചെയ്തു എന്ന ചോദ്യം അവശേഷിക്കുന്നു. സംസ്ഥാന ഭരണകൂടത്തിലെ ആരോഗ്യമന്ത്രിയെ നേരിട്ടുകണ്ട് സങ്കടം ബോധിപ്പിച്ച് കൃത്യം അഞ്ചു മാസം തികയുന്ന ദിവസമാണ് ചികിത്സിക്കാൻ സഹായം ചോദിച്ച കുഞ്ഞ് സഹായം ലഭിക്കാതെ മരി
ക്കുന്നത്. ഭരണകൂടമായാലും നീതിപീഠമായാലും കൈക്കൊള്ളേണ്ട തീരുമാനങ്ങൾ യഥാസമയം എടുത്തിരുെന്നങ്കിൽ വിലപ്പെട്ട ജീവൻ പൊലിയുമായിരുന്നില്ല- കുഞ്ഞിെൻറ ജീവൻ രക്ഷിക്കാൻ 16.5 കോടി രൂപ നൽകിയ സുമനസ്സുകളുടെ പ്രാർഥനയും സംഭാവനയും നിഷ്ഫലമാവുമായിരുന്നില്ല.
സർക്കാറും ബഹു. കോടതിയും ഇപ്പോൾ നടത്തുന്ന ചർച്ച ക്രൗഡ് ഫണ്ടിങ് വഴി ലഭിച്ച പണം എന്തുചെയ്യും, എങ്ങനെ ചെലവഴിക്കും എന്നൊക്കെയാണ് - ഇതെന്തൊരു അപഹാസ്യമായ നിലപാടാണ്. അത്യപൂർവമായ രോഗം പിടിപെട്ട കുഞ്ഞിനു ചികിത്സ നൽകാൻ സഹായം തേടി സമീപിച്ചപ്പോൾ കണ്ണുംപൂട്ടിയിരുന്ന അധികാരികൾക്ക്, ചികിത്സക്ക് നാട്ടുകാർ നൽകിയ പണത്തെ ചൊല്ലി അഭിപ്രായം പ്രകടിപ്പിക്കാൻ എന്തവകാശമാണുള്ളത്? യഥാർഥത്തിൽ ക്രൗഡ് ഫണ്ടിങ് വഴി ലഭിച്ച പണത്തിെൻറ വിനിയോഗമാണോ ഇപ്പോൾ ചർച്ചചെയ്യേണ്ട പ്രധാന വിഷയം? ഇനിയൊരു കുഞ്ഞിന് ഇതുപോലൊരു ദുരനുഭവം ഉണ്ടാവാതിരിക്കാൻ, ഒരു പിതാവിന് രോഗിയായ കുഞ്ഞിനെ ചികിത്സിക്കാൻ സർക്കാറിനു മുന്നിലും കോടതിക്കു മുന്നിലും ഒടുവിൽ ജനങ്ങൾക്കു മുന്നിലും ദയവ് തേടി നടക്കേണ്ട ഗതികേട് ഉണ്ടാവാതിരിക്കാൻ, എന്തു നടപടി സ്വീകരിക്കണമെന്നതിലേക്ക് ചർച്ച വരണം- സർക്കാർ ഭരണീയരായ നികുതിദായകരോട്, നിങ്ങൾ പിച്ചച്ചട്ടി എടുത്ത് പിരിവ് നടത്തി നിങ്ങളുടെ രോഗത്തിന് ചികിത്സ നടത്തിക്കോളൂ എന്ന രീതിയിൽ സ്വീകരിക്കുന്ന നിലപാടുകൾ തിരുത്തിക്കണം. ഇംറാെൻറ മരണം ഇതാണ് നമ്മോടും ഭരണകൂടത്തോടും നീതിപീഠത്തോടും ആവശ്യപ്പെടുന്നത്.
(മലപ്പുറം ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർമാനും ഇംറാന് ചികിത്സ ഒരുക്കാൻ രൂപവത്കരിച്ച ജനകീയ സമിതിയുടെ വൈസ് ചെയർമാനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.